രണ്ട് പെണ്ണുങ്ങൾ

കാവൂറിലെ പെണ്ണുങ്ങൾക്കന്ന് ഉത്സവമായിരുന്നു. പറഞ്ഞ് ചിരിക്കാനും, പറഞ്ഞതിൻമേൽ പിന്നേയും പിന്നേയും ഭാവനാ സൃഷ്ടികൾ വാരി വിതറാനും ഇത്രക്ക് വലിയ ഒരു സംഭവം ആ ഇടക്കൊന്നും അവിടെ നടന്നിട്ടില്ല.

ഒരു ഗ്രാമം നിഷ്കളങ്കതയുടെ പര്യായമാണെന്ന് പറയുമ്പോഴും, പലപ്പോഴും അത് വെറുമൊരു കുമിള മാത്രമായി അവശേഷിക്കുന്നു. പുറമെ നിന്ന് നോക്കുന്നവർക്ക് ആകർഷണം തോന്നുന്ന, ഒരു നേർത്ത കാറ്റിനെ പോലും ചെറുക്കാൻ കഴിയാത്ത വെറുമൊരു കുമിള.

അമ്മണിയാറിൽ വന്ന് ചേരുന്ന അനേകം കൈവരി തോടുകളിലെ മീനച്ചിയാർ തോടിന്റെ ചീപ്പിനോട് ചേർന്ന് മണ്ണ് വാരി പൊത്തി മേൽ കൂര പുല്ല് കൊണ്ട് മേഞ്ഞ ചുറ്റും മുളയുടെ മുള്ള് കൊണ്ട് തീർത്ത വേലിയും അതിനിടക്ക് തഴച്ച് വളർന്നു നിൽക്കുന്ന മൈലാഞ്ചി ചെടികളും ഉള്ള വേലിക്കുള്ളിലെ കുഞ്ഞ് വീട്. വീടിനോട് ചേർന്നുള്ള ചെറിയ മുറ്റം മണ്ണിട്ട് നിരത്തി വൃത്തിക്ക് അടിച്ച് പരത്തി അതിരുകൾ പണിത് ചാണകം മെഴുകി ഭംഗിയാക്കി ഇട്ടിരുന്നു. വീടിന്റെ ഇരു വശങ്ങളിൽ കൂടി പുറകിലേക്ക് എത്താനുള്ള വഴി ഒരാൾക്ക് കഷ്ടിച്ച് പോകാനുള്ള ഇടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീടിനു പുറകിൽ അലക്ക് കല്ലിനോട് ചേർന്ന് പാത്രം കഴുകാനായി വൃത്തിക്കും മെനക്കും പണിതീർത്ത കൊട്ട തളം. അതിൽ നിന്ന് ഊർന്നൊഴുകി പരക്കുന്ന വെണ്ണീറ് വെള്ളം ആവോളം നുകർന്ന് തഴച്ച് വളർന്ന് കായ്ച്ച നല്ല വട്ടക്കലത്തിനോളം വലിപ്പത്തിലുള്ള മത്തനും, കുമ്പളവും. കൂടെ വെണ്ടയും, വഴുതനങ്ങയും തുടങ്ങി ആ വീട്ടിലേക്ക് അത്യാവശ്യം വേണ്ടതൊക്കെ ആ കുഞ്ഞു തോട്ടത്തിൽ നിന്ന് കിട്ടുമായിരുന്നു.

അലക്ക് കല്ലിൽ നിന്ന് ഊർന്നിറങ്ങുന്ന വെള്ളത്തിന് ആസ്വദിക്കാനും കൈ അകലത്തിൽ വച്ച നല്ല രണ്ട് ചെന്തെങ്ങുകൾ ഉണ്ട്. അവയിലും വേണ്ടുവോളം വിളഞ്ഞ് തൂങ്ങി കിടക്കുന്ന നാളികേരകുലകൾ

വീടിന്റെ രണ്ട് ഭാഗത്തായി കുഞ്ഞുമ്മറങ്ങളും ചെറിയ കിടപ്പുമുറിയും അകത്തളവും, വിറകടുപ്പോടു കൂടിയ ഒരാൾക്ക് കഷ്ടിച്ചു നിന്നു തിരിയാൻ മാത്രം പോന്ന കുഞ്ഞടുക്കളയും .

അവിടത്തെ കുഞ്ഞേച്ചി നല്ല ഒന്നാന്തരം മടിച്ചിയാണ്. അടുക്കള മടിച്ചി. തിന്നാൻ നേരം കൃത്യമായി വന്ന് വേണ്ടുവോളം അകത്താക്കി ഒറ്റ മുങ്ങലാണ്.

മൂപ്പർക്ക് ഇഷ്ടം കൃഷിയും, പൂന്തോട്ട പരിപാലനവും ഒക്കെയാണ്. തന്റെ വീട്ടിലേക്കെത്തുന്ന എല്ലാം കുഞ്ഞേച്ചിക്ക് പ്രിയപ്പെട്ടതാണ്. ഇനി വീടിന്റെ പരിസരത്തുള്ളതിന് ജീവൻ വേണമെന്ന നിർബന്ധവും മൂപ്പത്തിയാർക്കില്ല.

ഒരു കാലിന്റെ നീളകൂടതലിൽ ഏന്തിവലിഞ്ഞ് മൊടന്തി ആ കാലും വലിച്ചു വച്ച് കുഞ്ഞേച്ചി എത്താത്ത ഇടം ആ വീട്ടിനുള്ളിലും പരിസരത്തുംമില്ല. പിന്നെ വേണമെങ്കിൽ പറയാവുന്നത് അടുക്കള മാത്രമാണ്.  

മുറ്റത്തിന്റെ ഇറാലിക്കൽ വച്ചു പിടിപ്പിച്ച റോസാ ചെടികളും, വീടിന്റെ മുകളിലേക്ക് പടർന്നു കയറിയ മുല്ലവള്ളിയിലും വരെ എന്നും കുഞ്ഞേച്ചിയുടെ കൈയ്യും കണ്ണും എത്തും.

എന്നാ വല്യേച്ചി കുറച്ച് കണിശക്കാരി ആയിരുന്നു. എല്ലാത്തിനും കൃത്യമായ അളവുകളും, നിഷ്ടകളും വൃത്താന്ധവും കൂടെ കൊണ്ട് നടക്കുന്നവർ.

അത് കൊണ്ടല്ലേ? കുഞ്ഞനുജത്തിയുടെ കല്യാണശേഷമേ താൻ ആർക്കെങ്കിലും മുന്നിൽ കഴുത്ത് നീട്ടൂ എന്ന് ശഠിച്ചത്. അങ്ങനെ കുറേ മാസങ്ങളും അത് പിന്നെ വർഷങ്ങളും ആയി കടന്നുപോയി കൊണ്ടിരുന്നു. അതിനിടയിൽ അച്ഛനമ്മമാര് ഓരോ ഇടവേളയിൽ ദൈവത്തിന്റെ കാലടിയിൽ അന്ത്യവിശ്രമം കൊണ്ടു .

കൂടപ്പിറപ്പായ ഒരാങ്ങളയും, മറ്റ് രണ്ട് സഹോദരിമാരും സ്വന്തം ജീവിതം നോക്കി ഓരോ കുടുംബമായി ഓരോരോ വഴിക്ക് പോയി.

ഈ രണ്ട് പെൺജീവിതങ്ങൾ മാത്രം ആർക്കും വേണ്ടാതെ, ആ കുഞ്ഞു വീട്ടിലെ, കുഞ്ഞു സന്തോഷത്തിൽ തമ്മിൽ പരിഭവം പറയാതെ ചുറ്റുമുള്ളതിനെയെല്ലാം വേണ്ടുവോളം സ്നേഹിച്ച് അങ്ങനെ, അങ്ങനെ …..

ആ ഇടക്കാണ് കാവൂറിലെ പെണ്ണുങ്ങളുടെ നാവിൻ തുമ്പിലെല്ലാം ഈ വാർത്ത മാത്രമായി ചൂളം കുത്തി പാഞ്ഞത്.

“കുഞ്ഞേച്ചിയും, വല്യേച്ചിയും കല്യാണം കഴിക്കാത്തത് അത് കൊണ്ടാണെന്ന് ! “

“എന്ത് കൊണ്ടാണെന്ന് ?”

വീണ്ടും പലരും ചോദിച്ചു.

“ഈ പെണ്ണും, പെണ്ണും പ്രേമിക്കില്ലേ അത് തന്നെ !”

“അതെങ്ങനെ?”

പലർക്കും പിന്നേയും സംശയം ?

“അടുത്ത വീട്ടിലെ സുലോജന കണ്ടൂത്രേ. കിടപ്പുമുറിയിലെ തുറന്നിട്ട ജനാലക്കുള്ളിലൂടെ . ആ വികലാങ്കപ്പെണ്ണ് ഉടുതുണി ഇല്ലാതെ മൂത്തവളെ കെട്ടിപ്പിടിച്ച് കിടക്കുന്നത്. “

കേട്ടവർ കേട്ടവർ മൂക്കത്ത് വിരല് വച്ചു.

കുഞ്ഞേച്ചിയും, വല്യേച്ചിയും, ചിലതൊക്കെ കേട്ടു, ചിലതൊക്ക കേൾക്കാതെയും ഇരുന്നു. അവർ ആരോടും ആണെന്നും പറഞ്ഞില്ല, അല്ലെന്നും പറഞ്ഞില്ല. ഒരു മൗനം കൊണ്ട് എല്ലാത്തിനേയും നേരിട്ടു.

അവസാനം മാസക്കുളി തെറ്റി വയറ്റിൽ ഉണ്ടെന്ന് കുഞ്ഞേച്ചി ഉറപ്പിച്ചു. അന്നേരവും കരിദിനത്തിൽ തന്റെ മുലക്കണ്ണുകളെ കടിച്ചു മുറിച്ച നീചന്റെ പല്ലുകളും, ശരീരത്തിൽ നഖങ്ങൾ കൊണ്ടേറ്റ മുറിവുകളും നീറി പുകഞ്ഞു കൊണ്ടേയിരുന്നു.

അയാളുടെ പല്ലിൽ നിന്നും നഖത്തിൽ നിന്നും ചോര തുള്ളികൾ ഒറ്റി വീഴുന്നത് കൺമുൻപിൽ കണ്ടു.

‘ആ ചെകുത്താന്റെ കുഞ്ഞിനേയും അവൻ തൊട്ട് വൃത്തികേടായ ഈ ശരീരവും എനിക്ക് വേണ്ട വല്യേച്ചി ‘

അവൾ ഉറക്കെ അലറി വിളിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞൊപ്പിച്ച് ചേച്ചിയുടെ കരങ്ങളിലേക്ക് തളർന്നുവീണു.

അവർക്ക് അവര് മാത്രം സ്വന്തമായുള്ള ഈ ഭൂമിയിൽ നിന്നുള്ള മടക്കവും ഒരുമിച്ചാകാം എന്ന് അവർ തീരുമാനിച്ചിരിക്കും.

അമ്മിണിയാറിന്റെ ആഴപ്പരപ്പുകൾ അവരെ സ്വന്തം അമ്മയുടെ മടിതട്ടെന്ന പോലെ സന്തോഷത്തോടെ സ്വീകരിച്ചു.

കാവൂറിലെ പുതിയ പുലരിയും മറ്റൊരു ഗംഭീര വാർത്തയുമായി ഉണർന്നെഴുന്നേറ്റു .

ചിലരിൽ വീണ്ടും വീണ്ടും സംശയത്തിന്റെ മുളകൾ പൊട്ടി കൊണ്ടേയിരുന്നു.

‘പെണ്ണും, പെണ്ണും  ചേർന്നാലും ഗർഭം ഉണ്ടാവുമല്ലേ ?’

ഗ്രാഫിക്ക് ഡിസൈനിങ്ങിൽ ഫ്രിലെൻസറായി വർക്ക് ചെയ്യുന്നു. ത്രിശൂർ മറ്റം സ്വദേശിയാണ്. എഴുത്തിലും വായനയിലും ചിത്രരചനയിലും താൽപര്യം. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു.