തൊട്ടികളുടെ ചലനസിദ്ധാന്തം

പടിഞ്ഞാറൻ ചക്രവാളത്തിൽ പകലിന്റെ പട്ടടയ്ക്ക് ഒരുക്കങ്ങൾ തുടങ്ങിയതേയുള്ളൂവെങ്കിലും പ്രശാന്തന്റെ അമ്മയുടേത് അപ്പോളേക്കും എരിഞ്ഞടങ്ങിയിരുന്നു. ശവസംസ്ക്കാരത്തിനെത്തിയവരെല്ലാം പിരിഞ്ഞുകഴിഞ്ഞു. മുറ്റത്തുകെട്ടിയ പന്തലഴിക്കുന്ന പണിക്കാരിലാരോ ധൃതി കൂട്ടി ബഹളം വെക്കുന്നത് കേൾക്കാം.

വീടിന്റെ മുകൾനിലയിലെ പുറത്തേക്കു തുറക്കുന്ന ബാൽക്കണിയിലിട്ട കസേരയിൽ പ്രശാന്തന്റെ ഇരുപ്പ് ആകെ തകർന്ന മട്ടിലായിരുന്നു.

അമ്മയുടെ മരണദിനമായിട്ടുകൂടി; സത്യത്തിൽ പ്രശാന്തനിപ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത് അമ്മയെക്കുറിച്ചായിരുന്നില്ല മറിച്ച് അച്ഛനെക്കുറിച്ചായിരുന്നു.

അമ്മയ്ക്കുമുന്നേ പോയതും അച്ഛനായിരുന്നു. അച്ഛന്റെ മരണം അന്നൊന്നും പ്രശാന്തനെ വലുതായൊന്നും ബാധിക്കയുണ്ടായില്ല. ‘ആട്ടം നിലച്ചതൊട്ടിയായി’ തന്റെ കാൽക്കീഴിലേക്ക് അച്ഛൻ കീഴടങ്ങിയെത്തുന്നതും കാത്തിരുന്ന പ്രശാന്തനു കിട്ടിയ അപ്രതീക്ഷിത അടിയായിപ്പോയി അച്ഛന്റെ മരണം എന്നുമാത്രം.

അച്ഛനുമായുള്ള നിറമുള്ള നിമിഷങ്ങളൊന്നും പ്രശാന്തന്റെ ജീവിതത്തിൽ ഓർത്തെടുക്കാനില്ലായിരുന്നു. കുട്ടിക്കാലത്ത് അടുക്കളയിലെ കൊട്ടത്തളത്തിൽ മൂലക്കൊതുങ്ങിക്കിടക്കുന്ന വെള്ളംകോരുന്ന തൊട്ടിയാണ് അച്ഛനെക്കുറിച്ചോർക്കാൻ പ്രശാന്തനെ പ്രേരിപ്പിച്ചിരുന്നത്.

അതിനു കാരണമുണ്ട് , ആനപ്പണിക്കാരനായ ഭാസ്കരനായിരുന്നു പ്രശാന്തന്റെ അച്ഛൻ. ആനപ്പണിക്കിടയിൽ ഭാസ്ക്കരന് കുടുംബമൊരു അധികപ്പറ്റുപോലെയായിരുന്നു.

നടന്നു വഴിതെറ്റിയാലാണ് അച്ഛൻ വീടണയാറെന്ന് അമ്മ പറയുന്നത് പ്രശാന്തൻ കേട്ടിട്ടുണ്ട്. അതും പലപ്പോഴും നട്ടപ്പാതിരാനേരത്തോ മറ്റോ ആയിരിക്കും എഴുന്നള്ളത്ത് . അതിരാവിലേ കാക്കക്കരച്ചിലു കേൾക്കുംമുമ്പ് സ്ഥലംവിടുകയും ചെയ്യും.

ഇങ്ങനെയുളള അച്ഛനെപ്പറ്റിയുള്ള അമ്മയുടെ പരിവേദനങ്ങൾക്കൊടുവിൽ അമ്മ പറഞ്ഞവസാനിപ്പിക്കുന്നൊരു വാചകമുണ്ട്;

‘ആട്ടം നെലച്ചാപ്പിന്നേ തൊട്ടിക്ക് കൊട്ടത്തളത്തിൽ തന്നെ സ്ഥാനം’

ആദ്യമൊന്നും ആ പറയുന്നതിന്റെ അർത്ഥം പ്രശാന്തന് ശരിക്കും മനസിലായിരുന്നില്ലെങ്കിലും വീടിന്റെ കൊട്ടത്തളത്തിലെ തൊട്ടി അച്ഛനെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്താൻ ഉപകരിച്ചിരുന്നു. അതെന്തെന്നാൽ, പാതിരാത്രി വരികയും അതിരാവിലേ മടങ്ങുകയും ചെയ്യുന്ന ഭാസ്കരനെ നേരാവണ്ണം കാണാനുള്ള അവസരങ്ങൾ പ്രശാന്തനും പ്രശാന്തനുമൂത്ത പെങ്ങൾക്കും കുറവായിരുന്നു.

മുന്നിലെത്തുന്ന എന്തിനോടും കലഹിച്ചുകൊണ്ടു തുടങ്ങുന്ന അമ്മയുടെ ദിനചര്യകളിൽ വരുന്ന മാറ്റങ്ങളിൽ നിന്നാണ് അച്ഛന്റെ സന്ദർശനകാര്യം മക്കൾ ഊഹിച്ചെടുക്കാറ്. പിറ്റേന്ന് ഉല്ലാസവതിയായി കാണപ്പെടുന്ന അമ്മയുടെ ചുണ്ടിൽ ഏതോ റേഡിയോഗാനത്തിന്റെ ഈരടികൾ തത്തിക്കളിക്കുന്നുണ്ടാകും. കാര്യങ്ങൾ ഈ വഴിക്ക് കഴിഞ്ഞുപോകുന്ന സമയത്താണ് പ്രശാന്തന്റെ പെങ്ങൾ ഒരു നാൾ കടന്നലുകുത്തിയപോലെ വീർത്ത മുഖവുമായി കുളിക്കടവിൽനിന്നും തിരിച്ചെത്തിയത്. കാര്യം ചോദിച്ച് അരികിലെത്തിയ അമ്മയോട് ഏട്ടത്തി ചെറു വിതുമ്പലോടെ പറഞ്ഞകാര്യങ്ങൾ പ്രശാന്തനും കേൾക്കാനിടയായി.

കുളക്കടവിൽ പെണ്ണുങ്ങൾ ഭാസ്കരന്റെ വീട്ടിൽ പാതിരാനേരത്താരോ വരവുപോക്കുണ്ടെന്നു പറഞ്ഞു കളിയാക്കി ചിരിച്ചത്രേ. അതുകേട്ട്, അമ്മയ്ക്കരിശം വന്ന് മകളെ കുറ്റപ്പെടുത്തി.

“അതും കേട്ട് നീ മോങ്ങിക്കൊണ്ടിങ്ങു പോന്നോ, ആ പറഞ്ഞവളുടെ കണ്ണടിച്ചു പൊട്ടിക്കണമായിരുന്നെടീ, ഇക്കാലത്തിനെടയ്ക്ക് നിന്നെയൊക്കെ ജനിപ്പിച്ച ന്റെ കെട്ടിയോനല്ലാതെ മറ്റാരും ഈ പടികടന്നെത്തിയിട്ടില്ല.”

പറഞ്ഞു നിറുത്തിയപ്പോളേക്കും അമ്മയുടെ സ്വരം ഇടറിയിരുന്നു. അമ്മ എന്തൊക്കയോ പറഞ്ഞ് മകളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവളുടെ പരിഭവം തീരുന്നുണ്ടായിരുന്നില്ല.

“അച്ഛന് പകൽവെട്ടത്ത് ഞങ്ങളോടൊത്ത് ഇത്തിരിനേരം ഇരുന്നാലെന്താമ്മേ” അമ്മയ്ക്ക് മറുപടിയുണ്ടായില്ല.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടല്ലെങ്കിലും പ്രശാന്തനും ഉള്ളിൽ എന്തൊക്കയോ തീരുമാനങ്ങൾ എടുക്കുന്നുണ്ടായിരുന്നു. ബുദ്ധിയുറച്ചപ്പോൾതൊട്ട് കണ്ടതും കേട്ടതും വെച്ച് പ്രശാന്തന്റെയുളളിൽ ആദ്യമേ വില്ലൻ പരിവേഷമാണ് അച്ഛനുണ്ടായിരുന്നത്. അതിനു പുറമേ അമ്മയെ കെട്ടിപ്പിടിച്ചുള്ള സുഖനിദ്രയിൽ അച്ഛന്റെ സന്ദർശനമുള്ള രാത്രികളിൽ അമ്മയുടെ തിരോധാനം പ്രശാന്തന്റെ ഇളം മനസ്സിൽ നീരസമുണ്ടാക്കിയിരുന്നു.

അന്ന്,

അച്ഛൻ മടങ്ങാൻനേരം നേരത്തേ എഴുന്നേറ്റുകൂടിയ പ്രശാന്തൻ വഴിമുടക്കിനിന്നു. അതുകണ്ട് അമ്മ വിലക്കി.

“ചെക്കാ ഒരു വഴിക്കെറങ്ങുമ്പം എടങ്ങേറ് ണ്ടാക്കാതെ വഴീന്ന് മാറി നിൽക്ക്,നണക്കുള്ള കളിസാമാനം മണ്ണാർക്കാട് പൂരം കഴിഞ്ഞുവരുമ്പോൾ കൊണ്ടുതരാമെന്ന് അച്ഛൻ ന്നോട് വാക്ക് പറഞ്ഞിട്ടുണ്ട്” അമ്മ പറഞ്ഞതുകേട്ട് അടങ്ങാൻ പ്രശാന്തൻ ഒരുക്കമല്ലായിരുന്നു. ദൃഢനിശ്ചയത്തോടെ അച്ഛന്റെ മുഖത്തുനോക്കി അവൻ പറഞ്ഞു.

“രാത്രിക്കുള്ള അച്ഛന്റെ വരവുപോക്ക് നിറുത്തണം, നാട്ടാര് പലതും കുശുകുശുക്കുന്നു. ബ്ടെ അമ്മ മാത്രല്ല പ്രായപൂർത്തിയായ ഒരു പെൺകുട്ടികൂടിയുണ്ടെന്ന് ഓർമ്മവേണം”

ചെക്കന്റെ വായിലെ വല്യവർത്തമാനം കേട്ട് അമ്മ വിരണ്ടുനിൽക്കുന്ന നേരത്താണ് സ്വതവേ ചുവന്ന കണ്ണുകൾ ഒന്നുകൂടി കലങ്ങിമറിഞ്ഞ മുഖത്തോടെ നീയിതു കാണുന്നില്ലേ എന്ന മട്ടിൽ ഭാസ്ക്കരൻ ഭാര്യയെ ഒന്നുകൂടെ നോക്കിയത്.

പിന്നീട് കൈയിലിരുന്ന കാരക്കോലുകൊണ്ട് മകനെ അരികൊതുക്കി ഭാസ്കരൻ പെരുവഴിയിലേക്കിറങ്ങി നടന്നു. അച്ഛനും മകനും തമ്മിലുള്ള നിശബ്ദസമരത്തിന്റെ നാന്ദികുറിക്കലായിരുന്നത്. പിന്നയങ്ങോട്ട് കുടുംബത്തിലേക്കുള്ള ഭാസ്കരന്റെ വഴിതെറ്റിയുള്ള സന്ദർശനങ്ങൾ ഉണ്ടായില്ലെന്നുവേണം പറയാൻ.

അമ്മയുടെ പതംപറഞ്ഞുള്ള കരച്ചിലിനാകട്ടേ ആക്കംകൂടി “ബുദ്ധിയില്ലാത്ത കുട്ടി എന്തെങ്കിലും പറഞ്ഞെന്നുവെച്ച് മുതിർന്നോര് ഇങ്ങനെ പെരുമാറുന്നത് നന്നോ” അമ്മ ആരോടെന്നില്ലാതെ പറഞ്ഞു കരയും.

സ്വന്തം ചോരയാണെങ്കിലും നരുന്തുചെക്കനുമുന്നിൽ കീഴടങ്ങാൻ ഒരുക്കമല്ലാത്ത അച്ഛനും, അച്ഛൻ ആട്ടം നിലച്ച തൊട്ടിയായി തന്റെ കാല്ക്കീഴിലെത്തുന്നത് കാത്തിരുന്ന മകനും തമ്മിലുളള സമരം അനുസ്യൂതം തുടർന്നു.

കാലം ദ്രവിപ്പിച്ച ശരീരം ഭാസ്കരന് ബാധ്യതയാവുകയും ആനപ്പണി മതിയാക്കേണ്ടി വരികയും ചെയ്തതോടെ ശേഷിച്ച ജീവിതം തള്ളിനീക്കുക പ്രയാസമുള്ള കാര്യമായിത്തീർന്നുവെങ്കിലും മകനുമുന്നിൽ കീഴടങ്ങാൻ കൂട്ടാക്കിയില്ല. പ്രശാന്തനിതെല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും അവന്റേത് ഒരു ലക്ഷ്യത്തിലേക്കുള്ള കാത്തിരുപ്പായിരുന്നല്ലോ.

പ്രശാന്തന്റെ ജന്മദിനമായിരുന്നു അന്ന്. അമ്മയോടൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് നടകയറുമ്പോൾ ആർത്തറയിലിരുന്ന പ്രാകൃതരൂപത്തിന്റെ ഒരു ജോഡി ആർത്തിപൂണ്ട കണ്ണുകൾ തങ്ങളെ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയിട്ടും അതവഗണിച്ചമട്ടിൽ നടക്കുന്ന പ്രശാന്തൻ ഉള്ളിൽ ആട്ടം നിലച്ച് കൊട്ടത്തളത്തിലൊതുങ്ങിയൊരു തൊട്ടിയുടെ ചിത്രം മെനെഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു.

പിറന്നാൾ ആഘോഷത്തിന്റെ അലകളൊടുങ്ങും മുമ്പേ പ്രശാന്തനെ സ്ഥലത്തെ സർക്കാർ ആശുപത്രിയിലേക്ക് വിളിപ്പിക്കപ്പെട്ടു. ആസ്പത്രിയിൽ പ്രശാന്തനെ പ്രതീക്ഷിച്ചെന്നവണ്ണം നാട്ടുകാരിൽ ചിലർ ഇരുപ്പുണ്ടായിരുന്നു. അമ്പലനടയിൽ തീർത്തും അവശനായി കണ്ടെത്തിയ ആനക്കാരൻ ഭാസ്കരൻ എന്ന പ്രശാന്തന്റെ അച്ഛനെ ആസ്പത്രിയിൽ എത്തിച്ചത് അവരായിരുന്നു.

‘ഭാസ്ക്കരന് ഇനി ഭൂമുഖത്ത് അധികനേരമില്ല അറിയിക്കേണ്ടവരെയെല്ലാം അറിയിക്കാം ‘ ഡോക്ടർ മുഖവുരയേതുമില്ലാതെ പറഞ്ഞു. അവസാനശ്രമമെന്ന നിലയ്ക്കാണ് കൂടുതൽ സൗകര്യങ്ങളുളള ആസ്പത്രിയിലേക്ക് പ്രശാന്തൻ അച്ഛനെ മാറ്റിയത്. ആശുപത്രിയിലെത്തിയപാടെ ഭാസ്ക്കരനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു.

പുറത്ത് കാത്തുനിന്നിരുന്ന പ്രശാന്തന്റെയടുക്കലെത്തിയ നഴ്സ് ഭാസ്കരന്റെ മുഷിഞ്ഞുനാറുന്നൊരു ഷർട്ടും കൂടെ പഴയൊരു എച്ച് എം ടി വാച്ചും കൈയിൽവെച്ചുകൊടുത്തു. വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനശബ്ദവും ഐ സി യു വിനുള്ളിലെ ഏതോ യന്ത്രത്തിന്റെ ബീപ് ബീപ് ശബ്ദവുംമാത്രം കേൾക്കാവുന്നത്ര നിശബ്ദമായിരുന്നവിടം. നോക്കിയിരിക്കെ യന്ത്രത്തിന്റെ ബീപ് ശബ്ദം നേർത്ത് ഇല്ലാതായ നേരത്താണ് പ്രശാന്തനെ ഡോക്ടറുടെ അടുക്കലേക്ക് വിളിപ്പിച്ചത്.

കൈയിൽ ചുരുട്ടിപ്പിടിച്ച അച്ഛന്റെ ഷർട്ടുമായി തന്റെ മുന്നിൽ നിൽക്കുന്ന പ്രശാന്തനെ ഡോക്ടർ അനുതാപത്തോടെ ആകെയൊന്നു നോക്കി.

“നോക്കൂ ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുംമുമ്പ് അതു സംഭവിച്ചു” ഡോക്റൊന്നു നിറുത്തി പതിയെ പൂരിപ്പിച്ചു.

“അദ്ദേഹം പോയി”

കേട്ടിട്ടും ഭാവഭേദമേതുമില്ലാതെ നില്ക്കുന്ന പ്രശാന്തനെക്കണ്ട് മേശമേൽ ചെറുതായൊന്നു തട്ടിയിട്ട് ഡോക്ടർ ആവർത്തിച്ചു.

“നിങ്ങളുടെ അച്ഛൻ പോയി”

തനിക്കുള്ളിൽ നടക്കുന്നതെന്തെന്നു ധാരണയേതുമില്ലാതെ ഡോക്ടറുടെ മുറിവിട്ടിറങ്ങിയ പ്രശാന്തൻ ആസ്പത്രിയുടെ നീളൻവരാന്തയിലൂടെ നടക്കുന്നനേരം ചുരുട്ടി കൈയിൽവെച്ച അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്നും താഴെവീണ കടലാസുകഷ്ണം കുപ്പത്തൊട്ടിയിൽ എറിയുംമുമ്പ് വെറുതേ വിടർത്തിനോക്കി. തന്റെ പേരും നാളുമെഴുതി ക്ഷേത്രത്തിൽ വഴിപാടു കഴിപ്പിച്ച ആ ചീട്ട് ഉപേക്ഷിക്കാൻ മനസ്സുവരാതെ സ്വന്തം പോക്കറ്റിൽ തിരുകിയതു മുതൽക്കാണ് പ്രശാന്തന്റെ ഹൃദയത്തിൽ നെരിപ്പോടുപോലെന്തോ എരിഞ്ഞുതുടങ്ങിയത്.

മനസ്സിന്റെ നീറ്റൽ ആരോടെങ്കിലും പങ്കുവെക്കാൻ അതിയായി ആഗ്രഹിച്ച പ്രശാന്തൻ വിവാഹം കഴിഞ്ഞ ആദ്യനാളുകളൊന്നിൽ ഭാര്യയ്ക്കുമുന്നിൽ അവതരിപ്പിക്കാനായി ശ്രമങ്ങൾ നടത്തിയിരുന്നു.. പുതുമോടിയിലായിരുന്നിട്ടുകൂടി ആനക്കാരൻ ഭാസ്ക്കരന്റെ കുടുംബ പശ്ചാത്തലം വിവരിച്ചു കഴിഞ്ഞപ്പോളേക്കും കേട്ടുപഴകിയ എന്തിനോടോ എന്ന മട്ടിലൊരു വിരക്തി ഭാര്യയുടെ മുഖത്തു കണ്ടതുകൊണ്ടോ, അവനവന്റെ ജീവിതമുഹൂർത്തങ്ങളോട് തോന്നുന്ന വൈകാരികത അത് മറ്റൊരാൾക്കുമുന്നിൽ പച്ചയായി അവതരിപ്പിക്കുമ്പോൾ അയാൾക്ക് അനുഭവപ്പെട്ടേക്കില്ല എന്നു മനസ്സിലാക്കിയതുകൊണ്ടോ പിന്നീടതിനു മുതിരുകയുണ്ടായില്ല. അച്ഛനെന്നത് ഒരിക്കലും അണയാത്തൊരു നെരിപ്പോടായി പ്രശാന്തന്റെയുള്ളിൽ അവശേഷിക്കുകയായിരുന്നു.

പ്രശാന്തന്റെ മനസ്സ് അച്ഛന്റെ ഓർമകളിൽനിന്നും അമ്മയോടൊത്തുള്ള വൈകാരിക നിമിഷങ്ങളിലേക്ക് മടങ്ങിയെത്തിയിരുന്നു. അവസാന നാളുകളിൽ അമ്മയുടെ ഓർമശക്തി ഏതാണ്ടു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അമ്മയ്ക്കു മുന്നിലെത്തുന്നവരെല്ലാം സ്വന്തം സ്വത്വം വെടിഞ്ഞ് ഏതെല്ലാമോ വേഷങ്ങൾ കെട്ടിയാടേണ്ടിവന്നു. ഈ നാളുകളിലെല്ലാം അമ്മയോടൊത്തു ചെലവഴിക്കാൻ കൂടുതൽ സമയം ലഭിച്ചുവെന്നത് കോവിഡ് കാലത്തിന്റെ നന്മയായി പ്രശാന്തൻ കരുതുന്നു. ഏതോ കഥാപാത്രത്തിന്റെ വേഷപ്പകർച്ചയുമായി അമ്മയ്ക്കു മുന്നിലിരിക്കുമ്പോൾ എന്തുകൊണ്ടോ പ്രശാന്തന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറുണ്ടായിരുന്നു. പ്രശാന്തന്റെ കണ്ണീർ ചാലുകൾ പതിഞ്ഞ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്ന അമ്മയിൽനിന്നും അപ്പോളായിരിക്കും അപ്രതീക്ഷിത ചോദ്യമുയരുക.

“ന്തിനാ ന്റെ കുട്ടി കരേണത്”

ചോദിക്കുക മാത്രമല്ല ബലക്ഷയം സംഭവിച്ച കൈയുയർത്തി പ്രശാന്തന്റെ കണ്ണീരു തുടച്ചുമാറ്റാൻ ശ്രമിക്കുന്ന അമ്മ അവന്റെ കൈകളിൽ ബലമായി ഇറുകെപ്പിടിക്കും. അപ്പോളേക്കുമവർ വേഷപ്പകർച്ചകൾ വെടിഞ്ഞ് യഥാർത്ഥ അമ്മയും മകനുമായിക്കഴിഞ്ഞിരിക്കും .

പ്രശാന്തനാകട്ടേ കുട്ടിക്കാലത്ത് പിച്ചവെച്ചുള്ള നടത്തത്തിനിടയിൽ കാൽപിഴച്ചു വീഴാനൊരുങ്ങവേ എവിടെ നിന്നെന്നറിയാതെയെത്തി വീഴാതെ താങ്ങാറുളള കൈകളുടെ കരുത്തും സുരക്ഷിതത്വവും ആ തളർന്ന കൈകളിൽ അനുഭവപ്പെടുന്നതിന്റെ അദ്ഭുതത്തിലായിരിക്കും .

ആരോ പേരുവിളിച്ചുകൊണ്ട് ചുമലിൽ ബലമായിപിടിച്ചെന്നു തോന്നിയപ്പോളാണ് പ്രശാന്തൻ തന്റെ ചിന്തകളിൽ നിന്നുണർന്നത്. തന്നോടുചേർന്നു നില്ക്കുന്ന മകനുമപ്പുറം തന്റെ ഭാര്യയുടേയും മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയും മുഖം തെളിഞ്ഞുകണ്ട പ്രശാന്തന്റെ മുഖത്ത് ഒരു അരണ്ട ചിരിവിരിഞ്ഞു.

“എത്ര നേരായി ഈ തനിച്ചുള്ള ഇരിപ്പു തുടങ്ങിയിട്ട് വരൂ നമുക്കകത്തേക്കു പോകാം”

കസേരയിൽനിന്നെഴുന്നേറ്റ് അകത്തേക്കു നടക്കാനാഞ്ഞ പ്രശാന്തനൊന്ന് ഇടറിയെങ്കിലും ആരൊക്കയോ വീഴാതെതാങ്ങി. തന്നെ താങ്ങിയ കൈകളുടെ കരുത്തിലും കരുതലിലും വിശ്വാസം പോരാത്ത പ്രശാന്തന്റെ മനംനിറയെ താനൊരു വേരുകൾ നഷ്ടമായ പടുമരമാണെന്നും ചെറുകാറ്റിൽപോലും വീണൊടുങ്ങിയേക്കുമെന്നുമുള്ള ഭയമായിരുന്നു.

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയാണ്.