എന്റെ നഗരം

ആകാശം മുട്ടുന്ന ഫ്ലാറ്റ്
മുറ്റത്തു പാറാവുകാർ
താഴെ ബഹുവ്യയ കാറുകൾ
മുകളിൽ പുക

ചുറ്റും വേസ്റ്റ് കത്തുന്ന മണം
കാലത്തു കലപില വർത്തമാനങ്ങൾ
പൊട്ടിച്ചിരികൾ
വരി വരിയായി സ്കൂൾ ബസുകൾ
കൈവീശിയ നടത്തങ്ങൾ

ഉച്ചക്കു പരദൂഷണങ്ങൾ
പരിഭവങ്ങൾ

വൈകിട്ട് ജിം
ചൂടാറാത്ത വാർത്തകൾ
സിഗററ്റ് കുറ്റികൾ
സ്കോച്ചു മണങ്ങൾ

അരികെയൊരു പാടം
താഴെ നാറുന്ന ചാല്

മുകളിൽ കറുത്ത ആകാശം
ചുറ്റും കൊതുകുകൾ
കാലത്തു മൗനം
ഉച്ചക്ക് മൗനം
വൈകിട്ടൊരു നാടോടി

ചുണ്ടിലൊരു പാട്ട്
കയ്യിലൊരു ചൂണ്ട
ചൂണ്ടയിലൊരു പ്രതീക്ഷ
കണ്ണുകളിൽ ദൈന്യത

അഴുക്കുനാറ്റമുള്ള മീന്
മുകളിൽ തിളയ്ക്കുന്ന ചാറ്
താഴെ പൊള്ളുന്ന തീയ്
ചുറ്റും നാലഞ്ചു കുട്ടികൾ

കാലത്തു പട്ടിണി
ഉച്ചക്കു പട്ടിണി
വൈകിട്ട് മീൻകൂട്ടി
അരവയർ അത്താഴം

കുഞ്ഞു കണ്ണുകൾ ചിരിക്കുന്നു
മുതിർന്ന മനസ്സുകൾ കരയുന്നു..

ഇംഗ്ലണ്ടിൽ കുടുംബസമേതം താമസം. ഓൺലൈനിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. സുഗതകുമാരിയുടെ സ്മരണക്കായി നടത്തപ്പെട്ട പ്രഥമ രാത്രിമഴ കഥാമത്സരത്തിൽ സമ്മാനർഹയായി