രേതസ്സുവറ്റി വരണ്ട പുരുഷനെക്കണ്ടുവോ
വാനപ്രസ്ഥത്തിനു കാടില്ല,
ഗൃഹസ്ഥാശ്രമത്തിനു വീടില്ല-
യേകനായിരിപ്പുണ്ടൊരസ്ഥികൂടം!
മണ്ണിലെക്കെട്ടുകൾ വിട്ടൊഴിഞ്ഞു
പുഷ്പവർഷങ്ങളില്ലാതെ
പുച്ഛിച്ചു വിണ്ണിലെ ദേവകൾ,
ദ്വേഷിച്ചു കല്ലെറിഞ്ഞു.
മോഹിച്ച പെണ്ണിന്റെ പൊട്ടിച്ചിരിയിൽ
പണ്ടേ ത്യജിച്ചതല്ലേ
കാമവും മോഹവും
പ്രേമവും
രതിനിർവൃതിയും…
രേതസ്സിലിത്തിരിയെന്നോ
വിടർന്ന പൂവുണർന്നു
പൂക്കനിയിലൊരു വിത്തിന്റെ തോടടർന്നു
മുളപൊട്ടി
മണ്ണിന്റെ സത്യം ചികഞ്ഞു
വിണ്ണിന്റെയറ്റം വരേയ്ക്കുമൊരു
ചില്ല പടർന്നു
ചില്ലയിലൊരു പൂച്ചിരി വിടർന്നു
പേരിട്ടു ഞാൻ വിളിച്ചു, “മകനേ വിശ്വനാഥാ…”.
മകനേ, വളരുക
ആകാശമാകെപ്പടരുക
വിണ്ണിലെ ദേവകളെ കാണുമ്പോൾ
ചൊല്ലുകയീ വൃദ്ധന്റെ സ്നേഹാന്വേഷണം.
ഇനിയൊരിക്കലും
നിന്റെ
വേരിന്റെ തുമ്പു തേടിയിവിടെയെത്തേണ്ടതില്ല,
നീ വിശ്വനാഥൻ…
ഈ വൃദ്ധന്റെ സത്യവും
പുണ്യവും മോഹവും സ്വപ്നങ്ങളും
കാമനകളുമെല്ലാമെന്നേ
നിനക്കു കൈമാറി
ഒരുതുള്ളി രേതസ്സിലൂടെ.
ഇനി ഞാനില്ല
നീ മാത്രമുണ്മ
നീ മാത്രം ഭാവി
നീ മാത്രമല്ലോ പ്രതീക്ഷയും
ജീവിതവും
പഞ്ചഭൂതങ്ങളിലധിഷ്ഠിതമാം
ശക്തിയും പരാശക്തിയും
വിശ്വനാഥനും.
കൈമാറുക നിന്റെയൂർജ്ജവും
സ്വപ്നവും
ലോകത്തിനായി.
വറ്റിയുണങ്ങിയോരസ്ഥികൂടം ഞാൻ,
വരണ്ട മണ്ണിൽ കിടക്കട്ടെ
മോക്ഷത്തിനായൊരു തുള്ളി നീരിറ്റുകവേണ്ട
മോക്ഷവും വേണ്ട
പിൻനടത്തമില്ലാതെ മകനേ
നീ വളരുക
നിന്റെ വേരിന്റെ തുമ്പിലെ
ജീവതന്മാത്രയായ്
നിന്നിലേക്കെത്തുമല്ലോ
ഞാനും എന്റെയസ്തിത്വവും…
എന്നെങ്കിലുമൊരുനാൾ
നീയും കൈമാറണം
നിന്റെ ജനിതകമന്ത്രം
എങ്കിലേ ഞാൻ പുനർജനിക്കൂ
ജീവിതം പുനർരചിക്കൂ
അതിനായി കാത്തിരിക്കാം
ഞാനചരമായി
തന്മാത്രയായി
നിന്നിലൂടെ വിരിയുന്ന
പ്രണവാക്ഷരങ്ങൾക്കായി
കാതോർത്തിരിക്കാം.