ഒളിയമ്പ്

നീയെപ്പോഴാണ്
മുറിഞ്ഞവാക്കുകളെ
തുന്നി ചേർക്കാൻ തുടങ്ങിയത്

അക്ഷരങ്ങൾക്ക് മോഹാലസ്യം
വന്നു തുടങ്ങിയപ്പോൾ
കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ
നിലവിളിച്ചു തുടങ്ങിയിരിക്കുന്നു

വെട്ടി മുറിക്കുന്ന
തീവണ്ടി വേഗങ്ങളിൽ
കുടുങ്ങി,
നെടുവീർപ്പുകൾക്ക്
കണ്ണും കാതും നഷ്ടപെടുന്നു

വട്ടം കെട്ടിപ്പിടിച്ചവർ
വരിഞ്ഞു മുറുക്കി
ന്യായം പറയുന്നു

ആവിപറക്കുന്ന
അക്ഷരങ്ങളിൽ
നിന്ദിതന്റെയും
പീഡിതന്റെയും
ആത്മരോദനങ്ങൾക്ക്
കാതു കൊടുത്തവർ
വരണ്ടൊട്ടിയ
വയറുകീറി രസിക്കുന്നു

കണ്ണും കാതും
ഈയം ഉരുക്കിയൊഴിക്കുന്നു
കരുണവറ്റിയ
പുതുപാഠങ്ങൾ
പെരുമ്പറകൊട്ടിയാടുന്നു

തടംകെട്ടി വിങ്ങലുകൾ
തടഞ്ഞു നിർത്താൻ
വൃഥാ പാടുപ്പെടുന്നുണ്ട്
കാരണവർ.

തൃശൂർ ജില്ലയിൽ കൊടകരയിൽ താമസിക്കുന്നു. KSRTC യിൽ കണ്ടക്ടർ ആയി ജോലിചെയ്യുന്നു.