അടയാളങ്ങൾ ഉപേക്ഷിച്ചു പോകുന്നവർ

അകാരണമായ കാരണങ്ങളാൽ
നമ്മെ വിട്ടുപോകുന്നവരോട്
ഉള്ളിലൊരു ഭൂഖണ്ഡങ്ങളുടെ
വിഭജനം നടത്തി
പിന്നാമ്പുറത്തെ മഴയുമ്മകൾ
ചാലിച്ച പച്ച ഞരമ്പുകൾ
മയങ്ങി കിടക്കവേ,
ഇനിയും കടന്നു വരാനാവാതെ
നമ്മളിൽ അവശേഷിപ്പിച്ച
സ്നേഹത്തിന്റെ ലഹരി
പകരുവാൻ കാത്തുനിൽക്കും.

അറബിക്കടലിന്റെ അക്കരെ
അവിടുന്നും അക്കരെ
ഓർമ്മകളെ പായിക്കുന്നവർ പിറ്റേന്ന്
ഉള്ളനക്കത്തിന്റെ പിടച്ചിലേറ്റ്
തിരികെ നീന്തും
നിങ്ങളുടെ ഓർമ്മകൾ
എവിടെയോ കാത്തിരിപ്പുണ്ടെന്ന
തിരകളുടെ അടയാളപെടുത്തൽ
കാലു നനച്ചു പോകുന്നു..

അത്രമേൽ ആഴത്തിൽ
നീ പെയ്തുചേർന്നലിഞ്ഞത്
മഞ്ഞ വേനലിൽ
വാടി കൊഴിയുവാനായിരുന്നുവോ?.
അടയാളങ്ങൾ ഉപേക്ഷിച്ചു പോകുന്നവരുടെ
ആത്മാവിന് ശാന്തിയുണ്ടാകട്ടെ.

പിറവം സ്വദേശിനി. പിറവം ആയുർവേദ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കവിത, കഥ, അഭിനയം ഇഷ്ടം.