മുറിഞ്ഞിടങ്ങളിൽ പൊടിക്കണം, കാടാകണം

അപമാനിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരിടത്തേക്ക് ,
ഒരുങ്ങി ചെല്ലേണ്ടതുണ്ട് !

പരിഹാസത്തിന്റെ മുൾത്തണ്ടുകളാണ്
നിങ്ങൾക്ക് അവിടെ ലഭിക്കുക ….
നിരാസം കൂർത്തു നിൽക്കുന്ന
ചവിട്ടുമെത്തയിലൂടെയാണ്
നിങ്ങളവിടെ നടക്കുക…
ക്രൗര്യം കൊണ്ട് വിറ കൊള്ളുന്ന
കസേരകളിൽ ആണ് ഇരിക്കുക…

ഉലഞ്ഞു പോയ നിങ്ങളുടെ ഉടുപ്പിലേക്ക്…
അറ്റം തേഞ്ഞ നഖങ്ങളിലേക്ക്…
നര പടർന്ന മുടിയിലേക്ക്,
കളിയാക്കലിന്റെ അമ്ലലായനികൾ
കുടഞ്ഞു കൊണ്ടാണ്
നിങ്ങളെ വരവേൽക്കുക…

തീക്ഷണവേദനയുടെ മുൾമുടി പേറുന്ന ശിരസ്
അവിടങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്!
നിന്ദയുടെ വിഷം കയറി
നീലിച്ചു പോയ ഉടൽ
തളരാതെ നോക്കേണ്ടതുണ്ട്….

അണഞ്ഞു പോകുമ്പോഴും
ഊതിയുണർത്താൻ ഒരു കനൽ ബാക്കി വയ്ക്കണം

മണ്ണിലേക്ക് മറയുമ്പോഴും
ഇവിടെ ഒഴുകി എന്നറിയാൻ
ഒരുറവ ബാക്കിയാക്കണം.

മുറിഞ്ഞു പോകുന്നിടത്തു വച്ചു പൊടിക്കണം,
കാറ്റിനെ പെറ്റു പോറ്റുന്ന കാടാകണം,
മലയിൽ നിന്ന് ജലത്തെ
ആവാഹിച്ചു വരുത്തണം,
ചില്ലകൾ കൊണ്ട് ആകാശത്തെയും,
വേരുകൾ കൊണ്ട് ഭൂമിയെയും തൊടണം…
മുറിയുന്നിടത്തു നിന്ന്
നൂറായി പൊടിക്കണം !

കണ്ണൂർ ചിന്മയ വിദ്യാലയത്തിന്റെ വൈസ് പ്രിൻസിപ്പൽ. തൃശൂർ സ്വദേശി. മലയാളം, ഭാഷാ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ബി.എഡ്. കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രിന്റ്, ഡിജിറ്റൽ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വരുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന ക്‌ളാസ് എടുക്കുന്നു