നിന്നെയെനിക്കറിയാം
സ്കൂളിൽ
ഉച്ചയൂണിനു ശേഷമുള്ള
കളികൾക്കിടയിൽ
മരം മറഞ്ഞ് കല്ലെറിഞ്ഞവൻ.
ചിരിച്ചുകാണിച്ച പെണ്ണിനോട്
ചെകിട്ടത്തടിക്കുമെന്ന്
പറയിപ്പിച്ച
സീനിയേഴ്സിന്റെ ചാരൻ
രാത്രിവഴികളിൽ
അനക്കവും കിലുക്കവുമായി
പിന്നാലെ കൂടിയ നിഴൽ.
എല്ലായിടത്തും
തോൽവിയിലേക്കെത്തിക്കുന്ന
സൂചികളില്ലാത്ത സമയം.
സ്നേഹിതരെയെല്ലാം
മരുഭൂമിയിൽ കൊണ്ടുപോയി
വിലക്കപ്പെട്ട പഴങ്ങൾ
നീട്ടിക്കൊടുത്ത സർപ്പം.
നീ ആണല്ല,
പെണ്ണല്ല ;
ജരാനരകൾ തൊടാത്ത
കരുണയുടെ മുഖമുള്ള ഒരാൾക്കൂട്ടം
വഴികളിൽ വട്ടംകൂടി
ഒതുക്കം പറയുന്ന,
ബസിന്റെ പിൻസീറ്റിൽ
ഉറക്കം നടിക്കുന്ന,
തെരുവിൽ,
നഗരത്തിൽ
എന്റേതു മാത്രമായ ഇടങ്ങളിൽ….
വീതിച്ചു കൊടുക്കപ്പെട്ട
നിന്നെയെനിക്കറിയാം.