ആം സോർ (നോവൽ – ഭാഗം 2 )

സിറ്റി ഹോസ്പ്പിറ്റലിൽ, രോഗികളെ പരിശോധിക്കുന്ന തന്റെ മുറിയിലിരുന്ന്
സൈക്യാട്രിസ്റ്റ് ഡോ. ജേക്കബ് എബ്രഹാം ആൽബിയെ ഓർത്തു. തലേന്ന് അയാൾ ഇവിടെ വന്ന് തന്നെ കണ്ടു പോയിട്ടേ ഉള്ളൂ. ആൽബിയുടെ അവസ്ഥ വിശകലനം ചെയ്യുന്നതിൽ തനിക്ക് പാളിച്ച വന്നോ, അതോ ചികഞ്ഞെടുക്കാൻ കഴിയാതെ പോയ മറ്റെന്തോ അയാൾ മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒളിപ്പിച്ചിരുന്നോ എന്ന ചിന്ത രാവിലെ അയാളുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ തന്നെ അലട്ടുകയാണ്. ആൽബിയുടെ വിഷാദത്തിന് അഞ്ചു വർഷത്തോളം പഴക്കമുണ്ട്. മദ്യവും മയക്കുമരുന്നുമായി ലഹരിയിൽ മുങ്ങിയ അയാളെ നാലു വർഷം മുൻപ് ലഹരിവിമുക്ത കേന്ദ്രത്തിലെ ഡോക്ടർ നെൽസൺ ആണ് അതിൽ നിന്നൊക്കെ കരകയറ്റിയത്. ഡോക്ടർ നെൽസന്റെ നിർദേശപ്രകാരമാണ് അയാൾ രണ്ടു വർഷം മുൻപ് തന്റെയടുത്തെത്തുന്നത്. ആറടി പൊക്കവും വലിഞ്ഞുമുറുകിയ പേശികളുമുള്ള, കണ്ടാൽ ഒരു ഫാഷൻ ഷോയിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നതുപോലെ തോന്നിപ്പിക്കുന്ന മുപ്പത്തിരണ്ടു വയസ്സുള്ള സുന്ദരനായ ആ ചെറുപ്പക്കാരനെ തനിക്കും ഇഷ്ടമാണ്. കൊച്ചി സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ. വിഷാദത്താൽ പ്രഭ മങ്ങിയിരിയ്ക്കുമ്പോൾ പോലും അയാളുടെ കണ്ണുകൾ തീക്ഷ്ണമാണ്. ഗാംഭീര്യമുള്ള ശബ്ദം അയാൾ മിതമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

ആൽബി സ്ഥിരമായി വരാറില്ല. ഇടയ്ക്കിടെ വന്നു പോകുന്ന തീവ്രമായ വിഷാദത്തിന്റെ ബാക്കിപ്പത്രങ്ങൾ ഒഴിച്ചാൽ അയാളുടെ ജീവിതം സാധാരണഗതിയിലേക്ക് മടങ്ങികൊണ്ടിരിക്കുകയായിരുന്നു. ജോലിയിൽ നിന്നും ഒരു വർഷത്തോളം വിട്ടുനിൽക്കേണ്ടി വന്നിട്ടും അയാളുടെ പ്രാഗൽഭ്യം അറിയാവുന്ന കമ്പനി അയാളെ തിരിച്ചെടുത്തു. ജോലി അയാൾ ആസ്വദിച്ചിരുന്നു. പക്ഷേ, ഒഴിവു വേളകളെ നേരിടാൻ അയാൾക്ക് ഇപ്പോഴും പ്രയാസമാണ്. മിക്കവാറും രണ്ടിൽ കൂടുതൽ അവധി ദിവസങ്ങളുണ്ടെങ്കിൽ തന്നെ ആൽബി അസ്വസ്ഥനായിത്തുടങ്ങും. ആൽബിയുടെ പ്രൊജക്റ്റുകൾക്കിടയിൽ ലഭിക്കുന്ന ഒരാഴ്ച മുതൽ ഒരു മാസം വരെ നീളുന്ന ലീവുകൾക്കിടയിലാണ് അധികവും അയാൾ വിഷാദത്തിലേക്ക് തിരിച്ചുപോകുന്നത്. വിഷാദം നിയന്ത്രണവിധേയമല്ലെന്ന് സ്വയം തോന്നിയാൽ വരും. രണ്ടോ മൂന്നോ സെഷനുകൾക്ക് കൃത്യമായി വരുമ്പോഴേക്കും ഏറെക്കുറെ ശാന്തനാകും. വീണ്ടും ജോലിയും ജിമ്മും യാത്രകളുമായി അയാൾ ജീവിതത്തെ തിരക്കിനുള്ളിലൊളിപ്പിക്കും. പിന്നീട് രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം അതേ അവസ്ഥയിൽ തിരിച്ചു വരും. അതാണ്‌ പതിവ്. അയാളുടെ അവസ്ഥകളെക്കുറിച്ച് അയാൾ തന്നെ ബോധവാനായത് കൊണ്ട്, അയാളുടെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് താൻ അയാൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു പോയതാണോ, അതോ അയാൾ പറഞ്ഞതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാഞ്ഞതാണോ എന്ന് വിലയിരുത്താൻ അദ്ദേഹം ശ്രമിച്ചു. ആൽബിക്ക് സൗഹൃദങ്ങളൊന്നും തന്നെയില്ലായിരുന്നു ട്രീറ്റ്മെന്റിനായി വരുമ്പോൾ. അതിനായി അയാളെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും, അയാളതിൽ താല്പര്യം കാണിച്ചില്ല. രണ്ടു വർഷമായി കുടുംബത്തിൽ നിന്നുമൊക്കെ അകന്ന് ഒറ്റയ്ക്ക് നഗരത്തിനു നടുവിലുള്ള ഒരു ഫ്ലാറ്റിലാണ് താമസം. അത് അയാളുടെ അന്തർമുഖത്വത്തെ അധികരിക്കുകയാണ് ചെയ്തത്. പക്ഷേ, അതിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ മനസ്സ്‌ അടുത്തിടെ കണ്ടെത്തിയ വഴി, തന്നെയും അത്ഭുതപ്പെടുത്തിയിരുന്നു. അതും ആൽബിയെപ്പോലെ പുതിയ തലമുറയിലെ വിദ്യാസമ്പന്നനായ ഒരു യുവാവിന് സംഭവിച്ച മാറ്റം, തന്റെ ഇരുപത്തഞ്ചു വർഷത്തെ സൈക്യാട്രിക് കരിയറിൽ തന്നെ വളരെ വിരളമായി കണ്ടിട്ടുള്ള ഒന്നാണ്.

അന്ന്, ഒരു മാസം മുൻപ് ആൽബി തന്നെ കാണാൻ വന്നത് സാധാരണത്തെപ്പോലെയല്ല. മാസങ്ങൾ കഴിഞ്ഞു വരുമ്പോൾ തീവ്രവിഷാദത്തോടെയാണ് കടന്നു വരാറുള്ളത്. പക്ഷേ അന്നയാൾ ഉന്മേഷവാനായിരുന്നു. കുറച്ചു നേരം സംസാരിച്ചപ്പോൾ തികച്ചും നോർമലായി എന്നു തോന്നിയത് കൊണ്ടാണ് ഇനി കാണാൻ വരേണ്ടതില്ലെന്ന് നിർദ്ദേശിക്കാൻ മുതിർന്നത്.
‘ആൽബി, വിഷാദം തന്നെ ബാധിക്കുന്നില്ലെങ്കിൽ നമുക്ക് സെഷനുകൾ അവസാനിപ്പിക്കാം.’ ഡോക്ടർ ആ ദിവസം ഓർത്തു.
‘ശരിയാണ്, വിഷാദം കുറച്ചു ദിവസമായി എന്നെ പണ്ടത്തെപ്പോലെ ബാധിക്കുന്നില്ല.’ ആൽബിയുടെ മുഖത്ത് സാധാരണയായി കാണാത്ത ഒരു പുഞ്ചിരി വിടർന്നു.
‘ഡോക്ടർ, ഇപ്പോൾ എന്നെ അലട്ടുന്നത് മറ്റൊരു വിഷയമാണ്. കാര്യം പറഞ്ഞാൽ എന്റെ സമനില തെറ്റിത്തുടങ്ങി എന്ന് ഡോക്ടർക്ക് തോന്നുമോ എന്ന പേടി കൊണ്ട് പലവട്ടം ആലോചിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നതു തന്നെ. കേട്ട ഉടനെ പിടിച്ചു കെട്ടി ഷോക്കടിപ്പിക്കാനൊന്നും പറഞ്ഞേക്കരുത്.’
അയാളുടെ വാക്കുകളിൽ ഒരു ചെറുപ്പക്കാരന്റെ പ്രസരിപ്പും കുസൃതിയും നിറഞ്ഞു നിൽക്കുന്നത് താൻ ആദ്യമായാണ് കാണുന്നത്. അതായിരുന്നിരിക്കണം ശരിക്കുള്ള ആൽബി.
‘യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കും മനസ്സിലാകുന്നില്ല.’ അയാളുടെ മുഖത്തെ കുസൃതി മാഞ്ഞു.
‘എന്താണെങ്കിലും പറയൂ ആൽബി.’ ഡോക്ടർ പുഞ്ചിരിയോടെ മനസ്സ് തുറക്കാൻ അയാളെ പ്രോത്സാഹിപ്പിച്ചു.

ഡോ. ജേക്കബ് എബ്രഹാമിന്റെ മുറിയിൽ നിന്ന് ആൽബിയുടെ ഓർമ്മകൾ മൂന്നോ നാലോ ദിവസം പുറകോട്ട് പോയി. അന്ന് താൻ വൈകുന്നേരത്തെ വാർത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ആ മരണവാർത്ത വന്നത്.
‘ഇന്ത്യൻ വംശജയായ അമേരിക്കൻ എഴുത്തുകാരി ‘ഏപ്രിൽ ധാർ’ വാഹനാപകടത്തിൽ അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു. ഈ പ്രായത്തിനിടെ ലോകശ്രദ്ധയാകർഷിച്ച ‘ലാൻഡ് ഓഫ് ലാവെൻഡേർസ് ‘ എന്ന കവിതസമാഹാരം ഉൾപ്പടെ ആറു കവിതാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകസാഹിത്യരംഗം ഒട്ടാകെ നടുക്കത്തോടെയാണ് ഈ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്.’
സാഹിത്യത്തിൽ പ്രത്യേകിച്ച് താല്പര്യമില്ലായിരുന്ന ആൽബിയ്ക്ക് ആ എഴുത്തുകാരിയുടെ മുഖമോ കൃതികളോ പരിചിതമല്ലായിരുന്നെങ്കിലും, ആ വാർത്ത അയാളെ അസ്വസ്ഥനാക്കി. മിന്നിമറഞ്ഞു കൊണ്ടിരുന്ന ആ ചിത്രങ്ങളിലേക്ക് കുറേ നേരം കണ്ണെടുക്കാതെ നോക്കിയിരുന്ന ശേഷം അയാൾ ടെലിവിഷൻ ഓഫാക്കി. ആ
അസ്വസ്ഥത പെട്ടന്ന് തന്നെ വിട്ടുപോകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ആൽബി അപാർട്മെന്റിനു പുറത്തിറങ്ങി ബൈക്കുമെടുത്ത് രാത്രി വൈകും വരെ കറങ്ങി നടന്നു. അർദ്ധരാത്രി ഫ്ലാറ്റിൽ എത്തിയപാടെ ഉറങ്ങാൻ കിടന്നു. മയക്കത്തിലേക്ക് വീണതും ടെലിവിഷൻ സ്‌ക്രീനിൽ കണ്ട ആ മുഖവും പേരും മനസ്സിൽ തെളിഞ്ഞു വന്നു. അതോടൊപ്പം എവിടെ നിന്നെന്നറിയാതെ രണ്ടു വരികൾ മനസ്സിൽ വന്ന് തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

‘ Life after life we might meet or not,

I’ll leave my fragrance deep in your soul. ‘

ആൽബി ഞെട്ടി എഴുന്നേറ്റു. ആ രണ്ടു വരികൾ
തലച്ചോറിനുള്ളിലെവിടെയോ വീണ്ടും റീവൈൻഡ് ചെയ്ത് പ്ലേ ചെയ്തുകൊണ്ടിരിക്കുന്നു. ഉണർന്നിട്ടും ആ മുഖം എവിടെയോ, കണ്മുന്നിലെന്ന പോലെ തെളിഞ്ഞു നിന്നു. ഇങ്ങനെയൊരനുഭവം ആദ്യമായിട്ടാണ്.
‘ഏപ്രിൽ.’ അപരിചിതമായ ആ പേര് ആൽബി ഒരജ്ഞാതപ്രേരണകൊണ്ടെന്നപോലെ ഉച്ചരിച്ചു. അത് കാതുകളിലെത്തി അയാൾക്ക് തന്നെ അമ്പരപ്പുണ്ടാക്കി. ആൽബി എഴുന്നേറ്റിരുന്ന് കട്ടിലിന്നരികിലെ വലിപ്പ് തുറന്ന് ഡയറിയും പേനയുമെടുത്തു. ഡയറിയെഴുത്ത് ശീലമോ താല്പര്യമോ ഉള്ള കാര്യമല്ല. ഡോ. ജേക്കബ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം അസ്വസ്ഥമാകുന്ന ദിവസങ്ങളിൽ കിടക്കും മുൻപ് മനസ്സിലേക്ക് വരുന്നത് കുറിച്ചിടാൻ വേണ്ടിയാണ് അത്‌ കട്ടിലിനരികിൽ സൂക്ഷിക്കുന്നത്. ആ വരികൾക്കിടയിലുണ്ടാവും തന്റെ അസ്വസ്ഥതകളുടെ കാരണം. കാരണമറിയുമ്പോൾ തന്നെ അതിൽ നിന്ന് പുറത്ത് കടക്കാനുള്ള വഴികൾ തുറക്കും എന്നാണ് ഡോക്ടറുടെ അഭിപ്രായം. മടി കാരണം മിക്കവാറും എഴുതാതിരിക്കാനാണ് താൻ ശ്രമിക്കാറുള്ളത്. എന്തോ ആ രണ്ടു വരി കുറിച്ചിടണമെന്ന് അയാൾക്ക് തോന്നി. ഡയറിയിൽ ഏപ്രിൽ മാസം തിരഞ്ഞു പിടിച്ചു. കലണ്ടറിൽ അന്നത്തെ ഡേറ്റ് നോക്കി. ഏപ്രിൽ പതിനൊന്ന്. ആൽബിയുടെ ശരീരത്തിലൂടെ പെട്ടന്നൊരു തരിപ്പ് പടർന്നു. ഓഫീസിലെ കഴിഞ്ഞ മാസത്തെ എമർജൻസി പ്രൊജക്റ്റിന്റെ തിരക്കിനിടയിൽ ദിവസങ്ങളേതാണ് കടന്നു പോകുന്നതെന്ന് നോക്കാൻ അവസരമുണ്ടായിട്ടില്ല. അയാൾ കണ്ണടച്ച് പത്തു പ്രാവശ്യം ദീർഘമായി ശ്വസിച്ചു. ആ ദിവസത്തെ തിയതി രേഖപ്പെടുത്തിയ പേജിൽ മനസ്സിലുടക്കിയ രണ്ടു വരികൾ കുറിച്ചിട്ടു. എഴുതിക്കഴിഞ്ഞപ്പോൾ പിന്നെ ഉറക്കം കിട്ടില്ലെന്ന്‌ ആൽബിക്ക് ഉറപ്പായി. കഴിഞ്ഞ കാലത്തേക്കുള്ള വാതിലിനു പിറകിലുയർന്ന തട്ടലുകൾ കേൾക്കാതിരിക്കാനെന്നവണ്ണം അയാൾ ഡയറി മുറുക്കിയടച്ചു. ഉറക്കമില്ലാതിരിക്കുമ്പോൾ കഴിക്കാൻ സൈക്യാട്രിസ്റ്റ് കുറിച്ച് കൊടുത്ത മരുന്നു കഴിച്ചു. അന്നു രാത്രി അയാൾ സുഖമായുറങ്ങി. ഗുളിക ഉപയോഗിക്കാതെയായിട്ട് കുറച്ചായിരുന്നതു കൊണ്ട് നീണ്ട ഉറക്കം കിട്ടിയിട്ട് ഏറെ നാളുകളായിരുന്നു.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. രാവിലെ ഫോൺ ബെല്ലടിച്ചത് കേട്ടാണ് ആൽബി എഴുന്നേറ്റത്.
‘ആൽബി, മോനെ, നീയെന്താ രാവിലെ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്?’
അങ്ങേ തലയ്ക്കൽ മമ്മിയുടെ ആശങ്ക നിറഞ്ഞ ചോദ്യം വന്നപ്പോൾ ആൽബി ക്ലോക്കിൽ നോക്കി, സമയം പതിനൊന്നു മണി.
അത്ര നേരം ഉറങ്ങിയെന്ന് അയാൾക്ക് വിശ്വസിക്കാനായില്ല.
‘കുറച്ചു വർക്ക് ഉണ്ടായിരുന്നു മമ്മി. ഇന്നലെ കിടക്കാൻ ലേറ്റ് ആയി. മമ്മി പള്ളീൽ പോയോ?’
ആൽബി കണ്ണുതിരുമ്മിക്കൊണ്ട് എഴുന്നേറ്റിരുന്നു.
‘പോയി വന്നു.’
‘പപ്പയോ?’ ആൽബി തിരക്കി.
‘പപ്പയും വന്നിരുന്നു. നിന്നെയും കൂട്ടാമെന്നു കരുതിയാണ് രാവിലെ വിളിച്ചത്. ഒത്തിരി നാളായില്ലേ മോനെ നീ പള്ളിയിൽ പോയിട്ട്.’ റോസിടീച്ചർ ഓർമ്മിപ്പിച്ചു.
‘വേണ്ട മമ്മി, നിങ്ങൾ പോയാൽ മതി പള്ളിയിലൊക്കെ. എന്നെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട.’ ആൽബി നിർവ്വികാരതയോടെ പറഞ്ഞു.
‘ഇന്നലെ ഏപ്രിൽ പതിനൊന്നായിരുന്നു.’ റോസി ടീച്ചർ എന്തോ ഓർമ്മിപ്പിക്കാനെന്ന പോലെ പറഞ്ഞു.
‘ ഉം… മമ്മി എനിക്ക് അത്യാവശ്യമായി കുറച്ചു ജോലി തീർക്കാനുണ്ട്. ഞാൻ പിന്നെ വിളിക്കാം.’ ആൽബി അതേക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാൻ തയ്യാറായിരുന്നില്ല.
‘ആൽബീ…’ ആ വിളിയിൽ ടീച്ചറുടെ നിരാശ വ്യക്തമായിരുന്നു. പക്ഷേ കൂടുതലൊന്നും സംസാരിക്കാതെ അവർ ഫോൺ വെച്ചു.

ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞ ഉടൻ ആൽബി തന്റെ വർക്കിംഗ്‌ ടേബിളിൽ ചെന്നിരുന്നു ലാപ്ടോപ് ഓണാക്കി. ഒരുപാട് നാളുകൾക്ക് ശേഷം എന്തോ ചെയ്യാനുണ്ടെന്ന ഒരു തോന്നൽ മനസ്സിൽ മുളച്ചു നിൽക്കുന്നു. ഗൂഗിളിൽ ‘ഏപ്രിൽ ധാർ’ എന്ന് ടൈപ്പ് ചെയ്തു. സുന്ദരമായ ആ മുഖത്തോടൊപ്പം അവളെക്കുറിച്ചുള്ള വിശദവിവരങ്ങളും തെളിഞ്ഞു.

ഏപ്രിൽ ധാർ (1990 – 2020)
ജനനം – ഏപ്രിൽ 8, 1990
മരണം – ഏപ്രിൽ 11, 2020
ജന്മസ്ഥലം – കാലിഫോർണിയ, യു എസ് എ
അച്ഛൻ – സഞ്ജയ്‌ ധാർ
അമ്മ – സൂസൻ മറിയം കോശി
വിദ്യാഭ്യാസം – ന്യൂയോർക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദം

കൃതികൾ
ഡിലെക്ടോ (നോവൽ )

കവിതകൾ
പോയ്‌സ്
ലാൻഡ് ഓഫ് ലാവെൻഡർസ്
ഫ്ലവഴ്സ് ഓഫ് സ്പ്രിംഗ്
ഓഷ്യൻസ് ആൻഡ് റിവേഴ്സ്
സ്റ്റാർസ് ഇൻ മൈ ഡ്രീംസ്‌
യു ആർ മൈ സൺഷൈൻ

ഏപ്രിൽ പതിനൊന്ന് എന്ന ആ ദിവസം ആൽബിയുടെ കണ്ണിൽ ഒരു കരട് പോലെ പതിഞ്ഞു കിടന്നു. വെബ്സൈറ്റുകളിൽ നിന്ന് വെബ്സൈറ്റുകളിലേക്ക് ഏപ്രിലിനെക്കുറിച്ചുള്ള തിരച്ചിലുകൾ ഒരുമണിക്കൂറിലേറെ നീണ്ടത് ആൽബി അറിഞ്ഞില്ല. ഇന്റർനെറ്റിനു പറയാവുന്നത്ര അവളെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞു. ഒന്നു രണ്ട് ഇന്റർവ്യൂകളും കണ്ടു. മനോഹരമായ മുഖത്തിന്‌ ചേരുന്ന മനോഹരമായ ശബ്ദം. ഇതെല്ലാം താൻ എന്തിനു വേണ്ടി ചെയ്യുന്നുവെന്ന് മാത്രം ആൽബിയ്ക്ക്‌ നിശ്ചയമില്ലായിരുന്നു. തന്റെ ഓർമ്മകളിലെവിടെയും അങ്ങനെയൊരു പേരോ, അതിനോട് ബന്ധിപ്പിക്കാൻ പറ്റുന്ന മറ്റെന്തെങ്കിലുമോ കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല. മതിയെന്ന് തോന്നിയപ്പോൾ ലാപ്ടോപ് അടച്ചുവെച്ചു. ആൽബി കൈകൾ തലയ്ക്ക് പിറകിൽ കോർത്ത് കസേരയിൽ ചാരി കണ്ണടച്ചിരുന്നു. മരിച്ചൊരാളെക്കുറിച്ച് എന്തിനിത്രയും തിരച്ചിൽ നടത്തിയെന്ന് തന്നോട് തന്നെ ചോദിച്ചു. ഓരോരോ ഭ്രാന്തുകൾ എന്ന് സ്വയം ശാസിച്ചു. എന്നിട്ടും എന്തോ ഒരു നിരാശ മനസ്സിലെവിടെയോ തങ്ങിനിൽപ്പുണ്ട്. അറിയാത്തൊരു സുപ്രധാന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ കഴിയാഞ്ഞതിന്റെ നിരാശ.

ഏപ്രിലിന്റെ മുഖം മനസ്സിൽ തെളിഞ്ഞു. ഇത്തവണ ശബ്ദവും.
‘ഒരുപാട് തിരഞ്ഞതല്ലേ എന്നെക്കുറിച്ച്, എങ്കിൽ ‘ഏപ്രിൽ’ എന്ന പേരിന്റെ അർത്ഥം പറയ്.’ ആൽബി അവിശ്വസനീയതയോടെ കണ്ണുതുറന്ന് ചുറ്റും നോക്കി.
‘എന്താ ആൽബി, തനിക്കെന്നെ കാണാനില്ലേ?’ കണ്മുൻപിൽ ഇല്ല പക്ഷേ ആ രൂപം എവിടെയോ തെളിഞ്ഞു നിൽപ്പുണ്ട്. കണ്ണിനുള്ളിലാണോ, അതോ തന്റെ കണ്ണിനും തലച്ചോറിനും ഇടയിലാണോ? അറിയില്ല. കാണാമോ എന്നു ചോദിച്ചാൽ ഇപ്പോൾ വളരെ വ്യക്തമായി കാണാം. എവിടെ, എങ്ങനെ എന്നു ചോദിച്ചാൽ പറയാൻ വയ്യ. സ്വപ്‌നങ്ങൾ നടക്കുന്ന സ്ഥലം. ആൽബി കണ്ണുകൾ അടച്ചും തുറന്നും നോക്കി. ആ രൂപം തനിക്ക് ഉള്ളിലോ ചുറ്റുമോ എവിടെയോ നിലനിൽക്കുന്നു. തന്റെ പേര് അപരിചിതമായ ആ ശബ്ദത്തിൽ കേട്ടപ്പോൾ അമ്പരപ്പുണ്ടായെങ്കിലും, ഭയമോ അസ്വസ്ഥതയോ ഒന്നും തോന്നിയില്ല.

‘പറ ആൽബി, ഏപ്രിലിന്റെ അർത്ഥം എന്താണ്?’
അവൾ വീണ്ടും ചോദിച്ചു.
‘ഏപ്രിൽ ഒരു മാസമല്ലേ.? അതിനിനി വേറെ അർത്ഥവും ഉണ്ടോ?’ ആൽബിയുടെ വാക്കുകളിലെ പരിഹാസം ഏപ്രിലിനോടായിരുന്നോ അതോ തന്നോട് തന്നെയോ എന്നയാൾക്കറിയില്ലായിരുന്നു. പെട്ടന്ന് ഫോൺ ബെല്ലടിച്ചു. രോഹിത്താണ് വിളിക്കുന്നത് , പുതിയ ന്യുമാറ്റിക് കാർ പ്രൊജക്ടിലെ കോഡിസൈനർ. ആൽബി ഫോണെടുത്ത് ചെവിയിൽ വെച്ച് സംസാരിച്ചു തുടങ്ങിയെങ്കിലും, അതോടൊപ്പം ലാപ്ടോപ് വീണ്ടും ഓണാക്കി ഏപ്രിലിന്റെ അർത്ഥം തിരഞ്ഞു. സ്കൂളിലെവിടെയോ പഠിച്ചു മറന്നോ ഇല്ലയോയെന്ന് ഓർത്തെടുക്കാൻ പോലുമായില്ലെങ്കിലും ഗ്രിഗോറിയൻ കലണ്ടറും റോമൻ കലണ്ടറും ജൂലിയൻ കലണ്ടറും അതിലെ മാസങ്ങളും അർത്ഥങ്ങളുമെല്ലാം ആൽബിയുടെ മുൻപിലൂടെ കടന്നു പോയി. വസന്തത്തിലേക്ക് തുറക്കുന്ന പൂമൊട്ടുകൾ, പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രീക്ക് ദേവത, പുതിയ തുടക്കങ്ങളിലേക്കുള്ള വാതിൽ, അങ്ങനെ ‘ഏപ്രിൽ’ എന്ന ഒറ്റ വാക്കിന് താനറിയാത്ത ഒരുപാട് അർത്ഥങ്ങൾ. ആൽബിയ്ക്ക് കൗതുകം തോന്നി. അവസാനം ആ ഗവേഷണം ഒരൊറ്റ വാചകത്തിൽ അവസാനിപ്പിച്ചു.
‘തുറന്നിട്ട വാതിൽ ‘. താനതു പറഞ്ഞത് ഉറക്കെയാണെന്ന് ആൽബി ബോധവാനായത്,
മറുതലയ്ക്കൽ നിന്നും പുരുഷശബ്ദത്തിൽ ഒരു ചോദ്യമുയർന്നപ്പോഴാണ്.
‘ആൽബി, താൻ എന്നോട് തന്നെയാണോ സംസാരിക്കുന്നത്.?’ ആൽബി അവിശ്വസനീയമെന്ന ഭാവത്തിൽ മേല്പോട്ട് കണ്ണുകളുരുട്ടി. ഏപ്രിൽ പൊട്ടിച്ചിരിച്ചു.
‘രോഹിത് ഞാൻ തിരിച്ചു വിളിക്കാം. മറ്റൊരു ചെറിയ പണിയിലാണ് ഇപ്പോൾ.’ ആൽബിയ്ക്ക് ആകെയൊരങ്കലാപ്പ് തോന്നി. അയാൾ ഗൂഗിളിൽ ‘വോയ്‌സസ് ഇൻ ഹെഡ് ‘ എന്ന് ടൈപ്പ് ചെയ്തു. തലയ്ക്കകത്തെ ശബ്ദങ്ങളെക്കുറിച്ചുള്ള തിരച്ചിൽ നോർമൽസിയിൽ നിന്ന് ഓഡിറ്ററി ഹാലൂസിനേഷനിലേക്കും സ്കീസോഫ്രീനിയയിലേക്കും ബൈപോളർ ഡിസോഡറിലുമൊക്കെ ചെന്നു നിന്നപ്പോൾ അയാളതിനുള്ള ചികിത്സകളന്വേഷിച്ചു.

തലയ്ക്കകത്തെ ശബ്ദങ്ങളെ അവഗണിക്കുക, സംഗീതത്തിലേക്കോ താല്പര്യമുള്ള മറ്റു വിഷയങ്ങളിലേക്കോ വ്യായാമത്തിലേക്കോ കായിക വിനോദങ്ങളിലേക്കോ ശ്രദ്ധ തിരിക്കുക എന്നുള്ളതാണ് ആദ്യത്തെ പ്രതിവിധികൾ. അതുകൊണ്ടൊന്നും നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ മരുന്നുകളിലേക്കും മറ്റു ചികിത്സകളിലേക്കും പോകേണ്ടി വരും. തന്റെ മനോനിലയെക്കുറിച്ച് അയാൾക്ക് ആശങ്ക തോന്നിത്തുടങ്ങി. അതുവരെ ഇല്ലാതിരുന്നൊരു ഭയം മനസ്സിലേക്ക് ഇരച്ചു കയറുന്നതായും. ശ്രദ്ധ തിരിക്കാനായി അയാൾ ലാപ്ടോപ് അടച്ചു വെച്ചു കിച്ചണിലേക്ക് നടന്നു. കോഫീമേക്കറിന്റെ സ്വിച്ച് ഓണാക്കി വെള്ളമൊഴിച്ച് കാപ്പിപ്പൊടിയുമിട്ട് കാത്തു നിന്നു. വെള്ളം തിളയ്ക്കുന്നതോടൊപ്പം കാപ്പിയുടെ മണം ആ മുറിയിലാകെ പടർന്നു.
‘ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞിട്ടേ ഉള്ളൂ കഴിഞ്ഞ കോഫി കുടിച്ചിട്ട്, പക്ഷേ ഒരു യുഗം കഴിഞ്ഞത് പോലെ. ഐ മിസ്സ്‌ കോഫി ബാഡ്ലി ആൽബി.’
ഏപ്രിലിന്റെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അതിലേക്ക് ശ്രദ്ധ കൊടുക്കാതിരിക്കാനായി കിച്ചൺ ടേബിളിലുള്ള മ്യൂസിക് പ്ലേയറിൽ വിരലമർത്തി. കഴിഞ്ഞയാഴ്ച പകുതി കേട്ടു നിർത്തിയ റൈറ്റിയസ് ബ്രദർസിന്റെ അൺചെയ്ൻഡ് മെലഡി ഉയർന്നു.

‘ഓ…മൈ ലവ്….’
ആകസ്മികമായ വേർപാട് തീർത്ത വിടവുകൾക്കിടയിൽ ഹൃദയഭേദകമായ വേദനയോടെ പ്രണയിനിയുടെ സ്പർശനത്തിനായി കാലങ്ങളോളം കാത്തിരിക്കുന്ന ഒരാത്മാവിന്റെ ദാഹം, വ്യഥ, പ്രണയം. ‘ഘോസ്റ്റ്’ എന്ന ഇംഗ്ലീഷ് സിനിമയിലെ ഗാനരംഗം ആൽബിയുടെ മനസ്സിൽ തെളിഞ്ഞു. പരകായപ്രവേശം നടത്തിയ കാമുകന്റെ ആത്മാവും കാമുകിയും കെട്ടിപ്പിടിച്ച് മൃദുവായി നൃത്തം ചെയ്യുന്ന ആ രംഗം അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ആൽബി പാട്ട് നിർത്തി. പക്ഷേ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഏപ്രിലിന്റെ ശബ്ദത്തിൽ ആ പാട്ടിന്റെ ബാക്കി അയാളുടെ കാതിൽ അലയടിച്ചു. നമ്മളനുഭവിക്കാനാഗ്രഹിക്കാത്ത, അഭിമുഖീകരിക്കാൻ ആഗ്രഹിക്കാത്ത ഓരോ നിമിഷത്തെക്കുറിച്ചും നമ്മെ ബോധവാന്മാരാക്കുന്ന, ഇഴഞ്ഞു നീങ്ങുന്ന സമയത്തെക്കുറിച്ചുള്ള ആ പാട്ടിന്റെ ബാക്കി വരികൾ അവൾ പാടി മുഴുമിപ്പിച്ചു.

‘ആൻഡ് ടൈം കാൻ ടൂ സോ മച്ച്…’

സമയത്തിന് എന്തൊക്കെ ചെയ്യാനാവുമെന്ന് ആൽബിക്ക് നന്നായറിയാം. അയാൾ ശക്തിയായി അകത്തേക്കും പുറത്തേക്കും ശ്വസിച്ചു. കാപ്പി കപ്പിലേക്കൊഴിച്ചു. അയാൾക്ക് അവളോട് എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നി.
‘ഏപ്രിൽ…. ഇതൊക്കെ എന്റെ വെറും തോന്നൽ മാത്രമല്ലേ? അതോ താനെന്നോട് ശരിക്കും സംസാരിക്കുന്നുണ്ടോ?’ ഉറക്കെ ചോദിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് വേണ്ടായിരുന്നെന്ന് തോന്നി. നിശ്ശബ്ദതയിൽ തട്ടി ചോദ്യം അയാളിലേക്ക് തിരിച്ചെത്തി. പക്ഷേ, ഒരു നിമിഷത്തിന് ശേഷം ഉത്തരമുണ്ടായി.

‘ആൽബിയ്ക്ക് എന്ത് വിശ്വസിക്കണമോ അത് വിശ്വസിക്കാം.’ ഏപ്രിലിന്റെ പുഞ്ചിരിയ്ക്കുന്ന മുഖം തെളിഞ്ഞു. ആൽബി നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് കണ്ണുകൾ മുറുകെ തിരുമ്മി. സൈക്യാട്രിസ്റ്റിനെ കാണണമെന്ന് മനസ്സിൽ തോന്നി. പക്ഷേ ഇനിയും രണ്ടു ദിവസം അതിനായി കാത്തിരിക്കണം. ആ രണ്ടു ദിവസം ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കേണ്ടന്ന് തീരുമാനിച്ചു. അയാൾ പെട്ടന്ന് വേഷം മാറി വീട്ടിൽ പോയി, പപ്പയുടെയും മമ്മിയുടെയും അടുത്ത്.

‘ഇതിപ്പൊ എത്ര ദിവസമായി ഈ പ്രശ്നം തുടങ്ങിയിട്ട്?’ ഡോ. ജേക്കബ് എബ്രഹാമിന്റെ ചോദ്യം ആൽബിയെ ആ മുറിയിലേക്ക് തിരിച്ചെത്തിച്ചു.
‘നാലു ദിവസം മുൻപ്. അവരുടെ മരണവാർത്ത ന്യൂസിൽ കണ്ട അന്ന് രാത്രി മുതൽ. ഏപ്രിൽ ധാർ എന്ന എഴുത്തുകാരിയെക്കുറിച്ച് എനിക്ക് കേട്ടറിവ് പോലും ഇല്ല. എന്നിട്ടും യാതൊരു ബന്ധവുമില്ലാത്ത ഒരാൾ എന്തുകൊണ്ട് ഇന്നെന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്നുള്ളതെന്നെ അത്ഭുതപ്പെടുത്തുന്നു. പലതരത്തിൽ ശ്രദ്ധ തിരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പരാജയപ്പെടുകയാണ് പലപ്പോഴും. അതെന്നെ വ്യാകുലപ്പെടുത്താൻ തുടങ്ങുന്നുണ്ട് ഡോക്ടർ, പക്ഷേ, ഇതിനിടയിൽ സംഭവിക്കുന്ന ഏറ്റവും വലിയ വിരോധാഭാസമെന്താണെന്ന് വെച്ചാൽ എവിടെയോ എനിക്കൊരു കൗതുകമോ ആകാംക്ഷയോ ഒക്കെ ഈ അനുഭവം ജനിപ്പിക്കുന്നുമുണ്ടെന്നുള്ളതാണ്. ഇതെന്റെ തോന്നൽ മാത്രമാണ് എന്ന് അറിയാം, ഈ ആത്മാവ് പ്രേതമെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, എങ്കിലും ഇതൊക്കെ യഥാർഥ്യമാണോ എന്ന സംശയം മനസ്സിൽ തോന്നിത്തുടങ്ങുന്നു. കാരണം, അത്രയും വ്യക്തമാണ് ഞാൻ കാണുന്ന രൂപവും കേൾക്കുന്ന ശബ്ദവുമെല്ലാം.’ ആൽബിയുടെ മുഖത്തെ പ്രസന്നത അപ്പോഴേയ്ക്കും മായ്ഞ്ഞിരുന്നു. അയാൾ ഗൗരവപൂർണമായ ഒരു ആശയക്കുഴപ്പത്തിലാണെന്നുള്ളത് വളരെ വ്യക്തം.

ഡോ. ജേക്കബ് എബ്രഹാമിന്റെ മുഖത്തെ ഭാവമാറ്റം അദ്ദേഹം പറയാൻ പോകുന്ന കാര്യത്തിന്റെ പ്രാധാന്യം വിളിച്ചോതി.
‘ ആൽബി, ആശ്വാസം കണ്ടെത്താൻ മനസ്സ്‌ തേടുന്ന വഴികൾ പലപ്പോഴും അത്ഭുതകരമാണ്. ഒരാൾ വിശ്വസിക്കുന്നതെന്ത്, അതാണ്‌ അയാളെ സംബന്ധിച്ചിടത്തോളം അയാളുടെ യാഥാർഥ്യം. പലപ്പോഴും ലോജിക് എന്ന ഒന്ന് അവിടെ പ്രവർത്തിക്കാതെയാവും. പ്രണയം തന്നെ അതിന് നല്ലൊരു ഉദാഹരണമാണ്. മനുഷ്യൻ ഇല്ല്യൂഷനിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു ജീവിയാണ്. ആൽബി വ്യത്യസ്തനല്ല. അത്രയേ ഉള്ളൂ.’
‘അപ്പോൾ ഞാൻ നോർമലാണ്. അല്ലേ ഡോക്ടർ?’ ആൽബി തിരക്കി.
‘അതെ. ഇപ്പോൾ താൻ നോർമലാണ്. ഇത് തുടർന്നു പോയാൽ ഒരു അബ്നോർമാലിറ്റി ആയി മാറിയേക്കാം. പക്ഷേ, ഇതിൽ നിന്നൊക്കെ ആൽബി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. താനത് നിഷേധിക്കുമായിരിക്കാം, പക്ഷേ എനിക്കത് പറയാതിരിക്കാനാവില്ല. തന്റെ മനസ്സൊരു കൂട്ട് ആഗ്രഹിക്കാൻ തുടങ്ങിയിരിക്കുന്നു ആൽബി.’
ഡോക്ടർ പറഞ്ഞത് കേട്ട് ആൽബി നിഷേധാർത്ഥത്തിൽ തലയാട്ടി.
‘ആൽബീ, താൻ സംസാരിക്കാനായി ഒരു യഥാർത്ഥ പെൺകുട്ടിയെ തിരഞ്ഞെടുത്തിരുന്നെങ്കിൽ അതിന് പറയുന്ന പേര് മറ്റൊന്നാവുമായിരുന്നു. പക്ഷേ അത് സ്വീകരിക്കാൻ തന്റെ മനസ്സ് തയ്യാറായിട്ടില്ല. ഈ ഇല്ല്യൂഷൻ വളർത്താൻ പറ്റിയതല്ല. കാരണം അതുമൊരു ലഹരി പോലെയാണ്. അടിമപ്പെട്ടുപോയാൽ പഴകും തോറും പുറത്ത് കടക്കാൻ പ്രയാസമായിക്കൊണ്ടിരിയ്ക്കും. പിന്നെ അതാകും തീർത്തും തന്റെ യാഥാർഥ്യം. പക്ഷേ, അത്‌ തന്റെ മാത്രം യാഥാർഥ്യമാകും. ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് ആൽബിക്ക് മനസ്സിലായെന്ന് കരുതുന്നു.’ ഡോക്ടർ ഗൗരവത്തോടെ പറഞ്ഞ കാര്യങ്ങൾ ആൽബി സശ്രദ്ധം കേട്ടിരുന്നു.
‘ഞാൻ എന്താണ് ചെയ്യേണ്ടത്?’ ആൽബിയ്ക്ക് പെട്ടന്ന് നിസ്സഹായത അനുഭവപ്പെട്ടു.
‘തന്റെയുള്ളിൽ സംഘർഷങ്ങൾ വളരുന്നതിന്റെ ലക്ഷണം കൂടെയാണിത്. സംഘർഷങ്ങളുണ്ടാവുന്നത് തന്നെ മനസ്സിന് എന്തിനോടെങ്കിലും യോജിക്കാനാവാതെയോ, എന്തെങ്കിലും സ്വീകരിക്കാനാവാതെയോ വരുമ്പോഴാണ്. തനിക്ക് സുപ്രധാനമായും യോജിക്കാനാവാത്തത് ഒരു മാറ്റത്തോടാണ്. താൻ ഒളിച്ചോടാൻ ശ്രമിക്കുന്ന അതേ കാര്യങ്ങൾ തന്നെക്കൊണ്ട് അഭിമുഖീകരിപ്പിക്കാനായി തന്റെ മനസ്സ്‌ നടത്തുന്ന ഒരു മാനിപ്പുലേഷൻ കൂടിയാണ് ഇത്. കുറച്ച് സമയം കൂടി കടന്നു പോകാൻ അനുവദിക്കു ആൽബി. തനിക്കുള്ളിലും ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക. മനസ്സിനെ ഇല്ല്യൂഷനുകൾക്ക് പുറകെ പോകാൻ അനുവദിക്കാതിരിക്കുക. തനിക്കതിന് കഴിയും. കാരണം, തന്റെ പ്രശ്നങ്ങളിൽ നിന്നും താൻ ഇതിനകം ഒരുപാട് ദൂരം മുൻപോട്ടു സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു ആൽബി. ഏതായാലും സെഷനുകൾ നിർത്തണ്ട. ഞാൻ തനിക്കൊരു മരുന്ന് കുറിച്ച് തരാം. രണ്ടാഴ്ച കഴിഞ്ഞു വരൂ.’
ഡോക്ടർ പ്രിസ്ക്റിപ്ഷൻ പാഡിൽ എന്തൊക്കെയോ മരുന്നുകൾ കുത്തിക്കുറിച്ചു.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്