ഇലകൾ പറയുന്നത്

നിലാവ് പുലരുമ്പോൾ
കാതോർത്താൽ കേൾക്കാം
ഇലകളുതിർക്കും സാന്ദ്രമർമ്മരം
തെന്നലേതോ രാഗം തീർത്തതിൻ
തന്ത്രികൾ മീട്ടുവതും.

ഇലകളുടെ ലാസ്യനൃത്തതാളം
മൂകമെന്നിൽ നിറയെ
എന്തൊരു കുളിരാണെൻ സ്വപ്നം!
മിന്നിമായും ഭാവഭേദങ്ങൾക്കെന്തുണർവ്വാണ്!

ഇലകളുടെ നിശ്ശബ്ദ മർമ്മരം
എന്നെ വിളിച്ചിറക്കിക്കൊണ്ടുപോകാറുണ്ട്
നിശാചരിയുടെ സ്വപ്നങ്ങളിലേക്ക് .
എന്നുടലുതൊട്ടെന്നെത്തഴുകിയകലുമ്പോൾ
നിലാവുകൊണ്ടൊരു-
പുഞ്ചിരിയെന്റെ കണ്ണിൽ നിറച്ച്
പതിഞ്ഞ താളത്തിലൊരുറക്കുപാട്ടു –
പാടുന്നുണ്ടോരിളം തെന്നൽ.

കടലുറങ്ങും നേരം
ഉരുളും വെള്ളാരംകല്ലുകളും
ഇലകളും തമ്മിൽ പറയുന്നത്
പാതിരാവിൽ എന്നിലലിയും നിന്നെക്കുറിച്ചാകാം!

മിന്നി മറയുന്ന മിന്നാമിന്നികളും
ഇലയനക്കത്തിന്റെയോളങ്ങളിലാണ് .
രാവേറെ നീളും ലാസ്യനൃത്തത്തിന്നവസാനം
ഉതിർന്നു വീഴുന്ന വിയർപ്പുതുള്ളികളാണ്
തുഷാരമത്രെ
പകൽപ്പൂരം
പറഞ്ഞു പറഞ്ഞു
ചിരിച്ചു ചിരിച്ച്
തളർന്നു വീഴുന്നവരത്രേ
ഞെട്ടറ്റ ഇലകൾ.

തൃശ്ശൂർ സ്വദേശി, എറണാകുളത്ത് സ്ഥിരതാമസം. സെക്രട്ടേറിയറ്റിൽ നിയമവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ഇപ്പോൾ കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയിൽ ഡെപ്യൂട്ടഷനിൽ ജോലിചെയ്യുന്നു