ഏകാന്തതയുടെ
ഏതെങ്കിലുമൊരു തുരുത്തിലേക്ക്
എന്നെയൊന്ന് മാറ്റിപ്പാർപ്പിക്കണം.
ഏറെയാരും
കാണാനിടയില്ലാത്ത
ഉള്ളിലൂറിയ ആശയസംഘർഷങ്ങളെ
പുറത്തേക്കൊന്ന് ഒളിച്ചു കടത്തണം.
നേരുള്ള സ്നേഹബന്ധങ്ങളിൽ
വിദ്വേഷത്തിന്റെ നിറപ്പകർച്ച ചാർത്തി
വെള്ളപൂശുന്നവരുടെ
ആത്മരതിയുടെ മനശ്ശാസ്ത്രമറിയണം.
സൗന്ദര്യം
വിരിഞ്ഞയോരോ പുഞ്ചിരിയിലും വാക്കിലും
വിഷാദഛായ പടർത്തി
കടന്നുപോകുന്നവരുടെ മനമറിയാൻ കഴിയണം.
നാരീബാല്യമനസ്സുകൾ
വെറും പെണ്ണുടലായി മാത്രം മലിനപ്പെടുമ്പോൾ
വീട്ടകങ്ങളിലെ
പെൺമുഖങ്ങളെ ഓർത്തിരുന്നെങ്കിൽ…!!
നിവർന്നു നിൽക്കുന്ന നേർസത്യങ്ങളെ
എന്തിനോ ആർക്കോ വേണ്ടി
വികൃതമാക്കി
നിർവൃതിയടയുന്നതെന്തിനാവാം …!!
ജീവനറ്റ് കിടക്കുമ്പോഴും
ജാതിക്കണ്ണിലൂടെ മാത്രം
കാഴ്ച തെളിയുന്നവിധത്തിൽ
മനുഷ്യർ അധ:പതിച്ചുവോ …?
ഉത്തരങ്ങളുടെ
ആത്മവിശ്വാസത്തിനു മുമ്പിൽ
ചോദ്യങ്ങൾ പകച്ചു നിൽക്കുന്നത്
തനിച്ചാകലിന്റെ ആനന്ദത്തിൽ
അനുഭവിച്ചറിയണം