എൻ്റെ കണ്ണുകളിലേക്കൊന്ന്
നോക്കാമോ ?
ഭയമാണെൻ്റെ കണ്ണുകളിലെ സ്ഥായീഭാവം.
ബീഫ് കയ്യിൽ വെച്ചവനെ
കൊല്ലാൻ വരുന്ന
പോത്തുകളെ ഞാൻ ഭയക്കുന്നു.
യാത്രയിലെ കശപിശയ്ക്കിടയിൽ
അടിയേറ്റ് മരിച്ചുവീണവൻ്റെ മതം,
വോട്ടിനുള്ള
ഷോർട്ട്കട്ടാക്കുന്നവരെ
ഞാൻ ഭയക്കുന്നു.
രാജ്യം മതേതരമാണ്
അവിടെ, പ്രാർത്ഥന
സമരമുദ്രാവാക്യമാക്കുന്ന
വിദ്യാർത്ഥികളെ
ഞാൻ ഭയക്കുന്നു.
മാറ്റമില്ലാത്ത
അനുഷ്ഠാനങ്ങളെയൊക്കെയും
ഞാൻ ഭയക്കുന്നു.
ഇരകളെ സൃഷ്ടിക്കുന്ന
പുരോഹിതരെയും നായകനെയും
ഞാൻ ഭയക്കുന്നു
പീഡകൻ്റെ കൈമുത്തി
പ്രസാദം വാങ്ങുന്ന
വിശ്വാസിയെയും
സ്ത്രീയുടെ കണ്ണിലേക്ക്
മുളകുപൊടിയെറിയുന്ന വിശ്വാസിയെയും
ഒരു പോലെ
ഞാൻ ഭയക്കുന്നു
റോഡരികിൽ
രക്തം വാർന്ന് പിടയുന്നയാളുടെ വീഡിയോ,
യൂടൂബിലെത്തിക്കാനുള്ള
വ്യഗ്രതയെ
ഞാൻ ഭയക്കുന്നു.
സത്യത്തെ മറയ്ക്കാനും
അസത്യം വിളമ്പാനുമറിയുന്ന
ചാനലുകളെ ഞാൻ ഭയക്കുന്നു.
ചാനലുകളിൽ,
തെരുവ് ഗുണ്ടകളുടേത് പോലുള്ള
ആക്രോശങ്ങളെ
ഞാൻ ഭയക്കുന്നു..
തെരുവ് ഗുണ്ടകളെയും
ഞാൻ ഭയക്കുന്നു.
നൂറിൽ നൂറും സാക്ഷരരായ
ആൾക്കൂട്ടത്തെ
ഞാൻ ഭയക്കുന്നു.
അവർ ഭക്ഷണം മോഷ്ടിച്ചവനെ
വിസ്തരിക്കും,
ശിക്ഷ വിധിക്കും,
കൊല്ലാനുള്ള വിധി നടപ്പാക്കും,
പ്രണയിക്കുന്നവരുടെ
വസ്ത്രങ്ങളുരിഞ്ഞെറിയും.
ചത്ത്, മലർന്ന് വീണ
പുഴകളുടെയും
പിഴുതെറിയപ്പെട്ട മരങ്ങളുടെയും
ശിരസ്സറ്റ മലകളുടെയും
പ്രേതങ്ങളെ
ഞാൻ ഭയക്കുന്നു.
അവരുടെ പ്രതികാരത്തെ
ഞാൻ ഭയക്കുന്നു.
കെട്ടിത്തൂക്കപ്പെട്ട പെൺകുട്ടികൾ,
അവരുടെ കാലുകളുടെ
പിടയ്ക്കുന്ന നിഴലുകളെ
ഞാൻ ഭയക്കുന്നു.
എല്ലെസ്ഡീയുടെ ലഹരിയിൽ
കുറിപ്പെഴുതുന്ന യുവഡോക്ടറെ
ഞാൻ ഭയക്കുന്നു.
ജൈവായുധം നിർമ്മിക്കുന്ന
രാജ്യങ്ങളെ
ഞാൻ ഭയക്കുന്നു.
വേഗത്തിലോടുന്ന
തീവണ്ടിയെ
ഞാൻ ഭയക്കുന്നു.
എൻ്റെ കുഞ്ഞിൻ്റെ
നോട്ടത്തെ
ഞാൻ ഭയക്കുന്നു.
ഭയന്നിരിപ്പാണ്
ഞാൻ
ഭയന്നിരിക്കുക
എന്നതാണെൻ്റെ രാഷ്ട്രീയം.