മരണകൂടം

തിരഞ്ഞെടുത്ത
ആത്മഹത്യാക്കുറിപ്പുകളുടെ
ഒരു സമാഹാരം
ഉടന്‍ പുറത്തിറക്കണം.
ഭരണകൂടം അതിനൊരു
അവതാരിക എഴുതണം.

അതില്‍ ഒരു പഠനം ചേര്‍ക്കാം;
കുറിപ്പുകള്‍ എഴുതിവയ്ക്കാതെ
മരിച്ചവരെക്കുറിച്ചും
മരണം തന്നെ
ആത്മഹത്യാക്കുറിപ്പാക്കിയവരെക്കുറിച്ചും
അതില്‍ പ്രതിപാദിക്കാം.

ആത്മഹത്യയാണോ കൊലപാതകമാണോ
എന്നറിയാത്ത
മരണങ്ങളെക്കുറിച്ച്
മരിച്ചവന്റെ ഭാഗത്തുനിന്ന്
രണ്ടു വാക്കു സൂചിപ്പിക്കേണ്ടതാണ്.

കൊലപാതകത്തെ
ആത്മഹത്യയാക്കിമാറ്റിയ
മരണങ്ങള്‍ക്ക്
കൊലപാതകിയെഴുതിയ കുറിപ്പുകള്‍
നല്ലതെന്നു തോന്നുന്നുവെങ്കില്‍
നമുക്കു ചേര്‍ക്കാം, വിരോധമില്ല.

മഹാമാരിക്കാലത്ത്
പാലായനപ്പെരുവഴിമരത്തില്‍
സ്വയം തൂക്കിയിട്ട കുടുംബങ്ങള്‍
ഒന്നും എഴുതിവെച്ചിട്ടുണ്ടാവില്ല,
അവരുടെ ഭാണ്ഡക്കെട്ടിന്റെ
ലിപിയില്ലാത്ത ചില സംഗതികളെ
ഒരു കുറിപ്പാക്കി മാറ്റാം.

ഉടുതുണിയില്ലാതെ
തുങ്ങിനില്‍ക്കുന്ന പെണ്ണുടലുകളുടെ
യോനിയില്‍ നിന്ന്
ജാതി-ബീജ സങ്കലനത്തിന്റെ
ഓങ്കാരക്കുറിപ്പുകള്‍
നമുക്കുതന്നെ
എഴുതിയുണ്ടാക്കാവുന്നതേയുള്ളു.

ഇപ്പോള്‍ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച
വീട്ടമ്മമാരുടെ കുറിപ്പുകള്‍
ധാരാളമായി വരുന്നുണ്ട്,
ആശ്വാസകരമാണത്.
നമുക്കവരെ പ്രോത്സാഹിപ്പിക്കാം
പാവം ഭാര്യമാര്‍,
അവര്‍ക്കാകുംപോലൊക്കെ
എഴുതുന്നുണ്ടല്ലോ!

എഴുതാന്‍ കഴിവുള്ള
രാഷ്ട്രീയ ബുദ്ധിജീവികളെ
കഴിയുമെങ്കില്‍
ആത്മഹത്യ ചെയ്യാന്‍ വിടുന്നതാണ് നല്ലത്.
നമുക്കിനിയും നല്ല കുറിപ്പുകള്‍ വേണം.

രോഹിത് വെമുലയുടെ
ആത്മഹത്യക്കുറിപ്പ്
ചേര്‍ക്കുന്നതുകൊണ്ട്
കുഴപ്പമൊന്നുമില്ല.
പക്ഷെ നിങ്ങള്‍ കരുതുന്നതുപോലെ
അതത്ര നല്ലതൊന്നുമല്ല.
അതു വായിച്ചിട്ട്
ആത്മഹത്യ ചെയ്തവന്റെ
കുറിപ്പായി തോന്നിയില്ല.
മരിച്ചിട്ടും എഴുന്നേറ്റു
നടക്കുന്നവരുടെ കുറിപ്പുകള്‍
ചേര്‍ക്കാതിരിക്കുന്നതാണു നല്ലത്.

ആത്മഹത്യ ചെയ്യാനാഗ്രഹിക്കുന്നവരുടെ
ഒരു ലിസ്റ്റ് ഉടന്‍ തയ്യാറാക്കണം.
അവരുമായി കരാറിലേര്‍പ്പെടണം.
കുറിപ്പ് എഴുതിത്തീര്‍ന്നാലുടന്‍
നമ്മളെ ആദ്യം വിളിച്ചറിയിക്കണമെന്ന്
ശട്ടം കെട്ടണം.
പോലീസുകാര്‍ക്കെന്തു വിവരമാണുള്ളത്.
അതെടുത്തവര്‍ കീറിക്കളയും.

‘എന്റെ മരണത്തിന്റെ ഉത്തരവാദികള്‍…’
എന്നാരംഭിക്കുന്ന കുറിപ്പുകള്‍
എന്റെ കൈയ്യില്‍ ധാരാളമുണ്ട്.
അതിലൊന്നും പുതുമയില്ല.
കര്‍ഷകര്‍ ദിവസവും എഴുതുന്നുണ്ട്
ഈ ജനാധിപത്യ രാജ്യത്ത്
എല്ലാവര്‍ക്കും എഴുതാന്‍ അവകാശമുണ്ട്.

അപൂര്‍വ്വം ചില ആത്മഹത്യകുറിപ്പുകളെങ്കിലും
ഒരു പുതിയ ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട്.
ജീവിതത്തിന്റെ ഫോസിലാകണം
ആത്മഹത്യാക്കുറിപ്പുകള്‍.
അതുകണ്ടെത്തി സമാഹരിക്കണം
‘മരണകൂടം’ എന്നതിന്
ശീര്‍ഷകവും നല്‍കാം.

പാലക്കാട് പല്ലശ്ശന സ്വദേശിയാണ്. 'പന്ത്രണ്ടു നിലകളുള്ള ഒരു മരം' എന്ന കവിതാ സമാഹരം പ്രസദ്ധീകരിച്ചിട്ടുണ്ട്. സച്ചിദാനന്ദന്‍ എഡ്റ്റ് ചെയ്തിരുന്ന കേരള കവിത, നാലാമിടം തുടങ്ങിയ സംയുക്ത സമാഹാരങ്ങളിലും വിവിധ ആനുകാലികങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബ സമേതം മുംബൈയില്‍ താമസം.