മറുപാതിയിടം ശൂന്യമാണ്…
ആളും ആരവങ്ങളും കെട്ടടങ്ങിയ
ശ്മശാന ഭൂമിപോലെ.
മരുഭൂമിയായിരുന്നു അവിടം
എത്ര നനച്ചിട്ടും
ഒറ്റവേരുപോലും ആഴ്ന്നിറങ്ങാത്ത
വെറും പാഴ്നിലം
അലോസരപ്പെടുത്തുന്ന ആ ദിനങ്ങൾ
ഓർമ്മയിൽ സൂക്ഷിക്കുവാൻ
മൗനത്തിന്റെ ഭാഷയിൽ
മറുപാതിയുടെ കൈയ്യൊപ്പോടെ
ഒരു നുറുങ്ങു കവിത…
ഒക്ടോബറിലെ
നീണ്ട രാവുകളിൽ
തണുത്ത വിരലുകളും
അഗ്നി ചൊരിയുന്ന കണ്ണുകളും
പരസ്പര വിരുദ്ധമാം ഉടലുകളിൽ
മറുപാതിയ്ക്കെന്നും നിന്ദാഭാവവും.
കനവുറങ്ങുമ്പോൾ മറുപാതിയിടത്തിൽ
കൂട്ടിനെത്തുന്നു
ചിറകുള്ള നിഴലുകൾ
ദീർഘനിദ്രയ്ക്കെന്നും
നിഴലിന്റെ കറുപ്പാണ്
പിന്നെയും
പ്രഭാതങ്ങളിൽ ശ്വാസമുറഞ്ഞു
വീർപ്പുമുട്ടുന്നു…
കവിത പിറക്കുന്ന
സുന്ദര നിമിഷത്തിൽ
മറവിയുടെ ചവറ്റുകുട്ടയിൽ
മറുപാതിയിടം
ചിന്താശകലങ്ങളായി ചുരുണ്ടു കിടക്കുന്നു.
നാൾക്കുനാൾ നീളുന്ന
സ്വപ്‌നങ്ങളൊക്കെയും
പുനർജന്മത്തിനായി കാത്തിരിക്കുന്നു.