ചില്ല്

വെളിച്ചം വളച്ചും തലോടിയും
മഴവില്ലാട തന്ന് പുൽകി നിൽക്കും

കൂർത്ത അടരുകൾ
സ്നേഹത്താൽ രാകി മിനുക്കി
ഉരുണ്ടു ചിരിച്ച്
ചോര പൊടിയാതെ കരുതൽ കാക്കും

കാലം കട്ടി കൂട്ടി
ഇരുട്ടുകൾ ഉള്ളിൽ കുടിപാർത്ത്
പ്രതീക്ഷകളെ കെടുത്തി തരും

ഓരോ ദിവസസൂര്യനും
ഏതെങ്കിലുമിടത്തിൽ
മുൾതലനീട്ടി പോറലേകും

ഉള്ളിൽ പേറും നിശ്ചയങ്ങൾ
കണ്ണിൽ പെടാതെ കാത്തു മറ തീർക്കും

കണ്ണിൽ
അസ്തമയം കൊളുത്തി വച്ചാൽ പിന്നെ
മുൻ പിൻ നോക്കാതെ
ഭയ വസ്ത്രങ്ങളണിയാതെ
ഒരാഘോഷമാക്കാം

ഇത്തിരി ദൂരമെങ്കിലും
ചില്ലായ് തന്നെ വെട്ടിത്തിളങ്ങി
കാണുന്നവർക്കൊരു
കത്തി പോൽ താക്കീതും
മിന്നും നക്ഷത്രപ്രതീക്ഷ
കൂട്ടത്തിൽ ചേർത്തും
പൊങ്ങി പറക്കുന്ന സ്വപ്നചിറകുകൾ
സ്വയം പ്രകാശിതമെന്നുറപ്പിച്ചും
കൂർത്തു തന്നെ നിൽക്കാം…
കരുതലിന്റെ
കാഴ്ച്ചയുടെ
വാക്കിന്റെ
വളർച്ചയുടെ
പ്രചോദനമായ്
ഒരു
ചില്ലൊപ്പ്‌.

എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ. പതിനാറു വർഷമായി കോളേജ് അധ്യാപനരംഗത്ത്. പരിസ്ഥിതി സ്ത്രീവാദത്തിൽ ഗവേഷണപ്രബന്ധം. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ താമസം.