“താൻ മീരാനെയ്യാറിന്റെ സലാം ബോബെ എന്ന സിനിമ കണ്ടിട്ടുണ്ടോ?”
പിറകെ വരുന്ന ആഡംബര കാറിന് മറികടന്നു പോകാനുള്ള സിഗ്നൽ നൽകിക്കൊണ്ട് അരവിന്ദൻ ചോദിച്ചു.
“ഇല്ല. എന്തേ ചോദിച്ചത്?”
സെലീനയുടെ ആകാംക്ഷയ്ക്കു മുമ്പിൽ അൽപ നേരത്തെ മൌനം ദീക്ഷിച്ചു കൊണ്ട് അരവിന്ദൻ തുടർന്നു.
“ഇടുങ്ങിയ ഒരു മുറിയിൽ അനങ്ങാനാവാതെ കിടക്കുന്ന രോഗിയായ ഒരു കഥാപാത്രമുണ്ടതിൽ. എല്ലാവരും ടി.വി കാണുന്നത് ആ മുറിയിൽ വെച്ചാണ്. നിറഞ്ഞ ബഹളത്തിനിടയിൽ തനിക്ക് ആഗ്രഹമില്ലാത്ത രംഗങ്ങൾ നിരന്തരം കണ്ടു കൊണ്ടിരിക്കാൻ വിധിക്കപ്പെട്ടവനായി അയാൾക്കു കിടക്കേണ്ടി വരുന്നു. “
സെലീന അരവിന്ദന്റെ മുഖത്തേക്കു നോക്കി.
“ഇപ്പഴതു പറയാൻ കാര്യം?”
അരവിന്ദൻ സ്റ്റിയറിംഗിൽ പ്രത്യേക തരത്തിൽ വിരലോടിച്ചു കൊണ്ട് അർത്ഥരഹിതമായി മന്ദഹസിച്ചു.
“ജീവിതം ചിലപ്പോൾ അങ്ങിനെയാണെന്നെനിക്കു തോന്നിയിട്ടുണ്ട്. മറ്റുള്ളവർ നിർണ്ണയിക്കുന്ന കാഴ്ചകൾ നിസ്സഹായനായി സ്വീകരിക്കേണ്ടി വരിക എന്നത് വേറിട്ടു നിൽക്കുന്ന ഏതൊരാളുടെയും ദുരന്തമാണ്.”
പിന്നീട് കുറച്ചു നേരത്തേക്ക് അവരൊന്നും സംസാരിച്ചില്ല.
തന്റെതായി വലിയ സ്വപ്നങ്ങളൊന്നുമില്ലാത്തവനായിരുന്നു അരവിന്ദൻ. അഥവാ ഉള്ളവ തന്നെ യാത്രയിലെവിടെയൊക്കെയോ വെച്ച് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പ്രണയമോ, ആഗ്രഹിച്ച ജോലിയോ അരവിന്ദനിൽ സാക്ഷാൽക്കരിക്കപ്പെട്ടിരുന്നില്ല. എന്നാൽ അതിലയാൾ ആവശ്യത്തിലധികം നിരാശ പൂണ്ടിരുന്നുമില്ല. നഷ്ടപ്പെട്ട സ്വപ്നങ്ങളില്ലാത്ത ഏതു ജീവിതമാണുള്ളത്. ധാരാളം യാത്രകൾ ചെയ്യുക, കുറെ പുസ്തകങ്ങൾ വായിക്കുക, നല്ല സൌഹൃദങ്ങളുടെ തണലിലിരിക്കുക എന്നിങ്ങനെയുള്ള താരതമ്യേന ഉയരം കുറഞ്ഞ തലങ്ങളിലേക്ക് അയാളുടെ സ്വപ്നങ്ങൾ ക്രമേണ ശുഷ്കിച്ചു വന്നു. എന്നാൽ അവയും അരവിന്ദനെ ഒരുതരം നിർമമതയിലേക്കാണ് നയിച്ചത്. വലിയ ലൈബ്രറി എന്നത് പത്രവായനയായും, യാത്രകളെന്നുള്ളത് ജോലി സ്ഥലത്തേക്കോ അങ്ങാടിയിലേക്കോ ഉള്ള ചെറു നടത്തങ്ങളായും, സൌഹൃദങ്ങൾ ആശങ്കകൾ പങ്കുവെക്കാനുള്ള വേദിയായും മാറ്റിക്കൊണ്ട് ജീവിതം അയാളെ ചുറ്റുപാടുകളുമായി സമരസപ്പെടുത്തി.
“സുഭാഷ് ചന്ദ്രന്റെ സമുദ്രശില വായിച്ചു കഴിഞ്ഞോ?”
അൽപനേരത്തെ നിശ്ശബ്ദതക്കു ശേഷം അരവിന്ദൻ അടുത്ത ചോദ്യമെറിഞ്ഞു. സെലീന അതിലെ കഥാപാത്രമായ അംബയെ ഓർത്തു കൊണ്ടു പതിയെ ഒന്നു മൂളി. ആ മൂളലിൽ അവളാ നോവൽ വായിച്ചു കഴിഞ്ഞെന്നുള്ള അർത്ഥം ഉൾക്കൊണ്ടിരുന്നു.
“സത്യത്തിൽ നമ്മുടെ നാടിനും വ്യക്തികളുടെ സ്വപ്നങ്ങൾക്കും സംഭവിച്ചിരിക്കുന്ന മാറ്റം മാത്രമല്ല സുഭാഷ് ചന്ദ്രൻ പറയാൻ ശ്രമിക്കുന്നത്. നമുക്ക് സ്വപ്നം കാണാൻ പോലും അറിയില്ലെന്നുള്ളതാണ്.”
“അല്ല സെലീനാ നമുക്ക് സ്വപ്നം കാണാൻ അറിയില്ലെന്നല്ല, അർഹതയില്ലെന്നു പറയൂ. തന്നെത്തന്നെ തിരിച്ചറിയാനാവാത്ത ഒരു അപരത്വം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. നോവലിന്റെ വൈകാരിക തലത്തിൽ നിന്നു വേറിട്ടു നിൽക്കുമ്പോഴേ അതു മനസ്സിലാവൂ. അംബയെന്ന സാങ്കൽപികതയ്ക്കുള്ള അസ്തിത്വം എഴുത്തുകാരനെന്ന യാഥാർത്ഥ്യത്തിനില്ല. അയാൾ നിലനിൽപ്പിനും ധാരണകൾക്കുമിടയിൽ ഇടറിത്തടയുന്നതായി കാണാം. അതുകൊണ്ട് അഴിച്ചുപണിയാൻ ശ്രമിക്കുന്നെന്ന് അവകാശപ്പെടുന്ന നോവൽഘടനയ്ക്കു മുമ്പിൽ സമൂഹത്തെ കൊണ്ടു നിർത്തുമ്പോഴേക്കും എഴുത്തുകാരൻ തന്റെതായ ഉദാസീനതകൾക്കും വിഭ്രമങ്ങൾക്കുമിടയിൽ കുഴഞ്ഞു വീഴുകയാണു ചെയ്യുന്നത്.”
അരവിന്ദൻ അടുത്ത വാചകം പറയുന്നതിനു മുമ്പ് എതിരെ വന്ന ചരക്കുലോറി അയാളുടെ കാറിന്റെ പിൻഭാഗത്തായി ഉരസി കടന്നു പോയി. നിയന്ത്രണം തെറ്റിയ അരവിന്ദന്റെ കാർ റോഡരികിലൂടെ നടന്നു പോയിരുന്ന ചെറുപ്പക്കാരനെ ഇടിച്ചു വീഴ്ത്തി. നൊടിയിടയിൽ എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. അൽപനേരം എന്തു ചെയ്യണമെന്നറിയാതെ അയാൾ അന്തം വിട്ടിരുന്നു. ലോകം അയാൾക്കു ചുറ്റും കറങ്ങുന്നതു പോലെ തോന്നി. ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർന്നു പോകുന്നതും, വിയർപ്പു കണങ്ങൾ തന്റെ നെഞ്ച് പൊള്ളിക്കുന്നതും അയാളറിഞ്ഞു. എത്ര വേഗത്തിലാണ് ജീവിതവും ലോകവും മാറിപ്പോകുന്നത്. ഒരാളുടെ സ്വപ്നങ്ങളും നിലനിൽപും ഇല്ലാതാവുന്നത്. അല്ലെങ്കിൽ മിക്കവാറും അവസാനിച്ചു കഴിഞ്ഞ അരവിന്ദന്റെ ആഗ്രഹങ്ങളിൽ അവസാനത്തെതായിരുന്നു ഒരു കാറ് വാങ്ങുക എന്നത്. ഗുലാം അലിയുടെയും, പങ്കജ് ഉദാസിന്റെയും ഗസലുകൾ കേട്ട് മഴയിലൂടെ പതുക്കെ ഓടിച്ചു പോവുക എന്നുള്ളതായിരുന്നു അയാളിൽ അവശേഷിച്ചിരുന്ന ഏക സങ്കൽപം. അത് യാഥാർത്ഥ്യമായിട്ട് അധികകാലമായിരുന്നില്ല. മറ്റുള്ളവരിലെന്ന പോലെ സ്വപ്നങ്ങൾ അയാളെ പ്രലോഭിപ്പിക്കുകയോ മൽസരിപ്പിക്കുകയോ അല്ല ചെയ്തിരുന്നത്. പകരം ഉദാസീനവും നിർമമവുമായ ഒരുതരം അരക്ഷിതാവസ്ഥയിലേക്ക് അവകളയാളെ തള്ളിവിട്ടു കൊണ്ടേയിരുന്നു.
അമ്പരപ്പിൽ നിന്നും ഉണരാനായി അരവിന്ദൻ സ്വന്തം പേരു വിളിച്ചു നോക്കി. പിന്നെ നാൽപത്തെട്ടു വർഷക്കാലം താൻ ജീവിതത്തിലൂടെ ആർജിച്ചെടുത്ത പക്വതയത്രയും നൊടിയിട കൊണ്ട് അയാൾ തന്റെ ബോധമണ്ധലത്തിലേക്ക് ആവാഹിച്ചെടുക്കാൻ ശ്രമിച്ചു. ഡോർ തുറന്നു പുറത്തിറങ്ങി ചലനമറ്റു കിടന്ന ആ ചെറുപ്പക്കാരനെ അരവിന്ദൻ പൊക്കിയെടുത്തു. അയാളെ സഹായിക്കാൻ ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല. താൻ ഇത്രനേരം സംസാരിച്ചു കൊണ്ടിരുന്ന സെലീന എവിടെ അപ്രത്യക്ഷമായെന്ന് അയാൾ അത്ഭുതപ്പെട്ടു. ഇല്ല. ആരുമില്ല. താൻ ഈ ലോകത്ത് തനിച്ചാണ്. സഹായത്തിന് ഒരപരിചിതൻ പോലും അടുത്തില്ല.
അരവിന്ദൻ ആ ചെറുപ്പക്കാരനെ ഒരുവിധം കാറിന്റെ പിൻസീറ്റിൽ കിടത്തി. അയാളുടെ ശരീരത്തിൽ എവിടെയും മുറിവുകളുണ്ടായിരുന്നില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോൾ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ആശുപത്രിയെക്കുറിച്ച് അയാൾ ചിന്തിക്കുകയായിരുന്നു.
“പേഷ്യന്റിന്റെ പേര് പറയൂ.”
“പേര്.. പേരറിയില്ല. ആക്സിഡന്റ് കേസാണ്.”
അരവിന്ദന്റെ അങ്കലാപ്പ് ഒട്ടും കുറഞ്ഞിരുന്നില്ല. കൌണ്ടറിലെ ചെറുപ്പക്കാരി ഒരുതരം അവജ്ഞ സ്ഫുരിക്കുന്ന ഭാവത്തിൽ അയാളെ നോക്കി. പിന്നീടെഴുന്നേറ്റ് പോയി മറ്റാരോടൊക്കെയോ കൂടിയോചിച്ച ശേഷം സീറ്റിൽ വന്നിരുന്നിട്ടു പറഞ്ഞു.
“നിങ്ങളുടെ ആധാർ കാർഡ് തരൂ.”
“ആധാർ കയ്യിലില്ല.”
അരവിന്ദൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തു അവൾക്ക് നേരെ നീട്ടി. പോലീസ് വരുന്നതു വരെ പരിസരം വിട്ടു പോകരുതെന്ന കർശന നിർദ്ദേശം നൽകി അവൾ നടപടിക്രമങ്ങളിലേക്ക് കടന്നു. തുടർന്ന് ആ ചെറുപ്പക്കാരനെ ട്രോളിയിൽ കിടത്തി എങ്ങോട്ടോ ഉരുട്ടിക്കൊണ്ടു പോയി.
ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടാവുമോ. ഒരു മൊബൈൽ ഫോണോ, പെഴ്സോ ഇല്ലാത്തവരായിട്ട്. ഇനി വഴിയിലെങ്ങാനും വെപ്രാളത്തിനിടയിൽ വീണു പോയതായിരിക്കുമോ. എന്തു തന്നെയായാലും അയാൾക്ക് ആപത്തൊന്നും വരുത്തരുതേ എന്ന് അരവിന്ദൻ മനമുരുകി പ്രാർത്ഥിച്ചു. അതാകട്ടെ കഴിഞ്ഞ അരമണിക്കൂറിനകം അയാൾ മനസ്സിൽ പലവട്ടം ചെയ്തു കഴിഞ്ഞിരുന്നു.
ആശുപത്രി അധികൃതർ പറഞ്ഞ തുക കൌണ്ടറിൽ അടച്ച് അരവിന്ദൻ ഇടനാഴിയിലെ പ്ലാസ്റ്റിക് കസേരയിൽ വെറുതെയിരുന്നു. അതിനിടയിൽ അയാൾ ആ ചെറുപ്പക്കാരനെ കൊണ്ടുപോയ വഴിയിൽ അടഞ്ഞു കിടക്കുന്ന ചില്ലു വാതിലിലേക്ക് ഇടക്കിടെ നോക്കിക്കൊണ്ടിരുന്നു. മറുഭാഗത്ത് കാണാൻ കഴിയാത്തവണ്ണം മഞ്ഞു പോലെ നിറം പകർന്ന അതിനു നടുവിലെ ചുവന്ന അക്ഷരങ്ങൾ അയാളിലെ ഭീതിയെ ഉണർത്തി. കുറെ നേരത്തിനു ശേഷം താൻ തുടക്കത്തിൽ കണ്ട സിസ്റ്റർ വാതിൽ തുറന്നു പുറത്തേക്കു വന്നു. പിറകിലായ് ആ ചെറുപ്പക്കാരനെ കിടത്തിയ ട്രോളിയും തള്ളിക്കൊണ്ട് ചിലരുണ്ടായിരുന്നു. ഏതോ പ്രേരണയുടെ പുറത്ത് അരവിന്ദൻ അവർക്കു പിന്നാലെ നടന്നു. ഇടനാഴികൾ പലതു പിന്നിട്ട് വിശാലമായ ഹാളിലേക്ക് പ്രവേശിക്കുന്നത് വെരെ അവർ തമ്മിൽ പരസ്പരം ഒന്നും സംസാരിച്ചില്ല. ഏതു നിലയെന്നോ ഏതു തരം രോഗികളെന്നോ തിരിച്ചറിയാനാവാത്ത വിധം ക്രമീകരിച്ചതായിരുന്നു അരവിന്ദൻ എത്തിച്ചേർന്ന ഹാൾ. അതിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളുമുണ്ടായിരുന്നു. അനേകം ഇരുമ്പു കട്ടിലുകളിൽ അവരിൽ പലരും ഇരുന്നും കിടന്നും ദയാരഹിതമായ ഏതോ അരൂപികളോട് സംവേദിച്ചു കൊണ്ടിരുന്നു. ഹാളിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥാപിച്ച ഒരു കട്ടിലിനരികിൽ ആ യാത്ര അവസാനിച്ചു. പച്ച നിറത്തിൽ റക്സിൻ കൊണ്ടു പൊതിഞ്ഞ കിടക്കയിൽ നഴ്സ് കയ്യിലുണ്ടായിരുന്ന കോട്ടൺ ഷീറ്റ് വിരിച്ചു. അത് ചെയ്യുന്നതിനിടയിൽ ജീവിതത്തിൽ അനേകം തവണ ചെയ്ത പ്രവർത്തിയുണ്ടാക്കുന്ന പേരറിയാത്ത ഒരുതരം നിർവികാരത അവരുടെ മുഖത്ത് ആവരണമിട്ടിരുന്നു. ആരൊക്കെയോ ചേർന്ന് ആ ചെറുപ്പക്കാരനെ അതിലേക്ക് താങ്ങിപ്പിടിച്ച് കിടത്തി.
തങ്ങൾക്കനുവദിക്കപ്പെട്ട കട്ടിലിനും അതിനു ചുറ്റുമുള്ള പരിമിതമായ സ്ഥലത്തിനുമിടയിൽ അരവിന്ദനും ചെറുപ്പക്കാരനും മാത്രമായി അവശേഷിച്ചതിൽ പിന്നീട് അയാൾ തന്റെ ആപൽസുഹൃത്തിനെ അടിമുടി വീക്ഷിച്ചു. താൻ കാറിലേക്ക് എടുത്തു കിടത്തുമ്പോഴുണ്ടായിരുന്ന അതേ ഭാവം. അതേ അവസ്ഥ. കാലത്തിന്റെതായ ചില രേഖകൾ ഒഴിച്ചു നിർത്തിയാൽ അപാരമായൊരു ശാന്തത ആ മുഖത്ത് കളിയാടിയിരുന്നു. ഇവരെന്തു ചികിൽസയാണു ഇയാൾക്കു നൽകിയത്. അതോ വെറും നിരീക്ഷണമാണോ. എന്തായാലും പരുക്ക് ഗൌരവസ്വഭാവമുള്ളതാണെങ്കിൽ ജനറൽ വാർഡിൽ കൊണ്ടു കിടത്താൻ സാധ്യതയില്ലെന്ന് അയാൾ സ്വയം ആശ്വസിച്ചു.
അരവിന്ദന്റെ മൊബൈൽ ഫോൺ റിങ് ചെയ്തപ്പോഴാണ് താനിക്കാര്യം ആരെയും അറിയിച്ചില്ലല്ലോ എന്നയാൾ ഓർത്തത്. ഇത്ര നേരമായിട്ടും വീട്ടിലേോ അടുത്ത സുഹൃത്തുക്കളെയോ, പോലീസിനെയോ അറിയിക്കാത്തതിൽ അയാൾക്ക് മനപ്രയാസം തോന്നി. അരവിന്ദൻ ഫോണുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ തന്റെ അതിഥിയെ വീണ്ടുമൊന്ന് നോക്കി. ഇല്ല. അയാൾക്കൊന്നും പറ്റിയിട്ടില്ല. മുഖത്തെ ശാന്തതയ്ക്ക് ഒട്ടും ഭംഗം നേരിട്ടിട്ടില്ല.
വരാന്തയിലൂടെ നടന്ന് പടികളിറങ്ങി അരവിന്ദൻ കാറിനരികിലെത്തി. തന്റെ അവസ്ഥ മറ്റുള്ളവരുമായി പങ്കു വെച്ചപ്പോൾ അയാളുടെ പിരിമുറുക്കം ക്രമേണ കുറഞ്ഞു. തുടർന്ന് സ്വാഭാവികമായ ചില ചോദ്യങ്ങൾ മാത്രം അയാളിൽ അവശേഷിച്ചു. നിർണ്ണായകമായ അപകട സമയത്ത് സെലീന എങ്ങോട്ടു പോയി? ആരെയും സഹായത്തിന് ലഭിക്കാത്ത മിക്കവാറും വിജനമായ ആ സ്ഥലത്ത് അവൾക്കെങ്ങനെ തന്റെ ശ്രദ്ധയിൽപ്പെടാതെ നടന്നകലാൻ കഴിഞ്ഞു? അയാൾക്കെന്തെങ്കിലും പറ്റിയോ എന്നതിനെ സംബന്ധിച്ച് ആശുപത്രി അധികൃതർ തന്നോടൊന്നും പറയാത്തതെന്ത്? അബോധാവസ്ഥയിലെന്നോണം കിടക്കുന്ന അയാളെ ജനറൽ വാർഡിലേക്കു മാറ്റിയതെന്തിന്?
വെയിൽ താണു തുടങ്ങിയിരുന്നു. താൻ പുറത്തിറങ്ങിയിട്ട് അധികം സമയമായെന്ന് അരവിന്ദന് തോന്നി. ഒരു ചായ കുടിക്കണമെന്നുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് അയാൾ പതുക്കെ തിരിച്ചു നടന്നു. ആശുപത്രിയിൽ നേരത്തെ കണ്ടതിനെക്കാൾ തിരക്ക് കൂടിയിട്ടുണ്ടായിരുന്നു. താൻ എത്തിച്ചേരേണ്ട വാർഡ് കണ്ടെത്താൻ അരവിന്ദന് നന്നെ പണിപ്പെടേണ്ടി വന്നു. അതിനിടയിൽ അയാൾക്ക് നിരവധി തവണ വഴിതെറ്റി. ഒരേ തരത്തിലുള്ള കട്ടിലുകൾ. ഒരേ മുഖഭാവമുള്ള രോഗികൾ. ഒരേ രൂപത്തിലുള്ള കൂട്ടിരിപ്പുകാർ..
ഒടുവിലയാൾ വിയർത്തു കുളിച്ച് തന്റെ ലക്ഷ്യസ്ഥാനത്തെത്തി. കട്ടിലിനിരികിൽ കൂടി നിൽക്കുന്നവരെ കണ്ട് അരവിന്ദൻ കൂടുതൽ പരവശനായി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഇടക്ക് കാക്കിവേഷമിട്ട പോലീസുകാരുമുണ്ടായിരുന്നു. എന്നാൽ അവർക്കിടയിലായി തന്റെ കാറിടിച്ചു വീഴ്ത്തിയ ചെറുപ്പക്കാരനും നിൽക്കുന്നതായി കണ്ടപ്പോഴാണ് അരവിന്ദൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. അരവിന്ദൻ അടുത്തെത്തുന്നത് വരെ അവരെല്ലാവരും അക്ഷമരായി നിന്നു.
“താങ്കളെവിടെയായിരുന്നു മിസ്റ്റർ?”
ഡോക്ടർ പാതി തമാശയായും പാതി ഗൌരവത്തിലും ചോദിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അവർ അരവിന്ദനെ പിടിച്ച് കട്ടിലിൽ കിടത്തി. ചികിൽസാമുറകൾ തുടങ്ങി. അവരുടെ കയ്യിലുണ്ടായിരുന്ന പലവിധ ഉപകരണങ്ങൾ അരവിന്ദന്റെ ശരീരത്തിൽ പലയിടങ്ങളിലായി ഘടിപ്പിച്ചു. ഓക്സിജനായുള്ള മുഖാവരണം അണിയിച്ചു. തിരിച്ചറിയാനാവാത്ത ഏതോ വികാരത്താൽ അരവിന്ദൻ ചുറ്റും കൂടി നിൽക്കുന്നവരുടെ മുഖങ്ങളിലേക്ക് മാറി മാറി നോക്കി. അപകടത്തിൽ പെട്ടത് താനോ അതോ.. പുരാതനവും അജ്ഞാതവുമായ ചില കോലങ്ങൾ തന്റെ ദൃഷ്ടിയുടെ പ്രതലം പാടേ കീഴടക്കുന്നതും, അവ പെരുകിപ്പെരുകി എണ്ണമറ്റ രൂപങ്ങളായി തനിക്കു ചുറ്റും ആർത്തട്ടഹസിക്കുന്നതും അരവിന്ദനെ അസ്വസ്ഥനാക്കി. അതിൽ നിന്നും രക്ഷപ്പെടാൻ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. പിന്നെ ഡോക്ടറുടെ മുന്നിൽ അനുസരണയുള്ള ഒരു രോഗിയായി കിടന്നു.