മരിക്കുന്നതെങ്ങനെ

ഞാൻ……
എൻ്റെ കൊച്ചുകൂട്ടിൽനിന്നും
വിശാലമായ ലോകത്തേക്ക്
പതിയെ പറക്കുകയായിരുന്നു.

കാണാത്ത കാഴ്ചകൾ
കണ്ടറിഞ്ഞു
കേൾക്കാത്ത ശബ്ദങ്ങൾ
കേട്ടറിഞ്ഞു

ഗാസയിലെ കുഞ്ഞുങ്ങൾക്കൊപ്പം
തകർന്ന മൺഭിത്തികൾക്കിടയിൽ
ഒളിച്ചു കളിച്ചു.

വിശന്നപ്പോൾ
ആകാശത്തുനിന്നും പൊഴിഞ്ഞുവീണ
ഭക്ഷണപ്പൊതികൾ
ആർത്തിയോടെ പെറുക്കിയെടുത്തു.

ഉക്രൈനിലെ
ബങ്കറുകളിൽ പകച്ചിരുന്നു
അഭയാർത്ഥികൾക്കൊപ്പം
നാടുനീളെ അലഞ്ഞു.

ജിപ്സികളെപ്പോലെ
തെരുവുകളിൽ ഉറങ്ങി.
മഞ്ഞു നദിക്കരയിലെ
പിഞ്ചു കുഞ്ഞിനെ
മാറോടു ചേർത്ത് വിലപിച്ചു.

അതിരുകൾ തീർത്ത
മുൾവേലികൾക്കപ്പുറത്തേക്ക്
വലിച്ചെറിഞ്ഞ
പിഞ്ചു ജീവനുകൾ രക്ഷപ്പെട്ടെന്നാശ്വസിച്ചു

മണൽക്കാട്ടിൽ
വിധിയെപ്പഴിച്ചിരുന്നു

തടവറകൾ തകർക്കാൻ
ആയിരങ്ങൾക്കൊപ്പം അണിചേർന്നു
മതങ്ങൾ തീർത്ത
മതിലുകൾ തകർത്തു
മനുഷ്യനാവാൻ കൊതിക്കുന്നു

നിങ്ങളോ?
തിരികെ വരികയാണ്
വിശാലമായ ലോകത്ത് നിന്നും
കൊച്ചുകൊച്ചു മാളങ്ങൾ തേടി
പതുങ്ങിയിരിക്കുവാൻ.

നിങ്ങളുടെ കൂട്ടാളികൾ
എന്നെ പലകുറി പിച്ചിച്ചീന്തി
അഗ്നികുണ്ഡത്തിൽ എരിച്ചു
പഴന്തുണിക്കെട്ടുപോലെ
തെരുവിലുപേക്ഷിച്ചു
മരക്കൊമ്പുകളിൽ
പതാകയായി ഉയർത്തി
(നിങ്ങളുടെ അധിനിവേശത്തിൻ്റെ കൊടിക്കൂറകൾ.)
നഗരഹൃദയങ്ങളിൽ വെട്ടിക്കീറി.
അതും പോരാഞ്ഞ്
വെടിവെച്ചു വീഴ്ത്തി രസിക്കുന്നു.
എന്നിട്ടും ഞാൻ മരിച്ചില്ല.

മരിക്കുന്നതെങ്ങനെ?
നിങ്ങൾ ജീവിച്ചിരിക്കുവോളം

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.