പുല്ലുപായയിൽ
നീന്തിത്തുടിക്കവേ
പേറ്റുനോവുലച്ചൊരു രൂപത്തിനു
ഉള്ളിയുടെ ദിവ്യഗന്ധം
ഉമ്മറപ്പടിയിൽ
നനുത്ത ചിരിയുടെ
മധുരം കാത്തിരിക്കവേയണഞ്ഞരൂപത്തിന്..
വിയർപ്പും മണ്ണിന്റെ
ചൊരുക്കും കലർന്നൊരു ഗന്ധം..
പള്ളിക്കൂടത്തിൽ
ചീറിപ്പാഞ്ഞ അക്ഷരങ്ങൾക്ക്
നക്ഷത്രങ്ങളുടെ ഗന്ധം
എണ്ണിയാലൊടുങ്ങാത്ത
നുണകൾക്ക്
പച്ചമാങ്ങയുടെ ചുനഗന്ധം
പ്രണയം തിളക്കുന്ന
ഇടവഴികൾക്ക്
സൂചിമുല്ലയുടെ
ഭ്രാന്തമാം ഗന്ധം
തിരുമണത്തിനായൊരുങ്ങവേ
തൊഴിലിനായി മുട്ടിയ പൂട്ടുകളുടെ
കനൽ ഗന്ധം
മംഗല്യനാളിലത്
ചുണ്ടുകൾ ചുരത്തുന്ന
തേൻ ഗന്ധം
കെട്ടിപ്പുണരവേ
ആത്മാവിൻ മാദകഗന്ധം
വള്ളിപ്പടർപ്പായി മാറവേ
സ്വർഗ്ഗീയ ഗന്ധം!
ഓർമ്മകളിലേക്കൂളിയിടവേ
സാമ്പാർ തിളക്കുന്നിടത്ത്
വലിഞ്ഞു കയറിയവന്റെ
മൂക്കളയുടെ ഉളുമ്പു ഗന്ധം
ചീഞ്ഞളിഞ്ഞ
തെരുവിന്റെ ഗന്ധം അതിനപ്പുറം
നിശാഗന്ധി പൂത്തുലഞ്ഞുവോ?
ഉള്ളിലുറയുന്നനേകം ഗന്ധങ്ങളിൽ
നിന്നീ കവിതയുടെ ഗന്ധം എങ്ങിനെ
വന്നെന്നറിയാതെയിരിക്കവേ…
ചന്ദനത്തിരിയുടെ
മുനിഞ്ഞ ഗന്ധം മൂക്കിൽ തിരുകിയ
പഞ്ഞിക്കും തടുക്കാനാവാതെ
ഉള്ളിലാളിപ്പടരുന്നു