പാസ്സ്‌വേർഡ്

പൂട്ടിയ വാതിലിനപ്പുറമാണ്  
നിങ്ങൾ കാംക്ഷിക്കുന്ന ലോകം
ധ്യാനമഗ്‌നരായ ഹിമശിഖരങ്ങൾ
കാവ്യമഗ്‌നനായ അസ്തമയസൂര്യൻ
ഉത്തരം തേടുന്ന വെള്ളിനദികൾ
ഇതൾ വിരിയും നിശാഗന്ധികൾ
ഉറങ്ങാത്ത നഗരം
പൊട്ടാത്ത നിശബ്ദത
ജ്വാലാ മുഖികൾ
ഇണചേരുന്ന രാജവെമ്പാലകൾ
ആകാശം തൊടുന്ന കാട്ടുതീ
സമുദ്രത്തിൽ ഒറ്റപെട്ടു പോയ ഹിമപാളി
ചന്ദ്രകിരണം തേടുന്ന ഒലിവു റിഡ്‌ലികൾ
അണയാത്ത വഴിവിളക്കുകൾ
തണുത്ത ഏകാന്തത
നിറം മുങ്ങിയ ആൾകൂട്ടം
ഒറ്റപ്പെട്ട വിജനത
കടൽ, കാട്, പവിഴദ്വീപ്
ചോദ്യങ്ങൾ, ചില്ലു കൊട്ടാരം  
അങ്ങിനെ …

വാതിലിനിപ്പുറം കാത്തുനിൽക്കെ
നിങ്ങളുടെ മനസ്സിൽ ജിജ്ഞാസയാണ്
പൂട്ടിൽ തിരിയുന്ന താക്കോൽ
തുറക്കാനാവാതെ പിൻവാങ്ങി
ഓർമച്ചെപ്പിൽ വീണ്ടും തിരയുന്ന വിരലുകൾ
വെമ്പുന്ന മനസ്സ്  
നിങ്ങൾക്ക് താക്കോൽ മാറിപ്പോയിരിക്കുന്നു  
താക്കോൽ സൂക്ഷിച്ച ഓർമപ്പെട്ടി
ദ്രവിച്ചു പോയിരിക്കുന്നു
സുഹൃത്തേ,
താക്കോലില്ലാതെ നിങ്ങൾക്ക്
എല്ലാം നഷ്ടമായിരിക്കുന്നു  
ഭൂതം, ഭാവി, വർത്തമാനം
ലോകം തന്നെയും
അസ്തിത്വം തന്നെയും
പുറത്ത് എവിടെയോ കണ്ടുമറന്ന
ചിഹ്നം, മരത്തിന്മേൽ തൂങ്ങിക്കിടക്കുന്ന
കാർഡ്ബോർഡ് താക്കോൽ
അതിനുമേലെ ഒരു മൊബൈൽ നമ്പർ –
പേര് ‘സിംഗ് ചാബി വാല ‘
അതൊരു ചിതലരിച്ച ലോകത്തിലെ
അന്യം നിന്നുപോയ
പരിഹാരങ്ങളിലൊന്നായിരുന്നു.

ഡൽഹിയിൽ കേന്ദ്രസർക്കാർ കമ്പനിയിൽ നിയമോപദേശകയായി ജോലി ചെയ്യുന്നു. മലയാളത്തിലും ഇംഗ്ലീഷിലും (കവിത, കഥ, നിരൂപണം) എഴുതാറുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട് .