ഞാൻ കുട്ടിയും
അവളമ്മയായും മാറുന്ന
ദിനങ്ങളാണിപ്പോൾ.
വാത്സല്യം കൊണ്ട് പൊതിഞ്ഞ് മൂടി
തലതുവർത്തി
നിറുകയിൽ രാസ്നാദി പൊടി തിരുമ്മി
നെറ്റിയിൽ ചന്ദനക്കുറി തൊട്ട്
വെറുതെ അലങ്കരിക്കും
പുറത്ത് പോവാത്ത എന്നെ.
അനുസരണകേട് കാണിക്കുമ്പോ
ചുട്ട അടിയും.
അതിശയമാണ്,
എത്ര വേഗമാണ്
അവളിലെ കരുതലുകൾ
എന്നിലേക്ക് മാത്രമായ്
പെയ്ത് തോരുന്നത്.
എന്നിലെ സിംഹത്തെ
പൂച്ചക്കുട്ടിയാക്കി –
മടിയിലിരുത്തിയത്.
കാലുരണ്ടും നിവർത്തി
മടിയിൽ കിടത്തി
മുടിയിഴകളിലൂടെ കൈവിരലുകളോടും.
(അമ്മയുടെ പതിവായിരുന്നു അത്)
സിത്താറിൻ കമ്പികൾ മീട്ടുന്ന പോലെ…
” ഓമനത്തിങ്കൾ കിടാവോ” പാടും.
മകൾ വന്നാൽ
മുതിർന്ന പെണ്ണിനെ പോലെ കാണും
അവളുടെ ശിങ്കാര പെയ്ത്തിൽ –
അലിഞ്ഞ് ചേരില്ല.
ചിട്ടവട്ടങ്ങളുടെ വൃത്തത്തിനുള്ളിൽ നിർത്തും.
പഠിപ്പിച്ച് കൊണ്ടേയിരിക്കും.
ഞാൻ , അച്ഛൻകുട്ടിയായി
“ഞാനൊന്നും അറിഞ്ഞില്ലേ
രാമനാരായണ” എന്ന മട്ടിൽ.
രണ്ട് കുട്ടിക്കൾക്കുമിടയിൽ
അവളൊരു അമ്മ വാഴ്ചയുടെ
തേരോട്ടത്തിലാണ്.
മടുപ്പ് എന്തെന്നറിയാതെ,
പരാതികളൊ,
പ്രതിഷേധങ്ങളൊ, ഇല്ലാതെ.