അവതാരം

ഇനി ജനിക്കും
നവമുഖങ്ങൾക്കിവിടെ
നീതിയസാധ്യമോ?

നീതിദേവത
കണ്ണുപൊത്തിക്കളി തുടങ്ങി
വാദി പ്രതിയായ്
പ്രതികൾ വാദമുഖങ്ങളുണർത്തി
വീഥിയിൽ കൊടിതോരണങ്ങളുയർത്തിഘോഷിക്കുമ്പോൾ
തുലനമില്ലാത്രാസ്സുമായി
ചലിക്കുന്നു ദേവി,
ഭൂമിയോ തലതാഴ്ത്തുന്നു…

ബ്രേക്കിങ് ന്യൂസിന്റെ ചടുലതാളം പടർന്നു,

നേരും നുണയും തമ്മിലിണചേർന്നൊരു
ഭീകരജീവിയവതരിച്ചു
മൂന്നുകണ്ണും
പാതിമുഖവും
ഒന്നരക്കാലുമായിരം
കൈകളും
ചിതലരിച്ച തൊലിയും
ചെകിലപോലെ കാതും
മുറം പോലെ നഖവുമങ്ങനെ
തെളിഞ്ഞുകാണുമൊരു രൂപം

കൽക്കിയെന്നും ചിലർ
അന്തിക്രിസ്തുവെന്നും പലർ.
എല്ലാം കലങ്ങിത്തെളിയുവാൻ
ചൂലുമായിറങ്ങിയ
ഗോഡ്‌സെയിൽ ഗാന്ധിയ്ക്കു ജനിച്ച
തൃപുത്രനെന്നും
ചില തല്പരകക്ഷികൾ!

പുതിയ മുഖം കാണുവാൻ
കാത്തുനിൽക്കുന്ന
നാട്ടാരുടെ നേരേ
തൊണ്ണുകാട്ടിച്ചിരിക്കുന്നു
ആധുനിക മായക്കള്ളൻ!

അധ്യാപകനായി 30 വർഷമായി ല്സോത്തോയിൽ ജീവിച്ചു. Rhodes University യിൽ നിന്നും maths എഡ്യൂക്കേഷനിൽ 2016 ൽ PhD എടുത്തു. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ Seliba Sa Boithuto (Self Learning Center) എന്ന സ്ഥാപനത്തിനു കീഴിൽ, ipips (Durham University) മായി ചേർന്നു പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പഠന ശേഷിയെ കുറിച്ച് റിസർച്ച് ചെയുന്നു. താമസം Maseru വിൽ. ജനിച്ചതും വളർന്നതും പഠിച്ചതും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ.