ഉത്രാടത്തലേന്നു തുടങ്ങിയ നാല്പത്തെട്ടു മണിക്കൂർ നിരാഹാരവും കഠിനതടവും അവസാനിക്കാൻ, ഇനിയുമുണ്ട് എട്ട് മണിക്കൂറുകൾ.നിരഞ്ജൻ കണ്ണാടിക്കൂടിനകത്തും ഗാർഗി പുറത്ത് വരാന്തയിലും.
ദയ തോന്നിയ ഏതോ സമരിയാക്കാരൻ ഇവിടെക്കൊണ്ടാക്കീട്ട് പോയി പോലും. അവൻ നല്ലതെന്നോ ചീത്തയെന്നോ കാലം തെളിയിക്കട്ടെ. അങ്ങനെ വിചാരിച്ചതിൽ ഗാർഗിയെ പരിചയമുള്ളവർ ഒരിക്കലും അവളെ കുറ്റം പറയാൻ സാദ്ധ്യതയില്ല. അവൻ കൊടുത്തിട്ടു പോയ നമ്പറിൽ വിളിച്ചിട്ടൊട്ടെടുക്കുന്നുമില്ല.
വെള്ളിയാഴ്ച ഉറങ്ങിയിരുന്നില്ല. അന്നു വൈകുന്നേരമായിരുന്നല്ലോ സ്വന്തമായി പറക്കാൻ ചിറകുകൾക്ക് ശക്തി വച്ചൂന്നവൻ പ്രഖ്യാപിച്ചത്. സങ്കടം, സന്തോഷം, അതിശയം, ആകാംക്ഷ ഒന്നും തോന്നിയില്ല. എന്നാലും ഒറക്കം വന്നില്ല. ആശുപത്രീന്നു വിളിച്ചപ്പൊളേ വീടും പൂട്ടിയിറങ്ങിയതാണ്.
പരിചയമുള്ള കുറേപ്പേർ ജോലിചെയ്യുന്ന സ്ഥലാണ്. പക്ഷെ ഇപ്പോള്‍ എല്ലാരും ഒന്നുപോലെ മൂടിക്കെട്ടി ചന്ദ്രനിലേക്ക് യാത്രയായി നില്ക്കുന്നു. പാവങ്ങൾ ഉത്രാടോം തിരുവോണോമില്ലാത്തവർ.
അതിലൊരാളാണ് വിളിച്ചു പറഞ്ഞത്. തലയിലാഴത്തിലുള്ള ക്ഷതമാണ്. ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോള്‍ വെന്റിലേറ്ററിലാണ്. നാല്പത്തെട്ടു മണിക്കൂറു കഴിയാതെ ഒന്നും പറയാനൊക്കത്തില്ല.
അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ.
കാലം ഒരുതടവറ തന്നെ. നാല്പത്തെട്ടു വർഷങ്ങൾ ആ തുറന്ന ജയിലില്‍ പൂർത്തിയാക്കി. ഇതിപ്പോളീ നാല്പത്തെട്ടു മണിക്കൂർ….. അതിനിടയ്ക്കുള്ളൊരേകാന്ത തടവറ… ഒരു പ്രമോഷനെന്നൊക്കെ വേണേ പറയാം…
“ഇതിനകത്തേതോ ഒരു മുറിക്കുള്ളിലാണെന്റ ഇടതു മുലയെന്നോ മുറിഞ്ഞു വീണത്”. അവളോർത്തു. അന്നു വിറച്ചില്ല കരഞ്ഞുമില്ല. അതിനുമെത്രയോ നാളുകൾ മുന്നേ അരൂപിയിലവളൊരു ഒറ്റമുലച്ചി ആയിക്കഴിഞ്ഞീരുന്നു.
കാമം ത്യജിച്ച… ക്രോധം ജ്വലിച്ച… ഒരൊറ്റ മുല വിങ്ങൽ.
ജാഗരണം എപ്പളാ മുടങ്ങിയതെന്നോർമ്മയില്ല, “ഗാർഗി സിദ്ധാർത്ഥൻ,…. ” ഒരുൾവിളിമുഴക്കം..
അതായിരുന്നല്ലൊ എന്റെ മുഴുവൻ പേര്…. ഇപ്പോഴും അത് തന്നെ… വാലു മുറിഞ്ഞിട്ട് ഇരുപത്തിമൂന്നു വർഷങ്ങൾ. വീണു പിടഞ്ഞത് വാലായിരുന്നില്ല; ശരീരമാണ്. വാലെങ്ങോട്ടോ ശാന്തമായി ഒഴുകിയൊഴുകി മെല്ലെ മെല്ലെ അകന്നു. ഞാൻ പക്ഷേ മുറിച്ചുമാറ്റപ്പെട്ട വിരലിൻ തുമ്പ് അന്വേഷിക്കുന്നവനേപ്പോലെ ഇടയ്ക്കിടയ്ക്ക് തപ്പിക്കൊണ്ടിരുന്നു. അപ്പൊളൊക്കെ എന്റെ പാതി നാവു തളർന്നു. പഴമ്പൊരുളുകൾ തേടി ആദിമ ദ്രാവിഡ ഭാഷയിൽ ഞനെന്തൊക്കെയോ ഉറക്കെ പാടി. നിരഞ്ജൻ എന്റെ കാലുകളിൽ ചുറ്റിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. പടം പൊഴിക്കലിന്റെ നീറ്റലകറ്റാൻ കുളിമുറിയിൽ ബോധമറ്റ പോലെ കിടന്നു.
പത്രപരസ്യത്തിനും ഗസറ്റിൽ കൊടുക്കാനും നേരമില്ലാത്തതുകൊണ്ടു മാത്രമായിരുന്നോ? അതോ ആ നിഴൽപാടുകളെനിക്കീ ഊഷരഭൂവിലല്പം തണലേകുന്നുണ്ടോ?
അറിയിക്കാനുള്ളവരുടെ പട്ടിക അയാളിൽ തുടങ്ങണം..
എത്ര കഷ്ടപ്പെട്ടാണെന്റെ വേരുകൾ ഞാനറത്തു മാറ്റിയത്. അച്ഛൻ മരിച്ചപ്പോൾ, അന്നു പോകാതിരുന്നത് പക്ഷെ വേരു മുറിഞ്ഞു പോയ കുറ്റീന്റെ വേദനയോ.. അതോ ഇന്നു ഞാൻ നിഴലായി കരുതുന്ന, അന്നെന്റെ തായ്ത്തണ്ടെന്നു വിചാരിച്ച എനിക്കിലകളും ശിഖരങ്ങളും പൂക്കളും നിറവും മണവും തരുമെന്ന് ഞാൻ കരുതിയ.. അവനോ?
എടയ്ക്കെപ്പൊഴൊക്കെയോ വന്നിരുന്ന അമ്മയുടെ എഴുത്തുകൾ…., വേർപാടിന്റെ ആവലാതികൾ.. അമ്മ അച്ഛനേ ഇത്രമേൽ സ്നേഹിച്ചിരുന്നുവോ. എന്റെ മുടി ചീകിയീരെടുക്കുമ്പോൾ തലയിൽ ഇറ്റിറ്റു വീണിരുന്നത് അച്ഛനോടുള്ള സ്നേഹമാണെന്നു മനസ്സിലാക്കാൻ ഞാനെത്ര വൈകി. അല്ലെങ്കില്‍ എനിക്കെന്തറിയുമായിരുന്നന്ന്.., ഇന്നും.
അനുശ്രീന്നുള്ള പേര്.. അച്ഛനിട്ട പേര്. ഇപ്പോഴും അദ്ദേഹം തന്നെയാണെന്റെ അച്ഛൻ. അമ്മയുടെ മരണത്തിനു തൊട്ടുമുമ്പയച്ച കത്തുകൾ അതു നിഷേധിക്കുന്നുണ്ടെങ്കിലും. ഒക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കൽ ഒരു പക്ഷേ.., ഒരു പക്ഷേയുമില്ല……. ഉറപ്പായിട്ടും… ഞാനെന്റ പേരു മാറ്റില്ലായിരുന്നു… അയാളെന്നിലേക്കടുക്കുകയുമില്ലായിരുന്നു.
ഗാർഗി.. വേദങ്ങളിൽ ജ്വലിച്ചു നില്ക്കുന്ന നക്ഷത്രം, പഠിക്കുന്നത് തത്വശാസ്ത്രം.. ,എഴുതുന്നത് കഥകൾ.. സ്വരങ്ങളിൽ കവിത. സിദ്ധാർത്ഥൻ നടന്നത് ബോധജ്ഞാനത്തിലേക്കായിരുന്നില്ല.എനിക്കു ചുറ്റും മാത്രമായിരുന്നു.
അയാളുടെ വിദ്യാർത്ഥികൾ എന്നോടു രഹസ്യം പറഞ്ഞു. മിടുക്കിപ്പൺകുട്ടികളേ അയാളെപ്പോഴും ഗാർഗ്ഗീന്ന് തീവ്രാനുരാഗത്തോടെ വിളിച്ചിരുന്നുപോലും.
എന്റെ കണ്ണുകളേക്കാൾ, വിങ്ങുന്ന മുലകളേക്കാൾ.. അയാൾക്കു പാതിയവകാശപ്പെട്ട നിരഞ്ജന്റെ നിഷ്കളങ്കമായ പുഞ്ചിരിയേക്കാൾ, അയാൾ ഇഷ്ടപ്പെട്ടത് എന്റെ പേരു മാത്രമാണ്…
ഇപ്പോളാരായിരിക്കുമൊരു കൂട്ട്.. ആരായിരുന്നാലും അവൾ ഗാർഗിയെന്ന് വിളിക്കപ്പടും.
ഇതിനു മുമ്പും ഒരു കഠിനതടവുണ്ടായിരുന്നു. നിരഞ്ജന്റെ മൂന്നാം പിറന്നാൾ മുതൽ നാലമത്തേതിന്റെ തലേ രാത്രി വരേ. അരീക്കുന്നിന്റെ ശാലീന ഗ്രാമീണത. പുന്നകം തോടിന്റെ പാദസരക്കിലുക്കങ്ങൾ. ഉരുളിപ്പാടത്തിന്റെ അറ്റം കാണാനാകാത്ത പച്ച വിരിപ്പ്. ഇതൊക്കെ അച്ഛന്റെ കാല്പാദത്തീന്ന് അയാളുടെ കണ്ണിലേക്കു തെറിച്ച ചെളിയുടെ നിഴലിൽ പുതഞ്ഞു മങ്ങി. ആ നീറ്റലിൽ എന്റെ ചിതയൊരുങ്ങി. സതിയാചാരത്തെക്കുറിച്ച് ഉത്തരാധുനിക കവിതകൾ ഞാൻ മനസ്സിൽ എഴുതിത്തുടങ്ങി. അവൻ പ്രതീക്ഷിച്ചപോലെ തത്വശാസ്ത്രപരിജ്ഞാനികളൊന്നുമായിരുന്നില്ലല്ലോ, എന്റെ ബന്ധുക്കളാരും തന്നെ.ഒരു കണക്കിന് അന്നെങ്കിലും നാട്ടിലു പോയത് എത്ര നന്നായി.
സ്വയംഹത്യയിൽ നിന്നും നിരഞ്ജന്റെ നിഷ്കളങ്കത എന്നെ വിലക്കി.
വരില്ല… എന്നാലും അറിയിക്കണം… അലെക്സിനെ വിളിച്ചു പറയാം.
പിന്നെ ആ പെൺകുട്ടി.. ലിസ്റ്റില്‍ നമ്പർ രണ്ട്… ഈ നഗരത്തില്‍ എവിടെയോ ആണ്.. ഒരിക്കൽ അവളോട് സംസാരിച്ചിരുന്നു.. അവളുടെ മുത്തച്ഛനോടും. അദ്ദേഹത്തിന്റെ കൂടെയാണവൾ താമസം… ഗീതാഞ്ജലി.. കവിത പേരിൽ നിറഞ്ഞു നിന്നു… പേരിൽ മാത്രം. അവൾക്കു മുന്നിൽ.. ഒരേയൊരു ശാന്തിനികേതൻ.. നിരഞ്ജന്റെ നെഞ്ചകം… എല്ലാം തെകഞ്ഞ ‘ടെക്കി’ . അവളുടെ സംസാരത്തിൽ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നൂ. കഷ്ടിച്ച് തപ്പിത്തപ്പി മലയാളം പറയും.
“എത്ര നേരമായി വിളിക്കുന്നു, ഒറങ്ങിപ്പോയോ..” നീരസത്തിന്റെ ഒരു നിഴൽ ചീല്ലുവാതിലിന്റെ കവാടത്തിൽ നിന്നിരുന്ന ബഹിരാകാശസഞ്ചാരിയുടെ സ്വരത്തിലുണ്ടായിരുന്നെന്ന് തോന്നി. “അകത്തേക്കു ചെല്ലൂ,… ഡോക്ടർ വെയ്റ്റു ചെയ്യുകയാണ്”.
അകത്തു നിന്ന് മറ്റൊരു യന്ത്രമനുഷ്യൻ പുറത്തിറങ്ങി.
“ചേച്ചി എവിടാരുന്നു? ഡോക്ടർ കൊറേ നേരം വെയിറ്റ് ചെയ്തിരുന്നു, ഇനീപ്പം രണ്ട് മണിക്കൂറെങ്കിലും കഴിയും. അപ്പം വിളിക്കാം… റൂമിൽ പോയിരുന്നോളൂ..”
“ഒന്നു കേറി കണ്ടോട്ടെ?”
“അയ്യോ… പറ്റത്തില്ല… “
“ഇപ്പോള്‍ എങ്ങനേണ്ട്..”
“അതു ഡോക്ടർ വന്നു പറയും..” അവരു പെട്ടെന്ന് ചില്ലു കൂടിനകത്തേക്ക് അപ്രക്ഷ്യമായി.
ആദ്യം ഗീതാഞ്ജലി യുടെ നമ്പർ ഡയൽ ചെയ്തു.. അവളുടെ മുത്തച്ഛനാണെടുത്തത്.
“മോളൊരു സൂം മീറ്റിംഗിലാ.. കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാൻ പറയാം.. നിരഞ്ജനെവിടെ.. ഇന്നലെ ഇവിടെ വരൂന്നും പറഞ്ഞു മോളു കാത്തിരിക്കുന്നുണ്ടാരുന്നു.”
“അത്… അവനൊരാക്സിഡന്റായി.. ഇവിടെ രാജഗിരീല് രണ്ടീസായി ഐ സി യൂലാ.”
“ഓ.. മൈ ഗോഡ്.. ശ്രീക്കൂട്ടീ.. നീ.. ഒറ്റയ്ക്ക്…”
വാക്കുകൾ അങ്ങേത്തലക്കൽ മുറിഞ്ഞൊടുങ്ങി. എന്റെ നാട്ടീന്നു തന്നെയായിരുന്നയാളും
..ന്നാലും അമ്മയല്ലാതെ മറ്റാരുമിതുവരെ എന്നെ അങ്ങനെ ഒരിക്കലും സംബോധന ചെയ്തിരുന്നില്ല…
..ഓർമ്മകൾക്കിടയിലൂടെ ഞാനൊന്നൂടൊന്നു പാളി നോക്കി..
പലതവണ ശ്രമിച്ചിട്ടും അലക്സ് ഉമ്മൻ ഇല്ലത്തു പറമ്പിൽ പ്രതികരിക്കുന്നില്ല. ഒരു കാലത്തെ അവന്റെ
ഉണർത്തു പാട്ടുകളുടേയും രാത്രി സന്ദേശങ്ങളുടേയും ചീഞ്ഞ നാറ്റം, മൂക്കിനും മാസ്കിനും ഇടയിൽ കിടന്നു വട്ടം ചുറ്റി.
“22 ഫീമെയിൽ കോട്ടയം” അങ്ങെനെയൊരജ്ഞാത വാട്സ് ആപ്പ് സന്ദേശം ,. അതാണ് ഒരു പക്ഷേ എന്റെ രക്ഷക്കെത്തിയത്. ഉറവിടം ഇപ്പോളും അജ്ഞാതമാണ്.
എന്റെ ഓരൊ കോളിനും അന്നവന്റെ മൊബൈൽ സ്ക്രീനില്‍ തെളിഞ്ഞത് എന്റെ ഓരോരോ രൂപങ്ങളാണെന്ന്, അവൻ അന്നു പറഞ്ഞിരുന്നതോർമ്മയിൽ വന്നു. ഇന്നൊരുപക്ഷേ എന്റെ ഇടത്തെ മുലയായിരുന്നിരിക്കാം അവന്റെ സ്ക്രീനിൽ തെളിയേണ്ടിയിരുന്നത്… ചെറ്റ..
ഇന്റെർകോം ചെലച്ചു..”നിരഞ്ജന്റെ കൂടെയുള്ളോരാരെങ്കിലും ഒന്നൈസിയുവിലേക്കു വരൂ.. ഡോക്ടർക്കു സംസാരിക്കണം… പെട്ടെന്ന് വരണേ…”
ആരെങ്കിലും.. ഒരു.. കൂട്ടുണ്ടായിരുന്നെങ്കിൽ…..
ഇന്ദ്രിയങ്ങൾ ആത്മാക്കളോടുള്ള ഒരു സംവേദന ക്ഷമത ആർജ്ജിച്ചിരുന്നങ്കിൽ…..
വേഗത കുറയ്ക്കാതെ തീവണ്ടി തുരങ്കത്തിലേക്കു കയറുമ്പോഴുണ്ടാകാറുള്ള ആ ഇരുണ്ട മുഴക്കം ഗാർഗിയെ വലയം ചെയ്തു..
അവൾ ഐ സി യു വിന്റെ ചില്ലുവാതിൽ കടന്ന് ധിറുതിയിൽ നടന്നു., ഉള്ളിലേക്ക്.