വീണു പോയ ബാല്യം

തുമ്പീ നിനക്കൊന്നു പോയ് വരാമോ
പണ്ടു ഞാൻ കളിച്ചുള്ള മാഞ്ചുവട്ടിൽ
പാറിപ്പറന്നു നീ ചുറ്റും തിരയണേ
പണ്ടെന്നോ വീണു പോയെൻ ബാല്യത്തെ

താഴേക്കിടക്കുന്നിലയിലും പൂവിലും
കാണാം നിനക്കെന്റെ കുഞ്ഞുകാലം
എൻ പാട്ടിനെതിർപാട്ട് പാടുന്നൊരാക്കുയിൽ
ഇപ്പോഴും ആ മരക്കൊമ്പിലുണ്ടോ ?

ആ മാവിൻ കൊമ്പിലായുള്ളൊരൂഞ്ഞാലിൽ
ആടുവാൻ എൻ കളിക്കൂട്ടരുണ്ടോ ?
കെട്ടിയുണ്ടാക്കിയോരുണ്ണിപ്പുരയ്ക്കുമേൽ
വട്ടം പറന്നു നീ നോക്കീടണേ

ചുട്ടെടുത്തുള്ളൊരെൻ മധുരമാം മണ്ണപ്പം
കട്ടെടുക്കാനായ് കാകനുണ്ടോ ?
പുളിയിലക്കരികിലായ് ചേക്കേറുവാനായ്
പുളിയനുറുമ്പുകൾ ചുറ്റുമുണ്ടോ ?

കൂട്ടുകാരായെന്നയൽപക്കത്തുള്ളവർ
ഉണ്ണിച്ചോർ വച്ചു കളിക്കുന്നുണ്ടോ ?
അവരുടെ സദ്യവട്ടങ്ങളെന്താണെന്ന്
അവരറിയാതൊന്ന് ചോന്നീടണേ

അവയെക്കാൾ സ്വാദൂറും വിഭവങ്ങളെല്ലാം
അവരിലും മുന്നെ ഒരുക്കീടണം
ആമ്പലും തുമ്പയും തെച്ചിയും കൂട്ടിയാ
ചേമ്പില ത്താളിൽ വിളമ്പീടണം

(അതിഥികൾ അത്ഭുതപ്പെട്ടങ്ങുനിൽക്കുമ്പോൾ
അരികിലായ് മാറി ചിരിച്ചീടണം)

ഉള്ളം കുളിരുന്നിരമ്പമെല്ലാം കളയുന്നൊ-
രുണ്ണീ എന്നമ്മ വിളിക്കുന്നുണ്ടോ ?
കാപ്പി പൊടിയുടെ മണമുള്ള രൂപയും
കയ്യിൽ പിടിച്ചു കൊണ്ടമ്മയുണ്ടോ?

ഒറ്റയോട്ടത്തിലെൻ മോളു നീ പോകണം
എന്നമ്മ എന്നോടു ചൊല്ലുന്നുണ്ടോ?
കോലായിലുള്ള വിരുന്നുകാർ കാണാതെ
പലഹാരം വാങ്ങി കൊടുക്കേണം ഞാൻ

അപ്പോൾ മുഖംവാടി പോകുന്ന ആ രംഗം
ഇപ്പോഴും ഓർക്കുവാൻ എന്തു സുഖം!
എല്ലാം കഴിഞ്ഞു നീ പോരുന്ന നേരത്തു
മെല്ലെ തിരിഞ്ഞൊന്ന് നോക്കീടണേ ….

അഴകേറും നനവുള്ള ആ രണ്ടു കണ്ണുകൾ
പുഴയോരത്തുള്ളൊരാ വീട്ടിലുണ്ടോ ?
ഞാൻ കൊടുത്തുള്ളൊരാ തെങ്ങോല പമ്പരം
വാടാതെ ഇപ്പോഴും കയ്യിലുണ്ടോ ?

പകരമായ് ഏകിയ പ്ലാവിലത്തൊപ്പിയിൽ
തിരുകിയ അരളിപ്പൂ വാടാതുണ്ട് ….
തുമ്പീ നിനക്കൊന്ന് ചൊല്ലിടാമോ അത്
വാടാതെ ഇപ്പോഴും നെഞ്ചിലുണ്ട് …

തുമ്പീ നിനക്കൊന്ന് പോയ് വരാമോ
പണ്ടു ഞാൻ കളിച്ചുള്ളോരാ മാഞ്ചുവട്ടിൽ ?

മലപ്പുറം, പാനായി ആനക്കയം സ്വദേശിനി ആണ്. ഇരുമ്പഴി GMUPS അദ്ധ്യാപിക.