രാജേഷ് എം.ആർ എഴുതിയ ‘ജ്ഞാനദീപം വായനശാല ‘എന്ന നോവൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ വർത്തമാനങ്ങൾ ചെറിയ അധ്യായങ്ങളായി അവതരിപ്പിക്കുന്ന ആവിഷ്ക്കാരമാണ്. അന്ധകാരം എന്ന വാക്ക് നോവലിലുടനീളം കാണാവുന്നതാണ്. നമ്മുടെ രാജ്യം ഇത്ര വികസിച്ചിട്ടും ഇന്നും അന്ധകാരത്തിലാണ് എന്ന് ഈ നോവൽ വിളിച്ചു പറയുന്നുണ്ട്. വർത്തമാന ഭരണക്കൂട പ്രവർത്തനങ്ങൾ അത് ശരി വയ്ക്കുന്നുണ്ട്.
ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിനു മേൽ എന്തോ ഒന്ന് തടയിടുന്നതായുള്ള തോന്നൽ ഈ നോവൽ സൂചിപ്പിക്കുന്നത് വളരെ ശരിയാണ്. മതം, രാഷ്ട്രീയം, ലിംഗനീതി, സാഹിത്യകാരന്മാർ, ചിന്തകർ, എന്നിവയ്ക്ക് പുതിയ ഭാവനകൾ രൂപപ്പെടുത്തുവാൻ ചിലർ ശ്രമിക്കുന്നു. മതേതരത്വം അക്രമിക്കപ്പെടുന്നു. പുതിയ തലമുറയെ ലിംഗനീതി പഠിപ്പിക്കേണ്ടിയിരിക്കുന്നു. സവർണ്ണ ജാതി മത ശക്തികൾ കോർപ്പറേറ്റുകൾ എന്നിവർ പലതും കൈയടക്കുന്നു. ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ നോവൽ ചർച്ച ചെയ്യുന്നു. കൂടാതെ സിനിമയും പ്രകൃതിയും ഗുരുവുമെല്ലാം ചർച്ചാവിഷയമാകുന്നുണ്ട്.
”വിശക്കുന്ന മനുഷ്യാ
പുസ്തകം കയ്യിലെടുക്കൂ
പുത്തനൊരായുധമാണ്
നിനക്കത്”
– ബെർത്തോൾഡ് ബ്രഹത്’
ഈ വരികൾ നോവലിൽ ഉപയോഗിക്കുമ്പോൾ എല്ലാത്തിനും മുകളിൽ വായനയെ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നുണ്ട്. അറിവിലൂടെ മാത്രമേ ചർച്ചയുണ്ടാകാറുള്ളൂവെന്നും നോവൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വായനശാലകൾ അന്നും ഇന്നും അറിവുകൾ പകർന്നു തരുന്നതിൽ നാടിൻ്റെ നന്മയായി നിലകൊള്ളുന്നു. പലരും തകർക്കാൻ ശ്രമിച്ചെങ്കിലും പൂർവ്വാധികം ശക്തിയോടെ വായനശാലകൾ ദിനംപ്രതി അറിവ് നൽകി വളർന്നു വരുന്നു. ജ്ഞാനദീപം വായനശാലയുടെ ചരിത്രത്തിലൂടെയും ചർച്ചയിലൂടെയും നോവൽ മുന്നോട്ട് പോകുന്നു.
വിജ്ഞാനത്തിൻ്റെ അഭാവത്തിൽ മതം മേൽകൈ നേടുന്ന ഒരു അവസ്ഥയെ ജ്ഞാനദീപം വായനശാലയെന്ന ഈ നോവൽ ചൂണ്ടി കാട്ടുന്നുണ്ട്. ജ്ഞാനദീപം വായനശാല ഒരു മതത്തിനോ ജാതിക്കോ അവകാശം പറയാൻ സാധിക്കില്ല. കാരണം എല്ലാ വിഭാഗത്തിൻ്റയും കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണ് ഈ വായനശാലയുടെ ജനനം. ”മതത്തെ നിങ്ങൾക്ക് വിഭജിക്കാനാകും എന്നാൽ ചില മനസ്സുകൾക്ക് അതിനെ മറികടക്കാനാകും. മതമില്ലാത്ത മനസ്സുകളെ വളരാൻ അനുവദിക്കുക. അവ പുതിയ ലോകം സൃഷ്ടിക്കട്ടെ “. ഒരു പാട് അടിപിടികൾക്ക് സാക്ഷ്യം വഹിച്ചതാണ് ഈ വായനശാല. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യ്ത് ഇന്നും മുന്നോട്ട് പോകുന്നു ജ്ഞാനദീപം വായനശാല.
കൊച്ചിയിലെയും തിരുവിതാംകൂറിലെയും തൊഴിലാളിയുടെ അവസ്ഥയും തൊഴിലാളികൾ സംഘടിക്കേണ്ട ആവശ്യകതയും നോവൽ ചർച്ച ചെയ്യുന്നുണ്ട്. ബ്രട്ടീഷുകാർക്കെതിരെ പോരാടുക അതായത് സ്വാതന്ത്ര്യത്തിനായി പോരാടുക. അറിവിലൂടെയാണ് അത് വേണ്ടതെന്ന് സൂചിപ്പിക്കുന്നു. നെഹ്റുവിൻ്റെയും ഗാന്ധിജിയുടെയും ചിന്തകൾ നോവലിനെ നയിക്കുന്നുണ്ട്. മാർക്സിസത്തിൻ്റെ കടന്നുവരവും നോവലിൽ ചർച്ചയാകുന്നു.
രാജ്യത്ത് മനുഷ്യനെക്കാൾ പ്രാധാന്യം മൃഗങ്ങൾക്കും അവയ്ക്കനുകൂലമായ ഭരണ പരിഷ്ക്കാരങ്ങൾക്കും എത്ര പെട്ടെന്നാണ് ഇടം പിടിക്കുന്നതെന്ന് നോവൽ വ്യക്തമാക്കുന്നു. അന്ധകാരം ഉത്തരേന്ത്യയെ അക്രമിക്കുകയാണ്, കൂട്ടത്തോടെയുള്ള അക്രമണം. ആ അന്ധകാരത്തെ മാറ്റി വെളിച്ചം വിതറേണ്ടതുണ്ട്, വിജ്ഞാനത്തിൻ്റെ വെളിച്ചം.
”പുതിയ ആശയങ്ങളും രാഷ്ട്രീയവും സംഘടനയുമെല്ലാം എപ്പോഴുമുണ്ടായികൊണ്ടിരിക്കും. അതിലെല്ലാം പുതുതലമുറ ആകൃഷ്ടരാവുകയും ചെയ്യും. അതിനെയെല്ലാം അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാസിസമാണ്”. ഫാസിസം എങ്ങനെയാണ് മനുഷ്യൻ്റെ അവകാശങ്ങളെ അധികാരങ്ങളെ നിഷ്പ്രഭമാക്കി കൊണ്ടിരിക്കുന്നതെന്ന് നോവൽ ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നുണ്ട്. ഏതു സമയത്തും വ്യക്തിയ്ക്ക് നേരെ ആൾകൂട്ടഅക്രമണവും രാജ്യദ്രോഹ കുറ്റവും ഉണ്ടാകാം.
”ജനങ്ങളുടെ സ്വപ്നത്തെപ്പോലും മോഷ്ടിക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന ഒരു ഭരണകൂടം വന്നാലെന്തായിരിക്കും. അങ്ങനെയൊക്കെ സാധിക്കുമോയെന്ന ശാസ്ത്രീയ ചിന്തകൾ ലോകത്ത് നടക്കുന്നുണ്ട്”
മാധ്യമങ്ങളുടെ വായ വളരെ പെട്ടെന്ന് നിശബ്ദ്ധമാക്കാനുള്ള വിദ്യയും ഉണ്ട് (മാധ്യമവിലക്ക്). അതു പോലെ നിമിഷ നേരം കൊണ്ട് ഒരു നഗരം പിടിച്ചെടുക്കുന്നതും അവിടെത്തെ ഓൺലൈൻ സംവിധാനങ്ങൾ നിശബ്ദ്ധമാകുന്ന (ഫെയ്സ് ബുക്ക് ,ട്വിറ്റർ, വാട്സ് ആപ്, ന്യൂസ് ചാനൽ) വിദ്യയും ഈ നോവലിൽ ആവിഷ്ക്കരിക്കുന്നത് കാണാം.
“അനന്തമജ്ഞാതമവർണനീയ _
മീലോകഗോളം തിരിയുന്ന മാർഗം
അതിലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു”
[നാലപ്പാട്ട് നാരായണ മേനോൻ]
ഇന്ത്യൻ ജനതയുടെ മാറുന്ന മുഖ (മാറ്റപ്പെടുത്താൻ ശ്രമിക്കുന്ന മുഖം) ത്തിൻ്റെ ആശങ്കകൾ നോവലിലുടനീളം വായിച്ചെടുക്കാം. വ്യക്തിക്കെതിരെ വരാൻ പോകുന്ന, വന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ നോവലിൽ അക്കമിട്ട് നിരത്തുന്നുണ്ട് . ഈ അന്ധകാരത്തിനെതിരെ വെളിച്ചം പകരാൻ യുവത്വം ഉണരേണ്ട ആവശ്യകതയുടെ ശബ്ദം നോവലിൽ ആവർത്തിച്ചാവർത്തിച്ച് കേൾക്കുന്നുണ്ട്. ഭരണകൂടം ജനങ്ങൾക്കെതിരാകുമ്പോൾ ഉണ്ടാക്കുന്ന പ്രതിഷേധത്തിൻ്റെ സ്വരമാണ് രാജേഷ് എം ആർ എഴുതിയ ‘ജ്ഞാനദീപം വായനശാല’ എന്ന നോവലെന്നു പറയാം.
ജ്ഞാനദീപം വായനശാല ( നോവൽ )
കൈരളി ബുക്ക്സ്
വില : 220 /-