മണിരത്നം സംവിധാനം ചെയ്ത ‘ബോംബെ’യിലെ ‘കണ്ണാളനേ..’ എന്ന പാട്ടോർമ്മയുണ്ടോ.?
ആ പാട്ടിലെ മനീഷ കൊയ്രാളയുടെ എൻട്രി കണ്ടപ്പോഴാണ് അവരോട് ആദ്യമായി പ്രണയം തോന്നുന്നത്. അന്നെനിക്ക് ഇരുപത്തിനാല് വയസ്സാണ്. (ഇരുപത്തിനാലാം വയസ്സിലാ സിനിമാനടിയോട് പ്രണയം തോന്നണ്ട്?! വായിക്ക്ന്ന നിങ്ങക്കെന്തും പറയാ.. നമ്മളെ കാര്യം നമ്മക്കേ അറിയൂ.)
നേപ്പാളിൻ്റെ മരുമകനായി സ്വയം അവരോധിച്ച്, കാഠ്മണ്ഡുവിന്റെ താഴ്വാരങ്ങളിൽ മനീഷയ്ക്കൊപ്പം വെർച്വൽ മധുവിധു ആഘോഷിക്കാൻ തയ്യാറെടുത്ത നേരത്തെല്ലാം കണ്ണാടിയിലെ എൻ്റെയാ ശത്രു വന്ന്, ഉള്ള ആത്മവിശ്വാസം ബലമായി തട്ടിപ്പറിച്ച്, കയ്യിലിട്ട് തിരുമ്മി, അനിക്സ്പ്രേയാക്കി തിരിച്ചു തരുമായിരുന്നു.
“വല്യ അർവിന്ദ് സാമിയാന്നാ വിചാരം. നെറ്റീടെ വീതി കണ്ടാലും മതി. നടുലേ ഒര് നെറ്റ് കെട്ടിയാ.. വൈന്നേരം നമ്മക്ക് ഷട്ടില് കളിക്കാം.. “
നേപ്പാളുമായി ഇന്ത്യയുടെ നയതന്ത്രം കൂടുതൽ ഊഷ്മളമാകാനുള്ള അസുലഭ സന്ദർഭം പോലും ഇല്ലാതാക്കിയ, എൻ്റെ അതിവിശാല നെറ്റിയെ അരവിന്ദ്സാമിയെ വെറുത്തതിലും നൂറിരട്ടി വെറുക്കാൻ തുടങ്ങി.
മനീഷയെ മനസ്സുകൊണ്ട് പ്രണയിച്ചതിന്, എൻ്റെ നെറ്റിയെ, മുകളിലെ മുടി മുഴുവൻ വിരലുകൾക്കിടയിലാക്കി ‘ഫിങ്കർ കട്ടിംഗ് ‘ ചെയ്ത് നാട്ടുകാർക്ക് മുന്നിൽ പ്രദർപ്പിച്ച് ബാർബറായ നേപ്പാളിപയ്യൻ പ്രതികാരം ചെയ്യാൻ തുനിഞ്ഞു.
“ഝോഡാ കം കാട്ടോനാ.., യാർ..!” എനിക്ക് സങ്കടം വന്നു.
“അച്ഛാ ദിക്തേ ഹേ സർ.. ബിൽകുൽ വോ ജൈസാ.” ചുവരിലെ അരവിന്ദ്സാമിയുടെ ഫോട്ടോ കാണിച്ച് ആ പയ്യനെൻ്റെ നെഞ്ചിനിട്ട് ചവിട്ടി.
നാലണേൻ്റെ ചിലവില്ലാതെ ഉരുളുന്ന ഒരേ ഒരു ചക്രേ ഉള്ളൂ, കാലചക്രം. ആരും പോയി ഉരുട്ടേം വേണ്ടാ, ചുമ്മാ ഉരുണ്ടോളും. അങ്ങനെ ഏഴുകൊല്ലം ഉരുണ്ടുകഴിയുമ്പോഴാണ് വീട്ടുകാർക്ക് ഞാൻ പുരനിറഞ്ഞ് നിൽക്ക്യാണ്ന്ന് ഓർമ്മ വന്നേ.
ലീവിന് നാട്ടിൽവന്ന ദിവസം വൈന്നേരം ബ്രോക്കർ കൃഷ്ണേട്ടൻ ചായേല് മുക്കിയ ദുബായ് ബിസ്കറ്റ് വായിലേക്കിട്ട് നടത്തിയ ആ വെളിപ്പെടുത്തല് കേട്ട് ഞാൻ അന്തം വിട്ടു.
“മോനിത് കേൾക്കണം കേട്ടാ, കേട്ടക്കാർക്ക് പെണ്ണ് കിട്ടാൻ ലേശം പാടാന്ന്.. “
മോളീന്ന് ചിലച്ച പല്ലിക്കൊരേറ് വെച്ച് കൊടുത്താലോന്ന് ആലോചിക്കുമ്പോഴാണ്, കൃഷ്ണേട്ടൻ്റെ ആ തെരെഞ്ഞെടുപ്പ് വാഗ്ദാനം വരുന്നത്..
“മ്മക്ക് ശരിയാക്കാ.. “
ശരിയാക്കാനായി കൃഷ്ണേട്ടൻ ഒരഞ്ഞൂറ് വാങ്ങി, ശരിയായില്ല. പിന്നേം വാങ്ങി, അഞ്ഞൂറ്. ന്ന്റ്റും ശരിയായില്ല. ഇതിനിടേൽ ബ്രോക്കർ രാഘവേട്ടനും സുകുമാരനും രാജീവനും നൂറും ഇരുനൂറും വാങ്ങി തോറ്റ് തുന്നം പാടി. രണ്ടാഴ്ച കൊണ്ട് ഞാൻ കണ്ട പെൺകുട്ടികളുടെ എണ്ണത്തെ രണ്ടുകൊണ്ട് ഗുണിച്ച് ഒന്ന് കൂട്ടിയാൽ എൻ്റെ ഉയരം സെൻ്റിമീറ്ററിൽ കൃത്യമായി കിട്ടും.
അതിനിടയിലൊരു ദിവസം ടൗണീന്ന് വീട്ടിലേക്ക് ഓട്ടോയിൽ വരുമ്പോ, ഡ്രൈവർ ശശിയേട്ടൻ, തൻ്റെ ടൂൾബോക്സിലെ സ്ക്രൂഡ്രൈവർ പോലെ ഷാർപ്പായ ആ ചോദ്യമെടുത്ത്, എൻ്റെ കഴുത്തിനിട്ട് കുത്തി.
“നിന്ക്ക് പെണ്ണൊന്നും ശരിയായിറ്റ്ലല്ലേ..?”
“ശശിയേട്ടാ.. അത് പിന്ന കേട്ടക്കാർക്ക്…. “
“തൃക്കേട്ട്യാ നീ..! ന്നാ പിന്ന നോക്കണ്ട. മ്മളെ മച്ചിൻന് ഒരു കൊല്ലായിറ്റ് ശരിയായിറ്റ്ല.. “
“ലീവിപ്പം തീര്വേ.. അദ്ദാന്നൊര്..”
“എനക്കറീന്നൊര് കുട്ടീണ്ടേ.. നല്ല സുന്ദരിപ്പെണ്ണാന്ന്.. പക്ഷേ ജാതി വേറ്യാന്ന്.. “
“അത് പ്രശ്നല്ല ശശിയേട്ടാ.. നമ്മക്കൊന്ന് പോയിക്കാണാ.. “
ദൈവായിറ്റാ ശശിയേട്ടൻ്റെ ഓട്ടോല് കേറാൻ തോന്നിച്ചേ, ഞാനോർത്തു. അറുപതിന് പകരം നൂറ് കൊടുത്ത്, അടുത്ത ദിവസം പെണ്ണ്കാണാൻ പോവാനുള്ള സമയും പറഞ്ഞ് പിരിയുമ്പം ശശിയേട്ടൻ്റെ ഓട്ടോ, പ്രതീക്ഷയുടെ തേരായി മാറുന്നത് ഞാൻ നോക്കി നിന്നു.
പിന്നേറ്റ് രാവിലെ, കാറ്റ് മാത്രം വരുന്ന ഡീഓഡറൻ്റ് കുപ്പി മൂന്ന് പ്രാവശ്യം കുലുക്കി, ഒളിച്ചിരുന്ന മൂന്ന് നാല് തുള്ളികളെ പുറത്ത് ചാടിച്ച്, ശശിയേട്ടൻ്റെ ഓട്ടോയിൽ ഞാനും സുഹൃത്തും സുന്ദരിപ്പെണ്ണിൻ്റെ വീട്ടിലേക്ക്.
“ഓളിപ്പം മംഗലാപുരത്ത് പഠിക്കേന്ന്.. രണ്ടാഴ്ച കൂടുമ്പേ വരലില്ലൂ.. ഇനിപ്പം അടുത്താഴ്ച വരും ” പെണ്ണിൻ്റെ അമ്മാമ്മ. അവര് മാത്രേ വീട്ടിലുള്ളൂ. പെൺകുട്ടിയുടെ അച്ഛനും അമ്മയും ദൂരെയേട്യോ പോയിരിക്കുന്നു.
ഉറങ്ങിക്കിടക്കുന്നവനെ വിളിച്ച് ചോറില്ലാന്ന് പറഞ്ഞപോലെയാ തൻ്റെ അവസ്ഥാന്ന് മനസ്സിലാക്കിയ ശശിയേട്ടന് എൻ്റെ മുന്നിലൊര് ഫേസ് സേവിംഗ് അത്യാവശ്യമായിരുന്നു. അങ്ങനെ ശശിയേട്ടനാ ചോദ്യം ചോദിച്ചു.
“പെണ്ണിൻ്റെ ഫോട്ടോ ഇണ്ടാ.. തൽക്കാലം കാണാലാ…”
“ഫോട്ടോന്നുല്ല മോനേ.. മോള കണ്ടാ.. ദാ.. അത് പോല്യാന്ന്.. ” ചുവരിലെ കലണ്ടർ കാണിച്ച് അവർ പറഞ്ഞു. കലണ്ടർ കണ്ടതും ഞാൻ വേറേതോ ലോകത്തെത്തിയ പോലെ.
അതന്നെ, ബോംബെ സിനിമയിലെ, കണ്ണാളനേ പാട്ട് സീനിലെ, മനീഷ കൊയ്രാള..!
ഒരു നിമിഷം മനീഷയുടെ കണ്ണുകൾ ചലിച്ചുവോ..? ചലിച്ചു, ചുണ്ടുകൾ അനങ്ങി..
മനീഷ മുന്നിലേക്കിറങ്ങി വന്നു.
പാട്ടൊഴുകി.
वो हमसे हम उनसे कभी ना मिले कैसे मिले दिल ना जानूं…
“മനീഷേന പോല്യാ..?” സുഹൃത്തിൻ്റെ ചോദ്യം, എന്നെ സമനില കൈവരിക്കാൻ സഹായിച്ചു, മനീഷയെ ഞാൻ കലണ്ടറിലേക്ക് തിരിച്ച് പ്രതിഷ്ഠിച്ചു.
“ആ… മോനേ.. അതേ പോല്യാന്ന്.. ഈട എല്ലാരും മോള അതെന്നെ വിളിക്കല്… “
മനീഷയും ഞാനും തമ്മിൽ ജന്മാന്തരങ്ങളായി ബന്ധമുണ്ടെന്ന് ഞാനാ നിമിഷം ഉറപ്പിച്ചു.
“ഞങ്ങളെന്നാ പിന്ന വരാ.” ശശിയേട്ടൻ
വീട്ടിന് പുറത്തേക്കിറങ്ങിയ ഞങ്ങളോട്, എല്ലാ പ്രതീക്ഷകളും തകിടം മറിച്ച്, അമ്മാമ്മയുടെ ആ ചോദ്യം വന്നു.
“നിങ്ങളെ വീട്ടുപേരെന്നാന്ന്…?”
“കോടിയത്ത്..”
“പൊതാൾശ്ശമ്മാരാ.. “
“ചെക്കനതേ… നമ്മ നിങ്ങളെ അസ്മാദിയാന്ന് “, ശശിയേട്ടൻ ചിരിച്ചു.
“അയ്യോ മക്കളേ.. അത് ശരിയാവൂല.. ജാതി മാറി കയിക്കാനൊന്നും ഓളച്ഛൻ വ്ടൂല.. ഓനീട അമ്പലത്തിൻ്റെല്ലും..”
പ്രതീക്ഷയുടെ തേര്, കാണക്കാണെ ഓട്ടർഷയാവുന്നത് സഹനത്തിൻ്റെ പരിധിക്കപ്പുറത്തായിരുന്നു..
“ഡാ.. വിനൂ.. നമ്മക്കാ മനുസൃമ്തി ഒന്നൂടെ കത്തിച്ചാലോ.. ” ഞാൻ സുഹൃത്തിനോട് ചോദിച്ചു.
“നീ നിൻ്റെ കോപ്പിയല്ലേ കത്തിക്കൂ.. പെണ്ണിൻ്റച്ഛൻ്റെ കോപ്പി ആര് കത്തിക്കും… നീ പേടിക്കേണ്ട.. നിൻ്റെ മനീഷ വരും.. “
“ഉം.. വരുമായിരിക്കും..”
“ന്നാ.. നമ്മക്ക് വിടാല്ലേ.?” ശശിയേട്ടൻ.
ഹീന്ദീൻ്റെ എബീസീഡി അറിയാത്ത ശശിയേട്ടന് ആ നേരം വെക്കാൻ തോന്നിയതൊരു ഹിന്ദിപ്പാട്ട്,
अब तेरे बिन जी लेंगे हम..
ज़हर ज़िन्दगी का पी लेंगे हम..