മാന്ത്രികം

ചുകച്ചുകന്നുള്ള കാപ്പിരി പൂവിനെ
കറുകറുത്തൊരു വണ്ടുമ്മവയ്ക്കുന്ന
വെയിലുചാഞ്ഞൊരു മധ്യാഹ്നവേളയിൽ
അരുമയോരുന്ന വാക്കിന്റെ മറപറ്റി
നിഴലുപോലെ നാം ഗോവണിപ്പടിമേലേ
മെയ്വഴക്കമോടൊട്ടിനിന്നാദ്യമായ്
വിഭ്രമോൽപ്പലം കമ്പിതഗാത്രരായ്
നാസികത്തുമ്പു തമ്മിലുരസിയിട്ടേറെ
നിന്നുപോയ് ഉമ്മ വച്ചീടാതെ!
എന്തൊരുന്മാദദായകം ഓർമ്മകൾ

തമ്മിലുമ്മവച്ചീടുകിൽ പോയിടാം
ഇത്രമേലത് ഹൃദ്യമായ് തീരാതെ!
ഗൂഢമാഴത്തിൽ വേരു പിടിച്ചതാം
വൻമരങ്ങളെ കാറ്റു പിഴുതിടാ-

തുള്ളിലാഴത്തിൽ കാത്തുവച്ചീടുന്ന
പൂവിടാത്ത മധുര പ്രണയമോ
മങ്ങലില്ലാ മനസ്സിൽ പണിയുന്നു
താജിനൊക്കുന്ന നിത്യമാം സ്മാരകം !

മോഹമേറ്റുന്ന ഉത്തുംഗശൃംഗങ്ങൾ
തൊട്ടു തൊട്ടില്ലയെന്നപോൽ പോയിടാം
പ്രാണനിൽ ചേർന്നലിഞ്ഞ പ്രണയമോ
ഓർമ്മയിൽ കുളിർത്തൂകുന്ന താരകം!

തൃശൂർ, പുത്തൂർ സ്വദേശിനി. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഷൊർണ്ണൂരിലെ ഫിസിക്സ് അധ്യാപികയാണ്. കിനാശ്ശേരിക്കടവിലെ പെണ്ണുങ്ങൾ എന്ന പ്രഥമ കവിതാസമാഹാരം രണ്ടു പതിപ്പുകൾ ഉണ്ട്.