അപ്പത്തരി

കുട്ടിക്കാലത്ത്
അമ്മ തരുന്ന വെണ്ണബിസ്ക്കറ്റുകള്‍
ചായയില്‍ മുക്കിത്തിന്നുമായിരുന്നു.
കുതിരും മുമ്പ് പുറത്തെടുത്തില്ലെങ്കില്‍
ചായയില്‍ വീണുപോകും.
പിന്നെയത് വിരല്‍ കൊണ്ട്
തോണ്ടിയെടുക്കാന്‍ ശ്രമിക്കും.
ചിലപ്പോളൊരു തരിയെങ്ങാന്‍
കൈയില്‍ തടഞ്ഞാലായി.
പെട്ടെന്നെറ്റിപ്പുറത്താക്കാന്‍ നോക്കും.
പുറത്തു തെറിച്ചതു തറയില്‍
വീണു പടരും.
കൈയിലുണ്ടായിരുന്ന ശേഷിപ്പും
ചായയില്‍ വീഴും.
അതിലും പ്രയാസമില്ലാത്തത്
ബിസ്ക്കറ്റലിഞ്ഞ ചായ തന്നെയെന്നു
തിരിച്ചറിയും.
അതിനൊരു സ്വാദ് വേറെയാണെന്നും.
അനുഭവങ്ങളിലൂടെയാണ്
നമ്മള്‍ വിവേകികളാവുക.
അതാവണം ആനന്ദം.
പ്രായമെത്രയായി
ഞാനിതു തുടരുന്നു?
എന്തൊരു ജീവിതമാണിത്?
ഇപ്പോഴും ഞാനെന്നെ
സമൂഹത്തില്‍ മുക്കിത്തിന്നുന്നു.
ചിലപ്പോഴൊക്കെ ചായയിലെന്ന പോലെ
സമൂഹത്തില്‍ വീണു പോകുന്നു.
ചിലപ്പോളതില്‍ കുതിര്‍ന്നൊരു ശകലം
തിരിച്ചു കിട്ടുന്നു.
പലപ്പോഴും അലിഞ്ഞു പോകുന്നു.
ഞാനതിനെ അങ്ങനെത്തന്നെ
കുടിച്ചു തീര്‍ക്കുന്നു.
ശേഷിക്കാതിരിക്കില്ല
ഒരു തരിയെങ്കിലും
ചായക്കോപ്പയ്ക്കടിയില്‍
ഞാനായി,
സമൂഹവും.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.