വഴിയിലവസാനം

ഒരു ദിവസം നിന്നെയും
വിട്ടു പോകും.
നാടും വീടും പേരും വേരുമു-
പേക്ഷിച്ചിങ്ങനെ നടന്നുനീങ്ങും.

ഹൃദയം കൊരുത്തിട്ടവളുമായിനിയൊരു
വരിയും പാടി തീർക്കാനില്ല.
ഉണ്ണാനുമുറങ്ങാനുമൊരു
കൂരക്കു കീഴെ കാത്തിരിക്കാതെ
ആ അമ്മ-വിളക്കും അച്ഛൻ-വഴിയു
മെങ്ങോ മാഞ്ഞു.

ഓടിക്കൊണ്ടിരിക്കെയൊരു
ക്ലോക്ക് നിലച്ച പോലെ,
പച്ചില പഴുക്കും മുമ്പേ
ഞെട്ടറ്റ പോലെ,
ഒരു ഞെട്ടലോടെ..

പല മുഖമായ് ചുറ്റിലും
പടർന്നൊരാൾ,
ചിരിയായ്, വിങ്ങലായ്,
കടലായി അലറി,
മഴയായി പെയ്തൊടുക്കം
തെക്കേതിലെ മുല്ലക്കരികെ
ഒരുമൺകൂനയായി മാറുമന്ന്.

പറഞ്ഞു ചിരിച്ച കഥകളും
അടച്ചുതീർത്ത ഇൻസ്റ്റാൾമെന്റും
പിൻ നമ്പർ കാത്തു കിടക്കുന്നൊരു
പെയ്മെന്റുമാകെ വിങ്ങലായങ്ങനെ..
ആ ഭാരത്തിനു മീതെ എല്ലാരും
ചേർന്നൊരു കല്ലെടുത്തുവെച്ചു,
മുറിവിലുപ്പു പുരട്ടി പിരിഞ്ഞു പോയി.

സൂര്യൻ കിഴക്കുദിച്ചെല്ലാ-
ചക്രങ്ങളും കണക്കിലങ്ങനെ കറങ്ങി.
വല്ലായ്മ കണക്കു
നിരത്താതെ, തിരക്കില്ലാതെ
ആരുമില്ലാതെ ഞാൻ മാത്രമോർത്തു,
ഓർക്കാപ്പുറത്താൾക്കൂട്ടത്തിൽ
നിന്നറ്റുപോയ മരങ്ങളെ,
അവരോടിക്കിതച്ച ദൂരം, ഒച്ച വെച്ച
വഴികൾ, ഇനിയില്ലാരുമില്ലൊന്നുമില്ല,
തനിയെ, സ്വസ്ഥം, ശുഭം !

ഉമ്മറത്തഴയിൽ തൂക്കിയ ഷർട്ടിന്റെ
പോക്കറ്റിലിടം തികയാതെ
അമ്മേടെ ഗുളികയും
കുഞ്ഞേട്ടനന്നു കൊടുക്കാമെന്നേ –
റ്റൊരൊറ്റനോട്ടും തമ്മിലിപ്പോൾ
യുദ്ധം കഴിഞ്ഞുടമ്പടിയിലെത്തിക്കാണും,

ഒടുക്കമവരും പറയും :
ഒരു ദിവസം നിന്നെയും
വിട്ടു പോകും.
നാടും വീടും പേരും വേരുമു-
പേക്ഷിച്ചിങ്ങനെ നടന്നുനീങ്ങും.

കോഴിക്കോട് ജില്ലയിലെ പുവ്വാട്ടുപറമ്പ് സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ പി ജി സ്റ്റഡീസ് ഇൻ സോഷ്യൽവർക്ക്, സുൽത്താൻ ബത്തേരിയിൽ രണ്ടാം വർഷ ബിരുദ്ധാനന്തര ബിരുദ വിദ്യാർത്ഥിനി.