രണ്ടപരിചിതർ ഏണിയും പാമ്പും കളിക്കുന്നു

ഒന്നാമത്തെയാൾ കറക്കിയെറിഞ്ഞപ്പോൾ
ഡൈസ് ഒന്നെന്നു വീണു.
ആനന്ദാതിരേകത്തിൽ,
ഒന്നാമന്റെ പ്രതിനിധിയായൊരു കല്ല്
കളത്തിലിറങ്ങി.
രണ്ടാമൻ പ്രതീക്ഷയോടെ ചുഴറ്റിയതും
പിന്നെയും ഒന്ന് ചിമ്മി.

“ഞാനും മോശമല്ല ചെറുക്കാ…”
“മോശമില്ലല്ലോ.. അതുകൊണ്ടല്ലേ നമ്മൾ കളിക്കാനിരുന്നത്!”
വളപ്പൊട്ട് മിനുങ്ങിയിറങ്ങി.

രണ്ടാം വട്ടം
ഒന്നാമന്റെ ഡൈസിൽ ആറ് തെളിഞ്ഞു.
ആറ് വീണാൽ
പിന്നെയും കളിയുണ്ടത്രേ.
“ഓരോ നിയമങ്ങളേ..” അവള് ഗർവിച്ചു.

കൊഞ്ഞനം കുത്താൻ
പഠിച്ചതെന്നാണെന്ന് മറന്നുപോയി.
അവള് കളിച്ചു
അവനും കളിച്ചു..
അവള് മികച്ചു.
അവൻ തളർന്നു.
അവര് കിതച്ചു.

പിന്നീടൊരിക്കൽ വീണ അഞ്ചിൽ
അവളൊരു മലമ്പാമ്പിന്റെ വായിലൂടെ താഴേക്കിറങ്ങി.

പിന്നെയും
ക്ഷീണമില്ലാതെ കുതിച്ചു.

അവനേണികയറി എൺപത്തിയഞ്ചിലെത്തി.
അവള്
തൊണ്ണൂറ്റിയൊമ്പതിൽ വെച്ചൊന്നു മൂക്കുകുത്തി.
തുറന്നിരിക്കുന്ന പാമ്പിൻ വായിൽ
വിവസ്ത്രയായി ഇറങ്ങി.

പല്ല് കോറി.
അസ്തിത്വം, ചോദ്യചിഹ്നം!

അവൻ നൂറിലെത്തി.
അവള് ഇരുപത്തിയഞ്ചിലെ
പാമ്പിൻ ചുമലിൽ തലതല്ലിച്ചത്തു!