തിരിഞ്ഞു നോട്ടം
———————
വയലിൽ അന്ന് കേട്ട അവസാനത്തെത്തവളയുടെ
കരച്ചിലിന്റെ അർത്ഥം…
എനിക്ക് മനസ്സിലായില്ലായിരുന്നു.
ഇടിച്ചു നിരത്തിയ മൊട്ടക്കുന്നിന്റെ
ഗർഭപാത്രം ചോർന്ന്
ഉറവ ചീറ്റിയത് കണ്ടിട്ടും
കണ്ടില്ലാന്ന് നടിക്കാനായിരുന്നു
അന്ന് ഞാൻ ശ്രമിച്ചത്..
കാതൽ നഷ്ട്ടപ്പെട്ട മാമരങ്ങളുടെ
അനാഥരായ വേരിൻ കുഞ്ഞുങ്ങൾ
ഭൂമിക്ക് മുകളിൽ വന്ന് കാലിൽ
പിണഞ്ഞപ്പോഴും… അവർക്ക്
പറയാനുള്ളത് ഞാൻ കേട്ടില്ല.
ഇന്നിപ്പോ ….
പേമാരി വന്ന് ഉരുളങ്കല്ലുകൾ
വീടിനെ വിഴുങ്ങി….
വയലും വഴിയും
പ്രളയം വന്നു കവർന്നു…
കലങ്ങിയ മാനത്തേക്ക്‌നോക്കി
മലർന്ന് കിടക്കുമ്പോ തോനുന്നു
ഇടക്കൊക്കെ ഒന്ന് …
തിരിഞ്ഞു നോക്കാമായിരുന്നെന്ന്
അതെ… , ഇടക്കൊക്കെ ഒന്ന്
തിരിഞ്ഞുനോക്കാമായിരുന്നു.
അവാർഡ്
————-
ഇന്ന് ഒത്തിരി പണിയുണ്ട്.
വീടുപണി തകൃതിയായി നടക്കുന്നു,
ആറടി പോക്കത്തിലുള്ള തിട്ട
ഇടിച്ചു നിരത്താനുണ്ട്.
ഒരു വേപ്പും, പ്ലാവും, ഉപ്പിലയും
മുറിച്ചു മാറ്റാനുണ്ട്.
തെങ്ങ് അവിടിരുന്നോട്ടെ രണ്ട്
തേങ്ങയെങ്കിലും കിട്ടുമല്ലോ..?.
അതും കഴിഞ് പണിക്കാർക്ക്
കൂലിയും കൊടുത്തു.
നേരെ തലസ്ഥാനത്തേക്ക്
വണ്ടി കയറണം.
നാളെയാണ് ആ ചടങ്ങ്.
പ്രകൃതിയും ഞാനുമെന്ന എന്റെ
ഏറ്റവും പുതിയ കവിതയ്ക്ക്
സംസ്ഥാന തലത്തിൽ അവാർഡ്
കിട്ടുന്ന മഹത്തായ ആ ചടങ്ങ്.
നടൻ
——-
പൊട്ടിക്കരച്ചിലിനെപ്പോലും
ഒരു കുഞ്ഞു പുഞ്ചിരിക്കു-
പിറകിലൊളിപ്പിക്കാൻ അവനു
അനായാസം കഴിയുമായിരുന്നു…
അതൊണ്ടല്ലേ അവനെഅവൻ
*നടൻ*എന്നുവിളിക്കുന്നത്…….
പക്ഷെ…
ഇടയ്ക്കെപ്പോഴോആ മുഖംമൂടി
കൂടി നഷ്ടമായതോടെയാണത്രേ
അവനാദ്യമാദ്യം മുഖം മറച്ചു
നടക്കാൻ തുടങ്ങിയത് …….
പിന്നീട് മെല്ലെ മെല്ലെ
ഉടലോടെ അപ്രത്യക്ഷനായത്.