വിൽപ്പത്രം

ഓർക്കാപ്പുറത്തുണ്ടായ നെഞ്ചുവേദനയാണ് പരശുവിനെ ആദ്യമായി ഒരു വിൽപ്പത്രമെഴുതി വയ്ക്കുവാൻ പ്രേരിതനാക്കിയത്. തോന്നിയപാടെ തൊട്ടടുത്തുള്ള ആധാരമെഴുത്തുകാരന്റെ വീട്ടിലേക്ക് പരശു വച്ചടിച്ച് തന്റെ ആഗ്രഹം അയാളെ അറിയിച്ചു.

ആധാരമെഴുത്തുകാരൻ :- “ചേട്ടാ വിൽപ്പത്രം എഴുതുന്നതിനു പകരം നാലുമക്കൾക്കും ഇഷ്ടദാനമായി അവർക്കുള്ള ഭൂമി കൊടുക്കുവല്ലേ നല്ലത്?”

പരശു:- “എടോ ഇഷ്ടത്തോടെ കൊടുക്കുമ്പോളല്ലേ ആ വാക്കിന്റെ അർത്ഥം അങ്ങട് ക്ളിയറാകൂ… വിൽപ്പത്രമാകുമ്പോൾ മരണശേഷം ആർക്കൊക്കെ എന്ന തീരുമാനമെടുത്താൽ മതീല്ലോ…..” പരശു തന്റെ മെല്ലിച്ച കൈകൾ വായുവിലൂടെ കറക്കിക്കൊണ്ടുള്ള ആംഗ്യവിക്ഷേപങ്ങളോടെ പറഞ്ഞു.

ആധാരമെഴുത്തുകാരൻ:- “അല്ലാ ഞാൻ പറഞ്ഞുവന്നത് കുട്ടികളൊക്കെ മുതിർന്നല്ലോ.. അവർക്ക് വല്ല വീടുവയ്ക്കാനോ മറ്റോ ആവശ്യം വരികയാണെങ്കിൽ ഇഷ്ടദാനമായി കിട്ടിയ സ്ഥലം ബാങ്കിൽ കൊണ്ടുപോയിവച്ച് ലോണെടുക്കാമല്ലോ….”

പരശു:- ‘അങ്ങനിപ്പം ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമി പണയം വച്ച് അവർ വീടു വയ്ക്കേണ്ട.. നാല് ആൺമക്കളും പോത്തുപോലെ വളർന്നു എന്നിട്ടും സ്വന്തം അധ്വാനത്തിലൂടെ അവർ ഒരുതുണ്ടു ഭൂമിയെങ്കിലും സ്വന്തമാക്കുവാൻ ഒരു ശ്രമമെങ്കിലും നടത്തിയോ? പഠനത്തിനുവേണ്ടി എത്രമുടക്കുവാനും ഞാൻ തയ്യാറായിരുന്നു എന്നിട്ടും പത്താംക്ളാസും ഗുസ്തിയുമായി അവർ വെറുതെ നടന്നില്ലേ?”

ആധാരമെഴുത്തുകാരൻ:- “അതിരിക്കട്ടെ കാര്യത്തിലേക്കു വരാം ചേട്ടൻ എങ്ങനൊക്കെയാ വീതിക്കുവാനുദ്ദേശ്ശിച്ചിരിക്കുന്നത്.”

പരശു നിവർന്നിരുന്ന് മേശമേൽ രണ്ടുകയ്യും അമർത്തി മറുപടി പറഞ്ഞുതുടങ്ങി “മൂത്തവന് വീടും അതിനോടു ചേർന്നുള്ള പറമ്പും… ഇളയവന് ഒരേക്കറു വരുന്ന നിലവും ഞാനിപ്പോൾ നടത്തിക്കൊണ്ടുപോകുന്ന സൈക്കിൾ റിപ്പയറിംഗ് ഷോപ്പും.”

ആധാരമെഴുത്തുകാരൻ:- “കൊള്ളാം നല്ല തീരുമാനങ്ങൾ തന്നെ.”

“എന്നാൽ ഇതൊക്കെ ഇവർക്ക് ലഭിക്കണമെങ്കിൽ ചില ഉപാധികളുംകൂടിയുണ്ട്.” പരശു മേശമേൽ ഉള്ളംകൈകൊണ്ടടിച്ച് പറഞ്ഞു.

ആധാരമെഴുത്തുകാരൻ:- ‘എന്തുപാധികൾ?”

പരശു:- “എന്നെയും എന്റെ ഭാര്യ ഊർമിളയേയും മാനസികമായും ശാരീരികമായും വിഷമിപ്പിക്കാതെ ഞങ്ങളെ വേണ്ട രീതിയിൽ മൂത്തവൻ സംരക്ഷിക്കണം. ഞാൻ മരിച്ചുകഴിഞ്ഞും ഊർമിള ജീവിച്ചിരുന്നാൽ അവളുടെയും കാലശേഷവും മാത്രമെ വീടും പറമ്പും മൂത്തമകന്  കിട്ടുവാൻ പാടുള്ളൂ.’…. ഞങ്ങളുടെ സംരക്ഷണകാര്യങ്ങളിൽ മൂത്തവനെ ഇളയവൻ സഹായിക്കുക ചെയ്താൽ മാത്രമെ ഇളയവന് നിലവും റിപ്പയറിങ്ങ് ഷോപ്പും ലഭിക്കുവാൻ പാടുള്ളു ദത് പോലെ എഴുതണം.”

ഒരു അണപ്പോടെ പരശു കസേരയിലേക്ക് ചാഞ്ഞു.

ആധാരമെഴുത്തുകാരൻ:- “ചേട്ടാ ഇങ്ങനൊക്കെ എഴുതിവച്ചാൽ ചേട്ടന്റെയും ചേച്ചിയുടെയും കാലശേഷം ഇത് അവരവരുടെ പേരിലേക്ക് പോക്കുവരത്ത് ചെയ്യുവാൻ പിള്ളേര് കുറച്ച് കഷ്ടപ്പെടുമല്ലോ.”

“കുറച്ചു കഷ്ടപ്പെടട്ടടോ…. വെറുതെ കിട്ടുന്ന മുതലല്ലേ….. നന്നാവാനുള്ള വല്ല തോന്നലുമുണ്ടായാൽ എന്റെ സ്വത്തൊന്നും അവർ ആഗ്രഹിക്കില്ല , പക്ഷെ തോന്നണ്ടേ…? എനിക്ക് കടയിൽ പോണം ഞാനിറങ്ങുവാ അപ്പോൾ ഞാൻ പറഞ്ഞതുപോലെ ഒക്കെ റഡിയാക്കുക എത്രയാകുമെന്നു വച്ചാൽ നാളെ ഞാൻ വരുമ്പോൾ പറഞ്ഞാൽ മതി ” എന്നുപറഞ്ഞ് പരശു എഴുന്നേറ്റു

ആധാരമെഴുത്തുകാരൻ:- “ഇതിപ്പം ഒറ്റ എഴുത്തിൽ ഒതുങ്ങും.”

പരശു:- “പിന്നെ വിൽപ്പത്രം ഒറ്റപ്രാവശ്യമല്ലേ എഴുതുക?”

ആധാരമെഴുത്തുകാരൻ:- “ഒരിക്കലെഴുതിയ വിൽപ്പത്രം റദ്ദാക്കി വീണ്ടുമെഴുതാമെന്ന നിയമം മിക്കവരും മുതലാക്കാറുണ്ട്. വിൽപ്പത്രപ്രകാരം മക്കൾക്ക് ഓരോരൊ നിശ്ചയങ്ങൾ എഴുതി രജിസ്റ്ററാക്കി പിറ്റേദിവസം മുതൽ മക്കളെ നിരീക്ഷണമാണ് മിക്കവരുടെയും പതിവ്. മക്കളുടെ സമീപനം പോരാ എന്നു തോന്നുകയാണെങ്കിൽ പിറ്റേദിവസം തങ്ങളുടെ നിശ്ചയങ്ങൾ മാറ്റി അടുത്ത വിൽപ്പത്രം എഴുതുകയായി.
ഈയൊരുവിഭാഗം നിരവധിയാണുള്ളത്. പക്ഷെ ചേട്ടനെപ്പോലുള്ള ചിലർ ഇതുപോലെ ഒരെണ്ണത്തിലൊതുക്കും”

പരശു:- ‘അതെ, എനിക്ക് ഈയൊരുതീരുമാനമേയുള്ളു ഇതിൽനിന്നും കടുകിടെ ഞാൻ മാറ്റില്ല എന്റെ തീരുമാനങ്ങൾ. അപ്പോൾ താനിതിനുള്ള ചിലവ് കണക്കാക്കി വച്ചേക്ക്.”

ആധാരമെഴുത്തുകാരൻ:- “ചേട്ടനെപ്പോലുള്ളവരുടെ വികാരത്തെ മാനിച്ച് വിൽപ്പത്രം രജിസ്റ്ററാക്കുവാൻ വളരെ ചെറിയൊരു ഫീസുമാത്രമെ സർക്കാർ ഈടാക്കുന്നുള്ളു.. അതിനാൽ ചിലവിനെ കുറിച്ചോർത്ത് പേടിക്കേണ്ട” ചിരിയോടെ ആധാരമെഴുത്തുകാരൻ പറഞ്ഞു

ശരി…  നാളെ കാണാമെന്നും പറഞ്ഞ് പരശു നടന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് വടകര സ്വദേശിനി. കഥയും കവിതയും ഗാനങ്ങളും എഴുതി വരുന്നു. . നിരവധി ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിറവ്' എന്ന പേരിൽ ഒരു കവിതാപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.