ഓട് പഴുത്തിറങ്ങിയ ചൂട്, അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നാളെയെക്കുറിച്ചുള്ള ചിന്തകൾ… അതിനും പുറമെ, വിശപ്പിന്റെ കാളൽ. തലേന്ന് രാത്രിയിലുള്ള വറ്റ് മക്കൾക്ക് കൊടുത്ത് അവനും അവളും കഞ്ഞി വെള്ളം കുടിച്ചാണ് കിടന്നത്. എല്ലാം പെട്ടന്നായിരുന്നല്ലോ, മഹാമാരിയുടെ താണ്ഡവം ഇനിയെത്ര നാൾ? ഒരു നിശ്ചയവുമില്ല.
കടകളെല്ലാം പെട്ടന്നടച്ചതിനാൽ ശമ്പളം കിട്ടിയില്ല. അല്ലെങ്കിൽതന്നെ മാസാവസാനം എത്തിപ്പിടിക്കാൻ പെടാപ്പാടാണ്. പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടിയത് പോലെ ഇപ്പോൾ ഇതും
വാസുവേട്ടന്റെ ദീർഘനിശ്വാസങ്ങൾ കേൾക്കാം. പാവം ഒന്നും പറയുന്നില്ലെങ്കിലും ആ വിഷമം മനസിലാക്കാൻ കഴിയും. ഒരുകാലത്തെ പ്രതാപികൾ, പാടങ്ങളും കൊയ്ത്തുമായി ഐശ്വര്യം നിറഞ്ഞു നിന്നിരുന്ന വീട്. ഒരു ജന്മിയുടെ പുത്രഭാര്യയായി ഈ വീട്ടിൽ വന്നു കയറുമ്പോൾ അറിഞ്ഞില്ല ഇങ്ങനെയൊരു കാലം കാത്തിരിക്കുന്നുണ്ടെന്ന്. എല്ലാം വിധി, ഓരോന്ന് ആലോചിച്ചു കിടന്ന അവളെപ്പഴോ ഒന്നുറങ്ങി.
“സരസുവേ നേരം വെളുത്തുട്ടോ” വാസുവേട്ടന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. ക്ഷീണം കാരണം അവൾക്ക് എണീക്കാൻ കഴിഞ്ഞില്ല. പുറത്ത് പക്ഷിക്കൂട്ടങ്ങളുടെ കലപില ശബ്ദം. ദൈവത്തിന്റെ സംഭാഷമാണ് പക്ഷിക്കൂട്ടങ്ങളുടെ ശബ്ദമെന്ന് അമ്മമ്മ പറയാറുള്ളത് അവൾ ഓർത്തു. അങ്ങനെയെങ്കിൽ ഇപ്പോൾ എന്തായിരിക്കും അവർ പറയുന്നത്. നമ്മൾ ചെയ്‌ത്‌കൂട്ടിയ പാപങ്ങളാണ് ഈ അനുഭവിക്കുന്നതെന്നോ… അതോ, പേടിക്കേണ്ട ഞാനുണ്ട് കൂടെയെന്നോ.
“കാപ്പിപൊടിയുണ്ടോ സരസു “എന്ന ചോദ്യം അവളെ ചിന്തകളിൽ നിന്നും ഉണർത്തി.
പാവം വിശക്കുന്നുണ്ടാവും
“ദാ ഇപ്പൊ ഇട്ട് തരാം “
കാലും മുഖവും കഴുകി അവൾ അടുക്കളയിലേക്ക് പോയി, കഷ്ടിച്ച് ഒന്നര ഗ്ലാസ്സിനുള്ള കാപ്പിപൊടിയെയുള്ളൂ. വെല്ലവും തീർന്നു, കഷായമെന്നു പറയുന്നതാവും ഭേദം. എന്തെങ്കിലും ഇത്തിരി ഉള്ളിൽ പോവുമല്ലോ.
ഇതാ മധുരം കുറവാണ്, ഇന്ന് കട്ടനെങ്കിലുമുണ്ട് ഇങ്ങനെയാ കാര്യങ്ങളെങ്കിൽ നാളെ ഇതുമില്ല. കുട്ടികൾ ഉണർന്നാൽ അവരോടെന്ത് പറയുന്ന് ഒരു നിശ്‌ചയവുമില്ല.
“നേരമൊന്ന് പുലർന്നോട്ടെ എന്തെങ്കിലും വഴി ഉണ്ടാക്കാം “.
“കാശ് കിട്ടിയാൽ പലചരക്ക് പീടികേന്നു വാങ്ങണ്ട അവിടെ വില കൂടുതലാ.. എല്ലാ കാർഡിനും റേഷനെന്നല്ലേ സർക്കാർ പറയണത് അതാവുമ്പോ കുറച്ചു കൂടുതൽ വാങ്ങാം
“വണ്ടിക്ക് നെല്ല് അളന്നിരുന്ന ഇല്ലമാണിത് എല്ലാം മുജ്ജന്മ പാപം അല്ലാണ്ട് എന്താ പറയാ “.
“ഇനിയിപ്പോ പ്രതാപവും പറഞ്ഞിരിന്നിട്ട് കാര്യമില്ല. “
കാപ്പി ഗ്ലാസും എടുത്ത് അവൾ അടുക്കളയില്ലേക്ക് ചെന്നു. മുറ്റമടിച്ചു കഴിഞ്ഞു കുളിക്കാം. അല്ലെങ്കിൽ പിന്നെ വിയർപ്പ്താണ് തലവേദന തുടങ്ങും.
മുറ്റം അടിക്കുമ്പോൾ തെങ്ങോലയിൽ ഇരിക്കുണ മഞ്ഞയും കറുപ്പും കിളി അവളുടെ ശ്രദ്ധയിൽ പെട്ടു. ഹോ… എത്രകാലമായി ഈ ഇനത്തെ കണ്ടിട്ട്. ചെറുപ്പത്തിൽ ഇല്ലത്തെ തൊടി, പക്ഷികളുടെ കേന്ദ്രമായിരുന്നു. തത്തകളും പൊന്മാനും ചെമ്പരുന്തും അങ്ങനെ പേര് അറിയുന്നതും അറിയാത്തവയും. രാത്രികാലങ്ങളിൽ കുറുക്കന്റെ ഓരിയിടൽ, ഇരുട്ടിയാൽ പേടിച്ചു മുറ്റത്തു കാൽ വെക്കില്ല. നിന്റെ പേടി ഇന്നത്തോടെ തീരണമെന്ന് പറഞ്ഞു അമ്മ ഒരിക്കൽ പുറത്ത് നിർത്തിയതും മൂന്ന് ദിവസം പനിച്ചു കിടന്നതും എല്ലാം ഇന്നലെ പോലെ.
കാക്കകളുടെ കലപില ശബ്ദം അവളെ ചിന്തകളിൽ നിന്നും ഉണർത്തി. മഞ്ഞക്കിളി അവിടെയുണ്ടോയെന്ന് നോക്കി. ഇല്ല, അത് അതിന്റെ ഭക്ഷണം തേടി പോയിരിക്കും. കുഞ്ഞി ഉണരുമ്പോൾ അത് ഒന്ന് വന്നാ മതിയായിരുന്നു. അവൾക്കാണ് ഇതൊക്കെ ഇഷ്ട്ട്ടം. അപ്പൂന് വണ്ടിയും ഗുസ്തിപിടിക്കലുമൊക്കെയാണിഷ്ടം. തങ്ക വരുമോ ആവോ, ഇല്ലെങ്കിൽ മക്കൾക്ക് എന്ത് കൊടുക്കും. പുടമുറി സമയത്തു രാജകുമാരനെയാണ് എന്റെ മോൾക്ക് കിട്ടിയിരിക്കുന്നത് എല്ലാം അവളുടെ ഭാഗ്യമെന്ന് അച്ഛൻ പറഞ്ഞത് അവൾ ഓർത്തു. ഇതായിരുന്നോ ആ ഭാഗ്യം.
“ആരാ ഈ വരണത്… മ്മടെ തങ്കയല്ലേ, വാസുദേവന്റെ ശബ്ദം കേട്ടപ്പോൾ അവൾ പടിപ്പുരയിലേക്ക് നോക്കി.
“അതെ, ഞാൻ ഇന്നലെ ചെല്ലനെ കണ്ടപ്പോൾ അവരോടൊന്നു വരാൻ പറഞ്ഞിരുന്നു. അവളോട് കുഞ്ഞിടെ കമ്മൽ പണയം വച്ചിട്ട് റേഷൻ വാങ്ങാൻ പറയാം അതെ ഇപ്പൊ നടക്കു “
“ശിവ ശിവ “
“തങ്കേ നിന്നെ കണ്ടിട്ട് കുറെ ആയല്ലോ ? “
“ഞാൻ ഇവിടെതന്നെയുണ്ട് തമ്പ്രാ “
“ഇന്നലെ മുതൽ ഞാൻ നിന്നെ നോക്കിയിരിക്യാ, നീ അങ്ങട്ട് വടക്കെ ഇറയത്തേക്ക് വന്നോളൂ.. തങ്കേ ഞാൻ ഇപ്പൊ വരാം “
“ഓ ശരി “എന്നു പറഞ്ഞു തങ്ക പിൻവശത്തേക്ക് നടന്നു
ചൂല് മാറ്റിവച്ചു സരസുവും…
“ആ എന്തുണ്ട് വിശേഷം തങ്കേ ? “
“എന്ത് വിശേഷം കുട്ടി… ഓരോ വ്യാധികൾ കണ്ടില്ലേ, ഞാൻ ഇന്നലെ നമ്മടെ രാമേട്ടന്റെ വീടുവരെയൊന്ന് പോയി “
“രാമൻ കുട്ടിമാഷടെ വിട്ടിലെക്കൊ ? “
“അതെ “
“അവിടെ എന്താ വിശേഷം ? “
“ഒന്നും പറയണ്ട അയാളുടെ ഭാര്യ കിടപ്പിലാണല്ലോ സഹായിക്കാൻ വന്നിരുന്ന പെണ്ണ് ഇപ്പൊ വണ്ടിയില്ലന്നും പറഞ്ഞ് വരണില്ല. അയാൾ മിനിഞ്ഞാന്ന് വീട്ടിൽ വന്നു കാല് പിടിച്ചില്ലന്നെയുള്ളൂ. അയാളുടെ ഭാര്യ ആ ഇന്ദിര കുട്ടിയെ ഒന്ന് കുളിപ്പിക്കാൻ വരുമോ തങ്കേയെന്നു പറഞ്ഞ്. എന്റെ മക്കളാണെങ്കിൽ ഇനിയിപ്പോ പണിക്കൊന്നും പോവണ്ടാന്ന് ഒരേ വാശി. എന്നിട്ടും ഞാനൊന്ന് പോയി പണി അല്ലെങ്കിലും ഒന്ന് പോയി നോക്കി ആവുന്ന സഹായം ചെയ്യാമെന്നു കരുതി.
“അത് നന്നായി, എങ്ങനെയുണ്ട് അവർക്ക് ? “
“പ്രാണനുണ്ട് അത്ര തന്നെ. മിണ്ടാൻ വയ്യ… കിടന്ന കിടപ്പിലാണ് എല്ലാം. ആ മാഷ് ഒരുപാട് കഷ്ട്ടപെടുന്നുണ്ട്. ദിവസവും പോയി സഹായിക്കാൻ എനിക്കും ആവില്ല കുട്ടി.”
“മം.. ഓരോ കർമങ്ങൾ… അല്ലാതെ എന്താ പറയുക…
“ഞാൻ വരാൻ പറഞ്ഞത് തങ്ക എനിക്ക് ഒരു ഉപകാരം ചെയ്യണം. പീടിക തുറക്കാത്തതുകൊണ്ട് ഇവിടുത്തെ ആൾക്ക് ശമ്പളം കിട്ടിയിട്ടില്ല, കാര്യങ്ങൾ ഇത്തിരി കഷ്ട്ടാ.. ദാ… ഈ കമ്മൽ എവിടെയെങ്കിലും പണയം വച്ചിട്ട് ഇത്തിരി റേഷൻ വാങ്ങിക്കൊണ്ടുവരണം “
“മോളേ..”
“ഇവിടുത്തെ ആളോട് പറഞ്ഞാൽ നടക്കില്ല അതാ ഞാൻ തങ്കേ വരാൻ പറഞ്ഞെ “
“മോളേ… ഇവിടെ ബുദ്ധിമുട്ടുണ്ടെന്നറിയാം… എന്നാലും റേഷൻ അരി ഉണ്ണാൻ മാത്രം ആയോ നിങ്ങൾ, അറിഞ്ഞില്ല…. എനിക്ക് ആലോചിക്കാൻ വയ്യ. പണ്ടത്തെ കൊയ്ത്തും നെല്ല് അളക്കലും ഉത്സവമായിരുന്നില്ലേ… ഞങ്ങൾ എപ്പഴും വീട്ടിൽ പറയും അതൊക്കെ.”
“ആ കാലമൊക്കെ കഴിഞ്ഞില്ലേ തങ്കേ, മക്കളെ പട്ടിണിക്ക് ഇടാൻ വയ്യ”
“മോളേ… തങ്കയുടെയും ചെല്ലന്റെയും തടി ഇവിടുത്തെ ചോറാണ്, നിങ്ങൾ റേഷൻ അരി ഉണ്ണുമ്പോ തങ്കക്ക് തൊണ്ടേക്കൂടെ ചോറ് ഇറങ്ങില്ല. പിള്ളേർ കടയിൽ നിന്നു രണ്ടുമൂന്നു ചാക്ക് അരി വീട്ടിൽ ഇട്ടിട്ടുണ്ട് ഞാൻ ഇപ്പൊ കൊടുത്തുവിടാം.. “
“അയ്യോ അതൊന്നും വേണ്ടാ, നീ ഞാൻ പറഞ്ഞത് കേൾക്ക്, ഇവിടുത്തെ ആൾക്ക് അതൊന്നും സഹിക്കാൻ ആവില്ല… “
“മോളേ എന്റെ പിള്ളേരെക്കാളും ഞാൻ കൊഞ്ചിച്ചിട്ടുള്ളത് ഇവിടുത്തെ കുട്ടിയെയാണ്.”
“അതൊക്കെ എനിക്ക് അറിയാം തങ്കെ ഇവിടുത്തെ അമ്മയെപ്പോലെ അല്ലെ എനിക്ക് നിങ്ങളും അതോണ്ടല്ലേ ഞാൻ പറഞ്ഞത്. “
“ന്നാ പിന്നെ നിങ്ങൾ ഒന്നും പറയണ്ട… നിങ്ങൾക്ക് അരിയും പലചരക്കും ഞാൻ ഇപ്പൊ കൊണ്ടവരാം “
“നിക്ക് നിക്ക്… ഒരു കാര്യം കൂടി നേരത്തെ പറഞ്ഞില്ലേ മാഷേടെ വീട്ടിൽ സഹായത്തിനു ആ കുട്ടി വരണില്ലാന്ന്. പകലല്ലേ വേണ്ടു ഞാൻ വരാം… നീ ഒന്ന് അവരോട് പറ. പീടിക തുറക്കുന്നവരെ പിടിച്ചു നിൽക്കണ്ടേ ദൈവായിട്ടു തന്നതാ ഇപ്പോ ഇത്..! നീ ഒന്നും പറയണ്ട നാളെ മുതൽ ഞാൻ വന്നോളാന്ന് മാഷോട് പറ.”
“എന്റെ ഭഗവാനെ… എനിക്ക് ഒന്നും മനസിലാവണില്ല എന്റെ ദേഹോക്കെ തളരണ് “.
“നീ ഈ കമ്മൽ കൊണ്ട് പോ “
“നിങ്ങൾ അത് അവടെ വയ്ക്കു ഞാൻ സാധനങ്ങൾ കൊടുത്ത് ചെക്കനെ അയക്കാം. “
സരസു പലതും ആലോചിച്ചു അങ്ങനെ ഇരുന്നു.
“അത് വേണോ? “
അവന്റെ ചോദ്യം അവളെ ഉണർത്തി
“ഞാൻ പറഞ്ഞു റേഷൻ മതീന്ന് അവൾ കേൾക്കണ്ടേ “
“അതല്ല, ആ പണി “
“വേണം ഇനിയും വൈകിയാൽ നിങ്ങൾ അരയിൽ കെട്ടിയിരിക്കുന്ന അഭിമാനത്തിന്റെ തോർത്തുമുണ്ട് വയറ് ഒട്ടി അഴിഞ്ഞുവീഴും. “
എന്തോ ശബ്ദം കേട്ട് അവൾ അടുക്കളയിലേക്ക് പോയി.
“കള്ളി പൂച്ചേ… പൊയ്ക്കോ ഇവിടുന്ന്, ഇവിടെ ഇരുകാലികൾക്കില്ല എന്നിട്ടുവേണ്ടേ നിനക്ക്…?.