തിങ്കൾ മുതൽ വെള്ളി വരെ നിർത്താതെയുള്ള ഓട്ടത്തിന് ഒരു ഇടവേള ഇടുന്നത് വെള്ളിയാഴ്ച വൈകിട്ടാണ്. പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റ് പുറപ്പെട്ട് പോകേണ്ട എന്നുള്ള ചിന്തയെ കൊഴുപ്പിക്കാനായി അന്ന് ഏറെ വൈകിയേ കിടക്കാറുള്ളു. ഒരു തരം അഹങ്കാരം പോലെ. ചുറ്റിലും ഉള്ള എല്ലാം മറന്ന് ഒരു പുസ്തകമോ, ഒരു സിനിമയോ അതും അല്ലെങ്കിൽ മതി മറന്നുള്ള ഉറക്കമോ ഒക്കെയായി ആ Me Time ഞാൻ അങ്ങ് ആസ്വദിക്കും.
എനിക്കെന്ന് മാത്രമല്ല, അറബി നാട്ടിൽ പ്രവാസ ജീവിതം നയിക്കുന്ന ഒട്ടുമിക്ക ആളുകളുടേയും പ്രിയപ്പെട്ട സമയം വെള്ളി വൈകുന്നേരങ്ങൾ ആയിരിക്കാം. ഒരാഴ്ച് മുഴുവൻ തലയിൽ ചുമന്ന ചിന്തകളും ആകുലതകളും അതേപടി ലാപ്പറ്റോപ്പ് ബാഗിനൊപ്പം ഒരു മൂലയിലേക്ക് എറിഞ്ഞിട്ട് ഞാൻ ആകുന്ന ഞാൻ ഒന്ന് വിസ്തരിച്ച് കിടക്കും. അതാണ് പതിവ്. പല തവണ കേട്ടിട്ടുണ്ടെങ്കിലും ഷാർജാ ബുക്ക് ഫെയറുമായി ബന്ധപ്പെട്ടാണ് സാദിഖ് കാവിലിനെ ആദ്യമായി നേരിൽ പരിചയപ്പെടുന്നത്. അതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ “കാവിലെ പൂക്കൾക്കും കിളികൾക്കും” എന്ന പുസ്തകം സ്വന്തമാക്കുന്നത്. എൻറെ സ്വസ്ഥമായ ഒരു സമയവും സ്ഥലവും കാത്ത് അത് എന്റെ കൂടെ കുറേയേറെ നാട് നിരങ്ങി.
അങ്ങനെ ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു വാരാന്ത്യ വൈകുന്നേരം. ഭർത്താവും മകളും അവരവരുടെ തിരക്കുകളിൽ മുഴുകിയതറിഞ്ഞ്, ഇനി ഒന്നിനായും ഒരു വിളി ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തി ഞാനും പതിയെ കിടപ്പ് മുറിയിലെ പുതപ്പിനടിയിലേക്ക് നൂഴ്ന്ന് ഇറങ്ങി. ബഡ് ലാമ്പിന്റെ മഞ്ഞ കലർന്ന വെളിച്ചം കൂടിയായപ്പോൾ നല്ല സുഖകരമായ, ഇംഗ്ലീഷിൽ പറഞ്ഞാൽ നല്ല cozy feel.
“കാവിലെ പൂക്കൾക്കും കിളികൾക്കും”!
ആ പേര് തന്നെ എന്തൊരു കുളിർമ്മയാണ്! തുടക്കത്തിൽ തന്നെ കവി ഗോപിനാഥ് കോങ്ങാട്ടിൻ്റെ ഒരു ആമുഖ കുറുപ്പ്. യഥാർത്ഥത്തിൽ ഒരു കഥ വായിക്കുവാനായി വായനക്കാരെ മാനസികമായി ഒരുക്കുകയാണ് ആമുഖ എഴുത്തുകാരന്റെ കടമ എന്ന് ആത്മാർത്ഥമായി തോന്നിപ്പോയി. അത്രമേൽ ആ ആമുഖം എന്നെ കഥയിലേക്ക് കൈപിടിച്ച് നടത്തി. ശേഷം “എന്റെ കാവിൽ” തുടങ്ങി “തറവാടും” “ഓർമക്കളിയാട്ടവും” കഴിഞ്ഞ് മൂന്നാം അദ്ധ്യായം ആയ” ഉമ്മയിൽ എത്തുമ്പോൾ അദ്ദേഹം ജനിച്ചു വളർന്ന നാടും വീടും അടുത്തുള്ള കാവും എല്ലാം എനിക്ക് വളരെ പരിചിതമായി. മരങ്ങൾ തിങ്ങി നിറഞ്ഞ, കിളികളുടെ കളകളാരവങ്ങളാൽ സമൃദ്ധമായ ഒരു നാട്. എന്റെ സങ്കൽപ്പത്തിനായി അദ്ദേഹം വച്ചു നീട്ടിത്തന്ന വരികൾ ഞാൻ അങ്ങനെയാണ് വ്യാഖ്യാനം ചെയ്തത്.
ശേഷം, “അമ്മ”യിൽ തുടങ്ങി ആ നാട്ടിലെ ഒരോ വ്യക്തികളിലൂടെയും, അവരെ ചുറ്റിപ്പിറ്റിയുള്ള ചെറിയ ചെറിയ സംഭവങ്ങളിലൂടെയും, ആ നാടിനോടു ഞാൻ കൂടുതൽ അടുത്തു. ഓരോ വ്യക്തിയെപ്പറ്റി പ്രതിപാദിക്കുമ്പോഴും സാദിഖ് കാവിലിനുണ്ടായിരുന്ന സൂക്ഷമത എന്നെ അത്ഭുതപ്പെടുത്തി. വ്യക്തികളോട് എന്ന് മാത്രമല്ല, ആ കാലഘട്ടത്തോട് തന്നെ വല്ലാത്ത ഒരു അടുപ്പം തോന്നി. ഇനി ഒരിക്കലും മടങ്ങി വരാത്ത, ശാന്തതയുടെയും, ശുദ്ധതയുടേയും ഒരു കാലം. ഇടക്കൊക്കെ എഴുത്തുകാരനോട് കുറച്ച് അസൂയയും തോന്നി. അങ്ങനെയങ്ങനെ… അവസാന അദ്ധ്യായങ്ങളിലേക്ക് എത്തിയപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്.
ഇതിൽ കഥ എവിടെ?
മുഖ്യ കഥാപാത്രം ആര്?
കഥയെ മുന്നോട്ട് നയിക്കുന്ന കഥാതന്തു എന്താണ്?
ഒന്നും ഇല്ല! ഒന്നും തന്നെ ഇല്ല!
വെറും പച്ചയായ ജീവിതങ്ങൾ മാത്രം. അവ മനോഹരമാക്കുവാൻ ഒരു പൊടിപ്പിന്റെയോ തൊങ്ങലിന്റെയോ ആവശ്യവും ഉണ്ടായിട്ടില്ല. പല ജീവിതങ്ങളിൽ കൂടിയുള്ള ഒരു കടന്ന് പോക്ക്!
കഥയവസാനിപ്പിച്ച് പുസ്തകം അടച്ചു. അടച്ച താളുകളിൽ എവിടെയോ എന്റെ മനസ്സ് കുടുങ്ങിയ പോലെ. കാവിൽ തറവാട്ടിലെ ഇരുട്ട് നിറഞ്ഞ കിടപ്പ്മുറിയുടെ അരികെ നിന്ന് പുറത്ത് ഉണങ്ങിയ ചാണകത്തിന്റെ ഗന്ധത്തോടു കൂടിയ പൂവാലി പശുവിന്റെ തൊഴുത്തും കടന്ന്, ബഷീറിന്റെ വീടിന്റെ ഇറയത്ത് കൂടി വിശാലമായ കവലയിലേയ്ക്ക് ഒരു യാത്ര. അവിടെ പലടത്തായി ഒട്ടിച്ചിരിക്കുന്ന പാർട്ടി പോസ്റ്ററുകളും, സിനിമാ പോസ്റ്ററുകളും നോക്കിനിന്ന്, പട്ടണത്തിലേക്കുള്ള ബസ്സടുത്തപ്പോൾ ആരും കാണാതെ സിനിമാ ടാക്കീസിലേക്ക് ഒരു സഞ്ചാരം. അവിടെ ഇപ്പോൾ ജയൻറെ പുതിയ സിനിമയുടെ നൂൺ ഷോ കഴിഞ്ഞ് പാട്ടും കേട്ട് അറിയുന്നതും അറിയാത്തതുമായ പല മുഖങ്ങളും ഇറങ്ങി വരുന്നുണ്ടാവും.
ജീവിതത്തിൽ ഒരിക്കൽപ്പോലും കാണാത്തതും, കേൾക്കാത്തതുമായ ഒരു നാടിനേയും നാട്ടുകാരേയും എന്റെ സ്വന്തം എന്നവണ്ണം ആക്കിത്തന്ന സാദിഖ് കാവിലിന് ഒരായിരം നന്ദി.
കാവിലെ പൂക്കൾക്കും കിളികൾക്കും(ഓർമ്മക്കുറിപ്പുകൾ)
പ്രസാധനം– കൈരളി ബുക്സ്, കണ്ണൂർ
വില– 100 രൂപ.