മരിച്ചവരുടെ ഓണം

എല്ലാവരും ഒരുമിച്ചങ്ങനെയിരിക്കും
ഇപ്പോഴെന്തൊരു ഓണം
പണ്ടൊക്കെയല്ലേ ഓണമെന്നയവിറക്കും.

അയയിൽ ഉണങ്ങാനിട്ട
ബലികാക്കയുടെ ഉടുപ്പെടുത്ത്
തേച്ച് മടക്കി അലമാരയിൽ വെക്കും.
കർക്കിടകം കഴിഞ്ഞല്ലോ.!

ഭൂമിയിൽ പ്രിയപ്പെട്ടവരുടെ
വീട്ടിലെ സദ്യയുടെ
മണം കാത്ത് കാത്ത്
സൊറ പറഞ്ഞവരിരിക്കും
അടഞ്ഞമുറിയിലിത്തിരി-
വെട്ടത്തിൽ
സദ്യ വിളമ്പിയാലൊറ്റ- നിമിഷത്തിലവരെത്തും

മധുരമെന്ന് പറഞ്ഞ്
പണ്ട് മാറ്റിവെച്ച
പായസമടക്കമെല്ലാം
തൊടാതെ തിന്നും!
ആരെങ്കിലും വരുന്നതിനു മുമ്പ്
മുറി വിട്ടിറങ്ങിപ്പോകും.

നവമാധ്യമങ്ങളിൽ എഴുതുന്നു. മൂന്ന് സമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള സർവകലാശാലയിൽ ജോലി . തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി .