‘കരിനാക്ക് കണാരൻ (65) കോവിഡ് ബാധിച്ചു മരിച്ചു.’
‘ ചന്ദനമൊട്ട നാട്ടുകാർ’ വാട്സ്ആപ്പ് ഗ്രൂപ്പിൽ വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന ശബ്ദത്തോടെ ഇരച്ചു കയറി വന്ന വാർത്തയിലേക്ക് തുറിച്ചു നോക്കവേ, ഹൃദയത്തിലെവിടെയോ നേർത്തൊരു അസ്വാരസ്യം മുഴങ്ങി. കുറച്ച് കോഴിമുട്ട വാങ്ങാൻ ടൗണിലേക്ക് സ്കൂട്ടറെടുത്തിറങ്ങിയതാണ്. അവൾക്കിന്ന് മുട്ടക്കറി തന്നെ വെക്കണം. വീട്ടിൽ ഉള്ളത് വെച്ച് കറിയുണ്ടാക്കാൻ പറഞ്ഞാൽ മനസ്സിലാവില്ല. ആളുകൾ തിക്കിത്തിരക്കി ബഹളമുണ്ടാക്കിക്കൊണ്ടിരുന്ന സൂപ്പർ മാർക്കറ്റിൽ നിന്നും ഒരുവിധം മുട്ടകളും വാങ്ങി വണ്ടിക്കടുത്തേക്ക് നടക്കുമ്പോഴാണ് അപ്രതീക്ഷിതമായ മരണവാർത്ത എന്നെ പിടിച്ചുലച്ചത്. ഒരാഴ്ച മുമ്പ് വരെ കണാരേട്ടനെ ചന്ദനമൊട്ട കവലയിൽ വെച്ച് കണ്ടതാണല്ലോ. അവസാനമായി കരിനാക്ക് കണാരൻ മുഖത്തേക്ക് നോക്കി നിർദാക്ഷീണ്യം ചവച്ചു തുപ്പിയ വാക്കുകൾ മിന്നൽ പിണരുകളായി മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കടന്നു പോയി.
ഇന്നെന്തോ തെരുവീഥികൾ വിജനമാണ്. വരണ്ട ഉഷ്ണക്കാറ്റിൽ റോഡിൽ ചപ്പുചവറുകളും കടലസുകളും ചിതറിക്കിടക്കുന്നു. കടവരാന്തകളിൽ വാലാട്ടികൊണ്ട് ചെരിഞ്ഞു കിടക്കുന്ന തെരുവ് നായ്ക്കളുടെ കണ്ണുകളിൽ പോലും ഭീതിപ്പെടുത്തുന്ന നിശ്ചലത. പെട്ടെന്ന് ഒരു ആംബുലൻസ് ഉച്ചത്തിൽ സൈറണിട്ടു കൊണ്ട് അതിവേഗം പാഞ്ഞുപോയി.
റോഡുകളിൽ പതിവില്ലാത്ത വിധം ആംബുലൻസുകളുടെ നിലവിളികൾ വർദ്ധിച്ചിരിക്കുന്നു. അതിനുള്ളിൽ പിടയുന്ന ഒരു ശരീരവും, ദൂരെ സ്നേഹത്തിന്റെ ഊഷ്മളമായ ചരടിൽ ബന്ധിക്കപ്പെട്ട് എരിയുന്ന കുറേ മനസ്സുകളുമുണ്ടാവും. ചിലപ്പോൾ നിശ്ചലതയുടെയും നിർജീവതയുടെയും ഗന്ധം പുതച്ച ശരീരമായിരിക്കും അതിനുള്ളിൽ. അവയെ കാത്ത് എവിടെയൊക്കെയോ കുഴികൾ ഒരുങ്ങുന്നുണ്ടാവും. ചിതകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മൃതശരീരങ്ങളെ നദികൾ മൂകമായ ചുംബനങ്ങളോടെ ഏറ്റെടുക്കുന്നു. പിന്നെയവ ശവങ്ങളെ ഗർഭം ധരിക്കുന്നു. ശവഗന്ധം പേറി ഒഴുകുന്ന പുഴ എവിടെയൊക്കെയൊ മനുഷ്യശരീരങ്ങൾ വിസർജ്ജിക്കുന്നു.
ആബുലൻസിന്റെ ഡ്രൈവറെ സമ്മതിക്കണം. എത്ര വിദഗ്ധമായാണ് ഹൃദയത്തെ കല്ലാക്കി വേദനയിൽ പുളയുന്ന ശരീരങ്ങളും വേദനയറിയാത്ത ആത്മാക്കളുമായി കുതിച്ചു പായുന്നത്. ഈ സൈറൺ ശബ്ദം കേൾക്കുമ്പോൾ അകത്തളങ്ങളിൽ ആകാരണമായ ഭീതി നുഴഞ്ഞു കയറും. നെഞ്ചിടിപ്പോടെ വാർത്തയുടെ വിശദാംശങ്ങളിലേക്ക് ഊർന്നിറങ്ങി. ഉള്ളതായിരിക്കുമൊ? വാട്സ്ആപ്പിൽ വരുന്ന മെസ്സേജുകൾ പകുതി പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. ചിന്തയുടെയും സാമാന്യപ്രഞ്ജയുടെയും നേർത്തൊരു നൂലിഴബന്ധം പോലുമില്ലാതെ നൈരന്തര്യമായി ഒഴുകിപ്പരക്കുന്ന വ്യാജവാർത്തകളുടെയും വോയ്സുകളുടെയും കാലം. നാട്ടുകാരുടെ മറ്റ് ഗ്രൂപ്പുകളിലും നാലോ അഞ്ചോ തവണ കണാരേട്ടന്റെ ഫോട്ടോയും വാർത്തയും വന്നു കിടക്കുന്നുണ്ട്. എങ്കിലും ഒന്ന് വിളിച്ചു നോക്കാം. ഇന്നലെയാണ് ഒരു വിദ്യാർത്ഥി കോവിഡിന് ഇഞ്ചിയും ഉള്ളിയും മഞ്ഞളും ചേർത്തുണ്ടാക്കുന്ന പച്ചമരുന്ന് കണ്ടുപിടിച്ചു എന്ന ബ്രേക്കിങ്ങ് ന്യൂസ് ഒരു ഗ്രൂപ്പിൽ വന്നത്. അതിന്റെ താഴെ വിദ്യാർത്ഥിയുടെ മെഡിസിൻ പരീക്ഷണം നാസ അംഗീകരിച്ചു എന്ന വാചകം കൂടി കണ്ടതോടെ ഇട്ടവന്റെ പേര് നോക്കി. നാസക്ക് മെഡിസിനുമായി എന്ത് ബന്ധം എന്ന് ആരോ ചോദിച്ചതിനു മറുപടി പറയാൻ പോസ്റ്റിട്ട വട്ടി രമേശൻ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. വട്ടി രമേശന്റെ ഇൻബോക്സിൽ പോയി നാലു പച്ചത്തെറി പറഞ്ഞപ്പോഴാണ് സമാധാനമായത്.
“ഹലോ ഷിബൂ, വാട്സ്ആപ്പിൽ ഒരു മെസ്സേജ് കണ്ട്നെയ്നു. മ്മടെ കരിനാക്ക് കണാരേട്ടൻ.. ഉള്ളതാണോ?” “അതേടാ രാജീവാ. അര മണിക്കൂർ മുമ്പാ. ഇന്നലെ മുതൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നത്രെ.” ഷിബുവിന്റെ അസ്വസ്ഥത നിറഞ്ഞ ശബ്ദം കാതിലേക്ക് ഭീതിതമായ ശബ്ദത്തിൽ തുളച്ചു കയറിയതോടെ മൊബൈൽ കട്ട് ചെയ്ത് പോക്കറ്റിലേക്കിട്ട് സ്കൂട്ടർ സ്റ്റാർട്ടാക്കി. എങ്കിലും കരിനാക്ക് എന്ന വട്ടപ്പേര് മരിച്ച വാർത്തയിലും നിഷ്കരുണമായി തിരുകിക്കയറ്റിയതിന്റെ അനൗചിത്യം എന്നെ അൽപനേരം അലട്ടിയെങ്കിലും അങ്ങനെ പറഞ്ഞാലേ ആളുകൾക്ക് മനസ്സിലാവൂ എന്നുള്ള യാഥാർഥ്യം ഉള്ളിൽ തെളിഞ്ഞതോടെ ഞാൻ ആ വ്യഥിതചിന്തയെ പെട്ടെന്ന് തന്നെ കൊന്ന് കുഴിച്ചുമൂടിക്കൊണ്ട് വണ്ടിയുടെ വേഗത കൂട്ടി. എത്രയും പെട്ടെന്ന് നാട്ടിലെത്തണം. അത്യാവശ്യം കാര്യങ്ങൾ ഏതെങ്കിലും ചെയ്തു കൊടുക്കാനുണ്ടെങ്കിൽ ചെയ്യണം. കോവിഡ് മരണമായത് കൊണ്ട് പ്രോട്ടോകോളൊക്കെ കാണും.
വളവ് തിരിഞ്ഞപ്പോഴാണ് ദൂരെ പോലിസ് ജീപ്പും റോഡിൽ നിൽക്കുന്ന രണ്ട് പോലീസുകാരെയും കണ്ടത്. റോഡിലെ എല്ലാ വണ്ടികളും പോലിസ് തടഞ്ഞു നിർത്തി ചെക്ക് ചെയ്യുന്നുണ്ട്. ഹെൽമെറ്റ് വെക്കാൻ മറന്നു പോയ ഞെട്ടലിൽ ഇടവഴിയിലൂടെ സ്കൂട്ടർ തിരിച്ചു വിട്ടപ്പോൾ എന്തൊക്കെയോ ചിന്തകൾ മനസ്സിനെ ചുറ്റി വരിഞ്ഞു കൊണ്ടിരിക്കെ രണ്ടാഴ്ച്ച മുമ്പ് കണാരേട്ടനുമായുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഓർമ്മകൾ നിർവികാരമായി പടിയിറങ്ങി.
“ഡാ ആ കണാരൻ വരുന്നുണ്ട് മാറിക്കോ.” സന്ദീപിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം അടഞ്ഞു കിടന്ന പീടികയുടെ പഴയ രീതിയിലുള്ള നിരപ്പലകളുടെ താഴെ പൊടി പിടിച്ച തറയിലിരുന്നു കൊണ്ട് വെടി പറയുകയായിരുന്ന ഞങ്ങളുടെ ഇടയിൽ തീ കോരിയിട്ടു. കുറേ കാലമായി പൂട്ടിയിട്ട പഴയൊരു കടയായിരുന്നു അത്. കടയുടെ പുറത്ത് നീലനിറത്തിലുള്ള ട്രേയിൽ കാലിയായ സോഡാക്കുപ്പികൾ അടുക്കി വെച്ചിട്ടുണ്ട്. എതിർഭാഗത്തുള്ള മതിലിനു താഴെയായി ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും സോഫ്റ്റ് ഡ്രിങ്കുകളുടെ കാലിയായ ബോട്ടിലുകളും ഉപയോഗിച്ച് വലിച്ചെറിഞ്ഞ പാൻ പരാഗ് പാക്കുകളും ചിതറിക്കിടക്കുന്നു. പാക്കറ്റിന് മുകളിലെ ചതഞ്ഞ തൊണ്ടയുടെ ചുവന്ന നിറമുള്ള ചിത്രം എന്നിൽ അസാധാരണമായ സംഭ്രമം പടർത്തി.
ഇടവഴിയിലൂടെ ലുങ്കിയും മടക്കിക്കുത്തി മാസ്ക്ക് ചുണ്ടിന് താഴേക്ക് വലിച്ചു നീക്കി ബീഡിയും വലിച്ചു കൊണ്ട് നടന്നു വരുന്ന കരിനാക്ക് കണാരനെ കണ്ട് പെട്ടെന്ന് തന്നെ എല്ലാവരും പലഭാഗത്തേക്ക് തെന്നി മാറിയെങ്കിലും ഞാൻ പെട്ടു പോയിരുന്നു. എനിക്ക് എങ്ങോട്ടെങ്കിലും മാറാൻ പറ്റുന്നതിന് മുമ്പ് കണാരേട്ടൻ എന്നെ കണ്ടിരുന്നു. വസൂരിക്കുത്ത് പോലെയുള്ള പാടുകളും നേരിയ മീശയും കുറുകിയ ചുവന്ന കണ്ണുകളും കണാരേട്ടന് ഒരു സിനിമാ വില്ലന്റെ ക്ളീഷേ രൂപം സമ്മാനിക്കുന്നുണ്ട്. അപ്പോൾ എന്റെ മനസ്സിൽ സുഹൃത്ത് ഷിബുവിന്റെ ഡയലോഗ് തിക്കിക്കയറി വന്നു. പെട്ടെന്ന് കണാരന്റെ മുന്നിൽ പെട്ടു പോയാൽ ചെയ്യാനുള്ളത് ഇത്ര മാത്രമാണ്. അയാൾ വായ തുറക്കുന്നതിനു മുമ്പ് അങ്ങോട്ടെന്തെങ്കിലും പറയുക.
“എന്തെല്ലാ കണാരേട്ടാ വിശേഷം? നല്ല മഴ വരുന്നുണ്ടല്ലോ..” കണാരേട്ടന്റെ അത്യാവശ്യം പ്രായമുള്ള കരിനാക്ക് വളയുന്നതിനു മുമ്പേ യുവത്വത്തിന്റെ പ്രതീകമായ എന്റെ നാക്ക് കണാരേട്ടനെ ഓവർ ടേക്ക് ചെയ്തു. അയാൾ ആദ്യം പറയുന്നത് മാത്രമേ ഫലിക്കാറുള്ളൂ എന്നാണ് പൊതുവിൽ നാട്ടുകാരൊക്കെ പറയുന്നത്. പിന്നങ്ങോട്ട് എന്ത് പറഞ്ഞാലും പ്രശ്നമില്ലത്രേ. “എന്ത് വിശേഷമെടോ. ഈ മഴ പെയ്യാനൊന്നും പോകുന്നില്ല.. നോക്കിക്കോ.” കണാരൻ ബീഡിക്കുറ്റി മതിലിന്റെ അരികിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു. ഈശ്വരാ… വന്ന മഴ തിരിച്ചു പോകുമോ? അയാളെക്കൊണ്ട് കൂടുതലൊന്നും പറയിക്കാതിരിക്കാൻ അലോസരഭാവത്തിൽ ഞാൻ താഴേക്ക് നോക്കി നിശബ്ദത പാലിച്ചു. എനിക്കിതിലൊന്നും വിശ്വാസമില്ലായിരുന്നെങ്കിലും.
“ഇന്റടുത്ത് നൂറു രൂപ എടുക്കാനുണ്ടോടാ?” വയലുകളിൽ നിന്നും ചൊറിയൻ തവള പുറത്തേക്ക് ചാടുന്നത് പോലെ കരിനാക്ക് കണാരന്റെ വായിലൂടെ വാക്കുകൾ പുറത്തേക്ക് തെറിച്ചു വീണു. “ഇല്ല, കണാരേട്ടാ..” ഞാൻ ഒരേസമയം കുപ്പായത്തിന്റെ കീശ തടവിയും വാച്ചിലേക്ക് നോക്കിയും പരുങ്ങലോടെ പറഞ്ഞു. ഇനി അയാളുടെ വായിൽ നിന്നും എന്താണ് പുറത്തേക്ക് നിർഗ്ഗളിക്കുക എന്ന് പറയാനാവില്ല. അപ്പോഴും ഞാനെന്തിനാണ് വാച്ച് നോക്കിയതെന്ന് മനസ്സിലായില്ല. എന്റെ സമയം നല്ലതാണോ എന്നറിയാനുള്ള യാന്ത്രികമായ ചലനമായിരുന്നോ അത്. “നീയെല്ലാം പണിയൊന്നും എടുക്കാണ്ട് ഇങ്ങനെ കറങ്ങി നടന്നോ. ചെറുപ്പക്കാരായാൽ കൊറച്ച് അന്തസ്സ് വേണം. നീയൊന്നും ഒരിക്കലും കൊണം പിടിക്കൂല്ലടാ.” അതും പറഞ്ഞു നീട്ടിത്തുപ്പി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് കരിനാക്ക് കണാരൻ കൈകൾ രണ്ടും ആഞ്ഞു വീശി ഇടവഴി കയറി പറമ്പിലേക്ക് നടന്നു.
തുപ്പൽ തെറിച്ചു വീണ് മതിലിലൂടെ താഴേക്ക് ഒലിച്ചിറങ്ങുമ്പോഴും അയാളുടെ അവ്യക്തമായ പിറുപിറുക്കലുകൾ കാതുകളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അയാളുടെ പഴകിയ റബ്ബർ ചെരിപ്പിനടിയിൽ കിടന്ന് ഉണങ്ങിയ ഇലകൾ നിലവിളിച്ചു. കാണാരന് ചുറ്റും അക്ഷരങ്ങൾ ചീഞ്ഞ വാക്കുകളായി വലയം പ്രാപിക്കുന്നത് പോലെ തോന്നി. ഇല്ലത്ത് നിന്നും പുറപ്പെട്ടു, എന്നാൽ അമ്മാത്തെത്തിയതുമില്ല എന്ന് പറഞ്ഞത് പോലെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ ഒരു ചെറുപ്പക്കാരന്റെ പിരിമുറുക്കങ്ങളും വേവലാതികളും കണ്ടവരുടെ കുറ്റവും കുറവും നോക്കി പരദൂഷണവും പറഞ്ഞ് നടക്കുന്ന ഇയാൾക്കൊക്കെ എങ്ങനെ മനസ്സിലാവാൻ എന്ന ചിന്തയോടെ ഒരു ദീർഘനിശ്വാസമിട്ടു കൊണ്ട് ചുറ്റും നോക്കിയപ്പോഴേക്കും നാനാഭാഗത്ത് നിന്നും ചങ്കുകൾ ഓടി വന്നിരുന്നു.
“അയാൾ എന്തു പറഞ്ഞെടാ.” സന്ദീപിനായിരുന്നു അതറിയാനുള്ള തിടുക്കം. “ഹേയ് കാര്യമായൊന്നും പറഞ്ഞില്ല. മഴ പെയ്യൂല്ല എന്ന് പറഞ്ഞു.” വിവശമായ സ്വരത്തിൽ പറയുമ്പോൾ ‘നീയൊന്നും കൊണം പിടിക്കൂല്ലടാ’ എന്ന് പറഞ്ഞത് ഞാൻ സമർത്ഥമായി മറച്ചു വെച്ചു.
“ഞാൻ പറഞ്ഞില്ലേ അയാൾ പറഞ്ഞാൽ അതുപോലെ നടക്കുമെന്ന്. അപ്പോൾ നീയൊന്നും വിശ്വസിച്ചില്ല. ദാ നോക്ക്, മഴ പോയ വഴിക്ക് പുല്ലു മുളക്കില്ല.” ആകാശത്തേക്ക് ചൂണ്ടിക്കൊണ്ട് നിയാസ് പറഞ്ഞു. അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. നല്ല കാറ്റും ഇടിയും ഉണ്ടായിരുന്നു കുറച്ച് മുമ്പ് വരെ. ഇപ്പോളിതാ കാർമേഘങ്ങളൊക്കെ പിരിഞ്ഞു പോയി വാനം പ്രസന്നമായിരിക്കുന്നു. എന്റെ മനസ്സിലും ചില സംശയങ്ങൾ കാർമേഘങ്ങളായി ഉരുണ്ടുകൂടി. ഇനി നാട്ടുകാരെല്ലാം പറയുന്നത് സത്യമായിരിക്കുമോ? “ഹേയ്.. അതൊന്നുമായിരിക്കില്ല. മഴ ഇടക്ക് ഇങ്ങനെ കളിക്കാറില്ലേ?” ഞാൻ അപ്പോഴും കീഴടങ്ങാൻ തയ്യാറായില്ല. “എന്നാ നിനക്കറിയാഞ്ഞിട്ടാ.” ഷിബുവിന്റെ ശബ്ദം പിന്നെയും ഇടവഴിയിൽ അസ്വാരസ്യം പടർത്തിക്കൊണ്ട് ചിതറി വീണു. കുറേക്കാലം നാട്ടിലില്ലാത്തതിന്റെ ആകാംക്ഷയോടെ ഞാൻ ഷിബുവിനെ നോക്കിയപ്പോൾ അവൻ ആവേശത്തോടെ തുടർന്നു. “ഒരു ദിവസം മ്മടെ ചാരെച്ചീന്റെ പറമ്പിൽ വെള്ളരി വിളഞ്ഞു നിൽക്കുന്നത് നോക്കി കണാരേട്ടൻ പറഞ്ഞു, ‘നല്ല ബത്തക്ക പോലത്തെ വെള്ളരിയാന്നല്ലപ്പാ’ എന്ന്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വെള്ളരി മുഴുവൻ ഉണങ്ങിപ്പോയി. സത്യം. അതിന്റെ പേരിൽ ചാരേച്ചി കണാരേട്ടന്റെ ഓള് കൗസുവേച്ചിനെ പോയി ചീത്ത പറഞ്ഞു. അവസാനം രണ്ടും കൂടി തല്ലിന്റെ വക്കിലെത്തി. മ്മടെ മെമ്പർ പങ്കജാക്ഷൻ ഇടപെട്ടിട്ടാ പ്രശ്നം തീർത്തത്.” ഷിബു എന്തോ വലിയ കാര്യം പറഞ്ഞത് പോലെ ഒന്ന് നിർത്തി എല്ലാവരെയും നോക്കി. “അത് മാത്രമല്ല ഒരിക്കൽ നമ്മുടെ പട്ടാളക്കാരൻ രാജേഷിനെ നോക്കി ‘നല്ല ഓതാറുണ്ടല്ലോ, വെറുതെ പുറത്തിറങ്ങി സൂക്കേടൊന്നും ബെരുത്തണ്ട’ എന്ന് പറഞ്ഞ് രണ്ടാം ദിവസം രാജേഷ് പനി പിടിച്ചു കിടപ്പിലായി. രണ്ടാഴ്ച്ച കഴിഞ്ഞാ എണീറ്റത്. ഇപ്പൊ രാജേഷ് ഓറെ കണ്ടാൽ മാറി നടക്കലാ. മിലിട്ടറിക്കാരന്റെ അവസ്ഥ വരെ ഇതാണ്.” നിയാസ് തന്റെ അറിവും കൂട്ടിച്ചേർത്ത് രംഗം കൊഴുപ്പിച്ചു. “ഇതൊക്കെ വെറും സാമ്പിൾ മാത്രമാണ്. ഷൗക്കത്ത് എഞ്ചിനീയറുടെ പുതിയ ഇന്നോവ കാർ കണ്ട മൂപ്പർ എന്തോ ഡയലോഗടിച്ചു. ഒരു മണിക്കൂർ തികഞ്ഞില്ല, വണ്ടി പോയി മതിലിനിടിച്ച് ആന ചവിട്ടിയ അലുമിനിയം ചെമ്പ് പോലെയായതാ മെയിൻ.”
ഷട്ടർ വലിച്ചു തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ മൊയ്ദീൻക്ക ഷോപ്പ് തുറക്കുകയാണ്. റോഡിൽ നിന്നും ഇടവഴിയിലേക്കു കയറുന്നിടത്ത് ആദ്യത്തെ ഷോപ്പാണ് മൊയ്ദീൻക്കാന്റെ റെഡിമെയ്ഡ് കട. മെയിൻ റോഡിൽ നിന്നും ഇടവഴിയിൽ നിന്നും കടയിലേക്ക് കയറാനുള്ള മാർഗ്ഗമുണ്ട്. ഇടവഴി ഇപ്പൊ അല്പം വലുതാക്കി സിമന്റിട്ടത് കൊണ്ട് ഇരുചക്ര വാഹനങ്ങൾ കടന്നു പോകാറുണ്ട്. മധ്യവയസ്സ് കഴിഞ്ഞ് വാർദ്ധക്യത്തിലേക്ക് വഴുതി വീഴാൻ നിൽക്കുന്ന പ്രായമാണ് മൊയ്ദീൻക്കാക്ക്. അതിനു തൊട്ടപ്പുറത്തു ഷാജിയേട്ടന്റെ പലചരക്കുകടയാണ്. അർദ്ധരാത്രി കഴിഞ്ഞാലും നേർത്ത മഞ്ഞവെളിച്ചം തെരുവിലേക്ക് ചുരത്തിക്കൊണ്ട് ആ കട അടയാതെ കിടക്കുന്നുണ്ടാവും. ഓണം വന്നാലും വിഷു വന്നാലും ഷാജിയേട്ടന് ലീവില്ല. ആകെയൊരു ചെക്കനുള്ളത് കല്യാണം പോലും കഴിക്കാതെ അച്ഛനെ സഹായിക്കുന്നു. പുറത്തു നിന്നും നോക്കിയാൽ ഇരുൾ മുറ്റിയ ഗുഹ പോലെ അനുഭവപ്പെടുന്ന ഷാജിയേട്ടന്റെ കടയുടെ ഉൾഭാഗത്ത് അരിയുടെയും ഉണക്കമീനിന്റെയും പരിപ്പിന്റെയുമൊക്കെ സമ്മിശ്ര ഗന്ധം ഒഴുകിപ്പരക്കുന്നുണ്ടാവും. ചാക്കുകെട്ടുകൾക്കിടയിൽ ഒരാൾക്കു മാത്രം സഞ്ചരിക്കാവുന്ന വഴിയിലൂടെ, ശ്രീലങ്കയുടെ ഭൂപടം പോലെ അവിടവിടെയായി ദ്വാരങ്ങളുള്ള മണ്ണ് പുരണ്ട ബനിയനുമിട്ട്, ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ സാധനങ്ങളുമായി നീങ്ങുന്ന ഷാജിയേട്ടൻ അവിടുത്തെ കാലങ്ങളായുള്ള കച്ചോടക്കാരനാണ്.
“അല്ല, മൊയ്ദീൻക്കാ, കൊറോണയുടെ പുതിയ മോഡലും ഇറങ്ങീട്ടുണ്ട്. ഷോപ്പ് പിന്നെയും പൂട്ടേണ്ടി വരുമോ?” ഞാൻ സാമൂഹിക ബാധ്യത നിറവേറ്റുന്ന ഭാവത്തിൽ ഇടപെടൽ നടത്തി. അല്ലെങ്കിലും ഒരു സാധാരണ മലയാളിയുടെ പൊതുസവിശേഷതയായ മറ്റുള്ളവരുടെ വിഷയത്തിലുള്ള അമിതമായ ‘ചിള്ളിനോക്ക’ലിന്റെ അസുഖത്തിൽ നിന്നും എനിക്കും മുക്തനാകാനാവില്ലല്ലോ. “തുറന്നിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ രാജീവാ. കച്ചോടമൊന്നും ഇല്ലാലോ. എങ്ങനെയെങ്കിലും ഈ മഹാമാരി ഒന്ന് പോയിക്കിട്ടിയാൽ മതിയേനു.” ചെറിയൊരു തുണി കൊണ്ട് ഗ്ലാസിൽ പറ്റിപ്പിടിച്ച ചുവന്ന പൊടി തുടക്കുന്നതിനിടയിൽ മൊയ്ദീൻക്ക പതർച്ചയോടെ തുടർന്നു. അയാളുടെ കണ്ണുകളിൽ വിഷാദവും നിരാശയും കലർന്നിരുന്നു.
“നിങ്ങൾ എന്താണ് ചർച്ച? എന്തോ കാര്യമായിട്ടുണ്ടല്ലോ.”
“ആ കരിനാക്ക് കണാരേട്ടൻ ഇവനോട് നീ ഗുണം പിടിക്കൂല എന്ന് പറഞ്ഞു. അത്കൊണ്ട് രാജീവന് ഒരു ടെൻഷൻ.” ഇവൻ അതെങ്ങനെ കേട്ടു എന്നാലോചിച്ചതോടൊപ്പം തന്നെ ഷിബുവിന്റെ ഡയലോഗിൽ ഞാൻ അപ്പോൾ തന്നെ കയറിപ്പിടിച്ചു. “അനക്ക് ടെൻഷനൊന്നും ഇല്ലപ്പാ. ഇതിലൊന്നും വിശ്വാസവുമില്ല. അങ്ങനെ ഒരാൾ പറഞ്ഞ ഉടനെ കാര്യം നടക്കുമെങ്കിൽ ഓർക്ക് ഈട എന്തെല്ലാം ചെയ്യാ. മൊയ്ദീൻക്കാക്ക് ഇതിലൊക്കെ വിശ്വാസമുണ്ടോ?” നിവർത്തിയിട്ട ചുരിദാർ പീസുകൾ മടക്കി ഷോക്കേസിൽ വെച്ച് മൊയ്ദീൻക്ക അടുത്തേക്ക് വന്നു. “നിനക്കറിയണോ, ഈ കടയുടെ പണി നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ വന്നു നോക്കുമ്പോൾ പുറത്ത് രണ്ട് കോഴിമുട്ടകളുടെ തോട് വെച്ചിരിക്കുന്നു. അയിന്റെ പുറത്ത് കറുത്ത മഷിയിൽ എന്തൊക്കെയോ കുത്തി വരഞ്ഞിട്ടുമുണ്ട്.” “എന്നിട്ട്?” ചോദിച്ചത് ഞാനും സന്ദീപും ഒന്നിച്ചായിരുന്നു. “എന്നിട്ടെന്താ, അപ്പറത്തെ രാജേട്ടനും ഉണ്ടായിരുന്നു. ഞാൻ ഒറോട് പറഞ്ഞ്, ഈ തോടിനു പകരം രണ്ട് ഒറിജിനൽ മുട്ടയായിരുന്നു വെച്ചതെങ്കിൽ രണ്ട് ദിവസം രാവിലെ ചായയുടെ കൂടെ തിന്നായിരുന്നു എന്ന്. അത്രയേ ഉള്ളൂ. ഇതൊക്കെ നടക്കുമെങ്കിൽ പിന്നെ നമ്മളെന്തിനാ പടച്ചോനിൽ വിശ്വസിക്കുന്നത്?” അത്രയും പറഞ്ഞ മൊയ്ദീൻക്കയുടെ വിളറിയ ചുണ്ടുകളിൽ വരണ്ട ചിരി തെളിഞ്ഞു.
പെട്ടെന്ന് പോലീസ് മുന്നിൽ കയറി കൈ നീട്ടിയപ്പോഴാണ് കണാരേട്ടന്റെ ചിന്തകളിൽ നിന്നും വിമുക്തനായത്. എന്നാലും ഇതെവിടുന്നു വന്നു? ഓരോന്നാലോചിച്ചു വണ്ടി ഓടിച്ചത് കൊണ്ടായിരിക്കും ചെക്കിങ് കണ്ണിൽ പെടാതിരുന്നത്. മുന്നിൽ മറ്റൊരു കാറുള്ളത് കൊണ്ട് അതിനെ ഓവർടേക്ക് ചെയ്തു കയറുമ്പോഴാണ് ഒരു പോലീസുകാരൻ റോഡിലേക്ക് കയറി വലതു വശത്തെത്തി കൈ നീട്ടിയത്. എന്തോ ഭാഗ്യത്തിനാണ് ബ്രേക്ക് കിട്ടിയത്. ഇല്ലെങ്കിൽ താനും പോലീസുകാരനും സ്കൂട്ടറും റോഡിൽ കിടന്നേനെ. ചെറുപയർ ഉണ്ടായിട്ടും മുട്ട തന്നെ വേണമെന്ന് വാശി പിടിച്ച ലതയെ ഉള്ളിൽ തെറി പറഞ്ഞു കൊണ്ട് ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി.
“എന്താടാ, എവിടെക്കാ കുറ്റിയും പറിച്ച്?” “സാർ, ഞാൻ കുറച്ച് മുട്ട മേടിക്കാൻ..” സ്വരത്തിൽ പരമാവധി ഭവ്യത നിറച്ച ഞാൻ നിഷ്കളങ്കനായി. നേർത്ത ചിരിയോടെ പറഞ്ഞ പോലീസുകാരന്റെ സ്വരം സൗമ്യമായിരുന്നത് കൊണ്ട് അല്പം ആശ്വാസം തോന്നി. കുറച്ച് മുന്നിലായി ജീപ്പിന്റെ ബോണറ്റിൽ കാല് കയറ്റി വെച്ച് പൈസ മേടിക്കുന്ന പോലീസുകാരൻ എസ്. ഐ. ആയിരിക്കും. കുറേ ആളുകൾ തങ്ങളുടെ ഊഴവും കാത്ത് ജീപ്പിന് ചുറ്റും കൂടി നിൽക്കുന്നുണ്ട്. “വണ്ടി സൈഡാക്കി സാറിന്റെ അടുത്തേക്ക് പോ.” എന്നെ തടഞ്ഞ പോലീസുകാരൻ എന്റെ നിശ്ചലതയും ഉദാസീനമായ നിൽപ്പും കണ്ടപ്പോൾ ശബ്ദമുയർത്തി. അപ്പോൾ അയാളുടെ മൊബൈൽ ശബ്ദിച്ചു. ആ ഒരു നിമിഷം മതിയായിരുന്നു എനിക്ക്. സൈഡാക്കാൻ എന്ന രീതിയിൽ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത ഞാൻ അതിവേഗം പോലീസുകാരനെ മറികടന്ന് മുന്നോട്ട് കുതിച്ചു. അയാൾ ഫോൺ കട്ട് ചെയ്ത് പിന്നാലെ ഓടിയെങ്കിലും ഞാൻ അപ്പോഴേക്കും കുറച്ച് ദൂരം പിന്നിട്ടിരുന്നു. പിന്നാലെ വരുമോ ആവോ? നാട്ടിലെ ഊടുവഴികളെ കുറിച്ച് കൃത്യമായ പരിജ്ഞാനമുള്ള ഞാൻ ആദ്യം കണ്ട മണ്ണിട്ട റോഡിലേക്ക് കയറി. ഇതിലെ പോയാൽ വീടിന്റെ പിറകിലുള്ള റോഡിലെത്താം. ഞാൻ ആശ്വാസത്തോടെ മൂളിപ്പാട്ടിന്റെ അകമ്പടിയോടെ ആക്സിലേറ്റർ കറക്കിക്കൊണ്ടിരുന്നു.
കുറച്ച് കൂടി മുന്നോട്ട് പോയാൽ കിട്ടേട്ടന്റെ പലചരക്കു കടയാണ്. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞു മുന്നൂറ് മീറ്റർ പോയാൽ കിട്ടുന്ന എ. കെ. ജി സ്മാരക വായനശാലയുടെ സൈഡിലൂടെ മണ്ണിട്ട റോഡിലേക്കിറങ്ങി കുറച്ച് മുന്നോട്ട് പോയാൽ വീട്ടിലേക്ക് കയറുന്ന റോഡ് പിടിക്കാം. കിട്ടേട്ടന്റെ പീടികയും കഴിഞ്ഞ് കുറച്ച് പോയപ്പോഴാണ് എതിരെ വരുന്ന മരിച്ച മമ്മുവിനെ കണ്ടത്. “അല്ല രാജീവാ ഇതെന്താ ഈ ബയിലൂടെ ബെരുന്ന്?” വെളുത്ത മുണ്ടും മടക്കിക്കുത്തി മൂക്കിന് താഴെ ഊഞ്ഞാൽ പോലെ തൂങ്ങിയാടുന്ന മാസ്ക്കുമായി നടന്ന് വരുന്ന മമ്മു ലോഹ്യം പറഞ്ഞു. “പെട്ടുപോയതാ.. മമ്മുക്കാ, പോട്ടെ തിരക്കുണ്ട്.” സ്കൂട്ടർ ഒന്ന് സ്ലോ ആക്കി മമ്മുവിനെ കടന്നു പോകുമ്പോൾ അയാൾക്ക് മരിച്ച മമ്മു എന്ന പേര് കിട്ടിയ സംഭവം ഉള്ളിലേക്ക് നേർത്തൊരു ചിരിയുടെ താളത്തോടെ കടന്നു വന്നു.
ചന്ദനമൊട്ട കവലയിൽ ചെറിയൊരു ചായക്കട നടത്തുകയായിരുന്ന മമ്മുവിനെ ഒരു ദിവസം അപ്രതീക്ഷിതമായി കാണാതായി. ഭാര്യ കുഞ്ഞിക്കദീജയും മക്കളായ ഹസ്സനും ഹുസൈനും പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല. രാത്രി കട പൂട്ടുന്നത് കണ്ടവരുണ്ട്. പെയിന്റ് പണിക്ക് പോകുന്ന സജീവൻ പൂട്ടുന്നതിന് തൊട്ട് മുമ്പ് അവിടുന്ന് ചായ കുടിച്ചതുമാണ്. പക്ഷെ ആള് വീട്ടിലെത്തിയില്ല. അന്ന് രാവിലെ കുഞ്ഞിക്കദീജയും മക്കളുമായി സ്വത്തിന്റെ കാര്യത്തിൽ വഴക്കടിച്ച് ‘നിന്നെയൊക്കെ ഞാൻ കാണിച്ചു തരാമെടാ’ എന്നും പറഞ്ഞിട്ടാണ് കടയിലേക്ക് പോയത്. മാസങ്ങളോളം തിരഞ്ഞെങ്കിലും ആളെ കണ്ട് കിട്ടിയില്ല. വീടും കടയും പറമ്പുമെല്ലാം മൂപ്പരുടെ പേരിലുമാണ്. അതാണ് അവരെ ഏറ്റവും കുഴപ്പിച്ചത്. പിന്നീട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ലാതായപ്പോൾ മമ്മു മരിച്ചതായി വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു. ഹോട്ടലിൽ മക്കൾ മാറ്റങ്ങൾ വരുത്തി നടത്താൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ മമ്മു കുന്നുമ്മൽ വീടിന്റെ കോലായിൽ പ്രത്യക്ഷപ്പെട്ടത്. അജ്മീറിലും ഉത്തരേന്ത്യയിലെ മറ്റ് ആത്മീയ കേന്ദ്രങ്ങളിലുമായി തീർത്ഥയാത്രയിലായിരുന്നത്രെ ഇത്രയും കാലം. തുടക്കത്തിൽ കുറേക്കാലം മുംബൈയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു. പിന്നെയാണ് ഭൗതികജീവിതത്തിന്റെ ഭാണ്ഡക്കെട്ടുകളിൽ വിമുഖത തോന്നി ശാരീരികമായും മാനസികവുമായ എല്ലാ തൃഷ്ണകളോടും കാമനകളോടും വിട പറഞ്ഞ് ആത്മീയതയുടെ അനന്തസാഗരത്തിലേക്ക് ശാന്തിയുടെ ഉറവകൾ തേടിയിറങ്ങിയത്. അങ്ങനെ കുറേക്കാലം നിഷ്ക്രിയനായി അലഞ്ഞു തിരിഞ്ഞതോടെ അതും മടുത്തു. അങ്ങനെയാണ് നാട്ടിലേക്ക് തിരിച്ചു വരാനുള്ള മോഹം അകത്തളങ്ങളിൽ ഉറഞ്ഞു തുടങ്ങിയത്. ഇപ്പോൾ മതചിന്തയും വിശ്വാസങ്ങളുമൊക്കെ ഉപേക്ഷിച്ച് യുക്തിചിന്തകളുമായി നടക്കുകയാണ്.
എന്തായാലും മരിച്ച മമ്മു തിരിച്ചു വന്നതായി എല്ലാവരും അംഗീകരിച്ചെങ്കിലും നാട്ടുകാരുടെ വായിൽ ഇപ്പോഴും ആള് മരിച്ച മമ്മുവാണ്. ഇനി മമ്മു ശരിക്കും മരിച്ചാൽ ആളുകൾ എന്ത് പറയുമെന്ന് ഓർത്തതോടെ അല്പം ഉച്ചത്തിൽ തന്നെ ചിരിച്ചു പോയി. വായനശാലയുടെ അടുത്തെത്തിയപ്പോഴാണ് സാജൻ മാഷ് വായനശാല പൂട്ടി പുറത്തേക്കിറങ്ങുന്നത് കണ്ടത്. “മാഷേ, ഇനി വായനശാലയെങ്കിലും പൂട്ടാതിരിക്കണേ. രാവിലെ വന്ന് എല്ലാ പേപ്പറും വായിച്ചാൽ അങ്ങനെയെങ്കിലും കുറച്ച് ടൈം പാസ്സാവുമല്ലോ.” “പത്രം മാത്രമാക്കണ്ട രാജീവാ. ലൈബ്രറിയിൽ നിന്നും നല്ല കുറേ പുസ്തകങ്ങളും തരാം. ഇപ്പോഴെങ്കിലും വായന തുടങ്ങാൻ നോക്ക്.” ചിരിച്ചു കൊണ്ട് സാജൻ മാഷ് അടുത്തേക്ക് വന്നു. “നോക്കാം മാഷേ.” അപ്രതീക്ഷിതമായി പണി ചോദിച്ചു മേടിച്ചതിന്റെ അസ്വസ്ഥത ഉള്ളിലൊതുക്കി സാജൻ മാഷിനെ കടന്നു പോവുമ്പോൾ ചിലയിടങ്ങളിൽ മൗനമാണ് ആരോഗ്യത്തിന് നല്ലത് എന്ന ആപ്തവാക്യം ഹൃദയത്തിൽ മുഴങ്ങി. പണ്ട് ഒരുപാട് വായിക്കുമായിരുന്നു. നല്ലൊരു കൂട്ടായ്മയും വായനയും ചർച്ചയും പ്രതിഷേധങ്ങളുമൊക്കെയായി ജീവിച്ച ഒരു കാലം. അപ്രതീക്ഷിതമായി ദുഃശകുനം പോലെ കടന്നു വന്ന പ്രവാസവും മൊബൈലുമൊക്കെയായതോടെ അതെല്ലാം അവസാനിച്ചു.
സ്കൂട്ടർ പോർച്ചിലേക്ക് കയറ്റി സ്റ്റാൻഡിലിട്ട് അകത്തേക്ക് നടക്കുമ്പോൾ പരിഭ്രമം നിറഞ്ഞ മുഖവുമായി ലത പുറത്തെത്തിയിരുന്നു. “ഇങ്ങള് അറിഞ്ഞില്ലേ? മ്മളെ കണാരേട്ടൻ..” “അറിഞ്ഞു. ഞാൻ അതാണ് വേഗം വന്നത്. അവിടെ ഒന്ന് പോയിട്ട് വരാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ?” ഞാൻ ഷർട്ട് ഊരി മാറ്റുന്നതിനിടെ പറഞ്ഞു. “എന്ത് കാര്യത്തിനാ ഇങ്ങള് പോകുന്നത്? ഓർ കൊറോണ വന്നിട്ടാ മരിച്ചത്. ഇനി ആട പോയി വല്ലതും വരുത്തണോ. തൽകാലം ഏടെയും പോണ്ട. ഈടത്തന്നെ ഇരുന്നാ മതി.” അവളുടെ മുഖത്തെ ദേഷ്യം കണ്ടതോടെ ഞാൻ ഒന്നും മിണ്ടാതെ കട്ടിലിലേക്ക് ചെരിഞ്ഞു. കരിനാക്ക് കണാരേട്ടന്റെ പലവിധ ചെയ്തികളിലൂടെ ഓർമ്മകൾ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഏതോ നിമിഷത്തിൽ നിദ്രയുടെ തണുത്ത കാറ്റേറ്റ് കണ്ണുകളടഞ്ഞു.
അസ്വസ്ഥമായ നിലവിളി ശബ്ദം കേട്ട് ഭാര്യ ഓടിവന്നപ്പോൾ ഞാൻ എഴുന്നേറ്റിരുന്നു ചുമക്കുകയായിരുന്നു. “എന്തു പറ്റി രാജീവേട്ടാ.? എന്താ പറഞ്ഞത്?” അവൾ പുറം തടവിക്കൊണ്ട് ചോദിക്കുന്നു. “എന്തോ ഒരു സ്വപ്നം..” എന്റെ ശബ്ദം ഇടറിയിരുന്നു. “ഓ, സ്വപ്നമായിരുന്നോ?” നിസ്സാര ഭാവത്തോടെ, ഉറക്കത്തിലെപ്പോഴോ ലുങ്കി തെന്നി നീങ്ങി നഗ്നമായ എന്റെ തുടകളിലേക്ക് പുതപ്പ് വലിച്ചിട്ട് അവൾ തിരിച്ചു നടക്കുമ്പോൾ ഞാൻ നന്നായി വിയർത്തിരുന്നു. ഭൂതകാലത്തിലെ ചില കഥാപാത്രങ്ങളും ഭാവവിശേഷങ്ങളും, സമകാലത്തെ അനീതികളോടുള്ള പ്രതിഷേധസ്വരങ്ങളും ധാർമ്മികരോഷവുമെല്ലാം കൂടിച്ചേർന്ന് യുക്തിരഹിതമായി ചിതറി വീണ് സൃഷ്ടിക്കപ്പെടുന്ന അവ്യക്തമായ ചിത്രങ്ങളാണ് സ്വപ്നങ്ങൾ എന്നെവിടെയോ വായിച്ചത് സ്മൃതിപഥത്തിൽ തെളിഞ്ഞതോടൊപ്പം മനസ്സിൽ കരിനാക്ക് കാണാരേട്ടനെ അവസാനമായി കണ്ട രംഗം റീ-പ്ലേ ചെയ്യുകയായിരുന്നു.
ചന്ദനമൊട്ടയിലെ ബസ്റ്റോപ്പിൽ സാബുവുമായി വർത്താനം പറഞ്ഞു നിൽക്കുമ്പോഴായിരുന്നു കണാരേട്ടന്റെ പൊടുന്നനെയുള്ള മുടിഞ്ഞ എൻട്രി. അങ്ങോട്ടെന്തെങ്കിലും പറയാൻ തുടങ്ങിയപ്പോഴേക്കും കണാരേട്ടൻ കരിനാക്ക് വളച്ചിരുന്നു. “എന്റെ കുഞ്ഞുമോനെ.. ഈട നിന്നും പെരങ്ങിക്കളിക്കാണ്ട് പൊരക്ക് പോയി ഇരുന്നോ. കൊറോണ വന്നു ചാവണ്ട.” ഇടിമുഴക്കം പോലെ കണാരേട്ടന്റെ നാവിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ ഒരാഴ്ചയായി തന്റെ ഉറക്കം കെടുത്തിയിരുന്നെങ്കിലും കണാരേട്ടന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഭാസ്മാസുരന്റെ കഥയാണ് ഓർമ്മയിൽ തെളിഞ്ഞത്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഞാൻ പുതപ്പ് ഒന്ന് കൂടി ദേഹത്തേക്ക് വലിച്ചിട്ടു കിടക്കാൻ തുടങ്ങുമ്പോഴാണ് ഭാര്യ മകനെയും കൂട്ടി ധൃതിയിൽ അടുത്തേക്ക് വന്നത്. “രാജീവേട്ടാ ഇങ്ങള് ഈ ചെക്കന്റെ വായിലേക്ക് നോക്കിയേ. നാവിന്റെ താഴെ കറുപ്പ് കാണുന്നു.” വിവശമായ ശബ്ദത്തോടെ കർണ്ണനെ എന്റെ അടുത്തേക്ക് നീക്കി നിർത്തി അവൾ ശ്വാസം വിടാതെ തുടർന്നു. “ഇന്നലെ മിറ്റത്തൂടെ പോവുകയായിരുന്ന ശോഭേച്ചിയോട് ചെക്കൻ ചോദിക്കുവാ ‘ഇങ്ങക്ക് കൊറോണയാണോ ശോഭേച്ചീ’ ന്ന്. ഇന്ന് രാവിലെ ജലദോഷവും പനിയുമായിറ്റ് ഓർ ആസ്പത്രിയിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആണത്രേ. അപ്പോഴാ ഞാൻ ചെക്കന്റെ നാവ് നോക്കിയത്. എന്റീശ്വരാ ഇനിയെന്തൊക്കെ സംഭവിക്കുമോ ആവോ? ഒരാൾ പോയപ്പോ ഇതാ വേറൊന്ന്. നാട്ടുകാരുടെ പ്രാക്ക് കേട്ട് ജീവിക്കാനാണോ എന്റെ മോന്റെ വിധി.”
സ്വന്തം വൈഷമ്യങ്ങൾ പരാതികളാക്കി മാറ്റി കണവന്റെ തലയിലേക്കിടുന്ന ഒരു ടിപ്പിക്കൽ പെമ്പറന്നോത്തിയുടെ ആഹഭാവങ്ങളോടെ അവൾ നിലവിളിച്ചു കൊണ്ടിരിക്കെ, ഇതുവരെ പെയ്യാതെ വന്നും പോയുമിരുന്ന ഇരുണ്ട കാർമേഘങ്ങൾ അപ്രതീക്ഷിതമായി മഴനൂലുകളായി തിമിർത്തു പെയ്യുന്ന ശബ്ദത്തിന്റെ മുഴക്കത്തിൽ, ജാലകവിരികളെ വകഞ്ഞു മാറ്റി അകത്തേക്ക് നുഴഞ്ഞു കയറിയ മഴക്കാറ്റിന്റെ വന്യമായ തണുപ്പിൽ ഞാൻ കർണ്ണന്റെ വായിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു.