സ്വാതന്ത്രനാവുന്നത്

സ്വാതന്ത്ര്യം
ഒരാവേശമായിരുന്ന കാലത്ത്
ഞാന്‍ കരുതി,
സ്വാതന്ത്ര്യം എവിടെയുമില്ലെന്ന്.

ഞാനത് കണ്ടെത്തുന്നതിനായി
അലഞ്ഞു ദിക്കുകളത്രയും
ആകാശം പോലെ
പറവകള്‍ പാറുന്ന
അത്രയും സ്വാതന്ത്ര്യം
എന്നാലവരൊക്കെയും
ഭൂമിയുമായി ബന്ധിക്കപ്പെട്ടവരാണെന്ന്
ഞാനന്നറിഞ്ഞിരുന്നില്ല.

വീടു വിട്ടപ്പോള്‍,
നാടു വിട്ടപ്പോള്‍
അവനവനെത്തന്നെ
വിടാനൊരുങ്ങിയപ്പോള്‍
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരിപ്രേക്ഷ്യം
അത്രയും ഭിന്നമായിരുന്നു.

എങ്ങുമെത്താത്ത അലച്ചില്‍
വീട്ടിലേക്കായിരുന്നു,
അവനവനിലേക്ക്.
അവനവനിലെ സ്വാതന്ത്ര്യത്തേക്കാളും
ലോകം പരതന്ത്രമെന്ന അറിവില്‍
ഞാന്‍ ധ്യാനസ്ഥനായിരിക്കുന്നു.

വിരാമമാകും അവിരാമം
എന്‍റെ ഇരിപ്പിടത്തോളം
സ്വതന്ത്രമായെന്തുണ്ട്
പാരതന്ത്ര്യമെന്നറിയാന്‍.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.