ആശ്വാസം

ചുവപ്പ് മാറാത്ത
ഇലകളെ പെറ്റിടും നേരം
ഉള്ളിലെന്തെന്നില്ലാത്ത
ആനന്ദമായിരുന്നു

കാറ്റിൻ കരങ്ങൾ
തഴുകുന്ന നേരത്ത്
ഉൾ ഭയത്തോടെ
ചേർത്തു വെച്ചിരുന്നു

തളിരു വിട്ട്
കനം വെച്ചപ്പോൾ
കിന്നരിക്കും കാറ്റിനെ
ചെറുക്കുമെന്നൊരു
ആശ്വാസം പിറന്നു

തന്നിലെ സിരകളെ
ചേർത്തു വച്ചൂർജ്ജം പകർന്നും
കിന്നരിക്കും കാറ്റിൻ
പൊയ് മുഖം പറഞ്ഞു പഠിപ്പിച്ചും
ചുംബനം നൽകിയിരുന്നു

എവിടെ നിന്നോ
താളം പിടിച്ചെത്തിയ
കുളിർ കാറ്റിൽ മയങ്ങി
സിരയറ്റ് വീഴുമ്പോൾ
കയ്യെത്തി പിടിക്കാൻ
ആവതും നോക്കി
വിരലൊടിഞ്ഞതിൽ പരം
മറ്റെന്തു ബാക്കി

വഴി നടക്കുന്നവരുടെ
കാൽ കീഴിൽ കേഴുന്ന
തന്റെ പൈതലേ
നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ

മണ്ണിലലിയുന്ന നേരത്ത്
മണ്ണിനെ ചുംബിച്ച്
തന്നിലായ് ചേർത്തിടാൻ
കൈകൂപ്പി കേണു

ഊറ്റി കുടിച്ചവൾ
സ്വയം ആശ്വാസം പുൽകി
കൊഴിഞ്ഞു വീണവരിനിയും
തളിർക്കുമെന്നോതി..!

സ്വദേശം, വയനാട് ജില്ലയിലെ ചൂരൽമല. കാരന്തൂർ മർകസ്സിൽ ബിരുദ വിദ്യാർത്ഥിയാണ്