ചുടല വേര് (കവിത )

എഴുത്തില്‍ ആണും പെണ്ണും ഒന്നുമില്ല . എഴുത്തില്‍ അക്ഷരങ്ങള്‍ മാത്രമാണുള്ളത് . അക്ഷരങ്ങള്‍ക്ക് ലിംഗഭേദമനുസരിച്ച് അടുപ്പക്കൂടുതലോ അകല്‍ച്ചയോ സംഭവിക്കുന്നില്ല . അതിനാല്‍ത്തന്നെ എഴുത്തില്‍ പ്രത്യേകിച്ചും മലയാള സാഹിത്യത്തില്‍ ഇന്ന് കൊണ്ടാടപ്പെടുന്ന ആണെഴുത്ത് പെണ്ണെഴുത്ത് വാദങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാണ് പറയാനുള്ളത് . ചിലര്‍ ഇരവാദം മുഴക്കുമ്പോലെ വീണ്ടും വീണ്ടും ശ്രദ്ധ പിടിച്ച് പറ്റാന്‍ പെണ്ണെഴുത്ത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് . ചിലര്‍ ഞങ്ങളും നിങ്ങളെപ്പോലെ എഴുതാനറിയുന്നവര്‍ ആണെന്ന ഭാവത്തില്‍ എഴുതുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . അതിന്റെ ഒന്നും ആവശ്യമുണ്ട് എന്നു തോന്നുന്നില്ല . കവി സച്ചിദാനന്ദന്‍ ആണ് ഈ ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നു വിട്ടതെന്ന് കേട്ടിട്ടുണ്ട് . എന്തുതന്നെയായാലും എഴുത്തില്‍ അങ്ങനെയൊരു ലിംഗമാറ്റം കാണാന്‍ കഴിഞ്ഞിട്ടില്ല. ടൈപ്പ് കവിതകളോ കഥകളോ ഒക്കെ വായിക്കപ്പെട്ടിട്ടുണ്ട് . അത് പക്ഷേ സ്ത്രീകള്‍ മാത്രമായിട്ടല്ല എഴുതിക്കണ്ടതും . പുരുഷന്മാരും സ്ത്രീകളുടെ വികാരവിചാരങ്ങളെക്കുറിച്ച് എഴുതുന്നതു കണ്ടിട്ടുണ്ട് . സ്ത്രീകള്‍ തിരിച്ചും . അടുത്തിടെ കവിതകള്‍ ആണ് കൂടുതല്‍ വായിക്കാന്‍ അവസരം ഉണ്ടായത് എന്നതില്‍ അനല്‍പ്പമായ സന്തോഷം ഉണ്ട് . പല രീതിയിലുള്ള കവിതകളെ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞു . അക്കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അവസാന വായന എന്നു കരുതുന്നു ശ്രീമതി ലൗലി നിസാറിന്റെ ചുടല വേര് എന്ന കവിത സമാഹാരം . അറുപത് കവിതകള്‍ അടങ്ങിയ ചുടലവേര് മാക്ബെത്ത് ആണ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുസ്തകത്തിലെ ആമുഖത്തില്‍ കവി പറഞ്ഞിരിക്കുന്നത് “ചുരുങ്ങിയ വാക്കുകളില്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബിംബവത്കരിച്ചെഴുതുകയാണ് കവിയ്ക്ക് പ്രിയമെന്നാണ് ” . കവിതകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വാക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനാണ് .

സാധാരണ കവിതാ രചനകളില്‍ കാണുന്ന മൃദുവായ വാക്കുകളുടെ തഴുകലും തലോടലുകളും ലൗലിയുടെ കവിതകളില്‍ വായിക്കപ്പെടുക ബുദ്ധിമുട്ടാണ്. പറയാനുള്ളവയെ ശക്തമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന, പൊട്ടിത്തെറിക്കുന്ന ഒരാളായാണ് കവിതകളെ കാണേണ്ടത് . അവയില്‍ ആക്ഷേപഹാസ്യങ്ങളും രാഷ്ട്രീയ പുഴുക്കുത്തുകളും വായിക്കപ്പെട്ടേക്കും . സമൂഹത്തിന്റെ കറുത്ത മുഖത്തെ അടയാളപ്പെടുത്താനാണ് കവിയ്ക്ക് ഏറെ ഇഷ്ടമായിട്ടുള്ളത് എന്ന് കാണാം . “പ്രതികരണം എന്നത് രക്തത്തിലലിഞ്ഞ വികാരമായതുകൊണ്ടു വരയ്ക്കുന്ന ചിത്രങ്ങളിലും എഴുതുന്ന വരികളിലും അതാണ് മുന്നില്‍” എന്നു കവിയുടെ ആമുഖക്കുറിപ്പ് അതുകൊണ്ടുതന്നെ തന്നെ കവിതാ വായനയില്‍ പ്രസക്തമായിത്തോന്നി. “സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടി പ്രതികരിക്കുക എന്റെ ധര്‍മ്മമാണെന്ന്” കവി വിശ്വസിക്കുന്നു . ഇത് എല്ലാ കവികളും എഴുത്തുകാരും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ വിപ്ലവപരമായ ഒരു സാഹിത്യ അന്തരീക്ഷം നമുക്ക് ലഭ്യമായേനെ . നിരാശയും പ്രക്ഷുബ്ധമായ അവസ്ഥയും പലപ്പോഴുമീ കവിയുടെ സാമൂഹ്യ ഇടങ്ങളിലെ കാഴ്ചകളില്‍ നിന്നും സംജാതമാക്കപ്പെടുന്നുണ്ട് .

“കാലം വിഴുങ്ങിത്തുടങ്ങുമെന്‍ പ്രാണന്റെ
ശേഷക്രിയയ്ക്കായൊരുങ്ങുക മേഘമേ,
ചോര്ന്നോലിക്കുന്നനോവിന്റെ പെയ്ത്തുകള്‍
വറ്റിച്ചുണക്കുക ഉഷ്ണസ്വപ്നങ്ങളെ “

എന്ന കാവ്യ വിലാപം ഇതിന്റെ സാക്ഷ്യമായി അനുഭവപ്പെടുന്നു . മനസ്സില്‍ നിറയെ നിറങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു മനുഷ്യന്റെ തന്നോടു തന്നെയുള്ള കലഹങ്ങളായി പലപ്പോഴും കവിയുടെ വരികളെ വായിക്കുന്നുണ്ട് . ജീവിതത്തിലെ തോറ്റു പോകുമെന്ന് തോന്നുന്ന നിമിഷങ്ങളെ എങ്ങനെയാണ് ഒരാള്‍ക്ക് തിരിച്ചു പിടിക്കാന്‍ കഴിയുകയെന്നും , തുടച്ചുകളയാൻ കഴിയുകയെന്നും കവിക്ക് നല്ല നിശ്ചയമുണ്ട് . തന്റെ വരികളുടെ പൊളളലില്‍ വീണവ പുകയുന്നത് മാറി നിന്നു ആസ്വദിക്കുന്ന കവിയുടെ മനസ്സിനെ പലപ്പോഴും സമൂഹത്തിന്റെ കാഴ്ചകളും ചിന്തകളും നിരാശയാക്കാറുമുണ്ട് . തനിക്ക് ശരിയെന്ന് തോന്നുന്നതിനെ തുറന്നു പറയുന്നതാണ് സാമൂഹ്യമായ ഒരു മനുഷ്യന്റെ ധര്‍മ്മമെന്ന് കവിതകളിലൂടെ സംവദിക്കുന്ന അധികം കവികള്‍ ഇപ്പോള്‍ ഇല്ല എന്നു തന്നെ പറയാം . പറയാനുള്ളവയെ മറച്ചു വച്ചുകൊണ്ടു കവിയെന്നടയാളപ്പെടുത്തുവാന്‍ മാത്രം കവിതകള്‍ എഴുതുന്നവര്‍ക്കിടയില്‍ ഇത്തരം ക്ഷുഭിതയൌവ്വനങ്ങള്‍ ബാക്കി വയ്ക്കുന്ന ആശ്വാസമാണ് കവിതകളുടെ ജീവവായു .

കവിതകള്‍ ബിംബവത്കരിക്കുക എന്നതിന് സ്ഥായിയായ ഒരു രൂപം നല്‍കുന്നതില്‍ കവി ശ്രദ്ധിച്ചപ്പോള്‍ അതിനു ബഹുസ്വരത നഷ്ടമാകുന്നത് പോലെ അനുഭവപ്പെട്ടു . അറുപത് കവിതകളില്‍ കൂടുതലും എടുത്തുകാണിക്കുന്ന ചില വാക്കുകള്‍ ആണ് ഇത്തരം ഒരു ചിന്ത ഉണ്ടാക്കിയത് . ഇരുട്ട് , നാഗം , രക്തം നഗ്നത ഇവയുടെ വിവിധ കാലങ്ങളിലെ വിവിധ രൂപങ്ങളില്‍ കാണുന്ന ഭാവമാറ്റങ്ങള്‍ ഇരുണ്ട ലോകത്തിന്റെ ബീഭത്സതയുടെ കാഴ്ചകള്‍ ആണെങ്കിലും അവയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രവണത വായിക്കാന്‍ ആയി . തുറന്നുപറച്ചിലുകള്‍ക്ക് ഇപ്പൊഴും പരിധികളും പരിമിതികളും ഉണ്ടെന്നത് ഒരു പക്ഷേ, സമൂഹവും മതവും രാഷ്ട്രീയവും ഒക്കെ പൗരന് നല്‍കുന്ന അസ്വാഭാവികമായ അരക്ഷിതാവസ്ഥയും ബന്ധനങ്ങളും ആണെന്ന വസ്തുത ഈ കവിതകളിലും കാണാന്‍ കഴിയും . ഇത്തരം നിയന്ത്രണങ്ങള്‍ ആണ് പലപ്പോഴും എഴുത്തുകാരെ സ്വതന്ത്രമായി എഴുതാന്‍ അനുവദിക്കാതെ വിടുന്നതെന്ന് വിശ്വസിക്കുന്നു .

ഒരു എഴുത്തുകാരി എന്നതിനപ്പുറം ഒരു ഗായികയും ചിത്രകാരിയും കൂടിയായ ലൗലി നിസ്സാറിന്റെ രണ്ടാമത്തെ പുസ്തകമാണ് ചുടലവേര് . വലിയൊരു ഇടവേള രണ്ടു പുസ്തകങ്ങള്‍ക്കിടയില്‍ വേണ്ടി വന്നത് ഒരുപക്ഷേ ഈ പറയുന്ന ഘടകങ്ങള്‍ ഒക്കെയും കുടുംബിനി കൂടിയായ കവിയെ തടസ്സപ്പെടുത്തിയിട്ടുണ്ടാകാം . മലയാളത്തിലെ മികച്ച പ്രസിദ്ധീകരണങ്ങളില്‍ ചിത്രം വരയ്ക്കുകയും രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കവിയുടെ കൂടുതല്‍ എഴുത്തുകള്‍ മലയാളത്തിന് ലഭ്യമാകട്ടെ എന്നാശംസിക്കുന്നു .

ചുടല വേര് (കവിത )
ലൗലി നിസാര്‍
മാക്ബത്
വില : ₹ 100.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.