അടയാളങ്ങൾ

നേരത്തെയെത്തിയിട്ടും പാർക്കിങ്ങ് ലോട്ടിൽ ധാരാളം വണ്ടികളുണ്ടായിരുന്നു. കുറച്ചുകൂടി വൈകിയിരുന്നുവെങ്കിൽ ആശുപത്രിക്കു പുറത്തെങ്ങാനും സ്ഥലം നോക്കി നടക്കേണ്ടി വന്നേനെ. പാർക്കിങ്ങ് സൗകര്യപ്രദമായി ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തി, പുറകിലെ സീറ്റിലിരിക്കുന്ന ജോസഫിനോടും അവൻ്റെ ഭാര്യ സീനയോടും പറഞ്ഞ് വീൽചെയറിനായി ഞാൻ ആശുപത്രിവരാന്തയിലേക്ക് നടന്നു.

ഒ.പി.ഏരിയായിൽ കുറച്ചാളുകളുണ്ടായിരുന്നു. ജോസഫിനെ ഒരു കസേരയിൽ ഇരുത്തി. സ്ത്രീകൾക്കുള്ള ക്യൂവിലേക്ക് സീനയെ പറഞ്ഞയച്ചു. പുരുഷന്മാരുടെ വരി അല്പം നീളം വച്ചിരിക്കുന്നു. കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളുമുണ്ടെങ്കിലും വരിയുടെ നീളം കുറയുന്നത് ഈ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ മിടുക്ക് പോലിരിക്കും. ചിലപ്പോൾ തോന്നും പഴയ കൈയ്യെഴുത്ത് പ്രയോഗം തന്നെയാ നല്ലതെന്ന്.
ടോക്കൺ ഒൻപതാണെന്ന് സീന വന്നു പറഞ്ഞു.  ഇനിയും മുക്കാൽ മണിക്കൂറുണ്ട് ഡോക്ടർ എത്താൻ. പിന്നെ പതിവ് റൗണ്ട്സ് കഴിഞ്ഞേ ഒ.പി. കൾക്ക് സ്ഥാനമുള്ളൂ, കാത്തിരിക്കുകതന്നെ.

ആശുപത്രികളിലെ കാര്യങ്ങളങ്ങിനെയാ. നമ്മൾ ഉദ്ദേശിക്കുന്നതുപോലെയൊന്നും നീങ്ങുകയില്ല. അതറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്ന് എല്ലാ കാര്യങ്ങളും മാറ്റിവച്ച് സുഹൃത്തിനേയും കൊണ്ടിവിടെ വന്നത്. ചെറിയൊരു ഫ്രാക്ച്ചറിൽ നിന്നും തുടങ്ങിയതാ. ഒരു ചെറിയ ആശുപത്രിയിൽ കൊണ്ടുപോയി ചൊറി വ്രണമായെന്ന് ചുരുക്കത്തിൽ പറയാം. ഈ ആശുപത്രിയിൽ ഓപറേഷനും കഴിഞ്ഞ് ഇത് രണ്ടാമത്തെ വിസിറ്റ് ആണ്. ഇന്ന് പ്ലാസ്റ്ററെടുത്തെ മുന്നിലോട്ടുള്ള തീരുമാനമുണ്ടാകൂ എന്നാ അറിയാൻ കഴിഞ്ഞത്.

ഏകദേശം മൂന്ന് വർഷത്തോളമാകുന്നു, ജോസഫും കുടുംബവും ഞങ്ങളുടെ ഗ്രാമത്തിൽ, ഗ്രാമമെന്ന് വിളിക്കാമെങ്കിൽ, ചേക്കേറിയിട്ട്. ഇവിടെയുള്ള ഹൈസ്കൂളിലെ സയൻസ് അദ്ധ്യാപകനാണ് ജോസഫ്. പുതിയൊരു അക്കൗണ്ട് തുടങ്ങേണ്ട ആവശ്യത്തിനായി ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ വന്നതു മുതൽ തുടങ്ങിയ ബന്ധമാണ്. മുൻപേ പരിചയമുണ്ടെന്നുള്ള വിധത്തിലായിരുന്നു ആദ്യസംസാരവും പ്രകൃതവും. എനിക്കെന്തോ, ആളെ പെട്ടന്നങ്ങ് ബോധിച്ചു. ഒരു വ്യാഴവട്ടക്കാലത്തിനുശേഷം ജോസഫിൻ്റെ ആദ്യ സ്ഥലം മാറ്റമാണിത്. അല്പം വിപ്ളവമുണ്ടാക്കിയ വിവാഹം മുതലിങ്ങോട്ടൂള്ള ജീവിതയാത്ര അധികം വൈകാതെ തന്നെ ജോസഫ് എന്നോട് പറഞ്ഞു, മറയില്ലാതെ. ഞങ്ങൾക്കിരുവർക്കുമിടയിലെ ചില പൊതുതാത്പര്യവിഷയങ്ങൾ ഒരു നല്ല ബന്ധത്തിന് തുടക്കമിട്ടു.

മനസ്സ് ധൃതിവക്കുന്നതുകൊണ്ടാകാം, സമയം നീങ്ങാത്തതുപോലെ തോന്നി. ഒരു ചായ കിട്ടുവാനെന്തെങ്കിലും മാർഗ്ഗമുണ്ടൊയെന്ന് നോക്കാമെന്ന് കരുതി ഞാൻ എഴുന്നേറ്റ് അവരോട് പറഞ്ഞ് പുറത്തേക്ക് നടന്നു. പാർക്കിങ്ങിൽ ധാരാളം വാഹനങ്ങൾ കണ്ടെങ്കിലും അതിനനുസരിച്ചുള്ള തിരക്ക് അനുഭവപ്പെട്ടില്ല. സെക്യൂരിറ്റിയോട് ചോദിച്ച് ടീ വെൻഡിങ്ങ് മെഷീൻ കണ്ടുപിടിച്ചു. ഏലക്കാച്ചുവയുള്ള മൂന്ന് ചായയെടുത്ത് സാവധാനം തിരിച്ച് ഒ.പി.യിലെത്തി. മാസ്ക് ചായ കുടിക്കുന്നതിൻ്റെ അനായാസത കുറക്കുന്നുണ്ടെന്ന് തോന്നി.

കൗണ്ടറിനകത്ത് ആളനക്കമൊന്നുമില്ല. മഹാമാരിയുടെ ഊറ്റം കുറയാത്ത സാഹചര്യം മൂലം ജീവനക്കാരുടെ എണ്ണം കുറച്ചുകാണുമോ എന്തൊ, ഡോക്റ്ററുടെ റൗണ്ട്സ് എത്ര സമയമെടുക്കും, എന്നിങ്ങനെയുള്ള ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പരസ്പരം ചോദിച്ചുകൊണ്ട് ഞങ്ങളിരുന്നു.  അവിടെയുള്ള എല്ലാവരും ഇത്തരം ചോദ്യങ്ങൾ പരസ്പരം ചോദിച്ചും, ഒറ്റക്ക് വന്നവർ സ്വയം ഉത്തരം കാണാൻ ശ്രമിച്ചുമായിരിക്കും സമയം നീക്കുന്നത്.

വെറും രണ്ടുമൂന്നു കിലോമീറ്ററിൻ്റെ ദൂരമേ ഞങ്ങളുടെ വീടുകൾ തമ്മിലുള്ളൂ. ഞങ്ങളുടെ പരിചയം ഏറ്റവും ഗുണം ചെയ്തത് എൻ്റെ മകൾക്കാണ്. സയൻസ് സംശയങ്ങൾ തീർത്തുകൊടുക്കാൻ ഇതിൽപ്പരം വേറൊരാളെ കിട്ടാനില്ല. അവർ ഒരു സ്കൂട്ടർ വാങ്ങിയതിൻ്റെ ആഘോഷവേളയിലാണ് ഞാൻ കൂടുബസമേതം ആദ്യമായി അവരുടെ വാടകവീട്ടിൽ പോകുന്നതും കൂടുതൽ അടുക്കുന്നതും. എൻ്റെ വീടിനുമുൻപിലൂടെ രാവിലെ കൃത്യം ഒൻപതുമണിക്ക് ജോസഫിൻ്റെ സ്കൂട്ടർ അദ്ദേഹത്തേയും വഹിച്ചുകൊണ്ട് നീങ്ങും. വാച്ചിലെ സമയം മാഷിൻ്റെ സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് കൃത്യമാക്കാമെന്ന് ശ്രീമതി പറഞ്ഞത് തികച്ചും ശരിയാണെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. പക്ഷെ ഒരിക്കൽ മാഷിന്സമയം തെറ്റി, അതാണിവിടെയിരിക്കുന്നത്, ഡോക്റ്ററേയും കാത്ത്.
പേഷ്യൻ്റിനൊപ്പം ഒരാൾ മാത്രമെ ഇരിക്കാവൂ. ബാക്കിയുള്ളവർ ദയവു ചെയ്ത് പുറത്ത് കാത്തിരിക്കുക.
ചെറിയ സ്പീക്കറിലൂടെ അപ്രതീക്ഷമായുണ്ടായ ശബ്ദം എല്ലാവരേയും ഞെട്ടിച്ചു. മാസ്ക് ധരിച്ചിട്ടും സീനയുടെ മുഖത്തുണ്ടായ പരിഭ്രമം ഞാൻ മനസ്സിലാക്കി.

“ഒന്നും പേടിക്കേണ്ട, ഞാൻ പുറത്തുതന്നെയുണ്ടാകും. എന്തെങ്കിലും വേണ്ടി വന്നാൽ മൊബൈലിൽ വിളിച്ചാൽ മതി. മാഷെ തനിച്ചാക്കി പുറത്തേക്ക് വരരുത്. ഇടക്ക് ഞാൻ വിളിക്കാം. ആരെങ്കിലും ഫോൺ ഓഫ് ചെയ്യാൻ പറഞ്ഞാൽ സൈലൻ്റിൽ ഇട്ടാൽ മതി, ഓഫ് ചെയ്യരുത്.”
അവൾ മനസ്സില്ലാ മനസ്സോടെ തലകുലുക്കി. ഞാൻ പുറത്തേക്ക് നടന്നു.

രാവിലെ മഴ പെയ്തതുകൊണ്ടാകാം, വെയിലില്ല, ചൂടും. ലക്ഷ്യമില്ലാതെ ആശുപത്രിമുറ്റത്തുകൂടെ നടക്കുമ്പോഴാണ് ചില മാസികകളും പത്രങ്ങളും തൂക്കിയിട്ടിരിക്കുന്ന കട കണ്ണിൽ പെട്ടത്. നേരെ അങ്ങോട്ട് നടന്നു. സമയം ചിലവഴിക്കാൻ പറ്റിയ ഒന്നുരണ്ട് പുസ്തകങ്ങൾ വാങ്ങി തിരികെ ഓർത്തൊ-ബ്ലോക്കിലേക്ക് ചെല്ലുന്നതിനിടയിൽ വലതുവശത്തുള്ള വിശാലമായ ഹാൾ കണ്ടു. ഫാനുകൾ തിരിയുന്നുണ്ട്, കുറച്ചാളുകൾ അവിടവിടെയായി ഇരിക്കുന്നുമുണ്ട്.  ഞാനും പതുക്കെ അകത്തേക്ക് കയറി. അധികപറ്റായി വന്നിട്ടുള്ളവർക്ക് വിശ്രമിക്കാനുള്ള സംവിധാനം പോലെ തോന്നിച്ചു, അഥവാ സ്വയം തോന്നിപ്പിച്ചു. കറങ്ങുന്ന ഒരു ഫാനിനുകീഴെ ഒഴിഞ്ഞു കണ്ട കസേരകളിലൊന്നിൽ ഞാനിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. രാവിലെ ചായ കുടിച്ചുകൊണ്ടിരിക്കെ ഗേറ്റിനുവെളിയിൽ ഒരു ഓട്ടോറിക്ഷ വന്നുനിന്നു. ആരാണാവൊ വന്നതെന്ന് സ്വയം ഉറക്കെ പറഞ്ഞ് ശ്രീമതി പൂമുഖത്തേക്ക് വേഗം നടന്നു. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടതുപോലെ തോന്നിയതുകൊണ്ട് ഞാനും പുറകെചെന്നു. സീനയായിരുന്നു.
“സാറെ, മാഷൊന്നു കാലുവഴുതി വീണു. എൻ്റെ കൂടെ ആശുപത്രിവരെ ഒന്ന് വരാമൊ?” ഇത്രയും പറഞ്ഞപ്പോൾ തന്നെ അവൾ കിതച്ചു.
ഞങ്ങളുടെ നാട്ടിലുള്ള ചെറിയ ആശുപത്രിയിലേക്കാണ് നേരെ പോയത്. അവിടെയെത്തിയപ്പോഴേക്കും ജോസഫിൻ്റെ ഇടതുകാലിൽ നല്ലവണ്ണം നീരു വച്ചിരുന്നു. കോവിഡ് നിയമങ്ങളൊന്നും കാര്യമായെടുക്കാതെ തന്നെ, പരിചയമുള്ള ഒരു അറ്റൻഡറുടെ സഹായത്തോടെ, ഡോക്റ്ററെ കാണാനും മറ്റും സാധിച്ചു. ആങ്കിളിന് ചെറിയൊരു ഫ്രാക്ച്ചറുണ്ടെന്നും പ്ലാസ്റ്ററിട്ട് ഒരു മാസം വിശ്രമിച്ച് വീണ്ടും വരണമെന്നുമായിരുന്നു നിർദ്ദേശമെങ്കിലും നീരുള്ളതിനാൽ തത്കാലം അതിനുള്ള മരുന്നും കാലിൽ തൽക്കാലത്തേക്ക് ചുറ്റികെട്ടുന്ന ബാൻഡേജുമിട്ട് വീട്ടിലേക്ക് പറഞ്ഞയച്ചു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും നീരിനും വേദനക്കും കാര്യമായ കുറവില്ലാത്തതിനാൽ ഞങ്ങൾ നിർബ്ബന്ധിച്ച് ജോസഫിനെ ഈ ആശുപത്രിയിൽ കൊണ്ടുവന്നു. പരിക്ക് വിചാരിച്ചത്ര നിസ്സാരമല്ലാതിരുന്നതിനാൽ രണ്ടാഴ്ചയോളം ഇവിടെ കഴിയുകയും ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്തു. ഇന്ന് പ്ലാസ്റ്റർ എടുക്കാമെന്നാണ് നിഗമനം. വാങ്ങിയ പുസ്തകത്തിൻ്റെ പേജുകൾ സാവധാനത്തിലാണ് മറിച്ചു കൊണ്ടിരുന്നത്; സമയം കുറേയുണ്ട്. എഴുത്തുകാരൻ്റെ പേരിൽ വിശ്വാസമർപ്പിച്ച് ഒരു ലേഖനം വായിച്ചുതുടങ്ങി.

തൊട്ടുമുൻപിലുള്ള കസേര അനങ്ങിയത് എൻ്റെ ശ്രദ്ധയെ അലോസരപ്പെടുത്തി. പ്രായമായ, പ്രൗഢയായ ഒരു ഉമ്മ. അവരെ ശ്രദ്ധിക്കാതെ ശ്രദ്ധിച്ചപ്പോൾ സ്വർണ്ണാഭരണങ്ങളെ സംബന്ധിച്ച് പ്രായം വെറും ഒരു നമ്പർ മാത്ര മാണെന്ന് തോന്നി. ഞാൻ പുസ്തകത്തിലേക്ക് തിരിഞ്ഞു.

അല്ലാഹു അക്ബർ… ബാങ്ക് മുഴങ്ങുന്ന ശബ്ദം താഴ്ന്ന സ്ഥായിയിൽ എവിടെ നിന്നോ കേട്ടപ്പോൾ അറിയാതെ വാച്ചിലേക്ക് നോക്കി. ഒൻപതരയായിട്ടില്ല. മുൻപിലിരിക്കുന്ന സ്ത്രീ തൻ്റെ ബാഗിനുള്ളിൽ തിരയുന്നത് കണ്ടപ്പോൾ മൊബൈൽ റിങ്ങ് ടോണാണെന്ന് മനസ്സിലായി. കാലം പോണ പോക്കെ.. അവനവൻ വിശ്വസിക്കുന്ന പ്രാർഥനകൾ റിങ്ങ് ടോണാക്കിയ കുറെയാളുകൾ ഒരു മുറിക്കുള്ളിലിരുന്നാൽ രസമായിരിക്കും എന്നെനിക്ക് തോന്നി.
“വ് അലൈക്കും സലാം.. ആര്ത്? മനശ്ശിലായില്ലല്ലാ…!”
ഇമ്പമുള്ള വടക്കൻ ഭാഷ. വായിച്ചുകൊണ്ടിരുന്ന ലേഖനത്തിൻ്റെ വരികൾക്കിടയിൽ ഒരു സങ്കൽപ്പരേഖ അടയാളം വച്ച് ഞാൻ ചെവി കൂർപ്പി ച്ചു.
“ആര്..? കദീശോ? എവ്ട്ന്നാ ? പുടികിട്ട്ണ് ല്ലല്ലാ… അള്ളാ.. മ്മ്ടെ കദീശു!!  ൻ്റെ റബ്ബേ.. മ്മക്ക് പെട്ട്ന്ന് ങ്ട് മനശ്ശിലായില്ല.  അല്ലിതേതാ യീ നമ്പറ് ?”
ഫോണിൻ്റെ മറുതലക്കുള്ളയാളുടെ സംസാരം ഊഹിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എങ്കിലും വേണ്ടില്ല, ഒരു വെടിക്കുള്ള മരുന്ന് കിട്ടിയാലായി. ഞാൻ ഒന്നുണർന്നിരുന്നു.
“ഓ .. അൻ്റെ നമ്പറെൻ്റൈയ്യില് ണ്ട്.. അദാ ശംശയായത്. ..ങ്ള് എന്നേ ദുബായീന്ന് വന്നേ?”
…………………………………………………..
‘വേണ്ട വേണ്ട.. പയ്യെ മതി.. മ്മ്ള് സൂഷിച്ചാൽ മ്മ്ക്ക് കോള്ളാ… ത്രേള്ളൂ.. കാദറ് ഉശാറായിരിക്കണാ? അശറൂം കെട്ട്യോളും എന്തേ പറേണ്? ” മറുപടി എൻ്റെ ചെവി പിടിച്ചെടുത്തു.
“പടച്ചോൻ്റെ കൃപ്യോണ്ട് എല്ലാരും സുഖായിരിക്ക്ണ്..”
ഞാനെൻ്റെ കസേര കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്തു, ഇൻ കമിങ്ങും പിടിച്ചെടുക്കണമല്ലോ.
“അൽ ഹംദുലില്ലാ.. പടച്ചോൻ കാക്കട്ടെ…. ഞങ്ങിപ്പ ആസ്പ്രത്രീല് വന്നേക്കണ്. ജമാലിൻ്റെ ബാപ്പാക്ക് ഈരണ്ട് മാസം കൂടുമ്പോ ചെക്കപ്പ്ണ്ടല്ലാ.. അതിന് വന്നേക്കണ്.. കോവിഡ് കാരണം അബടെ നിക്കാൻ പറ്റൂലാ.. ഞാനിപ്പ വേറൊര് ഹാളിലിരിക്കാ.. .. എന്തോ..? അല്ല.. ഗോപീണ്ട് കൂടെ.. അള്ളാ… ഞാനെങ്ങനെ ഓനേം കൊണ്ടിത്രടം വരണ്.. ജ്ജ് നല്ല കാര്യാ പറേണ്. . ങേ.?”
“മ്മ്ടെ പഴ്യേ ഗോപ്യന്നാ ഇപ്ളും ?”
“അല്ലാതാരാപ്പാ… ജമാലിൻ്റെ ബാപ്പാക്ക് ഓനേ പറ്റൂ. ഓനിപ്പൊ ഡൈവറ് മാത്രൊല്ല. ബാപ്പാൻ്റെ സെക്രട്ടറ്യെല്ലെ! …. ങേ.. അതേന്ന്. പച്ചേങ്കില് ഒര് കര്യോണ്ട്.. മ്മ്ള് ഒന്നു അറ്യേണ്ട.. ഒക്കെ ഓൻ ചെയ്തോളും. മര്ന്ന് വരെ വേറെ വേറെ കവറിലാക്കി എഴ്തിവക്കും. എട്ത്ത് കയിച്ചാൽ മതി.. പിന്നെ..”

എൻ്റെ മൊബൈൽ ശബ്ദിച്ചു. സീനയാണ്. ഡോക്ടർ അല്പം വൈകുമത്രെ. എന്തൊ എമർജൻസി കേസ്സ് വന്നുപെട്ടിട്ടുണ്ട്. നമുക്ക് കാത്തിരിക്കാമെന്ന് പറഞ്ഞ് ഞാൻ വേഗം സംസാരം അവസാനിപ്പിച്ചു.

“ഓൻ എല്ലാ ദിവസോം വിളിക്കാറുണ്ട്. സുഖായിരിക്ക്ണു.”
“ഇക്കാക്ക് ഇപ്പ്ളും കമ്മറ്റിയൊക്ക്ണ്ടൊ?  ഇത്ത എങ്ങനെ സമയം കളേണ് ?”
മറുതലക്കൽ നിന്നുള്ള ചോദ്യം വ്യക്തമായി. എൻ്റെ ഇരുപ്പിൻ്റെ പൊസിഷൻ പെർഫെക്റ്റ്.
“ഓനെന്ത് നോക്കാൻ ? നാസ്തേം കഴിഞ്ഞെറങ്ങൂലേ..! പിന്നെ ചോറിൻ്റെ നേരത്ത് നൊക്ക്യാൽ മതി. പച്ചേങ്കില് വൈന്നേരത്തെ കറക്കം ഇപ്പില്ല. അതോണ്ട് ഇരുട്ടുന്നേന് മുമ്പേ പൊരേക്കാണും.’
അവരൊന്ന് ചിരിച്ചു.
“പിന്നെ.. പിന്നെ… ഓളില്ലെങ്കിൽ ബേജാറാവൂലേ..! അള്ളാ… മ്മ്ള് മയ്യാത്താ വ്വൂലേ..! അട്ക്കളെലെ പണിയൊക്കെ നമ്മ നോക്കും. ങേ..? ഓ.. നമ്മ്ക്ക് രണ്ടാൾക്ക്പ്പ എത്ര വേണം..പപ്പടം വർത്തതും, ഒരു കശ്ണം മീനൂണ്ടെങ്കിൽ ജമാലിൻ്റെ വാപ്പക്ക് കുശാൽ. അക്കൂട്ടത്തിൽ എൻ്റേം കഴീം..”
“റസ്യ വരാറ് ണ്ടൊ..?”
“ഓള് ദിവ്സോം വരും.. അങ്ങനെ മിണ്ടീം പറഞ്ഞൂരിക്കും. ഓളും കെട്ട്യോനും സുഖായിരിക്ക്ണ്. പടച്ചോൻ കാക്കട്ടെ.”
……………………
“ഓക്കെ നിർത്തീര്ക്ക്ണ്.. ഇനി മരുന്നും മന്ത്രോംന്നും വേണ്ടാന്നാ പറ്യേണ്. കിത്താബില്ള്ളത് മ്മക്ക് മാറ്റാനൊക്കൂലല്ലാ..! ന്നാലും ഓളെ കാണുമ്പൊ ഇക്കും ഒരു വെശമാ.. വേറെ ഏനക്കേടൊന്നൂല്ലാ.. ഓന് ബാങ്കില് നല്ല ജോല്യല്ലേ.. നല്ല സുഭാവോം.. എല്ലാങ്കൂടി ദൈവം കൊടുക്കൂലല്ലാ..”
“………………  ഇത്താൻ്റെ വർത്താനം കേട്ടോണ്ടിരിക്കാൻ നല്ല രസാ…”
“…പിന്നൊന്നൂല്ല്യാ ൻ്റെ നാത്തൂനേ…. യെൻ്റള്ളാ.. ബല്ല്യാക്കാട്ടൊരുവിശേ ഷുണ്ടാര്ന്ന്.. പറ്യാൻ മറന്നേക്ക്ണ്.. ങ് ക്ക് ഒര് മോളിനെ കിട്ടീക്ക്ണ് പ്പൊ.. നല്ല മൊഞ്ചുള്ളൊരുത്തി..’
“അതാരപ്പാ, അങ്ങനൊരഓള്?”
“ഒരു ഹിന്ദുകുട്ട്യാ.. നമ്പൂരൃുട്ടി…!”
“ഒന്ന് പോയിത്താ…”
“അള്ളാനെയതെ..”
“അതെബ്ട്ന്ന്?”
“മ്മടെ ഷ്കൂളിൻ്റപ്രത്ത് ഒരമ്പലോല്ല്യെ. അബ്ടെ പുത്യേ ഒര് പൂജാരി വന്നേന്.. ഓൻ്റെ മോളാ.. മ്മ്ടെ പാത്തൂൻ്റ്യാതി തന്നെ.. “
“ഓളെങ്ങനെ അബടെ വന്ന് പെട്ടീന് ?’
“അതാണ് പടച്ചോൻ്റെ കളി.. ഒരീസം മ്മടെ ബാലമ്മാഷും ഇബ്രാഹിംകുട്ടീം മൂന്തിനേരത്ത് ഇവ്ടെ ബന്നിന്. ജമാലിൻ്റെ ബാപ്പാനെ കാണാൻ വന്നതാ. അമ്പലത്തില് പുത്യോരു ശാന്തിക്കാരൻ വന്നേക്ക്ണ്.. ഓന് താമസിക്കാൻ വാടകക്കൊരു പൊര വേണോംന്ന് പറഞ്ഞ്.. “
“…അതിനിക്കാക്കെന്താ ബ്രോക്കറ്പണീണ്ടാ…?”
“ൻ്റെ കദീശാ.. ന്ത് പറ്യാനാ…. ജമാലിൻ്റെ പറമ്പില്ള്ള ആ ചെറ്യേ പൊരേല്ലേ.. അത് വെട്പ്പാക്കി ഓർക്ക് കൊട്ത്ത്ന്ന് പറഞ്ഞാൽ കാര്യം കയിഞ്ഞാല്ലാ…!”
“…. ള്ളാ..ന്ന്ട്ട് ?’
‘ഓരവ്ടെ പാർക്കണ്.. അതന്നെ..! നമ്പൂര്യശ്ശനും, കെട്ട്യോളും മോളും..!  സുഖായ്ട്ട് പാർക്കണ്.’.
“ഓളാണാ ങ്ടെ പുത്യേ മോള് ?”
“അതേന്ന്. ഇപ്പ ശ്കൂളൊന്നുല്ല്യാല്ലാ.. ഒക്കെ കമ്പൂട്ടറിലല്ലേ.. അതോണ്ട് എടക്കേടെ ഓളിബടെ വരും. തൊള്ള നെറയെ ബർത്താനോണ്.. ബല്ല്യേ ബല്ല്യേ കാര്യങ്ങളാ ഓൾടെ തൊള്ളേല്.. നല്ല നേരമ്പൊക്കാ.. ഞാനമ്മൂമ്മേം വാപ്പ അപ്പൂപ്പനും.. അങ്ങന്യാ ഓള് വിളിക്കണെ.”
“വയസ്സ്കാലത്തോരോ കൂട്ടേ.. മാഷാ അള്ളാ…!”
“ഒരീസം ഒര് രസൊണ്ടായ്നി. ഓളൊരു കൂട്ടോങ്കോണ്ട് വന്ന്. പായിസോം അപ്പോം. അമ്പലത്തിലേണത്രെ!”
“പടച്ചോനേ..ന്ന്ട്ട് ?”
“ന്ന്ട്ടെന്തെൻ്റെ കദീശാ.. വേണ്ടാന്ന് ഓൾടെ മോത്ത് നോക്കി പറ്യാൻ പറ്റോ.. ശുഗറാണെന്നൊക്കെ പറഞ്ഞ് നോക്കി. അപ്പൊ ഓള് പറ്യാ, ഇത് തിന്നാൽ ശുഗറൊക്കെ മാറൂന്ന്. എന്തിന് പറേണ്.. ഞങ്ങത് തിന്ന്. നല്ല രുചീണ്ടാര്ന്ന്.”
“അൻ്റെ പടച്ചോനെ… ആരോടും മുണ്ടണ്ടാട്ടാ..  എടങ്ങേറാവും..”
“ഓ.. അതിനോട് വേണ്ടാന്ന് പറഞ്ഞാ പടച്ചോൻ പൊറുക്കൂല നാത്തൂനേ.. അങ്ങനത്തൊരോളാ.. റസ്യാക്ക് ബല്ല്യേഷ്ടാ.. നമ്പൂര്യശ്ശൻ്റെ കെട്ട്യോളും എടക്ക് വരും. ഒരു പാവം. കൊറെ ബർത്താനം പറഞ്ഞ് പോകും. മോള് കാരണം ജമാലിൻ്റെ ബാപ്പാൻ്റെ ബീഡിവലി നിന്ന്. “
“ബെടക്ക് മണാന്നും പറഞ്ഞ് ഓള് ചുണ്ടത്ത്ന്ന് ബീഡ്യെട്ത്ത് കളേം. അങ്ങനെ ഓൻ്റെ ബീഡിവലി നിന്ന്, എടക്കെടെണ്ടായിര്ന്ന കൊരേം നിന്ന്.. ബല്ല്യെ കൂട്ടാ അപ്പൂപ്പനും ഓളും..! പടച്ചോൻ്റ്യോരോ തീർപ്പേ.. !”
“……യിത്താ….. പുകില്ണ്ടാക്കാൻ…. ……… ……. സൂഷിക്കണം.”
“എന്തൊക്ക്യായാലും ഒരീസം ഓളെ കണ്ടില്ലെങ്കി ഞങ്ങ രണ്ടാൾക്കും ചോറെ റങ്ങൂലാ.. അങ്ങന്യായ് ര്ക്ക്ണ്. ഓള് വന്നേപ്പിന്നെ റസ്യേം കെട്ട്യോനും എടക്കെടെ വരും, ഓൾക്കോരൊ പൊതീമായിട്ട്. ആകപ്പാടെ പെരുന്നാള് വന്ന പോലീണ്ടെൻ്റെ കദീശോ.. ജമാലിൻ്റെ ബാപ്പ ഓൾക്ക് തിന്നാൻ പുത്യേ പലാരങ്ങളും വാങ്ങി വരും. രണ്ടാളും നല്ല ചേർച്ച്യാ.. ന്നാള് ഗോപീനെം വിളിച്ച് രണ്ടാളും പോയി ഓൾക്ക് പുത്യേ കുപ്പാ യൊക്കെ വാങ്ങി വന്നേക്ക്ണ്. ഒരീസം ജമാലിനെ വിളിച്ച് ഫോണില് കാണിച്ച് കൊട്ത്ത്ന്. ഓനുഷ്ടായിരിക്ക്ണ്. പ്പൊ വ്ട്ന്ന് പോകുമ്പൊ ഓൾക്കൊരു പൊതി വാങ്ങീട്ടേ പോക്ക് ണ്ടാവൊള്ളു.’
‘നമ്പൂര്യശ്ശനെ……”

എൻ്റെ മൊബൈൽ ശബ്ദിച്ചു.
“സാറൊന്നു വരാമൊ ? ഇവിടെത്തന്നെ വന്നാൽ മതി.” സീനയാണ്.
രസച്ചെരട് പൊട്ടിയ വിഷമത്തോടെ ഞാനെഴുന്നേറ്റു. വാങ്ങി ഒന്ന് മറിച്ചുനോക്കാൻ പോലും കഴിയാത്ത പുസ്തകങ്ങളെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. ഓർത്തോയിലെ സെക്യൂരിറ്റിയോട് അനുവാദം വാങ്ങി വൈറ്റിങ്ങ് ഏരിയായിലെത്തി. ജോസഫ് വീൽ ചെയറിലിരിക്കുന്നു. കാലിലെ പ്ലാസ്റ്റർ മാറ്റി കോട്ടൺ ബാൻഡേജിട്ടിട്ടുണ്ട്. രണ്ടുപേരുടെയും മുഖം തെളിഞ്ഞിരിക്കുന്നതിൽ നിന്നും കുഴപ്പമൊന്നുമില്ലെന്നുറപ്പിച്ചു.
സീന ചടുലതയോടെ മുന്നോട്ടു വന്നു.
“പത്ത് മിനിറ്റിനുള്ളിൽ ഡോക്റ്ററെത്തും. ഇനിയുള്ള കാര്യങ്ങൾ പറയുമെന്ന് നേഴ്സ് പറഞ്ഞു.”
അധികം വൈകാതെ ഡോക്ടറെത്തി. ഒരു മാസം കഴിഞ്ഞ് വരണമെന്നും അതുവരെ ചെയ്യേണ്ട കാര്യങ്ങളെന്തെന്നും പറഞ്ഞു. ഫാർമസിയിൽ നിന്നും ചില മരുന്നുകളും വാങ്ങി ഞങ്ങളിറങ്ങി.

ഓർത്തോ വിഭാഗത്തിൻ്റെ വരാന്തയിൽ അവരെയിരുത്തി കാറെടുക്കാൻ ഞാൻ ആ ഹാളിൻ്റെ മുൻവശം ചുറ്റി നടന്നു. അകത്തേക്ക് നോക്കിയ പ്പോൾ ഉമ്മ അപ്പോഴും ഫോണിലാണെന്ന് കണ്ടു. ആ സംസാരം മുഴുവൻ കേൾക്കാൻ സാാധിക്കാത്തതിലുള്ള നിരാശ മറച്ചുവച്ച് ഞാൻ പാർക്കിങ്ങ് ലോട്ടിലേക്ക് നടന്നു.
ഉച്ചയൂണിൻ്റെ സമയമായിരുന്നിട്ടും റോഡിൽ തിരക്കായിരുന്നു. ആശു പത്രിപരിസരം വിട്ട് കുറെ മുൻപോട്ട് വന്ന് ആദ്യം കണ്ട സാമാന്യം വൃത്തിയുള്ള ഒരു ഹോട്ടലിനുമുന്നിൽ ഞാൻ വണ്ടി നിറുത്തി. അഞ്ചാറ് ഉഴുന്നുവടയും ഒരു പാക്കറ്റ് ബിസ്കറ്റും ചായയും വാങ്ങി തിരികെ കാറിലിരുന്നു. ഒരോ വർത്തമാനങ്ങൾ പറഞ്ഞ് ഭക്ഷണശേഷം വീണ്ടും യാത്ര തിരിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ട്രാഫിക് വല്ലാതെ കൂടിയതായി തോന്നി. അധികം വൈകാതെ അതൊരു ട്രാഫിക് ബ്ലോക്കാണെന്ന് മനസ്സിലായി. നിരനിരയായിക്കിടക്കുന്ന വാഹനങ്ങളിലെ അവസാന കണ്ണിയായി കാർ നിർത്തി.

അടുത്തെങ്ങും തീരുന്ന ബ്ലോക്കല്ലായെന്ന് മുൻപിലെ വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങി നിൽക്കുന്നവർ സൂചിപ്പിച്ചു. കാർ ഓഫാക്കാതെ ഡോർ തുറന്ന് ഞാൻ പുറത്തിറങ്ങി മുന്നോട്ട് നടന്നു. അല്പം അകലെയായി പോലീസ് വാഹങ്ങങ്ങളും മറ്റും കണ്ടപ്പോൾ ആക്സിഡൻ്റാണെന്ന് മനസ്സിലായി. ഇത്രയും ബ്ലോക്ക് ആകണമെങ്കിൽ സാരമായ എന്തോ അപകടമാണല്ലൊയെന്നോർത്ത് പതുക്കെ മുന്നിലേക്ക് നടന്നു. മുന്നോട്ട് നടക്കുന്തോറും ആളുകളുടെ ആരവങ്ങളും ആക്ക്രോശങ്ങളും വർദ്ധിച്ചുകൊണ്ടിരുന്നു, എന്താണ് പറയുന്നതെന്ന് വ്യക്തമല്ലെങ്കിലും. യാത്രക്കാർ അവിടവിടെയായി ചിതറി നിൽക്കുന്നുണ്ടായിരുന്നു, ചിലർ കൂട്ടംകൂടി എന്തൊക്കെയോ ചർച്ച ചെയ്യുന്നു.

നിരന്നുകിടക്കുന്ന വാഹനങ്ങൾക്കിടയിൽ നിന്നും നിര തെറ്റിച്ച് പുറത്തേ ക്കിറങ്ങി യു ടേൺ ചെയ്ത് വരുന്ന ഒരു ഓട്ടൊ റിക്ഷക്ക് ഞാൻ കൈ കാണിച്ചു. വാഹനം നിർത്താൻ സന്മനസ്സ് കാണിച്ച ഡ്രൈവറോട് ഞാൻ അപകടത്തെ പറ്റി ആരാഞ്ഞു.
“അപകടമൊന്നുമല്ല സാറെ.. വർഗ്ഗീയ കലാപമാ.. ” എൻ്റെ സംശയം ആശങ്കയാക്കി മാറ്റി അയാൾ മുന്നോട്ട് നീങ്ങി.
ഞാനൊന്നു ഞെട്ടി. വർഗ്ഗീയ കലാപമൊ? അതൊന്നറിയണമല്ലൊ? മുന്നോട്ട് തന്നെ നടന്നു.
പോലീസുകാരുടെ എണ്ണം വർദ്ധിച്ചുവന്നു.
റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന രണ്ടുമൂന്ന് ചെറുപ്പക്കാരായ പോലീസുകാരെ ഞാൻ ശ്രദ്ധിച്ചു. ജനകീയന്മാരാണെന്ന് തോന്നിയതുകൊണ്ട് അവരുടെ അരികിലേക്ക് നീങ്ങി.
“അവിടെയെന്താ വല്ല അപകടമോ മറ്റൊ ആണൊ?”
ആരോടെന്നില്ലാതെ ഞാൻ ചോദിച്ചു.
“ഏയ്, അല്ലല്ല, വാഹനാപകടമൊന്നുമല്ല. മതമൈത്രിയിലൊരു വിള്ളൽ വീണതാ’.
ഞാനമ്പരന്നു. എൻ്റെ കണ്ണുകളിലെ ഭാവം കണ്ടിട്ടാകാം മറ്റൊരാൾ മൈക്ക് ഏറ്റെടുത്തു.
“അമ്പലത്തിനും പള്ളിക്കുമിടക്കുള്ള മതിലിൻ്റെ അടർന്നുവീണഭാഗം കെട്ടു ന്നതിനിടയിൽ, അഹിന്ദുവായ കല്ലാശ്ശാരി അമ്പലത്തിൻ്റെ കോമ്പൗണ്ടിൽ കാലുകുത്തി. അതിനെ തുടർന്നുണ്ടായ കശപിശയാ! ബാക്കി നാളത്തെ പത്രത്തിൽ വായിക്കാം മാഷെ !”
ഞാൻ തിരിച്ചുനടന്നു.

ഇതൊരു വർഗ്ഗീയ കലാപം തന്നെ. ഓട്ടൊ ഡ്രൈവറുടെ നിരീക്ഷണം ബഹുകൃത്യം. കാറ് വരിയിൽ നിന്നും പുറത്തേക്കെടുത്ത് വന്ന വഴിയെ തിരിക്കുന്നതിനിടയിൽ ജോസഫിനും സീനക്കും കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തു.

ഒരു ടാക്സി ഡ്രൈവറൊട് ബദൽ റൂട്ട് മനസ്സിലാക്കി ഡ്രൈവ്ചെയ്യുമ്പോൾ എൻ്റെ മനസ്സിലൊരു ചിത്രം തെളിഞ്ഞു. നിസ്കാരത്തഴമ്പുള്ള അപ്പൂപ്പ ൻ്റെ ചുണ്ടിൽ നിന്നും കത്തിക്കാത്ത ബീഡി സ്നേഹപൂർവ്വം എടുത്തുമാറ്റുന്ന ചന്ദനക്കുറിതൊട്ട ഒരു കൊച്ചു സുന്ദരിക്കുട്ടി.

എൻ്റെ ചുണ്ടിൽ വിടർന്ന പുഞ്ചിരി മാസ്കിനുള്ളിലൊതുങ്ങി.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം. പ്രവാസി ആയിരുന്നു. എഴുത്ത്, ഹ്രസ്വചിത്ര നിർമ്മാണം, നാടകം, ഫോട്ടോഗ്രാഫി, സിനിമാ/പുസ്തകനിരൂപണം തുടങ്ങിയ മേഖലകളിൽ സജീവം.