‘പടച്ചോന്റെ ഭാഗത്തുള്ളവർ ആരൊക്കെ. ‘
പതിവ് പോലെ അന്നും രാവിലെ സൽമ ചോദിച്ചു. ഇന്നും അവൾ പെൻസിൽ കൊണ്ടുവരാൻ മറന്നിട്ടുണ്ടാകും. പടച്ചോന്റെ ഭാഗത്തുള്ളവരൊക്കെ അവൾക്ക് പെൻസിൽ കൊടുക്കേണ്ടിവരും.
ഞാനും പടച്ചോന്റെ ഭാഗം തന്നെ. എന്നാലും എന്റെ കളർ പെൻസിൽ അവൾക്കെങ്ങനെ കൊടുക്കും.
പടച്ചോന്റെ ഭാഗത്തുള്ള കുട്ടികളിൽ നിന്നും അവൾ പെൻസിൽ പിരിവ് തുടങ്ങി. എന്റെ ഊഴമെത്തിയപ്പോൾ രണ്ടുംകൽപ്പിച്ച് ഞാൻ പറഞ്ഞു.
‘ഞാൻ ഇബ്‌ലീസിന്റെ, പിന്നെ ജിന്നിന്റെ ആ വക പാർട്ടിക്കാരുടെ കൂടെയാണ്. ‘എന്റെ പെൻസിൽ തരൂല’
ഞാൻ പറഞ്ഞു തീരും മുമ്പ് അവൾ ഉസ്താദിന്റെ അടുക്കലേയ്ക്കോടി. ഈ സൈറ ഇബ്‌ലീസിന്റെ ഭാഗമാണത്ര. ഓൾക് പടച്ചോനെ ഇഷ്ടമില്ലത്രേ. ഞാൻ പറയാത്തതും കൂട്ടിച്ചേർത്തു അവൾ പൊലിപ്പിച്ചു പറഞ്ഞു.
സൈറയുടെ കൈതണ്ടയിലെ നീല ഞരമ്പുകളിൽ ഉസ്താദി ന്റെ ചൂരൽ ചുകന്ന ചിത്രം വരച്ചു.അതും പോരാഞ്ഞ് നോക്കിയാൽ പള്ളിത്തൊടി കാണുന്ന അപ്പുറത്തെ ക്ലാസ്സിന്റെ വരാന്തയിൽ സൈറയെ കൊണ്ടന്നു നിർത്തി. സൈറ പള്ളിത്തൊടിയിലേയ്ക്ക് നോക്കി. പടച്ചോൻ ഇബ്‌ലീസിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കിയ കഥ പറഞ്ഞു കൊടുത്ത, വെള്ളാരം കണ്ണുകൾഉള്ള ജിന്നിന്റെ വിസ്മയങ്ങൾ സൈറയുടെ കനവുകളിൽ നിറച്ച ഉമ്മൂമ്മ ഉറങ്ങുന്ന പള്ളിത്തൊടി.
അന്നാണ് ആദ്യമായി പള്ളിത്തൊടിയോട് ചേർന്ന ഇടവഴിയിൽ സൈറ ജിന്നിനെ കണ്ടത്.
ജിന്നിനെ പകൽവെട്ടത്തിൽ കാണുമോ? അറിയില്ല. പക്ഷെ ഉമ്മൂമ്മ പറഞ്ഞ ലക്ഷണങ്ങൾ വച്ചു നോക്കുമ്പോൾ അത് ജിന്ന് തന്നെ. ജിന്നിനെ കണ്ട അതിശയം മാറുന്നതിനു മുമ്പേ ജിന്ന് സൈറയുടെ അടുത്തെത്തി. ചോര കല്ലച്ച സൈറയുടെ കൈത്തണ്ടയിൽ ജിന്ന് പതുക്കെ തടവി. സൈറയുടെ വേദനമാറിയ നിമിഷം ജിന്ന് അപ്രത്യക്ഷമായി.
ജിന്നിനെ കണ്ട കഥ സൈറ ആദ്യം പറഞ്ഞത് ഉമ്മച്ചിയോടാണ്. സൈറയുടെ അരക്കിറുക്കുകൾ പുതുമയല്ലാത്ത ഉമ്മച്ചി അത് കാര്യമാക്കിയില്ല. പക്ഷെ പിന്നീടെന്നും മദ്രസയിൽ പോകുന്ന വഴി സൈറ ജിന്നിനെ കണ്ടു.
സൈറ പള്ളിത്തൊടിയോട് ചേർന്ന ഇടവഴിയിലേയ്ക്ക് നോക്കി ഒറ്റക്ക് വർത്താനം പറയുന്നത് സൈറയുടെ കൂട്ടുകാർ ഉമ്മച്ചിയോട് പറഞ്ഞു.
സൈറയുടെ ദേഹത്തെന്തോ കൂടിയിട്ടുണ്ടെന്ന് നാട്ടിൽപ്പാട്ടായി. ഉറുക്കുകളും ഏലസുകളും സൈറയുടെ അരക്കെട്ടിൽ സ്ഥാനം പിടിച്ചു.
പിന്നെ, പിന്നെ ജിന്നിനെ കാണുന്നത് സൈറ ആരോടും പറയാതെയായി. പറഞ്ഞാൽ ആരെങ്കിലും മന്ത്രവാദം ചെയ്ത് സൈറയെ ജിന്നിൽ നിന്നകറ്റിയാലോ.
ആകാശത്ത് നക്ഷത്രങ്ങളില്ലാത്ത രാത്രികളിൽ ജിന്ന് സൈറയെ കാണാൻ വരും.
ജിന്നിനും സൈറക്കുമിടയിൽ ദുനിയാവിലാർക്കും പറഞ്ഞാൽ മനസ്സിലാകാത്ത മനോഹരമായൊരു ലോകമുണ്ടായിരുന്നു.
കുഞ്ഞുടുപ്പിൽ നിന്ന് സൈറ തട്ടമിട്ട മൊഞ്ചത്തിയാപ്പോഴും ജിന്നിനു മാത്രം കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ജിന്ന് എന്നും പഴയപോലെതന്നെ. “സൈറയുടെ ഹൃദയത്തുടിപ്പുകൾ അറിയാൻകഴിഞ്ഞ ജിന്ന്. സൈറക്ക് നോവുമ്പോൾ ചങ്ക് പിടയുന്ന ജിന്ന്.”
കൈകളിൽ നിറയെ മൈലാഞ്ചി പൂക്കളുമായി, ചെമ്പട്ടു ചുറ്റി മണവാട്ടിയായ അന്നാണ് സൈറ അവസാനമായി ജിന്നിനെ കണ്ടത്. സൈറയുടെ മൈലാഞ്ചി ചോപ്പുള്ള കൈവെള്ളയിൽ ജിന്നിന്റെ തണുത്ത ചുണ്ടുകൾ അമർന്നു. അന്നാദ്യമായി ജിന്ന് കരയുന്നത് സൈറകണ്ടു.
പിന്നീട് കണ്ട ഓരോ കിനാവിലും സൈറ ജിന്നിന്റെ വെള്ളാരം കണ്ണുകൾ പരതി. ജിന്നിന്റെ ചെമ്പന്മുടിയിഴകൾ പാറി പറക്കാത്ത സ്വപ്നങ്ങളെ സൈറ വെറുക്കാൻ തുടങ്ങി.
മഴ ചിണുങ്ങി പെയ്യുന്ന രാത്രികളിൽ സൈറയെ ചുറ്റിപിടിച്ച് അയാൾ പറയും ‘നിനക്ക് മത്ത്പിടിപ്പിക്കുന്നൊരു മണമാണ്.’
അതെ, പാറിപറക്കുന്ന മുടിയിഴകളുള്ള, വെള്ളാരം കണ്ണുള്ള, നെഞ്ചിൽ സ്വർണരോമങ്ങളുള്ള ജിന്നിന്റെ മണം.