ചില മരണങ്ങൾ

ഒരു തുള്ളി ചോര ചിന്താതെയും,
ഒരു വാക്കുപോലും മിണ്ടാതെയും,
ആയുധങ്ങളില്ലാതെയും,
കൊല്ലാനാകും…
മറവിയുടെയാഴത്തിലേക്കു തള്ളിയിട്ടും,
അവഗണനയാം ചവറ്റിലേക്കുമാറ്റിയും.

ചിലന്തി വലയിൽ
കുരുങ്ങിയ ഇര പോലെ,
മരിക്കുമ്പോഴും,
ചുവന്ന ചെമ്പരത്തിപ്പൂവിനെ
ഹൃദയമെന്നോർത്ത്,
അവസാന ശ്വാസത്തിലും
നിൻ നിശ്വാസം തിരയും.

കണ്ണിൽ കൊരുത്തുപോയ
നിന്റെ രൂപവും,
കാതിൽ പതിഞ്ഞ
നിന്റെ സ്വരവും,
അമൃതെന്നോർത്തു
കണ്ണടയ്ക്കും.