പോവാം പോവാം

പകലിൻ ചിതകെട്ടതിൽ
കുറുക്കന്മാർ
വെയിലെല്ലു മാന്തും
നരകയാമത്തിൽ
പോവാം പോവാമെന്നൊരു
കോഴി കൂവാൻ തുടങ്ങി
കാലം കുറച്ചായി…

ഇരുട്ടാണതിൻ
കൂടെന്നതിനാൽ
വെളിച്ചം ഉരുട്ടിയെടുത്ത്
എറിഞ്ഞു നോക്കി…

പാതിയിലുണർന്നൊരു
കിനാവിൻ ബാക്കി
പൂർത്തിയാക്കിടാക്കവിതയിൽ
ഒരു വരി,
തീർക്കാനിട ചോദിക്കിലും…

ദൂരത്തല്ലാതെയതിന്നിണ
‘വിളി കേൾക്കുന്നേതോ
പ്രാണൻ കുറുകുമ്പോൽ…

എട്ടോ പത്തേയുള്ളൂ
മരങ്ങളീ ഗ്രാമത്തിലെങ്കിലും
മരണച്ചില്ലകൾ മാറി മാറി
കൂവുകയാം കോഴി

ഉരുട്ടിയെറിഞ്ഞു
തീർന്നു പോകയാണ്
വീട്ടിലെ വെളിച്ചം…

തെരുവിളക്കിൽ നിന്നൂരി,
നിലാവു വടിച്ചെടുത്ത്
നക്ഷത്രങ്ങളെ
കുത്തി വീഴ്ത്തിയെറിഞ്ഞിട്ടും
എത്ര ദൂരമാട്ടിയിട്ടും
കോഴികനപ്പിച്ചു വിളിക്കയാം
പോവാം…

ഇനിയെറിയാനൊരു തരി
വെട്ടമില്ലാപ്പിടച്ചിലിൽ
ഇരു കണ്ണും ചൂഴ്ന്നെടുത്ത്
ഇരുട്ടിലേക്കെറിയുമ്പോൾ…

കാതിന് മുകളിൽ തന്നെ
പറന്നിരിക്കയാം കോഴി
പോവാം…

പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് വിപിഎ യുപിസ്കൂള്‍ അധ്യാപകനാണ്. വരവുപോക്കുകള്‍, ടെമ്പിള്‍റണ്‍ എന്നീ കവിത സമാഹാരങ്ങളും, മണ്ണേ നമ്പി, താം ലുവാങ്ങിലെ കൂട്ടുകാര്‍ എന്നീ നോവലുകളും പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍, ഏതു കിളിപാടണം എന്നീ ബാല സാഹിത്യ കൃതികളും രസക്കുടുക്ക, കുട്ടികള്‍ക്ക്വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നീ ശാസ്ത്ര പുസ്തകങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.