ചിന്നാര്‍: ആദിവാസികളിൽ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചിന്നാര്‍ ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം ആദിവാസിക്കുടികളിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും സൗജന്യമായി വിതരണം ചെയ്തു. മാക്‌സ് ലൈവ് മീഡിയ സൊല്യൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഫെമിന്‍ഗോ ബുക്‌സിന്റെ ആഭിമുഖ്യത്തിലാണ് അടവീരവം എന്ന നൂതനപരിപാടി സംഘടിപ്പിച്ചത്.
ചിന്നാര്‍ വന്യജീവി സങ്കേതത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ആദിവാസി കുടികളിലെ ലൈബ്രറികളിലേക്ക് സൗജന്യ പുസ്തകങ്ങളും ഫര്‍ണീച്ചറുകളുമാണ് പദ്ധതിയുടെ ആദ്യഘട്ടമായി വിതരണം ചെയ്തത്. മെയ് ആറാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേവികുളം എം എൽ എ അഡ്വ. എ. രാജ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വി. വിനോദ് മുഖ്യാതിഥിയായി. കുടികളിലേക്കുള്ള പുസ്തകവിതരണവും, ഫര്‍ണീച്ചറിന്റെ താക്കോല്‍ കൈമാറലും എംഎല്‍എ നിര്‍വ്വഹിച്ചു. കരിമുട്ടി ഡെപ്യൂട്ടി റേഞ്ചര്‍ എ. അലിം, ഫെമിന്‍ഗോ ബുക്‌സ് ഡയറക്ടര്‍ ദുര്‍ഗ മനോജ്, എഴുത്തുകാരി സുധര്‍മ്മ രഘുനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിന്നാര്‍ റേഞ്ചിലെ സോഷ്യല്‍ വര്‍ക്കര്‍മാരായ മിനിമോള്‍, ധനുഷ് പി. കെ. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ പതിനൊന്ന് ആദിവാസി കുടികളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.
കേരളസമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവരിലേക്ക്
തുടര്‍ന്നും പുസ്തകങ്ങൾ എത്തിക്കുകയെന്നതാണ് ഫെമിൻഗോ ബുക്‌സിന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ ദുര്‍ഗ മനോജ് അറിയിച്ചു. കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സാംസ്‌ക്കാരിക ഉയര്‍ച്ച ലക്ഷ്യമിട്ട്, അവരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെമിൻഗോ പുസ്തകപ്രസാധനം ആരംഭിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെമിൻഗോ, നിരവധി നൂതന പദ്ധതികള്‍ക്ക് വരും ദിവസങ്ങളില്‍ രൂപം നൽകുമെന്നും അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് : femingobooks@gmail.com