മയിൽപ്പീലിക്കണ്ണുകൾ

എവിടെയെൻ മയിൽപ്പീലിത്തണ്ടുകൾ …?
കാറ്ററിയാതെ… കനവറിയാതെ …
ഞാനൊളിപ്പിച്ചുവച്ചയെൻ
പുസ്തത്താളിനുള്ളിലെ
മോഹസ്വപ്നങ്ങൾ …?

പിടച്ചിലിന്റെ വേദനയിൽ
കടലിന്റെയോരത്ത് നിനവുകളിൽ
ആത്മനൊമ്പരങ്ങളുടെ
കരിനാഗമിഴയുമ്പോൾ ….

ഉച്ചവെയിലിന്റെ കാഠിന്യത്തിൽ
പെരുത്തുകയറും വിയർപ്പുവറ്റിപ്പോകുന്ന
ജീവിതാഭിലാഷങ്ങളുടെ കരിമുഖങ്ങൾ
നിലത്തൊച്ചുകളായ് അലയുമ്പോൾ ….

കാണാതെ പോകുന്ന
നിശബ്ദ സ്നേഹങ്ങളുടെ
കൈവഴികളിൽ ഒതുങ്ങാതെ
വഴുതിയിറങ്ങി നോക്കാത്തദൂരത്തേയ്ക്ക്
ഇറങ്ങിനടക്കുമ്പോൾ ….

പ്രാരബ്‌ധങ്ങളുടെ ഭാണ്ഡകെട്ടുകൾ
കെട്ടഴിയാതെ കനംക്കൂടി
ചുമലിലൊരു ഭാരമായി തീരുന്നതിനു
ഒരിത്തിരിമുമ്പ് നടുനിവർത്തുമ്പോൾ …

ഓർമ്മക്കാലങ്ങളിൽ …
മറവിയെത്തിച്ചുനോക്കാത്ത
ഗുഹാപടവുകളിൽ …
കതിരണിയാത്ത സ്വപ്നങ്ങൾ
ഒളിപ്പിച്ചു വെച്ച
ചിതലരിച്ച പുസ്തത്താളിനുള്ളിൽ
മങ്ങിയ … നുറുങ്ങിയ …
മയിൽപ്പീലി കണ്ണുകളെന്നെ
തുറിച്ചു നോക്കുന്നു.

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.