കോവിഡ് കാലത്ത് വായിക്കാൻ ലഭിച്ച നല്ല പുസ്തകങ്ങളിൽ ഒന്നാണ്, അജിത് വെണ്ണിയൂർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി.
ചരിത്രപശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. മാസങ്ങളോളം നീണ്ടു നിന്ന ഗവേഷണം ഇത്തരം പുസ്തക രചനയ്ക്ക് അനിവാര്യമാണ്. ഈ പുസ്തകരചനയ്ക്കായി ഗ്രന്ഥകാരൻ ചെയ്ത കഠിനശ്രമങ്ങൾക്ക് ഇതിൻറെ ഓരോ താളും സാക്ഷ്യംവഹിക്കുന്നു. ബൃഹത്തായ പഠനത്തിന് ആശ്രയിച്ച 31 പുസ്തകങ്ങളുടെയും രേഖകളുടെയും വിവരങ്ങൾ അനുബന്ധം 2- ൽ ലഭ്യമാക്കിയിട്ടുമുണ്ട്.
വിവിധകാലഘട്ടങ്ങളിൽ പല സ്ഥലങ്ങളിലേക്കുമുള്ള യാത്രകൾക്കിടയിൽ നടന്ന രസകരമായ സംഭാഷണങ്ങളിലൂടെ മഹാത്മജിയുടെ ദർശനവും വ്യക്തിത്വവും മഹത്വവും വെളിവാക്കുന്ന പ്രതിപാദനശൈലിയാണ് ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്. പുതുമയുള്ള ഈ സമീപനം ഗ്രന്ഥത്തിൻറെ മാറ്റ് കൂട്ടുന്നു. ഭാരതത്തിൻറെ ദേശീയ പ്രസ്ഥാനത്തിൽ മഹാത്മജി വഹിച്ച അതുല്യമായ പങ്ക് വെളിവാക്കുന്നതാണ് ഈ പുസ്തകം.
ഇത് വായിച്ചുകഴിയുമ്പോൾ വായനക്കാരന് പല സംശയങ്ങളും തോന്നാം, സ്വാതന്ത്ര്യലബ്ധിയോടെ രാഷ്ട്രഭരണത്തിൽനിന്നും വിട്ടുനിൽക്കാനുള്ള മഹാത്മജിയുടെ തീരുമാനം തത്വാധിഷ്ഠിതമായ തൻറെ ചിന്താഗതിയും പ്രായോഗിക രാഷ്ട്രഭരണവും, അതായത് തീയറിയും പ്രാക്ടിക്കലും, തമ്മിൽ യോജിച്ചുപോകാൻ എളുപ്പമല്ല എന്ന അദ്ദേഹത്തിൻറെ ദീർഘ വീക്ഷണത്തിൻറെ ഫലമാണോ?. ഒരു ചെകിട്ടത്ത് അടിക്കാനോങ്ങുന്നവന് മറുചെകിടും കൂടി നീട്ടിക്കാണിക്കണമെന്ന അദ്ദേഹത്തിൻറെ ചിന്താഗതി യുദ്ധത്തിന് ഒരുങ്ങിവരുന്ന ശത്രുരാജ്യത്തിന് മുന്നിൽ പ്രാവർത്തികമല്ല എന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിലാണോ? അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഭാരതത്തിൽനിന്നും കൂടുതൽ സ്ഥലം പിടിച്ചെടുക്കാൻ യുദ്ധസന്നാഹവുമായി വന്നെത്തുന്ന ചൈനയോട് ഏതുവിധത്തിലാണ് അദ്ദേഹം പ്രതികരിക്കുമായിരുന്നത്?. ഭീകരരെ യുദ്ധപരിശീലനവും മാരകായുധങ്ങളുംനൽകി ഭാരതത്തിലേക്കയക്കുന്ന പാക്കിസ്ഥാനോട് ഏതു തരത്തിലായിരിക്കുമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം?
ധാരാളം പുതിയ അറിവുകൾ ഈ പുസ്തകം നമുക്ക് പകർന്നുതരുന്നു. മഹാത്മജിയും അയ്യൻകാളിയും തമ്മിൽനടന്ന കൂടിക്കാഴ്ചയുടെ പിന്നാമ്പുറരംഗമാണ് അതിലൊന്ന്. എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഇത് ഒരു പുതിയഅറിവാണ്. അധികമാരും അറിയാത്ത ഇത്തരം അനേകം സംഭവങ്ങൾ ഈ പുസ്തകത്തിലുണ്ട്. വിസ്താരഭയത്താൽ ഞാൻ അവയെപ്പറ്റിയെല്ലാം പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല.
എടുത്തുപറയേണ്ട ഒന്നുണ്ട്, ഗാന്ധിജിയുടെ നർമ്മബോധം. അധികം അറിയപ്പെടാത്ത രസകരമായ കൊച്ചുകൊച്ചു സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അവയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നു ഈ പുസ്തകം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ലളിതവും ഹ്രസ്വവുമായ രചനാശൈലിയാണ് ഇതിന്റെ പ്രധാന സവിശേഷത. അറിയാത്ത ഗാന്ധിയെ വായനക്കാർക്ക് പരിചയപ്പെടുത്തി തരിക എന്ന വലിയ ദൌത്യം തന്നെയാണ് ശരിക്കും ഗ്രന്ഥകാരൻ ഈ പുസ്തകത്തിലെ എഴുപതു അദ്ധ്യായങ്ങളിലൂടെ നിർവ്വഹിച്ചിരിക്കുന്നത്.
പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ഡോ.ജോർജ്ജ് ഓണക്കൂറിൻറെ അവതാരികയും ആർട്ടിസ്റ്റ് മദനന്റെ മനോഹരമായ ഗാന്ധി പെയിന്റിംഗും പുസ്തകത്തിൻറെ മാറ്റ് കൂട്ടുന്നു. ഒരു കാര്യം നിസ്സംശയം പറയാം. വളർന്നുവരുന്ന തലമുറ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ പുസ്തകത്തിലുള്ളത്. അവർ മാത്രമല്ല, സാമൂഹികചിന്താഗതിയുള്ള എല്ലാ മലയാളികളും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണ് അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി. എല്ലാ നന്മകളും നേരുന്നു. ഗ്രന്ഥത്തിനും, ഗ്രന്ഥകാരനും.
അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി
രചന: അജിത് വെണ്ണിയൂർ.
പ്രസാധകർ: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം
പുറം : 200 വില: 180 രൂപ