“നിങ്ങൾക്ക് എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ? ” ഒന്നു നിറുത്തിയിട്ട് അയാൾ തുടർന്നു. “പട്ടി കടിക്കുമോ, പാമ്പു കൊത്തുമോ, അദ്ധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുമോ എന്ന ദൈനംദിന വേവലാതികളല്ല ഞാൻ ഉദ്ദേശിച്ചത്.” ശബ്ദം താഴ്ത്തി ഒരു രഹസ്യം പോലെ മന്ത്രിച്ചു
“അടുത്ത നിമിഷം എന്തും സംഭവിച്ചേക്കാമെന്ന അരക്ഷിതബോധം, അടുത്ത ഒരു ചുവടിൽ അത്യാഗാധമായ ഒരു കൊക്കയിലേക്ക് പതിയ്ക്കുമെന്ന അറിവ്, കൺമുന്നിൽ രക്തം മുഴുവൻ തണുത്തുറഞ്ഞു കട്ടിയാകുന്ന ഒരു ബീഭൽസ ദൃശ്യം, അതുമല്ലെങ്കിൽ നിങ്ങളുടെ ഉള്ളിലൂടെ മിന്നൽപ്പിണർ പോലെ പായുന്ന കൊടിയ വേദന ?”
ഇത്രയും പറഞ്ഞ് അയാൾ ഒരു ചോദ്യചിഹ്നം പോലെ കസേരയിൽ എനിയ്ക്കു നേരെ തിരിഞ്ഞിരുന്നു.
ഇരുട്ടിത്തുടങ്ങുന്ന സന്ധ്യാസമയത്ത് ആ വരിയിൽ ഞാൻ അവസാനത്തെയാളായിരുന്നു. എനിയ്ക്ക് തൊട്ടു മുൻപുള്ള കസേരയിൽ അയാളും. രണ്ടു ദിവസമായി പല്ലുവേദന എന്നെ വേട്ടയാടാൻ തുടങ്ങിയിട്ട്. പകൽ മുഴുവൻ അടങ്ങിക്കിടക്കുന്ന വേദന വൈകുന്നേരമാകുമ്പോൾ വർദ്ധിത വീര്യത്തോടെ അഴിഞ്ഞാടും. ദന്തരോഗ വിദഗ്ദ്ധന്റെ ക്ലിനിക്കിലെ വരാന്തയിലെ കാത്തിരിപ്പിൽ ഞാനെപ്പൊഴോ വേദന കൊണ്ട് ഒന്നു പുളഞ്ഞു.
“ഹാവൂ ,അയ്യോ അമ്മേ ”
ഈയൊരു അമർത്തിപ്പിടിച്ച നിലവിളിയ്ക്കാണ് എന്റെ മുൻപിൽ അയാൾ ആ ചോദ്യമെറിഞ്ഞത്. ചെറിയ രേഖയെ വലിയ ഒരു വരകൊണ്ട് അപ്രസക്തമാക്കുന്നതു പോലെ അയാളുടെ ചോദ്യം എന്റെ പല്ലുവേദനയെ നിസ്സാരമാക്കിക്കളഞ്ഞു. എനിയ്ക്ക് അയാളെ ഒരു മുൻപരിചയവും ഇല്ല. വിദ്യാസമ്പന്നനായ ഒരു മധ്യവയസ്കൻ എന്നതിലപ്പുറം ഒരു പ്രത്യേകതയും അയാൾക്കില്ല. ചാരനിറമുള്ള ഫുൾസ്ലീവ് ഷർട്ടും കറുത്ത പാന്റും നിറം മങ്ങിത്തുടങ്ങിയ സ്വർണ്ണഫ്രെയിമുള്ള കണ്ണടയും അലസമായി ചീകിയൊതുക്കിയ നരകയറിയ തലമുടിയും വിരമിച്ച സർക്കാർ ജീവനക്കാരന്റെ സൂചനകൾ നല്കുന്നുണ്ട്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് അല്ലെങ്കിലും ആവശ്യമില്ലാത്തയിടത്തെല്ലാം കയറി ഇടപെടാൻ വല്ലാത്തൊരു ജാഗ്രതയാണ്. മറുപടി പറയാൻ പറ്റാതെയല്ല, പല്ലുവേദനയെ മെരുക്കേണ്ടതുകൊണ്ട് ഞാൻ പല്ലുകൾ അമർത്തിപ്പിടിച്ച് ഒന്നു ഞരങ്ങി. അയാൾ അർത്ഥം മനസ്സിലായിട്ടെന്ന പോലെ ഒരു വിളർത്ത ചിരി സമ്മാനിച്ചു. പിന്നെ ഊഴമെത്തുന്നതുവരെ അയാൾ സംസാരിച്ചതേയില്ല. ഞാൻ വേദന കടിച്ചമർത്തി കണ്ണടച്ച് കസേരയിൽ ചാരിയിരുന്നു. അയാളുടെ ഊഴമെത്തിയപ്പോൾ എന്നെ തട്ടിയുണർത്തിയാണ് അയാൾ കൺസൾട്ടിംഗ് മുറിയിലേക്ക് കയറിപ്പോയത്. അയാളുടെ വലതു കയ്യിന് എന്തോ കുഴപ്പമുള്ളതുപോലെ തോന്നി. ഒരു പക്ഷേ പക്ഷാഘാതം വന്നിരിക്കാം. അതുമല്ലെങ്കിൽ ഒരപകടം. എന്നാലും പേരു ചോദിക്കാതിരുന്നത് കഷ്ടമായി. അയാൾ കുറേയേറെ സമയമെടുത്താണ് കൺസൾട്ടിംഗ് മുറിയിൽ നിന്നിറങ്ങിയത്. വാതിൽ തുറന്ന് പുറത്തിറങ്ങി എന്നെ നോക്കി ചിരിച്ചു. അപ്പോഴേക്കും ഞാൻ വാതിൽക്കൽ എത്തിയിരുന്നു. കഠിനമായ വേദനയും കാത്തിരിപ്പും എന്നെ അക്ഷമനും ക്രുദ്ധനുമാക്കിയിരുന്നു.
“ഞാനൽപ്പം സമയമെടുത്തു അല്ലേ? “
അയാളുടെ ക്ഷമാപണം അവജ്ഞയോടെ തള്ളി ഞാൻ അകത്തേക്കു കടന്നു. തെല്ലൊരാശ്വാസത്തോടെ ഡോക്ടറുടെ മുന്നിലെ പരിശോധനാ കസേരയിൽ ചാരിക്കിടന്നു. വായ് കഴുകി ഡോക്ടർ വിശദമായ പരിശോധനകൾ നടത്തുന്ന സമയം മുഴുവൻ വേദന കടിച്ചമർത്തിക്കിടന്നു.
“അണപ്പല്ല് റൂട്ട് കനാൽ ചെയ്യേണ്ടി വരും മോണയിൽ പഴുപ്പുണ്ട് , ആദ്യം അത് മാറണം, എന്നിട്ടേ വിശദമായി പറയാനാവൂ. തല്ക്കാലം ഞാൻ ആന്റിബയോട്ടിക്സും വേദനയ്ക്കുള്ള മരുന്നും എഴുതാം. അഞ്ചു ദിവസം കഴിഞ്ഞു വന്നാൽ മതി”
കൈയുറകൾ ഊരി കൈകഴുകി ടവ്വലിൽ തുടച്ച് തികച്ചും നിസ്സാരമെന്നോണമാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടറുടെ കുറിപ്പടിയുമായി പുറത്തേക്കിറങ്ങിയപ്പോൾ നേരം ഇരുട്ടി. പാർക്കു ചെയ്ത കാറിനരികിലേക്ക് നടക്കുമ്പോൾ ക്ലിനിക്കിന്റെ ഗേററിനരികിൽ ഏകനായി ആരെയോ കാത്ത് അയാൾ നിലക്കുന്നു.
“വേദന കുറഞ്ഞുവോ?”
“ങ്ഹും, പെയിൻ കില്ലർ കഴിക്കേണ്ടിവരും. ആരെയാ കാത്തുനിക്കണത് ?”
“ഒരു ഓട്ടോറിക്ഷയ്ക്ക് കാത്തുനിന്നതാ. ഒന്നും കാണാനില്ല “
“എവിടെയാ പോകേണ്ടത് ?” ഇരുട്ടിത്തുടങ്ങിയ നേരത്ത് ഏകനായി അയാളങ്ങിനെ നില്ക്കുന്നതു കണ്ടപ്പോൾ എനിക്ക് അല്പം വിഷമം തോന്നി. അയാൾ മടിച്ചു മടിച്ച് പോകേണ്ട സ്ഥലം പറഞ്ഞു.
“അവിടെയാക്കണമെന്നില്ല. ഒരു ഓട്ടോറിക്ഷയോ ടാക്സിയോ കിട്ടുന്നേടത്ത് ആക്കിയാൽ മതി. ഈ ഒറ്റക്കൈയ്യും വച്ച് ബസ്സിൽ കയറുക എളുപ്പമല്ല “
അയാൾ ഇടതു കൈ ഉയർത്തിക്കാണിച്ചു. അപ്പോൾ മാത്രമാണ് അയാളുടെ വലതുകരം കൃത്രിമക്കൈ ആണെന്ന് എനിയ്ക്ക് മനസ്സിലായത്. അതുവരെ അയാളോടു തോന്നിയ നീരസവും വെറുപ്പും പുറത്തെ ഇരുട്ടിലലിഞ്ഞു. കാറിന്റെ ഡോർ തുറന്ന് ഞാൻ പറഞ്ഞു.
“കയറൂ.”
അയാൾ മടിച്ചു മടിച്ചാണ് കയറിയിരുന്നത്.
“ഞാൻ സാധാരണ എന്റെ കാറിലാണ് ഡോക്ടറെ കാണാൻ വരാറുള്ളത്. ഇന്ന് ഡ്രൈവർ വന്നില്ല. വളരെ അത്യാവശ്യമായതു കൊണ്ട് മാത്രം വന്നതാ. താങ്കൾക്ക് ബുദ്ധിമുട്ടായില്ലല്ലോ?”
മറുപടി പറയാൻ ശ്രമിച്ചെങ്കിലും അസഹ്യമായ പല്ലുവേദന വീണ്ടും വാക്കുകളെ തടസ്സപ്പെടുത്തി. അടുത്ത ഒരു മെഡിക്കൽ ഷോപ്പിനു മുന്നിൽ കാർ എത്തുന്നതു വരെ ഞങ്ങൾ ഒന്നും ഉരിയാടിയില്ല. കാർ നിറുത്തി ഞാൻ ഇറങ്ങിയപ്പോൾ അയാളും കൂടെ ഇറങ്ങി. അയാളുടെ കൃത്രിമക്കൈയും വിനയാന്വിതമായ പെരുമാററ രീതികളും എന്റെ മനസ്സിനെ ആർദ്രമാക്കിയിരുന്നു. മരുന്നുകൾ വാങ്ങി കടയുടെ പുറത്തെത്തിയപ്പോൾ അയാൾ പറഞ്ഞു. “വളരെ നന്ദി. ഇനി ഞാൻ ഒരു ഓട്ടോറിക്ഷയിൽ പൊയ്ക്കോളാം.”
“വേണ്ട. ഞാനും അതുവഴിയാ. കയറിക്കോളൂ” അയാളെ ഒറ്റയ്ക്കവിടെ ഇറക്കി വിടുന്നത് ശരിയല്ലെന്നു തോന്നി.
ഞാൻ വേദനസംഹാരി കാറിലിരുന്നു തന്നെ കഴിച്ചു. കുപ്പിയിലെ കുടിവെള്ളം താഴെ വയ്ക്കാൻ തുനിഞ്ഞപ്പോൾ അയാൾ വെള്ളത്തിനായി കൈ നീട്ടി. വെള്ളം കുടിച്ച് കുപ്പി തിരികെ നലകുമ്പോൾ അയാളുടെ വലത്തേ കൈ വീണ്ടും എന്റെ കണ്ണിലുടക്കി.
“താങ്കൾക്ക് വിഷമമാകില്ലെങ്കിൽ ഒന്നു ചോദിച്ചോട്ടെ?”
കാർ സ്റ്റാർട്ടു ചെയ്ത് ഗിയർ മാറ്റുമ്പോഴാണ് ഞാൻ ആ ചോദ്യമെറിഞ്ഞത്.
“മുഖവുരയൊന്നും വേണ്ട.” കാറിന്റെ മുൻ സീറ്റിൽ എന്റെ നേരെ ചെരിഞ്ഞിരുന്ന് അയാൾ പറഞ്ഞു.
“ചോദിക്കുവാൻ പോകുന്നത് ഈ നഷ്ടപ്പെട്ട ഈ കൈയിനെക്കുറിച്ചാണെന്നുമറിയാം” ‘
“അതു പിന്നെ ആർക്കായാലും കാണുമ്പോ ഒരു വിഷമമൊക്കെ തോന്നില്ലേ?”
“പരിചയപ്പെടുന്ന ഏതൊരാളും ആദ്യം ചോദിക്കുന്നത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ആ അനുഭവമാണ്. “
അയാൾ ഏതോ ഓർമ്മകളിൽ മുഴുകി കുറച്ചു നേരം ഒന്നും പറയാതെ ചിന്താമഗ്നനായി ഇരുന്നു.
“നിങ്ങൾ വേദന കൊണ്ട് നിലവിളിക്കുന്നതു കേട്ടപ്പോൾ എന്റെ മനസ്സിലൂടെ ഭയപ്പെടുത്തുന്ന ചില ഓർമ്മകൾ ഇടിമിന്നൽ പോലെ പുളഞ്ഞു. അതു കൊണ്ടാണ് ഒട്ടും ഔചിത്യമില്ലാതെ ഞാൻ ഭയത്തെക്കുറിച്ച് ചോദിച്ചത്.” വളരെയേറെ സമയമെടുത്താണ് അയാൾ സംസാരിക്കുന്നത്. നടുക്കുന്ന ഓർമ്മകൾ അയാളെ നിശ്ശബ്ദനാക്കുന്നതാവാം. ഇത്രയും നേരമായിട്ടും അയാളുടെ പേര് പോലും ചോദിച്ചില്ലല്ലോ എന്ന ഖേദത്തോടെ ഞാൻ പറഞ്ഞു.
“ക്ഷമിക്കണം, ഞാൻ ഇതുവരെയായിട്ടും താങ്കളുടെ പേരു ചോദിച്ചില്ല ”
“പ്രൊഫ. ജോൺ വർഗ്ഗീസ് , കോളേജ് അദ്ധ്യാപകനായിരുന്നു.”
പേര് എവിടെയോ കേട്ടു മറന്നതു പോലെ. ഓർമ്മകളിൽ ആ പേരിൻ്റെ പുരാവൃത്തം ചികഞ്ഞെടുക്കുന്നതിനു മുൻപേ അയാൾ പറഞ്ഞു.
“നിങ്ങൾ ഊഹിച്ച ആൾ തന്നെ. ഒരു ചോദ്യപേപ്പർ തയ്യാറാക്കിയതിന് മത തീവ്രവാദികൾ ആക്രമിച്ച് കൈകാലുകൾ വെട്ടിയെറിയപ്പെട്ട ഹതഭാഗ്യൻ”
പെട്ടെന്ന് ഞാനറിയാതെ വലത്തേ കാൽ ബ്രെയ്ക്കിൽ അമർന്നു. റോഡിൽ ടയർ വലിയശബ്ദത്തോടെ ഉരഞ്ഞു നിന്നു.
“ഹ …ഹ… ” അയാൾ ചിരിച്ചു
“എന്നെ പേരു പറഞ്ഞ് പരിചയപ്പെടുത്തുമ്പോഴൊക്കെ മനുഷ്യർ മാത്രമല്ല വാഹനങ്ങളും സഡൻ ബ്രേയ്ക്കിട്ടത് പോലെ സ്തബ്ധരാവുന്നു. എല്ലാവർക്കും ഒരു ഞെട്ടൽ. പിന്നെ ഭയം. അതിനാൽ സുഹൃത്തേ ഞാൻ ആരോടും പേരു പറയാറില്ല.”
ഏറെ കോളിളക്കമുണ്ടാക്കിയ ആ സംഭവം എനിയ്ക്ക് ഓർമ്മ വന്നു. മതനിന്ദ ആരോപിച്ച് ഒരു അദ്ധ്യാപകനെ വീടിനു മുന്നിലിട്ട് ഒരു കൂട്ടം മത തീവ്രവാദികൾ വെട്ടിയെറിഞ്ഞ ദാരുണമായ സംഭവം. ഒരേയൊരു ചോദ്യനിർമ്മിതികൊണ്ട് ജീവിതം തകർന്നു പോയ ഹതഭാഗ്യനായ അദ്ധ്യാപകനാണ് എൻ്റെ അടുത്തിരിക്കുന്നത്. അതും എൻ്റെ കാറിൽ. വല്ലാത്തൊരു ഭയവും ആശങ്കയും എന്നെ വന്നു മൂടി. എൻ്റെ കൈകളും കാലുകളും വിറയ്ക്കുന്നു. ഇപ്പോഴും ഏതെങ്കിലും ചാരക്കണ്ണുകൾ ഈയാളെ പിൻതുടരുന്നുണ്ടെങ്കിൽ എൻ്റെ ജീവനും അപകടത്തിലാവും. കാറിലിരുന്നു തന്നെ ചുറ്റും നോക്കി. കാർ സഡൻ ബ്രേയ്ക്ക് ചെയ്ത ശബ്ദം കേട്ട് ആരൊക്കെയോ നോക്കുന്നത് ഹെഡ് ലൈറ്റിൻ്റെ വെളിച്ചത്തിൽ എനിയ്ക്ക് കാണാമായിരുന്നു. ഇനി ഈയാളെ ഇവിടെ ഇറക്കി വിടുന്നതും അപകടമാണ്.
“എന്താ ഭയമുണ്ടോ? കാർ റോഡ് സൈഡിലേയ്ക്ക് ഒതുക്കിയാൽ ഞാൻ ഇറങ്ങിക്കോളാം. എന്നെ പ്രതി ആരും ഇനി വേദനിയ്ക്കരുത്”
“വേണ്ട, നമുക്ക് പോകാം” കാർ സ്റ്റാർട്ടു ചെയ്ത് ഞാൻ പറഞ്ഞു. ഭയത്തിൻ്റെ നീരാളിക്കൈയ്യുകൾ എന്നെ വരിഞ്ഞു മുറുക്കിയെങ്കിലും വഴിയിലൊരിടത്തും വണ്ടി നിറുത്തേണ്ടെന്ന് ഞാൻ തീരുമാനിച്ചു. കുറച്ചു നേരം കാറിന്നകം ഭയം കലർന്ന നിശ്ശബ്ദതയിലായി.
“ഞാൻ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ?” നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് അയാൾ ചോദിച്ചു. എൻ്റെ ശ്രദ്ധ സ്റ്റിയറിംഗ് വീലിലും ഗ്ലാസ് വിൻഡോയ്ക്കുമപ്പുറം തെളിയുന്ന മനുഷ്യ രൂപങ്ങളിലുമായിരുന്നു.
“എൻ്റെ കൂടെ നിരാലംബരായ കുറച്ചു മനുഷ്യർ കൂടി താമസിക്കുന്നുണ്ട്. എന്നെപ്പോലെ ഇരകളാക്കപ്പെട്ടവർ “
ഇരകൾ എന്ന വാക്ക് അയാൾ പറയുമ്പോൾ ശബ്ദം കനത്തിരുന്നു.
“അവരിൽ രണ്ടു പേർക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അവരുടെ കാര്യം കൂടി സംസാരിക്കാനാണ് ഞാൻ ഡോക്ടറെ കണ്ടത്. അതു കൊണ്ടാണ് കൺസൾട്ടേഷന് സമയമെടുത്തത്.”
സൗഹൃദ സംഭാഷണം തുടരുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അതുകൊണ്ടു തന്നെ ഞാൻ നിശ്ശബ്ദനായി അയാളെ കേട്ടുകൊണ്ടിരുന്നു.
“എൻ്റെ യാത്രകൾ എപ്പോഴും സ്വന്തം കാറിലാണ്. ആക്രമണമുണ്ടായ അന്ന് ഓടിച്ചിരുന്ന അതേ മാരുതി കാർ. ഈയിടെയായി കാറോടിക്കുവാൻ ഒരു ഡ്രൈവർ -കം- വാച്ച്മാൻ ഉണ്ട്. അയാളും എന്നെപ്പോലെ ഒരു ഹതഭാഗ്യൻ. അയാൾ ഇന്ന് സ്ഥലത്തില്ല. അതു കൊണ്ടാണ് ഞാൻ തനിച്ചിറങ്ങിയത്.”
അയാൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ പോലും അയാളുടെ മുഖത്ത് നോക്കുവാനുള്ള ഒരു ധൈര്യം എനിയ്ക്കുണ്ടായില്ല. അയാളെ കുറിച്ച് അന്ന് കേട്ട വാർത്തകൾ ഒന്നൊന്നായി മനസ്സിൽ തെളിഞ്ഞു വന്നു. അന്നു വിവാദമായ ചോദ്യപേപ്പർ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നുവെന്നും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടെന്നും കേട്ടിരുന്നു. അതിനു ശേഷമായിരിക്കണം ഈയാൾ ആക്രമിക്കപ്പെട്ടത്. അതും കോളിളക്കമുണ്ടാക്കിയ വാർത്തയായിരുന്നു. ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും അറിഞ്ഞിരുന്നു. പക്ഷെ ഇയാളുടെ മുഖം ഓർമ്മയിൽ വന്നിരുന്നില്ല. ശിക്ഷിയ്ക്കപ്പെട്ട ക്രിമിനലുകളോ അവരുടെ കൂട്ടാളികളോ ഇനിയും വന്നു കൂടെന്നില്ലല്ലോ. ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന ഒരു പ്രതിയേയും കൊണ്ടാണ് ഞാൻ സഞ്ചരിക്കുന്നതെന്ന തോന്നൽ ഓരോ നിമിഷത്തിലും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിലെ പീഢനങ്ങൾ, ചോദ്യപേപ്പറുമായി ഒരു ബന്ധവുമില്ലാത്ത മകനെ പോലീസ് തല്ലിച്ചതച്ചത്. ഭാര്യയേയും മകളേയും ഭീഷണിപ്പെടുത്തിയത്. ഒടുവിൽ താൻ ദീർഘകാലം സേവനമനുഷ്ഠിച്ച കലാലയത്തിൻ്റെ അധികാരികളുടെ നിർദ്ദയമായ പ്രതികാര നടപടികൾ എല്ലാം അനുസരണയോടെ മൂളിക്കേൾക്കുന്ന അനുകമ്പാർദ്രനായ ഒരു കേൾവിക്കാരനായി ഞാൻ കാറോടിച്ചു. പക്ഷെ അയാളെ കേൾക്കുന്നതിനേക്കാൾ ശ്രദ്ധ വാഹനത്തിനു പുറത്തുള്ള ചലനങ്ങളായിരുന്നു. ഏതെങ്കിലും ഒരു വാഹനം ചീറിപ്പാഞ്ഞു വന്ന് കാറിനെ ഇടിച്ചു തെറിപ്പിച്ച് എന്നെയും അയാളെയും അപകടപ്പെടുത്തുമെന്ന തോന്നൽ, അതുമല്ലെങ്കിൽ മൂർച്ചയേറിയ ആയുധങ്ങളുമായി റോഡരികിൽ നിന്ന് കാറിനു മുൻപിലേക്ക് മുഖം മൂടിയണിഞ്ഞ കൊലയാളികൾ ചാടി വീഴുമെന്ന തോന്നൽ. ഭയം ഒരു കറുത്ത പുതപ്പായി എന്നെ പൊതിഞ്ഞു. എയർ കണ്ടീഷണറിൻ്റെ കൺട്രോൾ ഏറ്റവും കൂട്ടി വച്ചിട്ടും ഞാൻ വിയർക്കുവാൻ തുടങ്ങി. എൻ്റെ കാലുകൾ നിയന്ത്രണത്തിനുമപ്പുറം ആക്സിലേറ്ററിൽ അമരുകയാണ്.
“നിങ്ങളുടെ ഡ്രൈവിംഗിന് എന്തൊരു സ്പീഡാണ്. രാത്രിയിൽ സ്പീഡ് കുറച്ച് ഓടിച്ചാൽ മതി.”
അയാൾ ചിരിച്ചു കൊണ്ടാണ് എന്നെ ഓർമ്മപ്പെടുത്തിയത്. അയാൾക്കതു പറയാം. അനുഭവിക്കാനേറെ ബാക്കിയുള്ള സുഖജീവിതം എനിയ്ക്കു മുന്നിൽ മോഹിപ്പിച്ചു കൊണ്ട് ബാക്കിയാണ്. അയാൾക്കോ നഷ്ടപ്പെടുവാൻ ഇനി സ്വജീവൻ മാത്രം. മനസ്സിൽ ഉറഞ്ഞുകൂടിയ ഭയവുമായി കറുത്ത് മരവിച്ച രാത്രിയിൽ കാർ പാഞ്ഞു കൊണ്ടേയിരിക്കയാണ്. നഗരത്തിരക്കിൽ നിന്ന് കാർ നന്നേ തിരക്കു കുറഞ്ഞ ഹൈവേയിലേക്ക് കടന്നിരുന്നു. എവിടെയാണ് നിറുത്തേണ്ടതെന്നോ പ്രൊഫസറെ എവിടെയാണ് ഇറക്കേണ്ടതെന്നോ നിശ്ചയമില്ലാതെ ഞാൻ വിഷമിച്ചു.
“വണ്ടി സ്ലോ ചെയ്തോളൂ എനിയ്ക്ക് ഇറങ്ങേണ്ട സ്ഥലമായിരിക്കുന്നു. വീട് അല്പം ഉള്ളിലാണ്. മെയിൻ റോഡിൽ നിറുത്തിയാൽ മതി ഞാൻ നടന്നു പൊയ്ക്കോളാം.” പ്രൊഫസർ സീറ്റ് ബെൽറ്റ് അഴിയ്ക്കുവാൻ തുടങ്ങി.
“ദാ, ആ ഇലക്ട്രിക് പോസ്റ്റിനരികിൽ നിറുത്തിക്കോളൂ”
ഞാൻ വീണ്ടും സംശയത്തിലായി. ഇവിടെത്തന്നെ നിറുത്തണോ. ഈ വഴിത്തലയ്ക്കൽ വച്ചാണ് ഈയാൾ ആക്രമിയ്ക്കപ്പെട്ടത്. വണ്ടി നിറുത്തുമ്പോൾ ഇരുട്ടിൽ നിന്ന് ആരെങ്കിലും ചാടി വീണ് എൻ്റെ കൺമുന്നിൽ വച്ച് വീണ്ടും അയാളെ ആക്രമിച്ചാലോ? ചോരയിൽ കുളിച്ച് അയാൾ പിടഞ്ഞു വീഴുകയും ഞാൻ അതിന് ദൃക്സാക്ഷിയാകുകയും ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. അയാൾ പറഞ്ഞതുപോലെ ആശുപത്രി വാസവും പോലീസും കേസും കോടതിയുമൊക്കെ എൻ്റെ ജീവിതത്തിലും അനാവശ്യമായി ഇടപെടും. ഞാനോ എൻ്റെ കുടുംബാംഗങ്ങളോ ഇന്നുവരെ ഒരു പെറ്റികേസിൽ പോലും പെട്ടിട്ടില്ല. കോടതി മുറികളിലോ പോലീസ് സ്റ്റേഷനിലോ കയറേണ്ടി വന്നിട്ടില്ല.
വണ്ടി അയാളുടെ വീട്ടിലേക്കുള്ള ഇടവഴിയേ തിരിയ്ക്കുമ്പോൾ എൻ്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് മാത്രമാണ് ഓർത്തത്. അയാൾ തടയുന്നതിനു മുൻപേ കാർ ഇടവഴിയിലേക്ക് തിരിച്ചു.
“വേണ്ടായിരുന്നു ” അയാൾ അല്പം നീരസത്തോടെ പറഞ്ഞു. കാറിൻ്റെ ഹെഡ് ലൈറ്റ് ഗെയിറ്റിലേക്കടിച്ചപ്പോഴേക്കും ആരോ വന്ന് ഗെയിറ്റ് തുറന്നു. ഇരുട്ടു നിറഞ്ഞ മുററത്തു നിന്നും കാർ വെളിച്ചം നിറഞ്ഞ പോർട്ടിക്കോവിലേക്ക് കയറിയപ്പോൾ ഒരു കൂട്ടം ആളുകൾ വന്ന് കാറിനെ പൊതിഞ്ഞു. ചിലർ ഗ്ലാസ് വിൻഡോയിലൂടെ അകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. ഈ ഒറ്റപ്പെട്ട വീട്ടിൽ ഇത്രയും ആളുകളോ?
“ഭയപ്പെടേണ്ട സുഹൃത്തെ. അല്ലെങ്കിലും ഭയം നമ്മളെ നയിക്കുക അന്തമില്ലാത്ത പീഢനങ്ങളിലേക്കും നിരാശയിലേക്കും ഒടുവിൽ മരണത്തിലേക്കുമാണ്. അത് ബോധപൂർവ്വമാകില്ല. എൻ്റെ ഭാര്യയുടെ കാര്യത്തിലെന്ന പോലെ പതിയെ പതിയെ ആയിരിക്കും സംഭവിക്കുക. ഈ കാണുന്നവരൊക്കെ ഇവിടുത്തെ അന്തേവാസികളാണ്. ക്രൂരമായ മാനഭംഗത്തിന് ഇരയായവർ, ആസിഡ് ആക്രമണത്തിൽ കരിഞ്ഞുണങ്ങിയവർ, വയസ്സുകാലത്ത് കാലും കൈയും തല്ലിയൊടിക്കപ്പെട്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവർ. ചിലർ മതാന്ധതയുടെ കൊലക്കത്തിയുടെ മൂർച്ചയിൽ നിന്ന് എന്നേപ്പോലെ രക്ഷപ്പെട്ട് ഓടിയണഞ്ഞ ബലിമൃഗങ്ങൾ. ഇവർക്കൊന്നും ഇനി പുറം ലോകത്ത് പഴയതുപോലെ കഴിയുക സാധ്യമല്ല. ശാരീരികമായും മാനസികമായും അത്രയേറെ തളർന്നവർ. പുറത്തു നിന്ന് ആരെങ്കിലും വരുമ്പോൾ ഇവർ അസ്വസ്ഥരാകും. ഇന്നിപ്പോൾ എന്നെ സമയത്തിനു കാണാതായപ്പോൾ വല്ലാതെ പരിഭ്രമിച്ചു കാണും. സാരമില്ല.
താങ്കൾ ഇറങ്ങുന്നില്ലേ?”
ഞാൻ മറുപടി പറയാൻ തുടങ്ങുന്നതിനു മുൻപേ അവർ കൈകൾ കൊണ്ട് ചില്ലിന്മേൽ അടിയ്ക്കുവാൻ തുടങ്ങി. അയാൾ വേഗം ഡോറു തുറന്ന് പുറത്തിറങ്ങി. ചുറ്റും കൂടിയവരെല്ലാം അയാളെ പൊതിഞ്ഞു. അതിൽ അംഗഭംഗം വന്നവരുണ്ട്. മുഖം വികൃതമായവരുണ്ട് വയസ്സായവരുണ്ട്. അകത്തു നിന്നും വീൽ ചെയറിൽ വരുന്ന ഒരു പെൺകുട്ടിയെയും കണ്ടു. അവർ എനിയ്ക്കരികിലേക്ക് വരുന്നതിനു മുൻപ് ഞാൻ കാർ പിന്നോട്ടെടുത്ത് തിരിച്ചു. അവരുടെ ഉള്ളിൽ പകയുടെ കനലുകൾ എരിയുന്നുണ്ടാകുമെന്ന് എനിയ്ക്കു തോന്നി. കാറിനു പുറത്തെ അവരുടെ പെരുമാററങ്ങൾ ആ സൂചന നല്കുന്നു. വീണ്ടും വല്ലാത്ത ഒരു ഭയം എന്നെ പിൻതുടരുകയാണ്.
എന്തായാലും പല്ലുവേദന രംഗമൊഴിഞ്ഞിരിക്കുന്നു. പക്ഷെ പ്രൊഫസർ പറഞ്ഞതു പോലെ ജീവിതത്തെ അനുനിമിഷം അരക്ഷിതമാക്കുന്ന ഒരു കൊടിയ വേദന മിന്നൽ പോലെ എന്നിൽ പിടഞ്ഞു. ഭയം മരവിപ്പിയ്ക്കുന്ന ഭയം. എൻ്റെ നിയന്ത്രണത്തിനുമപ്പുറം കാർ ഇരുട്ടു തുളച്ച് ഒരു വെടിയുണ്ടയുടെ ശീൽക്കാരത്തോടെ സുരക്ഷിതമായ ഒരു ലക്ഷ്യം തേടി പായുകയാണ്. വേട്ടക്കാർക്കും ഇരകൾക്കുമിടയിലെ ഒരു സുരക്ഷിത താവളം എവിടെയാണ്?.