എസ്തർ

മണ്ണിന്റെനിറമുള്ള ഒരു ഹെയ്തിപ്പെൺക്കുട്ടി. അവളുടെകൂടെ കുന്നിൻച്ചെരുവിലെ വളഞ്ഞു പുളഞ്ഞ പാതയിലൂടെ നടന്നുനീങ്ങുമ്പോൾ അവളുടെ വിയർപ്പിന്റെ ഗന്ധം മൂക്കിലൂടെ അടിച്ചു കയറുന്നുണ്ടായിരുന്നു. ഒരുതരം പാകമേറിയ കളിമണ്ണിന്റെ ഗന്ധം.

കഴിഞ്ഞ രണ്ടുദിവസം അവൾ കൂടെയുണ്ടായിട്ടും ഈ ഗന്ധം  അനുഭവപ്പെട്ടിരുന്നില്ല. രണ്ടു ദിവസം കൊണ്ടുതന്നെ നല്ലകൂട്ടുകാരായിമാറിയിരിക്കുന്നു. അതുവരെ അകന്നു നടന്നിരുന്നവൾ ഇപ്പോൾ ചേർന്നു നടക്കാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടായിരിക്കാം അവളുടെ വിയർപ്പിന്റെ ഗന്ധം ഇപ്പോൾ തീരിച്ചറിയാൻ കഴിഞ്ഞത്.

അവളുടെ ചുരുണ്ട മുടിയിഴകളെ മഞ്ഞുപുതച്ച കാറ്റ് ആകാശത്തിലേക്കുയർത്തുന്നുണ്ട്.  ഉയർന്നു നില്ക്കുന്ന മാറും നിതംബവും കട്ടികൂടിയ ബനിയനു മുകളിലൂടെ പുറത്തേക്ക് തള്ളിനില്ക്കുന്നു. മുട്ടിനുതാഴെ മുറിച്ചുകളഞ്ഞ ജീൻസ് അവളുടെ ഭംഗി കൂട്ടുന്നുണ്ട്. മങ്ങിയവെയിലിൽ മരം വെട്ടി നശിപ്പിക്കപ്പെട്ട മൊട്ടക്കുന്നിലെ പുൽത്തകിടികൾ സ്വർണ്ണംപൂശിനില്ക്കുന്നുണ്ട്.

സ്റ്റീഫൻ തന്റെ കെെയിലെ ക്യാമറ അവൾക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു .”എസ്തർ, ഇത്തിരിനേരം ഈ ക്യാമറയൊന്നു പിടിക്കു. വല്ലാതെ കെെകഴയ്ക്കുന്നു.”
അവൾ ചിരിച്ചു. അസ്തമയസൂര്യന്റെ ചെങ്കതിരുകൾ അവളുടെ പല്ലുകളിൽ നക്ഷത്രക്കതിരുകളുണ്ടാക്കി. അവൾ ക്യാമറ വാങ്ങി നടക്കുന്നതിന്നിടയിൽ ചോദിച്ചു ”എന്നെ ഇതുപയോഗിക്കാൻ പഠിപ്പിക്കാമോ ?”. ”നോക്കാം”. സ്റ്റീഫൻ അലസമായിപ്പറഞ്ഞു.

ചെറിയചെറിയ പൂക്കളും കുറ്റിച്ചെടികളും നിറഞ്ഞ ആ പാതയിലൂടെ അവർ കുന്നിനു മുകളിലെത്തി. കുന്നിനത്യാവശ്യം നല്ല വിസ്തൃതിയുണ്ട്. വെട്ടിമാറ്റിയ ഒരു കാട്ടുമരത്തിനു പുനർജ്ജനിച്ചൊരു കൊമ്പ് തണൽ ചൂടിനില്ക്കുന്നുണ്ട്. സ്റ്റീഫൻ ആ തണലിലിരുന്നു. കുന്നിനു താഴെ വിദൂരതയിൽ ഒരു നീലത്തടാകം പൊൻപ്രഭയേറ്റു കിടക്കുന്നതു കാണാം. അവന്റെ കണ്ണുകൾ ആ തടാകത്തിലും അതിന്റെ കരയിലും ഓടിനടന്നു.

ചെറുപക്ഷികൾ കൂട്ടത്തോടെ അസ്തമയസൂര്യന്റെ ചെങ്കവിൾ മുത്തിപ്പറക്കുന്നതും കുന്നിനുമുകളിലൂടെ പഞ്ഞിക്കെട്ടുകൾ പോലെ മേഘപാളികൾ കഥ പറഞ്ഞൊഴുകുന്നതും മനസ്സിന്റെ പ്രതീക്ഷയുടെ ക്യാൻവാസിൽ പുതിയപുതിയ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. തണുപ്പുകൊണ്ടു ഘനീഭവിച്ച കാറ്റിന്റെ വിരലുകൾ ശരീരത്തിൽ മഞ്ഞുകുടഞ്ഞിടും പോലെ കടന്നു പോകുമ്പോൾ എന്തോ ഓർത്ത് അവൻ എസ്തറിനെ നോക്കി. കളിമൺകട്ടയുടെ നിറമുള്ള അവളുടെ മുഖത്ത് കതിരോൻ സ്വർണ്ണമുരുക്കിയൊഴുക്കുന്നുണ്ട്.

അവളുടെ വലിയ കണ്ണുകൾ അവനിലേക്കാഴ്ന്നിറങ്ങിവരുന്നത് അവനറിഞ്ഞു. നീലമിഴികളാണെങ്കിലും വിഷാദത്തിന്റെ ഒരു മങ്ങൽ ആ കണ്ണുകളിൽ മുഴുത്തു നില്പുണ്ട്. ഈർപ്പം നഷ്ടപ്പെട്ട കളിമൺകട്ടകൾ പോലെ ചുണ്ടുകൾ വരണ്ടിരിക്കുന്നു. സ്റ്റീഫൻ ബാഗിൽനിന്ന് സ്വീറ്റ്ഡ്രിങ്ക്സിന്റെ രണ്ടു ബോട്ടിലെടുത്തു. അതിലൊന്ന് അവൾക്കു നേരെ നീട്ടി.

അവളൊരു ചെറുചിരിയോടെ അതു സ്വീകരിച്ചു. അവൾ സ്റ്റീഫനഭിമുഖമായിരുന്ന് അവന്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ടു ചോദിച്ചു.”എത്രദിവസം ഇവിടെയുണ്ടാകും ?”
”ഇനി പതിമൂന്നുദിവസം”.
”അടുത്തദിവസം എവിടേക്കാണ്?. ഇവിടം വിട്ട് ദൂരേക്കു പോകുമോ ?”
”നാളെയില്ല, പിന്നെത്തീരുമാനിക്കാം ”.

എസ്തർ അവിടെനിന്നെഴുനേറ്റ് ഇത്തിരിമാറി ഇലകളില്ലാത്ത ഒരു ചെറുമരത്തിന്റെ ചില്ലയിൽപ്പിടിച്ച് സൂര്യനുനേരെ ചെരിഞ്ഞുനിന്നു. സ്റ്റീഫൻ സമ്മതം ചോദിക്കാതെ തന്നെ ആ സുന്ദരദൃശ്യം തന്റെ ക്യാമറയിൽ പകർത്തി. സൂര്യകിരണങ്ങൾ രക്തവർണ്ണമാകുകയും സൂര്യൻ തടാകത്തിന്റെ നിഗൂഢതയിലേക്ക് താഴുകയും ചെയ്തപ്പോൾ സ്റ്റീഫൻ എഴുന്നേറ്റു. അപ്പഴും എസ്തർ ജീവിതത്തിന്റെ മറുകരയിലേക്ക് നോട്ടമെത്താതെ നില്ക്കയായിരുന്നു. സ്റ്റീഫൻ അവളെ കെെകൊട്ടി വിളിച്ചു. അവൾ
അരികിലേക്കു വന്നു.

തിരിച്ചു നടക്കുമ്പോൾ ആകാശച്ചെരിവൊഴിച്ച് ബാക്കിയെല്ലാം ഇരുട്ടു പടരുകയായിരുന്നു. പിരിയുമ്പോൾ അവൻ പത്തുഡോളർ അവൾക്ക് നീട്ടി. അവളതു വാങ്ങി എത്രയെന്നു നോക്കാതെ ചുരുട്ടി പോക്കറ്റിലിട്ടു. സ്റ്റീഫൻ നടന്നു നീങ്ങുന്നത് അവൾ ഏറെ നേരം നോക്കിനിന്നു. അവളിൽ വല്ലാത്ത ആശ്ചര്യമായിരുന്നു സ്റ്റീഫൻ .

ഓരോ ദിവസവും പകൽ പകുതിയിലധികം സമയവും അവർ പുതിയ പുതിയ കാഴ്ചകൾ കാണാൻ പോകുകയും ചാരുതയാർന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. പലപ്പോഴും അവളറിയാതെ അവളുടെ ഭംഗി വ്യത്യസ്ത പശ്ചാത്തലങ്ങളിൽ അവനൊപ്പിയെടുത്തു.  ഇപ്പോൾ മണ്ണിന്റെ മണമുള്ള അവളുടെ വിയർപ്പിന്റെ ഗന്ധം തീരെ നഷ്ടപ്പെട്ടിരിക്കുന്നു. തോളോടുതോൾച്ചേർന്നെന്ന പോലെയായി നടത്തം.

ഒരു ദിവസം അവൾ ചോദിച്ചു. ”എന്നും വെെകുന്നേരങ്ങളിൽ ഈ കുന്നിനു മുകളിലേക്കുള്ള യത്ര അവിടേക്കുള്ള വഴി സുപരിചിതമാക്കിയില്ലേ, ഇനി കുന്നിനു മുകളിലേക്ക് തനിയെ പൊയ്ക്കൂടേ ?”

അവൻ ഒരുനിമിഷം നിശ്ചലനായി. അവളുടെ കണ്ണുകളിലേക്ക്, അല്ല ആ കണ്ണുകളും തുളച്ച് പ്രണയത്തിന്റെ നീലത്തടാകത്തിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു. ”ആ കുന്നിനെ ഞാനിത്രയധികമിഷ്ടപ്പെടാൻ തുടങ്ങിയത് മണ്ണിന്റെനിറമുള്ള നിന്നിൽ കുങ്കുമസൂര്യൻ പടർന്നുകയറുന്നതു കണ്ടപ്പോഴാണ്. അവിടെ നിന്റെയരികിലിക്കുമ്പോഴാണ് ഞാൻ നിന്നെയും നിന്റെ ഗ്രാമത്തേയും തൊട്ടറിയുന്നത്.” അതുകേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. ”നിങ്ങൾ കണ്ടതും പകർത്തിയതുമായ കാഴചയിലൊന്നും ഞാനും എന്റെ ഗ്രാമവുമില്ല. വേണമെങ്കിൽ നാളെ ഞാൻ കൊണ്ടുപോകാം.” അവൻ ആശ്ചര്യത്തോടെ അവളെ നോക്കി. അവൾ ഒന്നുമറിയാത്തപോലെ നടന്നു.

എന്നും ചെന്നിരിക്കാറുള്ള മരത്തിന്റെ മുകളിലത്തെ ചില്ലയിൽ ഒരുതരം ചെറിയകിളികൾ കലപില കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ദൂരെനിന്ന് ആടിനെ തിരികെ വീട്ടിലേക്കു തെളിച്ചുകൊണ്ടു പോകുന്ന കുട്ടികളുടെ ബഹളവും കേൾക്കാം. അവൻ നീലത്തടാകത്തേയൊ കുങ്കുമസൂര്യനേയൊ കണ്ടില്ല. കുന്നിഞ്ചെരുവിലെ വെള്ളമേഘങ്ങളേയൊ തുമ്പികളെപ്പോലെപ്പാറുന്ന കിളികളേയൊ കണ്ടില്ല. മങ്ങിയ നീലനിറമുള്ളകണ്ണുകളും കാറ്റിൽ പാറിപ്പറക്കുന്ന ചുരുളൻമുടിയും കളിമണ്ണിൻനിറമുള്ള മുഖത്തെ വരണ്ട ചുണ്ടുകളും മാത്രം.

അവളുടെ വിരല്ത്തുമ്പുകളിൽ പിടിക്കാനും പ്രണയംതുളുമ്പുന്ന ശീലിൽ വല്ലതും പറയാനും ഏതൊരു ചെറുപ്പക്കാരനേയും പോലെ അവനും കൊതിച്ചു. പക്ഷേ , അവളുടെ കണ്ണൂകളിൽ പ്രണയത്തിന്റെ പൂക്കളൊ ചുണ്ടിൽ പ്രണയത്തിന്റെ ദാഹമൊ കണ്ടില്ല. ജീവിതത്തിന്റെ രണ്ടറ്റങ്ങൾക്കു നടുവിൽ നില്ക്കുന്ന പറയാൻ പറ്റാത്ത ഒരു പകപ്പായിരുന്നു. കൂടുതലൊന്നും പറയാതെ വാക്കുകളെ മൗനവല്മീകത്തിലൊതുക്കി അവൻ സ്വയം ഒളിച്ചിരുന്നു.

അവൾഇതുവരെ കണ്ടവരിൽനിന്ന് വ്യത്യസ്തനായ മനുഷ്യനെ കാണുകയായിരുന്നു. ഇതുവരെ പരിചയപ്പെട്ടവരിൽ നിന്നുണ്ടായ അനുഭവങ്ങളുടെ വിപരീതം.

അന്ന്  മുമ്പത്തെ ദിവസങ്ങളെപ്പോലെയായിരുന്നില്ല. തണുപ്പ് നേരത്തെത്തന്നെ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. സൂര്യൻ താഴുന്നതിന്നോ അന്തരീക്ഷത്തിൽ ഇരുട്ടു പരക്കുന്നതിന്നോ അവർ കാത്തുനിന്നില്ല, തിരിച്ചുപോന്നു.

”എസ്തർ, നാളെ നിന്റെ നാട്ടിലേക്കാണ് നമ്മുടെ യാത്ര.”

പിരിയാൻ നേരം അവനവളെ ഓർമ്മപ്പെടുത്തി. അവൾ തലയാട്ടി.

തണുപ്പുകൊണ്ട് വളരെത്താമസിച്ചാണ് സ്റ്റീഫൻ എഴുന്നേറ്റത്. കിടക്കുമ്പോൾ നേരത്തെ എഴുന്നേല്ക്കാൻ തീരുമാനിച്ചതായിരുന്നു. പ്രഭാതകർമ്മങ്ങളെല്ലാം വേഗത്തിൽ തീർത്തിട്ടും താമസിക്കുന്നിടത്തു നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും സമയം പത്തുമണി കഴിഞ്ഞിരുന്നു. പുറത്ത് നല്ലവെയിലുണ്ടെങ്കിലും തണുത്തകാറ്റ് അന്തരീക്ഷത്തിൽ കുളിരു കോരിക്കൊണ്ടിരുന്നു. മുറ്റത്തെ അത്തിമരത്തിന്റെ ചുവട്ടിൽ എസ്തർ എന്തോ ആലോചിച്ചു നില്ക്കുന്നത് അവൻ കണ്ടു. അവനെ കണ്ടയുടനെ അവൾ ടാക്സിവിളിച്ചു. പഴകിത്തുരുമ്പിച്ചപോലുള്ള ഒരു കാറ്. പത്തുമിനുട്ടിന്റെ ഓട്ടം കൊണ്ട് അവർ എസ്തറിന്റെ ഗ്രാമത്തിലെത്തി. വാഹനത്തിനു പുറത്തിറങ്ങിയ സ്റ്റീഫൻ ചുറ്റുംനോക്കി.

നീണ്ടു പരന്നു കിടക്കുന്ന മരുഭൂമിയുടെ ഒരു കോണിൽ നിറയെ കുടിലുകൾ. ഒറ്റയൊറ്റയായി നില്ക്കുന്ന മരത്തണലിൽ ബഹളം വെക്കുന്ന കുട്ടികൾ. അടുക്കും തോറും കാഴ്ചകളുടെ വർണ്ണങ്ങൾ മാറാൻ തുടങ്ങി. അവിടെയിവിടെയായി ചെളിവെള്ളം കെട്ടിനില്ക്കുന്നുണ്ട്. ഒരു പൊട്ടക്കിണറു പോലുള്ള കുഴിയിലെ കലങ്ങിയ വെള്ളം പലരും തൊട്ടിയിലാക്കിക്കൊണ്ടുപോകുന്നുണ്ട്. അവൾ പറഞ്ഞു ”ആ വെള്ളം തെളിയിച്ചെടുത്താണ് ഗ്രാമത്തിലുള്ളവർ വെള്ളത്തിന്റെ ആവശ്യം നടത്തുന്നത് .”

പല വീടുകളുടേയും മുന്നിൽ ചാക്കുപോലുള്ള എന്തോവിരിച്ച് അതിൽ അപ്പം പോലെന്തോ പരത്തിയെടുക്കുന്നുണ്ട്.

”എന്തിനാണ് അപ്പം വെയിലെത്തുവെച്ചുണക്കിയെടുക്കുന്നത് ?.”

അവന്റെ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നതാണ്. ഒരു സങ്കോചവുംകൂടാതെ അവൾ പറഞ്ഞു.” ഇതാണ് ഈ ഗ്രാമത്തിന്റെ ഭക്ഷണം. കളിമണ്ണ് പൊടിച്ച് അതിൽ അല്പം മാവു ചേർത്തുണ്ടാക്കുന്ന അപ്പം.”

അവൾ വിശദീകരിച്ചില്ല. അവന്ന് അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളുടെ രൂപത്തിൽ ആ ഗ്രാമത്തിന്റെ ചിത്രം കൊത്തി വച്ചിട്ടുണ്ടായിരുന്നു. അസ്ഥികൾ എണ്ണിയെടുക്കാൻ കഴിയുന്ന മുഖം കൂർത്ത ബാല്യങ്ങൾ. അവന്റെ നെഞ്ചിനകത്ത് ഒരു പെരുക്കം അനുഭവപ്പെട്ടു.

”ഇവിടെ പുറം ലോകത്തുനിന്നും ആരും വരില്ലേ ?” അവനിൽ ആകാംക്ഷയുണർന്നു.

അവൾ ഒന്നും മിണ്ടാതെ മുന്നോട്ടുനടന്നു. ഒരു വീടിനു മുന്നിലെത്തിയപ്പോൾ അവൾ നിന്നു. മുറ്റത്ത് പല പ്രായത്തിലുള്ള ആണും പെണ്ണുമായ കുട്ടികൾ ഓടിക്കളിക്കുന്നുണ്ട്. തീരെ മുഷിഞ്ഞ വേഷങ്ങൾ. ആ
വേഷങ്ങൾക്കുള്ളിലും അസ്ഥികൂടങ്ങൾ. അവൾ വാതിലിലേക്കു ചൂണ്ടിക്കൊണ്ടുപറഞ്ഞു.” ഇതാണ് എന്റെ വീട്”.

അവൻ ഒരു നിമിഷം മരവിച്ചുനിന്നു. പാഴ്മരത്തിന്റെ പലക കൊണ്ടടിച്ചുണ്ടാക്കിയ ഒരു കൂര. അപ്പുറവും ഇപ്പുറവും ചപ്പുചവറുകൾ കൂടിക്കിടക്കുന്നുണ്ട്. വൃത്തിഹീനമായ ചുറ്റുപാട്. അവരുടെ ശബ്ദം കേട്ടതൂകൊണ്ടാവണം വാതിലിലൂടെ ഒരാൾ പുറത്തേക്കു വന്നു. മാന്യമായ വേഷംധരിച്ച അയാൾ പൊടുന്നനെ പുറത്തേക്കിറങ്ങി തെല്ലപ്പുറം മാറ്റിയിട്ടിരുന്ന മോട്ടോർ സെെക്കിളിൽ കയറി പാഞ്ഞുപോയി.

ആരാണാപോയത് ?”.

അവന്റെ ചോദ്യത്തിനുത്തരം പറയുംമുമ്പെ വാതിലിലൂടെ ഒരു സ്ത്രീ പുറത്തേക്കുവന്നു. ഏകദേശം എസ്തറിന്റെ അതേരൂപം. അവളേക്കാൾ അഞ്ചാറുവയസ്സിന്റെ വ്യത്യാസം തോന്നുമെന്നുമാത്രം. പുറത്തേക്കുവരുന്ന സ്ത്രീ അവളുടെ ബനിയൻ താഴേക്ക് വലിച്ചിറക്കുന്നുണ്ട്. മുറ്റത്തേക്കിറങ്ങിവന്ന ആസ്ത്രീ അവളോടുചോദിച്ചു.”ആരാണീ അതിഥി ?”.അത് ചോദിക്കുമ്പോൾ അവരുടെ മുഖത്ത് ഒരു വശ്യതയാർന്ന ചിരിയുണ്ടായിരുന്നു.

”ഇതൊരു ടൂറിസ്റ്റാണ്.”

”ഞാനൊന്ന് കുളിച്ചുവരാം”

”ഇതെന്റെ കൂട്ടുകാരനാണ്.”

ആ വാക്കുകളിലെ ആന്തരീകർത്ഥം മനസ്സിലാക്കി അവൾ പറഞ്ഞു. ”കുറച്ചുദിവസമായി എന്റെകൂടെയുണ്ട്. നമ്മുടെ ഗ്രാമം കാണാൻ കൊണ്ടുവന്നതാണ്.”

അതുപറഞ്ഞപ്പോൾ ആ സ്ത്രീ വീടിന്റെ മറ്റൊരുഭാഗത്തേക്ക് പോയി. ”വരു.അമ്മയെ കാണാം ” അവൾ അകത്തേക്ക് ക്ഷണിച്ചു. പലകവച്ചുകെട്ടിയ ഒരു കട്ടിലിൽ  പഴന്തുണിക്കെട്ടുപോലൊരു രൂപം.ഒന്നുമുരിയാടാതെ മുകളിലേക്കുനോക്കിക്കിടക്കുന്നു. വല്ലാത്തദുർഗന്ധം. അവൻ ഒന്നും ചോദിക്കാതെ പുറത്തിറങ്ങി.

തൊട്ടടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ അവനെ നിറുത്തി അവൾ ഒരു തൊട്ടിയെടുത്ത് ദൂരെയുള്ള കുഴിയിൽനിന്ന് രണ്ടുതൊട്ടിവെള്ളം വൃക്ഷക്കൊമ്പിൽ കെട്ടിത്തൂക്കിയ ഒരു തകരപ്പാത്രത്തിൽ കൊണ്ടുവന്നൊഴിച്ചു. നാളേക്കുള്ള കരുതൽ ജലം !.

താഴെയുള്ള തൊട്ടിയിലേക്ക്  വെള്ളം ഇറ്റിവീഴുന്നതും നോക്കി അവൾ അവന്റെയടുത്തേക്ക് നടന്നു.അവൾ അവനെ ആ ചേരിയിലെ വീടുകൾക്കിടയിലൂടെ കൊണ്ടുപോയി. ആളുകൾ ആശ്ചര്യത്തോടെ നോക്കുന്നുണ്ട്. ഏതൊക്കെയൊ കുട്ടികൾ അവന്റെ ശരീരത്തിൽ മുട്ടിയുരുമ്മിക്കൊണ്ടോടിപ്പോയി. അത്ര സുഖമല്ലാത്ത ഗന്ധം എവിടെനിന്നൊക്കെയോ കാറ്റിലൊഴുകി വരുന്നുണ്ട്. തന്റെ പ്രയാസം എസ്തററിയാതിരിക്കാൻ അവൻ ശ്രമിച്ചു.

ഒരു പീടികക്കോലായിൽ കുറച്ചാളുകളുണ്ട്. ആ ഗ്രാമത്തിലെ ആകെയുള്ള  കച്ചവടക്കാരൻ അയാളായിരുന്നു. രണ്ടുമൂന്ന് കൂടകളിലായി ഉണങ്ങിയ മണ്ണപ്പം നിറഞ്ഞിരിപ്പുണ്ട്. ആളുകൾ അധികവും വാങ്ങുന്നത് മണ്ണപ്പമാണ്. നരഗതുല്ല്യമായ ആ ചേരിയിലെ മനുഷ്യരുടെ ജീവിതം തന്നെയാണ് ആ മണ്ണപ്പമെന്ന് അവൻ മനസ്സിലാക്കി. അവനെ വല്ലാതെ വേദനിപ്പിച്ച ആ കാഴ്ചക കണ്ടപ്പോൾ, ഭൂമിയിൽത്തന്നെയാണ് സ്വർഗ്ഗവും നരഗവുമുള്ളതെന്നും അതിൽ സ്വർഗ്ഗത്തിലാണ് താനും തന്റെ കുടുംബവുമെന്ന് അവൻ ചിന്തിച്ചു.

‘ആരായിരുന്നു ആ മനുഷ്യൻ ?”. തിരിച്ചുനടക്കുമ്പോൾ അവൻ  വീണ്ടും ചോദിച്ചു .കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവൾ തുടർന്നു.
”പട്ടിണിപ്പാവങ്ങളുടെ ശരീരത്തിന് കുറഞ്ഞ വിലമതിയെന്നുള്ളതുകൊണ്ടാണ് നഗരങ്ങളിൽനിന്ന് ആളുകളെത്തുന്നത്. അവർക്ക് സ്നേഹവും സുഖവും പകുത്തുനല്കുമ്പോൾ ഒരു നേരമെങ്കിലും നല്ലഭക്ഷണം കഴിക്കാമെന്ന ചിന്തയായിരിക്കും  മനസ്സിൽ. പാവങ്ങളുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനും അവരെ സഹായിക്കാനും ആരും വരാറില്ല. ഞങ്ങളുടെ ജീവിതവും ഈ ചേരിയിലെ മണ്ണപ്പത്തിന്റെ കഥയും വീഡിയൊ ഷൂട്ട്ചെയ്ത്‌ അതുവിറ്റ് കാശാക്കാറുണ്ട് പലരും. നിങ്ങൾ കണ്ടില്ലേ ആ ഇറങ്ങിപ്പോയ മനുഷ്യനെ ?അവരെപ്പോലുള്ളവരിൽ നിന്നു കിട്ടുന്ന പ്രതിഫലമാണ് ഇവിടെയുള്ള കുടിലുകളിലെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.’

”എസ്തർ,നീയോ ?”.

”ഇല്ല. ഇതുവരെയില്ല.”

അല്പനേരത്തെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് അവൾ തുടർന്നു.

”അമ്മ, അസുഖമായി കിടക്കും വരെ ഞങ്ങളുടെ നേരെ നോക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. ഇപ്പോൾ ചേച്ചിയും എന്നെ കാത്തുസൂക്ഷിക്കുന്നു.”

”ഈ അഴുക്കുചാലിനോട് വെറുപ്പുതോന്നുന്നില്ലേ എസ്തറിന് ?”.

”വെറുപ്പ്, ഇഷ്ടം അതൊന്നും വിശപ്പിന്റെ മുന്നിലില്ല. അതൊക്കെയുള്ളത് പ്രതിക്ഷയുള്ളവർക്കാണ്. ഞങ്ങൾക്ക് നാളെയെക്കുറിച്ച് പ്രതീക്ഷയില്ല. ഇന്നുകഴിഞ്ഞാൽ അതുതന്നെ ഭാഗ്യം ”.
”അപ്പോൾ, നീയും ഈ വഴി തിരഞ്ഞെടുക്കുമോ ?”. അവൻ വികാരാധീനനായി.
”നാളെയെക്കുറിച്ച് എനിക്കറിയില്ല സ്റ്റീഫൻ. വിശപ്പ് എന്റെ മടിക്കുത്തഴിക്കുവോളം ഞാൻ പിടിച്ചുനില്ക്കും. അല്ലങ്കിൽ, കെെയൂക്കുള്ളവന്റെ ബലിഷ്ടമായ കെെകളിൽ ഞാൻ തോറ്റുപോയാൽ. ഏതുവഴി തിരഞ്ഞെടുക്കുമെന്നുള്ളത് നാളെയുടെ മാത്രം കാര്യമാണ്. ആ വഴിപോവാം പോവാതിരിക്കാം ”.സത്യസന്ധവും നിഷ്കളങ്കവുമായ മറുപടി.

ആകാശത്തിന്റെ നിറങ്ങളിൽ എല്ലാമുണ്ട്. എല്ലാ വികാരങ്ങളുടേയും നിറങ്ങൾ. പക്ഷേ,സമയത്തിന്റെ മാറ്റങ്ങളിൽ ഏറിയും കുറഞ്ഞും മാഞ്ഞുമിരിക്കുമെന്നുമാത്രം. ഈ കുന്നിനു മുകളിൽ നിന്ന് ഇനിയൊരു സന്ധ്യയുടെ നേർക്കാഴ്ചയുണ്ടാവില്ല. ഈ മഞ്ഞുവീണ താഴ്വരയിൽ സൂര്യൻ സ്വയമലിഞ്ഞില്ലാതാവുന്നതും ഇനിയോർമ്മകൾമാത്രമായിമാറും. ആ ഓർമ്മകളിൽ എസ്തറിന്റെ നിഷ്കളങ്കമായ ചിരിയും സംസാരവും മണ്ണിന്റെ മണമുള്ള അവളുടെ വിയർപ്പിന്റെ ഗന്ധവും അലിഞ്ഞില്ലാതാവരുത്.

”ജീവിതത്തിന്റെ മറ്റൊരു കരയിലേക്ക് നിന്നെ വിളിച്ചാൽ നീ പോരുമോ ?”. സ്റ്റീഫന്റെ വാക്കുകൾ നേർത്തുമെലിഞ്ഞിരുന്നു. അവൾ  ചക്രവാളത്തിന്റെ ഉലയിൽനിന്നും കണ്ണെടുക്കാതെയിരുന്നു. ഒന്നും കേൾക്കാത്തതു കൊണ്ടോ, മറുപടി പറയാനാവാത്തതുകൊണ്ടോ എന്നറിയില്ല ആ മൗനം താഴ്വാരത്തിന്റെ അറ്റംവരെയുണ്ടായിരുന്നു.

രാത്രിയുടെ ചുവരുകൾ കഴ്ചകൾക്കിടയിൽ മറകളായി മാറാൻ തുടങ്ങിയപ്പോൾ സത്രത്തിലേക്കു തിരിക്കാൻ തീരുമാനിച്ചു. വഴി പിരിയുന്നേരം അവൻ അവളുടെ വിരലുകളിൽ പിടിച്ചു. അവൾ കെെവലിക്കുകയോ എതിർക്കുകയോ ചെയ്തില്ല. അവന്റെ മിഴികളിലേക്ക് നിസ്സംഗതയോടെ നോക്കി. ഒരു മൃദുമന്ത്രണം പോലെ
അവനിൽനിന്ന് വീണ്ടുമാ ചോദ്യമുണ്ടായി ”എസ്തർ,ഞാൻ വിളിച്ചാൽ നീയെന്റെ കൂടെപ്പോരുമോ ?”.

അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ കൺകോണുകളിൽ നിന്നും കണ്ണീർത്തുള്ളികളുരുണ്ടുവീണു. എസ്തർ തന്റെ കെെ സ്വതന്ത്രമാക്കി നടന്നനീങ്ങുന്നത് കുറച്ചുനേരം അവൻ നോക്കിനിന്നു.

നേരം പുലർന്ന് ദിനചര്യപോലെ ഹെയ്തിയിലും സൂര്യനുദിച്ചുയർന്നു. ഹെയ്തിയിലെ തന്റെ കാഴ്ച്കൾ ഇന്നവസാനിക്കുമെന്ന ചിന്ത മനസ്സിനെ വല്ലാതെയസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. നല്ലതായ ഒരു മറുപടി എസ്തറിൽനിന്നുണ്ടായാൽ ഒരു വരവു കൂടി ഹെതിയിലേക്കുവരാമായിരുന്നുവെന്ന് അവന്റെ മനസ്സുമന്ത്രിച്ചു. വാതിൽപൂട്ടി പുറത്തിറങ്ങി. അത്തിമരത്തിന്റെ ചുവട്ടിൽ എസ്തറെത്തിയില്ല. കുറച്ചുനേരം കാത്തുനിന്നു. അവൾ വന്നില്ല. തന്റെ ചോദ്യം അസ്ഥാനത്തായോ എന്നതോന്നൽ മനസ്സിൽ. അവസാനം ടാക്സിവിളിച്ചു. അവിചാരിതമായിക്കിട്ടിയത് തലേദിവസം വന്ന അതേടാക്സിയായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.

തലേദിവസം നിറുത്തിയ അതേ സ്ഥലത്തുതന്നെ കാർനിറുത്തി. അവൻ ഇറങ്ങിനടന്നു. മനസ്സിൽ എസ്തർ മാത്രമയിരുന്നതുകൊണ്ട് മറ്റൊന്നും ശ്രദ്ധിച്ചില്ല. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഒരാൾക്കൂട്ടവും ബഹളവും തെളിയാൻതുടങ്ങി. അടുത്തെത്തിയപ്പോൾ ചിത്രം മാറിമറിഞ്ഞു.

മുറ്റത്ത് ഒരാംബുലൻസും പോലീസു വാഹനവും. ആളുകൾ അങ്ങിങ്ങായി കൂടി നില്ക്കുന്നു. കുട്ടികളുടെ ഓടിക്കളിയില്ല. ആരുടേയോ തേങ്ങൽമാത്രം മുരടിച്ചുകേൾക്കാം.ആൾക്കൂട്ടത്തിൽ അവരിലൊരാളായി അവൻ നിന്നു. സംഭവങ്ങൾ ഓരോന്നായി പലരിൽനിന്നുമായി ഗ്രഹിച്ചു.

നാട്ടിലേക്കുള്ള മടക്കയാത്രയിൽ എസ്തറിന്റെ ഗ്രാമവും അവളുംമാത്രമായിരുന്നു മനസ്സിൽ. പാതി തുറന്നുകിടന്ന അവളുടെ കണ്ണുകളിൽ തന്റെ രൂപംമാത്രമായിരുന്നു എന്നതോന്നൽ. കറുത്തു നീണ്ട ആ മനുഷ്യന്റെ ചുണ്ടുകളിൽ നിന്നുവന്ന വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.”അവൾ, ചേച്ചിയുടെ വഴി സ്വീകരിച്ചിരുന്നെങ്കിൽ ഈ ഗതിവരില്ലായിരുന്നു !.”

ദന്തക്ഷതമേറ്റ് വീർത്തുനീലിച്ച ചുണ്ടുകൾ, പ്രകൃതിയോടു തന്നെ വെറുപ്പുള്ളവന്റെ അക്രമണത്തിന്റെ പ്രതീകംപോലെ തുടിച്ചു നിന്നിരുന്നു. താൻ നല്കിയ പ്രതീക്ഷയുടെ നൂൽപ്പാലം ആയിരിക്കാം കീഴടങ്ങാതിരിക്കാൻ അവൾക്ക് പ്രചോദനമായതെന്ന തോന്നൽ അവന്റെ കണ്ണുകളിൽ നനവു പടർത്താതിരുന്നില്ല. ജീവിക്കാനല്ല നിർമ്മലമായി ജീവിക്കാനുള്ള മോഹംനല്കിയത് താനാണ്. അല്ലായിരുന്നെങ്കിൽ കളങ്കിതയായിട്ടെങ്കിലും അവളീ ഭൂമിയിലുണ്ടായേനെ !.

ആംബുലൻസിൽ അവളുടെ നിർജ്ജീവ ദേഹം കൊണ്ടു പോകുമ്പോൾ തലേദിവസം അവൾ തെളിയിച്ചെടുക്കാൻ തൊട്ടിയിൽ കൊണ്ടുവന്നൊഴിച്ച വെള്ളം ഓരോ തുള്ളിയായി ഉറ്റി വീഴുന്നുണ്ടായിരുന്നു. ആ വെള്ളത്തുള്ളികളുടെ ശബ്ദത്തിന് പറഞ്ഞു തീരാത്ത ഒരു ജീവിതത്തിന്റെ മുഴക്കമുണ്ടായിരുന്നു.

അതിപ്പോഴും അവന്റെ കാതിൽ ഉറ്റിവീണുകൊണ്ടിരുന്നു

മലപ്പുറം ജില്ലയിൽ തിരൂരിൽ ചേന്നര സ്വദേശി. ഓർമ്മകൾ മഞ്ഞുതുള്ളികൾ' എന്നപേരിൽ ഒരു 'ചെറുകഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.