പ്രമേഹത്തറവാട്

ചരകൻ്റെ കാലത്തേയിവിടുള്ളതത്രേ
മധുരത്തിൻ പര്യായമായ വീട്
പ്രജ്ഞാപരാധത്തിൻ വള്ളികൾ മൂടിയ
നടുമുറ്റമുള്ള പഴയവീട്.

പടിപ്പുരവാതിൽ തുറക്കുമ്പോൾ തന്നെയാ
മധുരത്തിൻ മണമങ്ങൊഴുകിയെത്തും
പൊന്തിയവയറുള്ള ശോഷിച്ചകാലുള്ള,
ആഢ്യക്കിഴവനും മുന്നിലെത്തും.

മുറ്റത്തുതന്നെ നിരന്നുകിടപ്പുണ്ട്
അഞ്ചാറുവണ്ടികൾ ചന്തത്തിലായ്
നൂറടിപോലും നടക്കാൻമടിയുള്ള
നാലു ചെറുമക്കളുമ്മറത്തും.

തലമുറതോറും പകരുന്നതത്രേ
ജനിതകദോഷമാം ഈ പ്രമേഹം
വ്യായാമശീലം പകരാതിരുന്നതാ-
ണാദ്യത്തെന്യൂനത ആരറിയാൻ.

തെക്കിനിചായ്പ്പിലെ കഷായപ്പാത്രത്തിൽ
വറ്റിക്കുറുകുന്നു തിക്തഗന്ധം
കാറ്റിൽപ്പറക്കും പതിരുപോലുള്ളോരു
മധുമേഹമുത്തശ്ശിയുണ്ടവിടെ.

പത്രാസുകാരിയാം കൊച്ചമ്മയ്ക്കാവട്ടെ
കഷായശീലത്തിൽ തൃപ്തിയില്ല
ഇൻസുലിൻ സൂചിയും പോരാതെവന്നവർ
ഇൻസുലിൻപമ്പതു തേടിപ്പോയി.

മത്തൻ പടർന്നതൊടികളിലൊക്കെ –
യുമാഫ്രിക്കനൊച്ചു നിരങ്ങിടുന്നു
താനേ മുളച്ച തകരയും, താളുമോ
വാർദ്ധക്യമായി മരിച്ചിടുന്നു.

ഗവ: ആയുർവേദ മെഡിക്കൽ ഓഫീസർ. ജനപ്രിയ ആയുർവേദ പംക്തിയായ ഞായറാഴ്ചക്കുറുക്കിലൂടെ ആയുർവേദ സമസ്യകളെ ലളിതമായി സംവേദിക്കുകയും, ജനപക്ഷചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും കവിതകളും ലേഖനങ്ങളും എഴുതുന്നു