ഇരുളിലൊരു തെരുവ് അനാഥമാകുന്നു

രാത്രിയിൽ
ഒരു തെരുവ് മാത്രം
ഒറ്റപ്പെട്ടുപോകുന്ന
ഒരു നഗരത്തിൽ
നിങ്ങൾ താമസിച്ചിട്ടുണ്ടോ..?

ഇരുട്ട് മോന്തി
തെരുവ് വിളക്കുകൾ കത്താത്ത
ചേരികളിലേക്ക് ഇഴഞ്ഞുപോകുന്ന
ഇടവഴികളിലൂടെ നിങ്ങൾ
നടന്നിട്ടുണ്ടോ….?

വേച്ചു വേച്ചു പോകുന്ന കാലടികൾ..
ശാപവാക്കുകൾ..
തെറിവചനങ്ങൾ..
അടക്കിപ്പിടിച്ച ചിരികൾ..
പെട്ടെന്ന് നിശ്ശബ്ദമാകുന്ന
ഒരു കുഞ്ഞിന്റെ കരച്ചിൽ..
നിങ്ങൾ കേട്ടിട്ടുണ്ടോ…..?

അപരിചിതരെ കണ്ടാൽ പോലും
വാലാട്ടി ഉൾവലിയുന്ന
ഒരു നായയുടെ പാരതന്ത്ര്യം..

ശബ്ദമുണ്ടാക്കാതെ
അടയുകയും തുറക്കുകയും ചെയുന്ന
വാതിലുകൾ ഉള്ള മുറി
നിങ്ങൾ കണ്ടിട്ടുണ്ടോ…?

ഉടലുരഞ്ഞ ഉഷ്ണത്തിലെ
വിയർപ്പിന്റെയും
മദ്യത്തിന്റെയും
ബീഡിപ്പുകയുടെയും
ഗന്ധം കൂടിക്കുഴഞ്ഞ
കാറ്റിനെ
നിങ്ങൾ
ശ്വസിച്ചിട്ടുണ്ടോ…?

ഇരുളിൽ ഒറ്റപ്പെട്ടുപോകുന്ന
ഇത്തരം തെരുവുകൾ
പകൽ താമസിച്ചാണ്
ഉണരുന്നത് എന്നു
നിങ്ങൾക്കറിയുമോ..?

ചിലപ്പോൾ
പകൽ മുഴുവനും ഉറങ്ങിയെന്നുമിരിക്കും.!

സർക്കാർ സർവീസിൽ നിന്നും വിടുതൽ ചെയ്ത് തൃശൂർ താമസം. അനുകാലികങ്ങളിൽ രണ്ടു കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിൽ എഴുതുന്നു.