ഇലമുളച്ചികൾ ചിനപൊട്ടുംപോലെ
ചിതറിയാർക്കുന്ന
ചിന്തകളുടെ കടിഞ്ഞാൺ
നഷ്ടമാകുന്ന പകലുകളിലത്രെ
അയാൾ
തെരുവിലേക്ക് ഇറങ്ങുന്നത്.
തെരുവയാൾക്കൊരു കാട്.
തേക്കും ഈട്ടിയും
ഉങ്ങും പുന്നയും
പിന്നെയൊട്ടേറെ മരങ്ങളും.
മരങ്ങളിൽ നിന്നും
ഇടയ്ക്കയാൾ താഴെ വീഴാറുണ്ട്
ചിലമരങ്ങളിൽ കയറാനാകാതെ
അന്തിച്ചുനിൽക്കാറുണ്ട്.
മുള്ളങ്കൈനിയുടെ മുള്ളുകൊണ്ട്
വ്രണങ്ങളുണ്ടാകാറുണ്ട്.
ചിലപ്പോഴെങ്കിലും
അയാൾ പൂപരത്തിയുടെ ചോട്ടിൽ
തെളിമയുള്ള ആകാശത്തേയ്ക്ക്
നോക്കിനിൽക്കാറുണ്ട്,
എന്തോ തിരയുകയണയാൾ.
തെളിഞ്ഞ പകലുകളിലത്രെ
വർണ്ണശലഭങ്ങൾ പാറുന്നത്.
പാതയോരത്തെ ഗുൽമോഹർ
ചെമ്പൂക്കളാൽ
ആകാശത്തെ
കൊതിപ്പിക്കുന്നതും അപ്പോഴാണ്.
നിലത്ത്
പട്ടുപോലെ ചിതറിയ
പൂക്കളിൽ ഇരുന്നയാൾ
വർണശലഭങ്ങളെ
നോക്കി ഉറക്കെ കരയും.
കാണാതെപോയ
അയാളുടെ കുഞ്ഞിൻ്റെ
ചലനമറ്റ ശരീരം
ആരോ ഉപേക്ഷിച്ചത്
അവിടെയായിരുന്നു .
അവളുടെ
നഗ്നത മറയ്ക്കാൻ
ഗുൽമോഹർ ഒരുപാട് പൂക്കൾ
ചൊരിഞ്ഞിരുന്നു.
എങ്കിലും
അവളുടെ ചോരച്ചുവപ്പിനെ
മറച്ചുവെക്കാൻ കഴിയാതെ
അവയും കുതിർന്നുപോയി
തെരുവിൽ
ഇപ്പോഴും വർണ്ണശലഭങ്ങൾ പാറുന്നുണ്ട്.
ഇരുള് കനക്കാൻ തുടങ്ങുന്നുമുണ്ട്.